രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി അഡ്വ. ഷാനവാസും സിനിയും മടങ്ങുന്നു
text_fieldsഅഡ്വ. ഷാനവാസും ഭാര്യ സിനി ഷാനവാസും
റിയാദ്: സാമൂഹിക സേവന രംഗങ്ങളിൽ നിറഞ്ഞുനിന്ന സാംസ്കാരിക പ്രവർത്തകനും ആലുവ സ്വദേശിയുമായ അഡ്വ. ഷാനവാസും ഭാര്യയും അധ്യാപികയുമായ സിനി ഷാനവാസും 21 വർഷം നീണ്ട പ്രവാസം അവസാനിപ്പിക്കുന്നു. നാട്ടിൽ പഠിക്കുന്ന വിദ്യാർഥികളായ മക്കളുടെ കൂടെ ചിലവഴിക്കാനാണ് മടക്കം. റിയാദ് ബാങ്ക്, അബുഗസാല ലീഗൽ, മറ്റ് സോ ലീഗൽ, അന്താര റെസിഡൻഷ്യൽ റിസോർട്ട്സ് (ലീഗൽ കൺസൾട്ടന്റ്) എന്നീ സ്ഥാപനങ്ങളിലായിരുന്നു ഷാനവാസിന്റെ ഔദ്യോഗിക ജീവിതം.
ആനുകാലികങ്ങളിൽ എഴുതുകയും ചെറിയ തോതിൽ കൗൺസലിങ് നടത്തുകയും ചെയ്യാറുള്ള അദ്ദേഹം കൂടുതലും നിയമ, കുടുംബ പ്രശ്നങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. സൗദി ഓജർ കമ്പനിയിൽ നിന്ന് ജീവനക്കാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ ഡോക്യുമെന്റ് ജോലികൾ ചെയ്തുകൊടുക്കൽ, നിതാഖാത്ത് കാലത്തെ പേപ്പർ വർക്ക്, ഭക്ഷണ വിതരണം, മയ്യിത്ത് ഡിപ്പോർട്ടഷൻ, സൗദിയിൽ ഖബറടക്കം തുടങ്ങിയവക്കുള്ള പേപ്പർ വർക്ക്, വിവിധ പ്രശ്നങ്ങളിൽ നിയമോദേശവും ഒപ്പം സന്ദർശക വിസ, ഇൻഷുറൻസ്, എമർജൻസി രോഗ ചികിത്സക്കു ഇൻഷുറൻസ് കവറേജ് ലഭിക്കുമെന്ന ബോധവൽക്കരണം, ഇൻഷുറൻസിൽ മയ്യിത്ത് ഡിപ്പോർട്ടഷന്റെ ചെലവ് ലഭിക്കുമെന്ന കാര്യത്തിലും സാമ്പത്തിക ഇടപാടിൽ ബാങ്കുകളിൽ പണം പെട്ടാൽ 'സാമാ കെയർ' നൽകുന്ന സഹായത്തെ കുറിച്ച അറിവുകൾ ലഭ്യമാക്കൽ, നാജിസ്.കോം എന്ന ഓൺലൈൻ കോടതിയെക്കുറിച്ച ബോധവൽക്കരണം എന്നീ രംഗത്ത് അഡ്വ. ഷാനവാസിന്റെ ഇടപെടൽ ധാരാളം വ്യക്തികൾക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
നിയമസഹായ രംഗത്ത് റിയാദിലെ പ്രവാസികൾക്ക് ഒരു അത്താണിയായിരുന്നു അദ്ദേഹം. സൗദിയുടെ എല്ലാ ഭാഗത്ത് നിന്നും സഹായത്തിനായി ആളുകൾ ബന്ധപ്പെടാറുണ്ടായിരുന്നു. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി, തനിമ മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിൽ അംഗമാണ്.
യു എ ഇ, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, ഫലസ്തീൻ, ഈജിപ്ത്, ഖുർആൻ ചരിത്ര ഭൂമികളിലൂടെ നടത്തിയ നാല് യാത്രകളിൽ മൂന്ന് തവണ സംഘത്തിന്റെ ഗൈഡ് ആയിരുന്നു. 'ട്രാവൽ ടു ലേൺ' എന്ന സ്വന്തം സംരംഭമുണ്ടായിരുന്നു. നാട്ടിൽ നിന്നുള്ള ഗ്രീൻ ഒയാസിസ് ട്രാവൽസ് സംഘടിപ്പിച്ച യാത്രയിലും ഗൈഡ് ആയി പോയിരുന്നു. സൗദിയിൽ യാംബു, ജിദ്ദ, മക്ക, മദീന, അബഹ, വാദി ലജബ്, തബൂക്ക്, ബിദ, ഉയൂൻ മൂസ, വാദി ദീസ, ഹഖ്‌ൽ, ഹായിൽ, സകാക, ശഖ്‌റ, ബുറൈദ തുടങ്ങിയസ്ഥലങ്ങളിലെ യാത്ര സംഘങ്ങൾക്ക് നേതൃത്വം നൽകുകയും ചരിത്ര വിശദീകരണം നൽകുകയും ചെയ്തിരുന്നു.
ഭാര്യ സിനി ഷാനവാസ് ഡെൽറ്റ ഇന്റർനാഷണൽ സ്കൂളിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചറായി സേവനത്തിലിരിക്കെയാണ് വിരമിക്കുന്നത്. ഓസോൺ ഇന്റർനാഷനൽ സ്കൂൾ, യാര ഇന്റർനാഷനൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു നേരത്തെ ജോലിചെയ്തിരുന്നത്. വായന, യാത്ര, പെയിന്റിംഗ്, സേവന പ്രവർത്തനങ്ങൾ എന്നിവയിൽ താല്പര്യമുള്ള സിനി വിവിധ കൂട്ടായ്മകളിലും ബാലസംഘാടനത്തിലും പ്രവർത്തിച്ചിരുന്നു. മലർവാടി, ടീൻസ് ഇന്ത്യ മെന്ററും കലാപ്രവർത്തകയുമാണ്.
മകൾ അമീന ഖൻസ വണ്ടൂർ ഇസ്‌ലാമിയ കോളജിൽ ബി.എസ്.സി സൈക്കോളജിയും മകൻ അമാൻ ഷാനവാസ് വയനാട് ഉമ്മുൽ ഖുറ ഖുർആൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥിയുമാണ്. അഡ്വ. ഷാനവാസ് പ്രാക്ടീസിലും സിനി വിദ്യാഭ്യാസ രംഗത്തും നാട്ടിൽ സജീവമാവാനാണ് ഉദ്ദേശിക്കുന്നത്. റിയാദിലെ സാംസ്കാരിക പ്രവർത്തകനായ അംജദ് അലി സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

