ട്രാഫിക് സിഗ്നൽ നിലച്ചു; 'പൊലീസാ'യി പാകിസ്താൻകാരൻ
text_fieldsട്രാഫിക് നിയന്ത്രിച്ച അബ്ബാസ് ഖാൻ ഭാട്ടി ഖാനെ
ദുബൈ പൊലീസ് ഉദ്യോഗസ്ഥർ ആദരിക്കുന്നു
ദുബൈ: നഗരത്തിലെ തിരക്കിട്ട ജങ്ഷനിൽ അപ്രതീക്ഷിതമായി സിഗ്നൽ നിലച്ചപ്പോൾ ട്രാഫിക് നിയന്ത്രിച്ച് കൈയടിനേടി പാകിസ്താൻകാരൻ. അബ്ബാസ് ഖാൻ ഭാട്ടി ഖാൻ എന്നയാളാണ് സ്വയം സന്നദ്ധനായി അടിയന്തര സാഹചര്യത്തിൽ ഇടപെട്ടത്.
പൊലീസ് പട്രോളിങ് സംഘം സംഭവസ്ഥലത്ത് എത്തിച്ചേരുംവരെ ഇദ്ദേഹം ട്രാഫിക് നിയന്ത്രണം തുടർന്നു. വാഹന ഗതാഗതം നിയന്ത്രിക്കുന്നത് യാത്രക്കാരിൽ ഒരാൾ വിഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
വിഡിയോ വൈറലായതോടെ അബ്ബാസ് ഖാൻ ഭാട്ടിക്ക് വിവിധ തുറകളിൽനിന്ന് അഭിനന്ദനം പ്രവാഹമായിരുന്നു. അബ്ബാസ് ഖാന്റെ പ്രവർത്തനം അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും റോഡ് യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രവർത്തനം സഹായിച്ചെന്നും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ദുബൈ പൊലീസ് ഒരുക്കിയ ആദരിക്കൽ ചടങ്ങിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
എന്നാൽ, പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല പ്രവർത്തിച്ചതെന്നും മാനുഷികമായ പ്രവർത്തനമെന്ന നിലയിൽ കണ്ടാണ് ചെയ്തതെന്നും അബ്ബാസ് ഖാൻ പറഞ്ഞു. ആദരവൊരുക്കിയ ദുബൈ പൊലീസിന് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ട്രാഫിക് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി അടക്കം ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.