ഐക്യരാഷ്ട്രസഭ ഉച്ചകോടി പ്രഭാഷകനായി മലയാളി ശാസ്ത്രജ്ഞനും
text_fieldsകുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ ഉച്ചകോടിയിൽ കുവൈത്തിൽനിന്നുള്ള പ്രതിനിധിയായി മലയാളിയും. 'സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്കും സംഭാവനയും' വിഷയത്തിലുള്ള ശാസ്ത്ര കോൺഗ്രസിലാണ് മലയാളി സാന്നിധ്യം. ചൊവ്വാഴ്ചയിലെ സെഷനിൽ ഡോ. ജാഫറലി പാറോൽ 'സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ: വെല്ലുവിളികളും അവസരങ്ങളും' വിഷയത്തെക്കുറിച്ച് സംസാരിക്കും.
ഉച്ചകോടിയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് 'സുസ്ഥിര വികസനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക്' വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇവിടെ ശാസ്ത്രജ്ഞനായ ഡോ. ജാഫറലിയുടെ പ്രഭാഷണവും. ഓൺലൈനായും ഓഫ് ലൈനായും നടക്കുന്ന ഉച്ചകോടിയിൽ ഓൺലൈനായാണ് ഇദ്ദേഹം പങ്കെടുക്കുക.
ഡോ. ഖാലിദ് എ മെഹ്ദി (സെക്രട്ടറി ജനറൽ-ജി.എസ്.എസ്.സി.പി.ഡി), ഡോ. ഹസൻ കമാൽ, ഡോ. ശൈഖ അൽ സനദ്, ഡോ. ഒസാമ അൽസയേഹ്, പ്രഫ. ഇയാദ് മസൂദ് തുടങ്ങിയവരും പ്രഭാഷകരാണ്. സുസ്ഥിര വികസനത്തിന് ഉത്തേജനം നൽകുന്നതിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചുള്ള അറിവും ഉൾക്കാഴ്ചകളും കൈമാറുന്നതിന് അക്കാദമിക്, നയരൂപവത്കരണ സമൂഹത്തെ ഒരുമിച്ചുകൊണ്ടുവരുക എന്നതാണ് ഈ സെഷന്റെ ലക്ഷ്യം.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ഡോ. ജാഫറലി പാറോൽ നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ സയന്റിസ്റ്റായും ജോലിചെയ്തിരുന്നു. അക്കാലത്ത് ഇന്ത്യയിൽ വികസിപ്പിച്ച 'തേജസ്' യുദ്ധവിമാനത്തിന്റെ നിർമിതിയിൽ ഡോ. ജാഫറലി പാറോൽ പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

