മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം: സി.എക്സ്. ആന്റണി നാട്ടിലേക്ക്
text_fieldsകല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ ക്ലബില്‍ നടന്ന യാത്രയയപ്പ് പരിപാടിയില്‍നിന്ന്
കല്‍ബ: നീണ്ട 31 വര്‍ഷത്തെ പ്രവാസത്തിന് വിടപറഞ്ഞ് എറണാകുളം വൈപ്പിന്‍ സ്വദേശി സി.എക്സ്. ആന്റണി നാട്ടിലേക്ക്. 1994 ഡിസംബര്‍ 19നായിരുന്നു പ്രവാസത്തിന്റെ തുടക്കം. കല്‍ബയില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റിയില്‍ ക്വാളിറ്റി കൺട്രോള് വിഭാഗത്തില്‍ ഡിസാലിനേഷന്‍ കെമിസ്റ്റായിരുന്നു. ജനുവരി 12ന് ജോലിയില്‍നിന്ന് വിരമിക്കുന്നതുവരെ ഇതേ സ്ഥാപനത്തിലായിരുന്നു. പ്രവാസം തുടങ്ങിയത് മുതൽതന്നെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായിരുന്നു ആന്റണി. 1996 മുതല്‍ കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ ക്ലബിന്റെ അംഗമായ ആന്റണി ക്ലബിന്റെ സ്പോര്‍ട്സ് സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ സേവ മലയാളി അസോസിയേഷന് പ്രസിഡന്റായി 2015 മുതല്‍ 2021 വരെയും ഫുജൈറ കത്തോലിക് മലയാളം കമ്യൂണിറ്റി ജനറല്‍സെക്രട്ടറിയായി 2015 മുതല്‍ 2017 വരെയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കല്‍ബ ഏരിയയില്‍ പ്രവാസി ഇന്ത്യയുടെ എക്സിക്യൂട്ടിവ് അംഗവും കൈരളി അസോസിയേഷന് സ്ഥാപക എക്സിക്യൂട്ടിവ് മെംബറും ആയിരുന്നു ആന്റണി. കഴിഞ്ഞ ദിവസങ്ങളില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റി-കല്‍ബ, കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആൻഡ് കൾചറല്‍ ക്ലബ്, കൈരളി കൾചറല്‍ അസോസിയേഷന്, സേവ മലയാളി അസോസിയേഷന്, കല്‍ബ കെ.എം.സി.സി എന്നിവര്‍ ആന്റണിക്ക് യാത്രയയപ്പ് നല്കി. ഭാര്യ മിനി മരിയ ആന്റണി 1992 മുതല്‍ 2022 വരെ കല്‍ബ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു.
എം.ബി.എ ബിരുദധാരിയായ മൂത്തമകള്‍ അനീറ്റ മരിയ ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ വിദ്യാര്‍ഥി റിക്രൂട്ടർ ആയും എം.എ ഇംഗ്ലീഷ് ബിരുദധാരിയായ ഇളയ മകള്‍ അമൃത വിക്ടോറിയ ലണ്ടനില്‍ അധ്യാപികയായും ജോലിചെയ്യുന്നു. കല്‍ബ സോഷ്യല്‍ ക്ലബിനും കല്‍ബയിലെ മലയാളികളിലും ഒരുപാട് ഓര്‍മകളും അനുഭവങ്ങളും ബാക്കിവെച്ചുകൊണ്ടാണ് ആന്റണിയും ഭാര്യ മിനി മരിയ ആന്റണിയും പ്രവാസത്തോട് യാത്രപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

