ഒരു പിടി അരിയിലെ അപൂർവ സൗഹൃദം
text_fieldsസെൽവരാജ് പ്രാവുകൾക്ക് ഭക്ഷണം കൊടുക്കുന്നു
ഇരവിപുരം: മാടപ്രാവുകൾ ഓട്ടോ ഡ്രൈവർ സെൽവ രാജിന് കൂടപ്പിറപ്പുകൾ പോലെയാണ്. രാവിലെ ഏഴിനും ഏഴരക്കുമിടയിൽ കൊല്ലം ചിന്നക്കട കുമാർ ഓട്ടോ സ്റ്റാൻഡിലെ പതിവുകാഴ്ച ഇതിന്റെ നേർ സാക്ഷ്യമാണ്. മൂന്നര പതിറ്റാണ്ടിലധികമായി ചിന്നക്കട കുമാർ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന തെക്കേവിള പഴഞ്ഞി അമൽ നിവാസിൽ സെൽവരാജ് (52) ഓട്ടോയുമായി സ്റ്റാൻഡിൽ എത്തുന്നതും കാത്ത് പ്രാവുകൾ സ്റ്റാൻഡിന്റെ കൈവരികളിലും അടുത്തുള്ള കെട്ടിടങ്ങളിലും ഇരിക്കുന്നുണ്ടാകും.
സെൽവരാജിന്റെ കൈയിലെ ചെറുസഞ്ചിയിൽ പ്രാവുകൾക്കായി തലേദിവസം തന്നെ വാങ്ങിവെച്ച അരിയുണ്ടാകും. കവർ തുറന്നശേഷം പ്രത്യേക രീതിയിൽ വിസിൽ അടിക്കുന്നതോടെ പ്രാവുകളെല്ലാം അനുസരണയോടെ അരി തിന്നാൻ അണിനിരക്കും.
കഴിഞ്ഞ അഞ്ചുവർഷമായി സെൽവരാജ് പ്രാവുകൾക്ക് അരി കൊടുക്കുന്നത് തുടരുന്നു. ജീവികൾക്ക് ആഹാരം നൽകുന്നത് വലിയ പുണ്യമാണെന്ന് ഇദ്ദേഹം പറയുന്നു. ഓട്ടോയുമായി രാവിലെ വരുമ്പോൾ തന്നെ ഓട്ടോയോടൊപ്പം പ്രാവുകളും വരുന്നുണ്ടാകും. താൻ ആഹാരം കഴിക്കുമെങ്കിൽ പ്രാവുകൾക്കും അരി ഉറപ്പാണെന്ന് സെൽവരാജ് പറയുന്നു.
ഓട്ടോ ഓടിച്ചുകിട്ടുന്ന വരുമാനത്തിൽ നിന്നാണ് പ്രാവുകൾക്ക് തീറ്റക്കായി ഒരു വിഹിതം മാറ്റിവെക്കുന്നത്. സമയം തെറ്റിയെത്തുന്ന പ്രാവുകൾക്കും അരി നൽകാറുണ്ട്. അതിനായി അൽപ്പം മിച്ചം പിടിച്ച് ഓട്ടോയിൽ സൂക്ഷിക്കും. കുമാർ സ്റ്റാൻഡിലെ മറ്റ് ഓട്ടോ ഡ്രൈവർമാരും സെൽവന്റെ ഈ പുണ്യ പ്രവൃത്തിയെ പ്രോൽസാഹിപ്പിക്കാറുണ്ട്. മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദേഹം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

