ആൾക്കൂട്ടത്തിനൊപ്പവും തനിയെയും നടന്നൊരാൾ
text_fieldsആലപ്പുഴ: ആലപ്പി ബെന്നി ജീവിതം തുടങ്ങിയത് ആൾക്കൂട്ടത്തിനൊപ്പമായിരുന്നു. നിറഞ്ഞവേദികളിൽ ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങളുമായും മനംകുളിർക്കും ഗാനമാധുരിയുമായും അദ്ദേഹം അരങ്ങേറിക്കൊണ്ടിരുന്നു. പകർന്നാടിയ വേഷങ്ങളിലേതോ ഒന്നുപോലെയായി ജീവിതാന്ത്യം. ആഗ്രഹങ്ങളും വേദനകളും പങ്കുവെക്കാൻപോലും ആരുമില്ലാതെ തനിച്ചായിരുന്നു കുറെ നാളുകളായി.
17-ാം വയസ്സ് മുതലാണ് വേദികളിൽ കയറി തുടങ്ങിയത്. ആദ്യകാലത്ത് സംഗീതത്തിലായിരുന്നു താൽപര്യം. പിന്നീട് നാടക നടനായി. പ്രമുഖ തിയറ്റേഴ്സുകളിലെ പ്രധാന നടനായി. വ്യത്യസ്തകഥാപാത്രങ്ങളെ അവതരിപ്പിച്ച ബെന്നിയെ ഒപ്പം കൂട്ടാൻ നാടകസംഘങ്ങൾ മത്സരിച്ചിരുന്നു. ഇതിനിടെ തുടർച്ചയായി നേരിട്ട ദുരന്തങ്ങൾ ജീവിതം ഉലച്ചുകളഞ്ഞു. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം, വീണിടത്തുനിന്ന് പിടിച്ചെഴുന്നേൽക്കുള്ള ശക്തിയായെങ്കിലും രോഗങ്ങൾ വിടാതെ പിന്തുടർന്നിരുന്നു.
15 വർഷം മുമ്പ് രോഗബാധിതനായി പാലാ മരിയൻ സദനിലെത്തിയ ബെന്നി ഒന്നരവര്‍ഷത്തോളം അവിടെ അന്തേവാസിയായി കഴിഞ്ഞു. എം.ജി. സോമന്, ബ്രഹ്മാനന്ദന് തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തിയറ്റേഴ്സിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയറ്റേഴ്സ്, കൊല്ലം യൂനിവേഴ്സല്‍ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളില്‍ ശ്രദ്ധേയവേഷങ്ങൾ അവതരിപ്പിച്ചു. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ് നാടകഗാനരംഗത്തേക്ക് ബെന്നിയെ എത്തിച്ചത്.
1996 മാര്‍ച്ച് 10ന് തിരുവനന്തപുരം നെടുമങ്ങാട്ട് നാടകം കഴിഞ്ഞ് കൊല്ലത്തേക്ക് വരും വഴി കൊട്ടിയം മേവറത്തുവെച്ച് നാടകവണ്ടി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെന്നിയുടെ ഇടതുകാല്, മുട്ടിനോട് ചേര്‍ത്തു മുറിച്ചു മാറ്റേണ്ടിവന്നു. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തകര്‍ത്ത ആ ദുരന്തത്തെ തുടര്‍ന്ന് നാടക വേദിയോട് എന്നെന്നേക്കുമായി ബെന്നി വിടപറഞ്ഞു. തുടര്‍ന്ന് ഭക്തിസംഗീത മേഖലയിലേക്ക് തിരിഞ്ഞു.
അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. നൂറിലധികം നാടക ഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തിഗാനങ്ങളുമടക്കം നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു. നടന് മോഹന്‍ലാല്‍ ആദ്യമായി പാടിയ ക്രിസ്തീയ ഭക്തിഗാനം ബെന്നിയുടേതാണ്. സംഗീതസംവിധായകനായ ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബെന്നിയുടെ ശിഷ്യന്മാരായുണ്ട്. നാടക വേദികളോട് വിടപറഞ്ഞ ശേഷം ഗാനമേള ട്രൂപ്പുകളിൽ ഗായകനായി നിറഞ്ഞ വേദികളിൽ വീണ്ടും സജീവമായി. ഗാനമേളകളിൽ തന്റെ സ്വരമാധുരിയിലൂടെ സദസ്സിന്റെ ഹർഷാരവം ഏറെ പടിച്ചുപറ്റി. കാൽ നഷ്ടമായതിനാലും രോഗങ്ങളാലും അതും തുടരാൻ കഴിയാത്ത അവസ്ഥയിലാണ് ക്രിസ്തീയ ഭക്തിഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലേക്ക് തിരിഞ്ഞത്.
നടനായും സംഗീതജ്ഞനായും പ്രവർത്തിക്കുന്നതിന്റെ തിരക്കിനിടയിൽ വിവാഹം കഴിച്ചിരുന്നില്ല. അത് ജീവിതത്തിൽ വലിയ ഒറ്റപ്പെടലിന് കാരണമായതായി അദ്ദേഹം അവസാന കാലത്ത് പറയുമായിരുന്നു. എങ്കിലും ഒരിടത്തും പതറിപ്പോകുന്നതായിരുന്നില്ല പ്രകൃതം. കാൽ മുറിച്ചതിനു പിന്നാലെ രോഗങ്ങളും കൂട്ടുകാരായി എത്തിയപ്പോഴും നിശ്ചയദാർഢ്യം കൈമുതലാക്കിയാണ് മുന്നോട്ട് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

