Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കിനാവിനക്കരെ...
cancel
camera_alt

ത​ഹ്സി​ൻ മു​ഹ​മ്മ​ദ്

ലോ​ക​ക​പ്പ് മ​ഹാ​മേ​ള​യു​ടെ തി​രു​മു​റ്റ​ത്തേ​ക്ക് മ​ക​നെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ പി​താ​വും മ​ക​നും ചേ​ർ​ന്ന് പൂ​ർ​ത്തി​യാ​ക്കു​ന്ന ഐ​തി​ഹാ​സി​ക​മാ​യൊ​രു ഫു​ട്ബാ​ൾ യാ​ത്ര

കേരള ഫുട്ബാളിന്റെ സുവർണകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1990കൾ. തിരുവനന്തപുരത്തെ ജി.വി രാജ മുതൽ, കോഴിക്കോട് നാഗ്ജിയും, തൃശൂർ ചാക്കോള കപ്പും ഉൾപ്പെടെ തെക്കുവടക്ക് കാൽപന്തിന്റെ ഉത്സമായിരുന്ന കാലം. നിറഞ്ഞ ഗാലറികളും, രാജ്യത്തോളം ഉയർന്ന താരങ്ങളും മലയാള മണ്ണിൽ നിന്നും പിറവിയെടുത്ത സമയമായിരുന്നു അത്. വി.പി സത്യൻ, ഐ.എം വിജയൻ, ജോപോൾ അഞ്ചേരി, പാപ്പച്ചൻ തുടങ്ങിയവരിലൂടെ കേരള ഫുട്ബാളിന്റെ പെരുമ രാജ്യമെങ്ങും വിളിച്ചോതിയ ഫുട്ബാൾ വർഷങ്ങൾ. ഇവർക്ക് സമകാലികനായി കണ്ണൂർ തലശ്ശേരിയിൽ നിന്നും ഒരു കൗമാരക്കാരനും പന്തിനു പിന്നാലെ സ്വപ്നങ്ങളുമായി ഓട്ടത്തിലായിരുന്നു.

1992ൽ കാലിക്കറ്റ് സർവകലാശാല ടീം അഖിലേന്ത്യാ ഫുട്ബാൾ കിരീടം ചൂടിയപ്പോൾ ആ സംഘത്തിൽ മൈതാനത്ത് അവനുണ്ടായിരുന്നു. കളി മികവുമായി, കേരള യൂത്ത് ടീമിൽ ഇടം പിടിച്ചപ്പോൾ സഹതാരമായി മുന്നിൽ ഓടിയത് സാക്ഷാൽ ജോപോൾ അഞ്ചേരി. ആ കുതിപ്പ് ദേശീയ ക്യാമ്പ് വരെയെത്തി. ഇതിനിടയിൽ, ഒപ്പം കളിച്ചവർ ഫുട്ബാൾ മിടുക്കിലൂടെ പലയിടങ്ങളിൽ ജോലിയിൽ കയറിപ്പറ്റിയപ്പോൾ, ഭാഗ്യാന്വേഷിയെ പോലെ സുരക്ഷിതമായൊരു ജോലിതേടി അയാളും അലഞ്ഞു. കൊച്ചിയിലും മുംബൈയിലും ബംഗളൂരുവിലുമെല്ലാം ഓടിനടന്ന് അഭിമുഖങ്ങളിൽ പങ്കെടുത്തുവെങ്കിലും, പാഴായിപ്പോയ ഒരു ഫ്രീകിക്ക് പോലെ എല്ലാ അപേക്ഷകളും വെറുതെയായി മാറി. ജോലി സാധ്യതകൾ അടഞ്ഞതിനൊപ്പം പരിക്കും വില്ലന്റെ വേഷമണിഞ്ഞതോടെ കളിക്കാരനായി നാടറിയാനുള്ള സ്വപ്നങ്ങൾ പെട്ടിയിലടച്ച്, ബൂട്ടും ജഴ്സിയും അഴിച്ചുവെച്ച് കടൽകടക്കാൻ തീരുമാനിച്ചു. അന്ന്, പ്രായം 23. കളിക്കാരനായി പേരെടുക്കേണ്ട നല്ല പ്രായത്തിൽ പ്രവാസിയാക്കപ്പെട്ട ഒരു മലബാർ ഫുട്ബാൾ ഭ്രാന്തൻ.

