അഭിലാഷ് ടോമിയുടെ ചരിത്രനേട്ടം: യു.എ.ഇക്കും അഭിമാന നിമിഷം
text_fields‘ബയാനാത്’ പായ്വഞ്ചിയിൽ അഭിലാഷ് ടോമി
ദുബൈ: മലയാളിയായ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനത്തെത്തി ചരിത്രംകുറിക്കുമ്പോൾ യു.എ.ഇക്കും അഭിമാന നിമിഷം. യു.എ.ഇയിൽ രജിസ്റ്റർ ചെയ്ത ‘ബയാനാത്’ പായ്വഞ്ചിയിലാണ് അഭിലാഷ് തന്റെ ചരിത്ര സഞ്ചാരം പൂർത്തിയാക്കിയത്. ലോകത്തെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ 236 ദിവസം നീണ്ടുനിന്ന തുടർച്ചയായ സഞ്ചാരമാണ് ‘ബയാനാതി’ൽ മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹം പൂർത്തീകരിച്ചത്.
അബൂദബി ആസ്ഥാനമായുള്ള ജിയോസ്പേഷൽ എ.ഐ സൊലൂഷൻ കമ്പനിയായ ‘ബയാനതി’ന്റെ പേരാണ് വഞ്ചിക്ക് നൽകിയിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന യു.എ.ഇയുടെ ആദ്യ ബോട്ടാണ് ബയാനത്ത്. യു.എ.ഇയുടെ പതാക സ്ഥാപിച്ച വഞ്ചിയുടെ നമ്പർ 71 ആണ്. 1971ൽ യു.എ.ഇ സ്ഥാപിതമായതിനെ അനുസ്മരിച്ചാണ് ഈ നമ്പർ നൽകപ്പെട്ടത്. ഗോൾഡൻ ഗ്ലോബ് റേസിൽ ലക്ഷ്യസ്ഥാനത്തെത്തിയതിൽ അഭിമാനമുണ്ടെന്ന് ബയാനാത് സി.ഇ.ഒ ഹസൻ അൽ ഹുസനി പ്രതികരിച്ചു.
അഭിലാഷ് യു.എ.ഇക്കും ഇന്ത്യൻ സമൂഹത്തിനും വലിയ സന്തോഷം നൽകിയിരിക്കയാണ്. അദ്ദേഹത്തിന്റെ നേട്ടം വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നതിൽ സംശയമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. അഭിലാഷ് ടോമിയെ നിരവധിപേർ സമൂഹമാധ്യമങ്ങളിലും അഭിനന്ദനമറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്സ്റ്റൻ ന്യൂഷാഫറാണ് മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. 16 പേരുമായി ഫ്രാൻസിൽനിന്നാരംഭിച്ച ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ഉൾപ്പെടെ മൂന്ന് പേരാണ് അവസാനംവരെയെത്തിയത്. ആധുനിക സാങ്കേതികവിദ്യകളൊന്നുമില്ലാതെയാണ് നാവികർ മത്സരത്തിൽ പങ്കെടുത്തത്. 1969ൽ ഇത്തരമൊരു യാത്ര വിജയകരമായി പൂർത്തിയാക്കിയ ബ്രിട്ടീഷ് നാവികൻ സർ റോബർട്ട് നോക്സ് ജോൺസ്റ്റനിന്റെ യാത്രയുടെ പ്രചോദനമുൾക്കൊണ്ടാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്.
ബോട്ടിന് സാങ്കേതിക തകരാർ വന്നാൽ അത് മത്സരാർഥി സ്വയം പരിഹരിക്കണമെന്നതാണ് നിയമം. പുറത്തുനിന്നുള്ള ഒരുവിധ സഹായം തേടാനും തുറമുഖങ്ങളിൽ അടുപ്പിക്കാനോ പാടില്ല. നേരത്തേ സമാനയാത്രക്കിടെ പായ്ക്കപ്പലിലെ തടിമരം ഒടിഞ്ഞുവീണ് അഭിലാഷ് ടോമിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കിനെ അതിജീവിച്ചാണ് അഭിലാഷ് ടോമി പുതിയ യാത്ര തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

