പരിമിതികൾ വകഞ്ഞുമാറ്റി നേട്ടങ്ങൾ കൊയ്ത് അബൂബക്കർ സിദ്ദീഖ്
text_fieldsവേൾഡ് വൈഡ് ബുക്ക് ഓഫ്
റെക്കോർഡ്സുമായി അബൂബക്കർ
സിദ്ദീഖ്
പൊന്നാനി: പരിമിതികളെ മുറിച്ചുകടന്ന് മനുഷ്യരെ പ്രചോദിപ്പിച്ചതിന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നൽകി അബൂബക്കർ സിദ്ദീഖിന് ലോകത്തിന്റെ ആദരം. കൈകാലുകളില്ലാതെ പിറന്നുവീഴുകയും 67 സെന്റീമീറ്റർ മാത്രം വരുന്ന തന്റെ ശരീരവുമായി ഉന്നത വിദ്യാഭ്യാസത്തിന്റെ ഉയരങ്ങൾ കീഴ്പ്പെടുത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ നേട്ടം ലോകം പ്രചോദനമായി ഏറ്റെടുത്തിരിക്കുകയാണ്.
കഴിവും ശേഷിയുമുണ്ടെങ്കിൽ നേട്ടങ്ങളൊക്കെയും കൂടെ ചേരുമെന്നതിന് ദൃഷ്ടാന്തമാകുകയാണ് ഈ മിടുക്കൻ. പരിമിതികളെയോർത്ത് കരഞ്ഞിരിക്കാൻ ഒരുക്കമായിരുന്നില്ല അബൂസി എന്ന അബൂബക്കർ സിദ്ദീഖ്. പഠിച്ചതൊക്കെയും വിദ്യാലയങ്ങളിലായിരുന്നു. ഏറ്റവും ഒടുവിൽ എം.എസ് സി പൂർത്തിയാക്കിയത് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ. അടുത്ത ലക്ഷ്യം ദുബൈയിലൊരു ജോലിയാണ്. പിന്നെ ഡോക്ടറേറ്റും. പി.എസ്.സി പരിശീലനത്തിലാണ് ഇപ്പോഴുള്ളത്.
പൊന്നാനി ഈശ്വരമംഗലത്ത് എം.എ. അക്ബറിന്റെയും നഫീസ അക്ബറിന്റെയും മൂന്ന് മക്കളിൽ ഇളയവനാണ് അബൂസി. കൈകാലുകളെന്നാൽ അബൂസിക്ക് ഇടതു കൈയും അതിലെ ഏതാനും വിരലുകളും മാത്രമാണ്. ഇലക്ട്രോണിക് വീൽ ചെയറിനെ കൈകാലുകളാക്കി നേട്ടങ്ങളൊക്കെയും തേടി പിടിക്കുകയായിരുന്നു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദം തേടിയെത്തിയത് കോവിഡ് കാലത്തായിരുന്നു. എം.ഇ.എസ് പൊന്നാനി കോളജിലായിരുന്നു പഠനം. എഴുത്ത്, വര, സംഗീതം, ഹ്രസ്വസിനിമ ചിത്രീകരണം എന്നിവയിൽ സാന്നിധ്യമായിട്ടുണ്ട്. രണ്ടാമത്തെ ഹ്രസ്വചിത്രത്തിനായുള്ള ഒരുക്കത്തിനിടെയാണ് കോവിഡെത്തിയത്.
പുത്തൻ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള നിരവധി ആശയങ്ങൾ മനസ്സിലുണ്ട്. അബൂബക്കർ സിദ്ദീഖിനെ വെറുതെയിരുത്താൻ ഉപ്പയും ഉമ്മയും തയാറല്ല. മകന്റെ ആഗ്രഹങ്ങൾക്കും കഴിവുകൾക്കുമൊപ്പം കൈകാലുകളായി മാറുകയാണ് ഈ മാതാപിതാക്കൾ. അബൂസി സ്വന്തമാക്കുന്ന നേട്ടങ്ങളൊക്കെയും ലോകത്തിന് നൽകുന്ന പ്രചോദനം ചെറുതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