ആ 23കാരന് ഇപ്പോൾ, പ്രായം 53ഉം കടന്നു. പ്രവാസം മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. കെട്ടിപ്പൂട്ടിയ സ്വപ്നങ്ങളും, ജീവിതപ്രാരബ്ധങ്ങളുമായി 1996ൽ പറന്നിറങ്ങിയ ദോഹയിലെ അതേ വിമാനത്താവളത്തിന്റെ ലോഞ്ചിൽ കഴിഞ്ഞ ദിവസം അയാൾ വീണ്ടുമെത്തി. ഒരു ശരാശരി ഇന്ത്യൻ ഫുട്ബാളർക്കും വിദൂരങ്ങളിൽ മാത്രമുള്ള വലിയൊരു സ്വപ്നം മകനിലൂടെ വെട്ടിപ്പിടിച്ച പിതാവായി അയാൾ ദോഹ ഹമദ് വിമാനത്താവളത്തിലെ ലോഞ്ചിൽ മകനെ ചേർത്തുപിടിച്ചു മുത്തം നൽകി യാത്രയാക്കി.

ഇത് കാൽപന്തിനെ ഹൃദയത്തിലേറ്റിയ ഒരച്ഛന്റെയും മകന്റെയും കഥയാണ്. തലശ്ശേരി സ്വദേശിയായ ജംഷിദിന്റെയും മകൻ തഹ്സിൻ മുഹമ്മദിന്റെയും കഥ. കാൽപന്ത് മൈതാനിയിൽ ഒരു മേൽവിലാസവുമില്ലാത്ത നാട്ടിൽ നിന്നും, പന്തിനെ ഹൃദയത്തിലേറ്റി പ്രവാസിയായവൻ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബാപ്പെയും പന്തുതട്ടുന്ന വിശ്വമേളയിൽ ബൂട്ടണിയുന്ന മകന്റെ പിതാവായി ആത്മാഭിമാനത്തോടെ തലയുയർത്തിനിന്ന നിമിഷം.

ലോകകപ്പ് എന്ന മഹാമേളയുടെ തിരുമുറ്റത്തേക്ക് മകനെ കൈപിടിച്ചുയർത്തിയ പിതാവും മകനും ചേർന്ന് പൂർത്തിയാക്കുന്ന ഐതിഹാസികമായൊരു ഫുട്ബാൾ യാത്ര. റോഡും വയലുകളും വെള്ളത്തിൽ മുക്കി, മഴ തിമിർത്ത ജൂണിന്റെ കുളിരിനൊപ്പമാണ് ഇത്തവണ ലോകകപ്പ് ഫുട്ബാളിന് അമേരിക്കൻ മണ്ണിൽ വിസിൽ മുഴങ്ങുന്നത്. അർജന്റീനയും ബ്രസീലും പോർചുഗലും മുതൽ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും വരെ വൻകരകൾക്കപ്പുറത്തെ ടീമുകൾക്കും താരങ്ങൾക്കും ആവേശത്തോടെ ആരവമുയർത്താൻ മാത്രം വിധിക്കപ്പെട്ട മലയാളി ഫുട്ബാൾ ആരാധകർക്ക് ഇത്തവണ സ്വന്തമെന്ന് അഭിമാനിക്കാനൊരു താരമായിരിക്കുകയാണ് തഹ്സിൻ മുഹമ്മദ് എന്ന 19കാരൻ. ലോകകപ്പിന് യോഗ്യത നേടിയ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന്റെ അന്തിമ സംഘത്തിൽ അക്രം അഫീഫും അൽ മുഈസ് അലിയും ഉൾപ്പെടെ മുൻനിരക്കാരിൽ മുന്നിൽ തന്നെയുണ്ട് തഹ്സിൻ. കാൽപന്തിന്റെ വിശ്വമാമാങ്കത്തിൽ പന്തുതട്ടുന്ന ആദ്യ മലയാളിയായി ഈ വളപട്ടണം സ്വദേശിയെ ചരിത്രം അടയാളപ്പെടുത്തും.

