പ്രതിസന്ധികളിൽ പുഞ്ചിരിച്ച് അബു സുലൈമാൻ
text_fieldsഅബു സുലൈമാൻ
റിയാദ്: ജീവിതത്തിലെ അപ്രതീക്ഷിത തിരിച്ചടികളെ ക്ഷമയോടും കഠിനാധ്വാനത്തോടും കൂടി നേരിടുന്ന അബു സുലൈമാൻ എന്ന വയോധികൻ ഇന്ന് പലർക്കും പ്രചോദനമാണ്. പ്രായത്തിന്റെ അവശതകൾ മറന്ന്, ആത്മാഭിമാനത്തോടെ ജീവിക്കാൻ ഈ സൗദി പൗരൻ തിരഞ്ഞെടുത്തത് ഈന്തപ്പഴ വിപണനത്തിന്റെ ലളിതമായ വഴിയാണ്.
ഒരുകാലത്ത് ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയിരുന്ന അബു സുലൈമാന്റെ ജീവിതം മാറിമറിഞ്ഞത് അവിടെയുണ്ടായ വലിയ സാമ്പത്തിക തകർച്ചയോടെയാണ്. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെ, വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിൽ അദ്ദേഹം വീണ്ടും ജോലിക്ക് ഇറങ്ങാൻ നിർബന്ധിതനായി. മക്കളുടെ പിന്തുണയും സഹായവും ഉണ്ടെങ്കിലും, അവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം അധ്വാനത്തിൽ ജീവിക്കണമെന്ന ഉറച്ച തീരുമാനമാണ് അദ്ദേഹത്തെ ഒരു ഈന്തപ്പഴ കച്ചവടക്കാരനാക്കിയത്.
ഒരു വർഷത്തിലേറെയായി, ഉഷൈഖർ, ഖസീം, സുക്കരി, മജ്ദൂൽ, അജ്വ തുടങ്ങി മികച്ചയിനം ഈന്തപ്പഴങ്ങളുമായി അദ്ദേഹം തന്റെ ചെറിയ വിപണന കേന്ദ്രത്തിലുണ്ട്. പുലർച്ചെ വരെ നീളുന്ന ജോലിത്തിരക്കിനിടയിൽ പലപ്പോഴും അത്താഴം പോലും കഴിക്കാൻ അദ്ദേഹത്തിന് സാധിക്കാറില്ല. എങ്കിലും സംശുദ്ധമായ സമ്പാദ്യത്തിനായുള്ള ആ പരിശ്രമം അദ്ദേഹം തുടരുന്നു.
തന്റെ കഷ്ടപ്പാടുകൾക്കിടയിലും ലഭിച്ച വലിയൊരു കാരുണ്യത്തെക്കുറിച്ച് നന്ദിയോടെ അദ്ദേഹം സ്മരിക്കുന്നു. താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ, അബു സുലൈമാന്റെ സാഹചര്യം മനസ്സിലാക്കി വാടകയുടെ കാര്യത്തിൽ വലിയ ഇളവുകൾ നൽകി സഹായിച്ചു. ‘ഞാൻ നിങ്ങളോട് വാടക ചോദിക്കില്ല’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ തന്റെ മനസ്സിന് വലിയ ആശ്വാസമായെന്ന് അദ്ദേഹം പറയുന്നു. കച്ചവടത്തെ കേവലം ലാഭനഷ്ടങ്ങളുടെ കണക്കായിട്ടല്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിട്ടാണ് അദ്ദേഹം കാണുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്ന യുവാക്കൾക്ക് നൽകാനുള്ള ഉപദേശമെന്ന നിലയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് രണ്ട് കാര്യങ്ങളാണ്: ‘ദൈവത്തോടുള്ള പ്രാർഥനയും മാതാപിതാക്കളോടുള്ള അനുസരണവും’.
കച്ചവടത്തിൽ സത്യസന്ധതയും വിശ്വസ്തതയും ഉണ്ടെങ്കിൽ മാത്രമേ ദൈവാനുഗ്രഹം ഉണ്ടാവുകയുള്ളൂവെന്നും വഞ്ചന പരാജയത്തിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഉത്തമ മാതൃകയാണ് അബു സുലൈമാൻ.
സംതൃപ്തിയാണ് യഥാർത്ഥ സമ്പത്തെന്നും നിശ്ചയദാർഢ്യത്തിന് പ്രായം ഒരു തടസ്സമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നു. ഹൃദയത്തിൽ നിന്നുള്ള ഒരു പ്രാർഥന മാത്രമാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്ന് ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

