എ.സി.സി മെൻസ് പ്രീമിയർ കപ്പ്; ബാസിലിന്റെ ചിറകിലേറി യു.എ.ഇ ഫൈനലിൽ
text_fieldsബാസിൽ ഹമീദ് മാൻ ഓഫ് ദ മാച്ച് ട്രോഫിയുമായി
ദുബൈ: മലയാളി താരം ബാസിൽ ഹമീദിന്റെ ഓൾ റൗണ്ട് പ്രകടനം തുണയായപ്പോൾ എ.സി.സി മെൻസ് പ്രീമിയർ കപ്പിൽ ഒമാനെ തോൽപിച്ച് യു.എ.ഇ ഫൈനലിൽ. മഴ രസംകൊല്ലിയായ മത്സരത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റൺസിനാണ് യു.എ.ഇയുടെ വിജയം. സ്കോർ: യു.എ.ഇ 236ന് പുറത്ത്. ഒമാൻ: 190/6 (43). 34 റൺസെടുക്കുകയും 20 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ബാസിലാണ് മാൻ ഓഫ് ദ മാച്ച്.
തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ നേപ്പാൾ ആണ് എതിരാളികൾ. ഈ ജയത്തോടെ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ യോഗ്യതയുടെ അടുത്തെത്തി യു.എ.ഇ ക്രിക്കറ്റ് ടീം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത യു.എ.ഇക്കായി ഓപണർമാരായ ആര്യ ലക്റയും (25) മുഹമ്മദ് വസീമും (48) മികച്ച തുടക്കമാണ് നൽകിയത്. മധ്യനിരയിൽ റമീസ് ഷഹ്സാദും (46) ആസിഫ് ഖാനും (34) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെ യു.എ.ഇ മികച്ച സ്കോറിലേക്കെത്തുമെന്ന് തോന്നി. എന്നാൽ, വാലറ്റത്തിന് കാര്യമായ ചെറുത്തുനിൽപ് നടത്താൻ കഴിഞ്ഞില്ല. മറുവശത്ത് നിലയുറപ്പിച്ച ബാസിലാണ് യു.എ.ഇയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 43 പന്തിൽ രണ്ട് വീതം ഫോറും സിക്സും അടങ്ങിയതാണ് ബാസിലിന്റെ ക്ലാസ് ഇന്നിങ്സ്. അവസാന ഓവറിലാണ് ബാസിൽ പുറത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെയും തുടക്കം മികച്ചതായിരുന്നു. ഓപണിങ് വിക്കറ്റിൽ കശ്യപ് പ്രജാപതിയും (49) ജതീന്ദർ സിങ്ങും (42) ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്തു. മൂന്നാമനായെത്തിയ സീഷൻ മസ്ഖൂദും (40) പൊരുതി നിന്നു. എന്നാൽ, സ്കോർ ഉയർത്താൻ കഴിയാതെ പോയതും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതും ഒമാന് തിരിച്ചടിയായി. ഏഴ് ഓവറിൽ 42 റൺസിന് മൂന്ന് വിക്കറ്റെടുത്ത കാർത്തിക് മെയ്യപ്പനും ആറ് ഓവറിൽ 20 റൺസിന് രണ്ട് വിക്കറ്റെടുത്ത ബാസിൽ ഹമീദുമാണ് ഒമാനെ പൂട്ടിയത്.
സ്കോർ 190ൽ എത്തിനിൽക്കെ മഴ പെയ്തതോടെ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം യു.എ.ഇയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