ദോഹയിലെ ഫുട്ബാൾ വീട്

ഖത്തറിന്റെ കളിമുറ്റമായ ദോഹ ആസ്പയർ സോണിൽ നിന്നും അധികംദൂരമല്ലാതെയാണ് ജംഷിദും ഭാര്യ ഷൈമയും മക്കളായ മിഷാലും തഹ്സിനും ഉൾപ്പെടുന്ന കുടുംബത്തിന്റെ താമസം. അകവും പുറവും ഫുട്ബാൾ നിറഞ്ഞ വീട്. നടത്തം പഠിക്കുമ്പോൾ തന്നെ മക്കളിൽ ‘ബാൾ ടച്ച്’ വേണം എന്ന് ആഗ്രഹിച്ച പിതാവ് തന്നെയായിരുന്നു തഹ്സിന്റെയും മിഷാലിന്റെയും ആദ്യ കോച്ചും. വീട്ടിലെ സ്വീകരണ മുറിയിലും വരാന്തയിലും കിടപ്പുമുറിയിലും മാത്രമല്ല, കുളിമുറിയിലെ ബാത്ത് ടബ്ബിലും വരെ പന്തുകളിട്ടു. കിടക്കാനും കുളിക്കാനും ടി.വി കാണാനുമുള്ള സമയങ്ങൾക്കിടയിൽ കാലിൽ പന്തുമായി മക്കൾ നടന്നുനീങ്ങുന്ന കാഴ്ചകൾ ആ പിതാവിന്റെ മനസ്സും നിറച്ചു. കുഞ്ഞിക്കാലുകൾകൊണ്ട് പന്തിൽ പ്രഹരിക്കുമ്പോൾ ടി.വി സ്ക്രീനും വീട്ടുപകരണങ്ങളും വീണുടയുന്നത് ഇവിടെ പതിവായിരുന്നു. അതിനൊന്നും ശകാരിക്കാതെ, ഒരു ഫുട്ബാൾ പരിശീലകനെന്ന പോലെ മക്കളുടെ ബാൾടച്ചിനെ കൂടുതൽ പ്രഫഷനലാക്കുകയായിരുന്നു ജംഷീദ്.

ത​ഹ്സി​ൻ മു​ഹ​മ്മ​ദ് കുടുംബത്തോടൊപ്പം

23ാം വയസ്സിൽ പ്രവാസിയായി മാറിയ ജംഷിദ് കാൽപന്ത് ലഹരിയെ മരുഭൂമണ്ണിലും കൈവിട്ടിരുന്നില്ല. ജോലിയുടെ ഇടവേളകളിലും വാരാന്ത്യ അവധികളിലും മലയാളി കൂട്ടുകാർക്കൊപ്പം ദോഹയിലെ പല മൈതാനങ്ങളിലും കളിച്ച് ആ ആവേശം നിലനിർത്തി. മക്കളായതോടെ കുഞ്ഞുപ്രായത്തിൽ തന്നെ അവരുടെ കൈയും പിടിച്ചായി യുനൈറ്റഡ് ഫുട്ബാൾ ക്ലബിലേക്കുള്ള യാത്രകൾ. അങ്ങനെ നാലാം വയസ്സിൽ തന്നെ പിതാവിന്റെ കൈപിടിച്ച് തഹ്സിനും ഫുട്ബാൾ മൈതാനത്തിറങ്ങി.

നാലാം വയസ്സിൽ പന്തിനു പിന്നാലെ

ഖത്തറിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ അൽ ഫൈസൽ ഹോൾഡിങ്സിനു കീഴിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജംഷിദ്, തന്റെ സ്ഥാപനത്തിന്റെ തന്നെ ഫുട്ബാൾ അക്കാദമിയായ ശൈഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സിലേക്കാണ് മകനെ ആദ്യമായി പരിശീലനത്തിനെത്തിക്കുന്നത്. ആറ്-ഏഴ് വയസ്സ് മാത്രം പ്രായമുള്ള തഹ്സിന്റെ പ്രതിഭ കോച്ചുമാരായ അൽജീരിയൻ സഹോദരങ്ങൾ കരീമും സുഫിയാനുമാണ് ആദ്യം തിരിച്ചറിയുന്നത്. അവരുടെ നിർദേശപ്രകാരമായിരുന്നു ഖത്തറിലെ പ്രമുഖരായ ദുഹൈൽ എഫ്.സിയുടെ യൂത്ത് ടീം ട്രയൽസിനായി പോകാൻ ആവശ്യപ്പെട്ടത്.

അന്ന് അറബ്സ് മാത്രമായിരുന്നു ഖത്തരി ക്ലബുകൾ തിരഞ്ഞെടുത്തത്. എന്നാൽ, ഖത്തറിൽ ജനിച്ച വിദേശികൾക്കും ടീമിൽ ഇടം നൽകാം എന്ന ഇളവ് തഹ്സിനും വഴിയൊരുക്കി. അവിടെ, മികച്ച വിദേശ പരിശീലകർക്കുകീഴിൽ കുഞ്ഞു തഹ്സിനിലെ ഫുട്ബാളർ രൂപപ്പെടുകയായിരുന്നു. അണ്ടർ 10, 11 ടീമുകളിൽ ലീഗുകൾ കളിച്ചതിനു പിന്നാലെ, ഖത്തറിന്റെ കായിക നഴ്സറിയായ ആസ്പയർ സോണിൽ പ്രവേശനത്തിന് ശ്രമിക്കാൻ ക്ലബ് അധികൃതർ ഉപദേശിച്ചു. ഇന്റർ ക്ലബ് മത്സരത്തിനിടെ തഹ്സിനെയും തിരഞ്ഞെടുത്തത് കരിയറിൽ വലിയ വഴിത്തിരിവായി മാറി. ആദ്യ ട്രയൽസിൽ ആസ്പയറിലെ കോച്ചുമാരുടെ ശ്രദ്ധയിൽപെട്ട തഹ്സിൻ ഏഴാം ക്ലാസിൽ അവിടെ ഫുൾടൈം ട്രെയിനിയായി പ്രവേശിച്ചു.

ത​ഹ്സി​ന്റെ കുട്ടിക്കാലം

രാവിലെയും വൈകുന്നേരവുമുള്ള പരിശീലനങ്ങൾ, ലോകോത്തര പരിശീലകരുടെ മേൽനോട്ടം, വിദേശ പരിശീലനങ്ങൾ, അന്താരാഷ്ട്ര മത്സരങ്ങൾ, മൂന്നുമാസം കൂടുമ്പോൾ രാജ്യാന്തര പര്യടനങ്ങൾ എന്നിങ്ങനെ വൻ അവസരങ്ങളിലേക്കുള്ള വാതിലായിരുന്നു ആസ്പയർ. ഇക്കാലങ്ങളിൽ ഖത്തറിന്റെ യൂത്ത് ടീമുകളായി രാജ്യാന്തര മത്സരങ്ങളിലും ആസ്പയർ ടീമായിരുന്നു പങ്കെടുത്തത്. അങ്ങനെ അണ്ടർ 16, 18 ടീമുകളിലും, പിന്നാലെ അണ്ടർ 20 ഏഷ്യാ കപ്പിനുള്ള ദേശീയ ടീമിലും തഹ്സിൻ ഇടം നേടി ചരിത്രം കുറിച്ചു.

ഖത്തറിന്റെ ‘മലയാളി എംബാപ്പെ’

ബ്രസീലിയൻ സൂപ്പർതാരം ഫിലിപ് കുടീന്യോയും ഏഷ്യൻ ഫുട്ബാൾ പുരസ്കാര ജേതാവ് അൽ മുഇസ് അലിയും അണിനിരന്ന അൽ ദുഹൈലിന്റെ ഡ്രസിങ് റൂമിൽ കൂട്ടുകാരുടെ ‘എംബാപ്പെ’യാണ് തഹ്സിൻ. സീനിയർ താരങ്ങൾക്കിടയിലെ കുഞ്ഞനുജൻ പക്ഷേ, കളിക്കളത്തിലെ വേഗത്തിൽ അവരെയും അതിശയിപ്പിക്കുന്നു. വിങ്ങിലൂടെയുള്ള അതിവേഗ നീക്കവും പന്തടക്കവുമാണ് തഹ്സിനെ ടീമംഗങ്ങൾക്കിടയിലെ എംബാപ്പെയാക്കി മാറ്റിയത്. ഇടതു വിങ്ങാണ് തഹ്സിന്റെ ഇഷ്ട പൊസിഷൻ.

പന്തുമായി കുതിച്ചുപാഞ്ഞ് ഡ്രിബിൾ ചെയ്ത് സഹതാരങ്ങൾക്ക് ഗോളടിക്കാൻ പാകത്തിൽ എത്തിക്കുന്ന നീക്കങ്ങൾ അണ്ടർ 16, 17 മത്സരങ്ങളിൽതന്നെ അവനെ താരമാക്കി. ഈ മികവ് കണ്ണിലുടക്കിയ അൽ ദുഹൈൽ പരിശീലകൻ ക്രിസ്റ്റഫ് ഗാൾറ്റിയർ 2024 മാർച്ചിലാണ് തഹ്സിനെ യൂത്ത് ടീമിൽനിന്ന് പ്രായമെല്ലാം മറന്ന് സീനിയർ ടീമിലേക്ക് വിളിക്കുന്നത്. കുടീന്യോയും മൈക്കൽ ഒലുംഗയും കരിം ബൗദിയാഫുമെല്ലാമുള്ള ടീമിലേക്ക് കുറഞ്ഞ മത്സരങ്ങളിൽതന്നെ അവൻ സാന്നിധ്യമറിയിച്ചു. തുടർന്നുള്ള സീസണുകളിൽ ദുഹൈലിന്റെ ബെഞ്ചിലും െപ്ലയിങ് ഇലവനിലുമെല്ലാം തഹ്സിൻ താരസാന്നിധ്യമായി. അമീർ കപ്പിലും പുറത്തെടുത്ത മികച്ച പ്രകടനം അധികം വൈകുംമുമ്പേ ദേശീയ സീനിയർ ടീമിലേക്കുള്ള വഴിയും തുറന്നു.

2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പന്തുതട്ടിക്കൊണ്ടായിരുന്നു ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം. സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും അണിനിരന്ന ഇന്ത്യക്കെതിരായ മത്സരത്തിനുള്ള ടീമിലും തഹ്സിൻ ഇടം നേടി.

ലോകകപ്പ് ടിക്കറ്റുറപ്പിച്ച ഗോൾ

ലോകകപ്പിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് അമീർ കപ്പ് ഫുട്ബാൾ മത്സരങ്ങൾ ഖത്തറിൽ അരങ്ങുതകർക്കുന്നത്. ടീമിലെ 26 സ്ഥാനങ്ങളിലേക്കായി സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന നാളുകൾ. ഇതിനിടെയാണ് ക്ലബ് കോച്ച് ജമാൽ ബെൽമാദി തഹ്സിന് വിലപ്പെട്ട ഉപദേശം നൽകുന്നത്. മൈതാനത്ത് ബാൾ സേപ്ല മാത്രമല്ല, ഗോൾ അടിക്കാനും ശ്രമിക്കണമെന്നായി കോച്ച്. അത് തഹ്സിൻ അക്ഷരംപ്രതി പാലിച്ചു. അമീർ കപ്പ് ക്വാർട്ടറിൽ അൽ അറബിക്കെതിരെ മധ്യവരയിൽ നിന്ന് ഓടിയെത്തി നേടിയ മിന്നും ഗോളിൽ ഗാലറി ഇളകിമറിഞ്ഞു. തഹ്സിന്റെ ലോകകപ്പിലേക്കുള്ള ടിക്കറ്റായിരിക്കും ആ ഗോളെന്നായിരുന്നു സഹതാരങ്ങളുടെ പ്രതികരണം. ഏറ്റവും ഒടുവിൽ ദേശീയ കോച്ച് ലോപറ്റ് ഗുയി വിവിധ ഘട്ടങ്ങളിലായി ടീമിനെ പ്രഖ്യാപിച്ചപ്പോൾ അന്തിമ സംഘത്തിൽ ഇങ്ങനെ ഒരുപിടി ഗോളുകളുടെ തിളക്കവുമായി 19കാരനും ഇടംനേടി.

ത​ഹ്സി​ൻ മു​ഹ​മ്മ​ദും പിതാവ് ജം​ഷി​ദ​ും

തഹ്സിന്റെ സ്പാനിഷ് ഫുട്ബാൾ

ലോകകപ്പിനുള്ള ഖത്തർ ടീം പരിശീലകൻ യൂലൻ ലോപറ്റ് ഗുയിയുടെ ഗെയിം പ്ലാനിൽ തഹ്സിന് കാര്യമായൊരു ഇടമുണ്ട്. മണ്ണിലും ചോരയിലും ഫുട്ബാൾ അലിഞ്ഞുചേർന്ന സ്പെയിനിൽ കളിച്ചുനേടിയ പരിചയം അതിനു തുണയായെന്ന് പിതാവ് ജംഷിദ് സാക്ഷ്യപ്പെടുത്തുന്നു. ദുഹൈലിലെ ക്ലബ് കരിയറിനിടെ ഒരു സീസൺ സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബായ എ.ഡി അൽകോർകോൺ ബി ടീമിൽ കളിച്ചിരുന്നു. അന്താരാഷ്ട്ര പരിചയം എന്ന ലക്ഷ്യവുമായാണ് ഒരു സീസൺ ലോണിൽ തഹ്സിനെയും ഏതാനും താരങ്ങളെയും ക്ലബ് വിദേശത്തേക്ക് അയച്ചത്. ഈ പരിചയവും, ആസ്പയർ അക്കാദമിയിൽ സ്പാനിഷ് കോച്ചുമാർക്കുകീഴിലെ പരിശീലനവുമെല്ലാം ലോകകപ്പിലേക്കുള്ള ടിക്കറ്റുറപ്പിക്കുന്നതിൽ വലിയ നേട്ടമായി. സ്പാനിഷ് ഫുട്ബാൾ ശൈലിയിൽ നന്നായി കളിക്കാൻ കഴിയുന്നത് കോച്ചുമായുള്ള ബന്ധം ഊഷ്മളമാക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlefifa worldcupSuccess Storyvaradhya madhyamamQatar teamLife Men
News Summary - Across the river...
Next Story