ഗുണ്ടൂര് നിന്നും ദോഹയിലേക്കൊരു ഗോൾഡൻ ത്രോ
text_fieldsനിഖിൽ മനോജ് കുമാർ കോച്ച് സ്റ്റീസൺ കെ. മാത്യുവിനൊപ്പം
ദോഹ: നാട്ടിലെ സ്കൂൾ കുട്ടികൾ ഓടിയും ചാടിയും നേട്ടം കൊയ്ത് അഭിമാനതാരങ്ങളായി മാറുമ്പോൾ കാഴ്ചക്കാരായി കളത്തിന് പുറത്തിരിക്കാനാണ് എന്നും പ്രവാസി വിദ്യാർഥികളുടെ വിധി. ഗൾഫ് ജീവിത ശൈലിക്കും പഠനരീതികൾക്കുമിടയിൽ സ്പോർട്സിന് സമയം മാറ്റിവെക്കാൻ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ താൽപര്യമുണ്ടാവാറില്ല. ഈ പതിവ് രീതികൾക്കിടയിലാണ് കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്നും ദക്ഷിണേന്ത്യയിലെ കൗമാരതാരങ്ങളുമായി മത്സരിച്ച് എറിഞ്ഞു നേടിയ പൊന്നുമായി ഒരു മലയാളി പയ്യൻ ദോഹയിൽ വിമാനമിറങ്ങിയത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയും കണ്ണൂർ പാനൂർ സ്വദേശിയുമായ നിഖിൽ മനോജ് കുമാർ. ഈ മാസം രണ്ടാം വാരത്തിൽ ഗൂണ്ടൂരിൽ നടന്ന ദക്ഷിണമേഖല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹാമർ ത്രോയിലായിരുന്നു നിഖിലിന്‍റെ സ്വർണനേട്ടം.
കഴിഞ്ഞ 20 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായ പാനൂർ അണിയാരം കൗസ്തുഭം വീട്ടിൽ മനോജ് കുമാറിന്‍റെയും കവിതയുടെയും രണ്ടു മക്കളിൽ ഇളയവനാണ് നിഖിൽ. ബിസിനസുകാരനായ മനോജ് കുമാറിന്‍റെ കുടുംബം ഐൻ ഖാലിദിലാണ് താമസിക്കുന്നത്. കളിയിലും പഠനത്തിലും ഒരുപോലെ മിടുക്കനായ നിഖിലിനെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കായിക പരിശീലകൻ സ്റ്റീസൺ കെ. മാത്യുവാണ് സ്പോർട്സ് ട്രാക്കിലേക്ക് കൈപിടിക്കുന്നത്.
ഏഴാം ക്ലാസിൽ പഠിക്കവെ അൽ സദ്ദ് സ്പോർട്സ് ക്ലബിന്‍റെ ട്രയൽസിലെ പ്രകടനം അനുഗ്രഹമായി. ശേഷം, ചിട്ടയായ പരിശീലനവും മറ്റുമായതോടെ കൗമാരക്കാരനിലെ കായിക താരം ഉണരുകയായിരുന്നു. ഖത്തർ ഇന്‍റർ സ്കൂൾ ചാമ്പ്യൻഷിപ്പിലും ഇന്‍റർ ക്ലബ് മീറ്റുകളിലുമെല്ലാം ഷോട്ട്പുട്ടിലും ഹാമറിലും തിളങ്ങിയ നിഖിലിനോട് കോച്ച് സ്റ്റീസൺ തന്നെയാണ് കേരളത്തിലെത്തി സംസ്ഥാന അത്ലറ്റിക്സ് ഫെഡറേഷനു കീഴിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്.
തേഞ്ഞിപ്പാലത്ത് നടന്ന അന്തർജില്ല തല അത്ലറ്റിക്സിലും പിന്നാലെ, യൂത്ത് അത്ലറ്റിക്സിലും ഷോട്ടിലും ഹാമറിലും മെഡലണിഞ്ഞ് വരവറിയിച്ചു. കേരളത്തിലെ സായ് കേന്ദ്രങ്ങളിലും ജി.വി രാജാ, ത്രോസ് അക്കാദമി തുടങ്ങി എണ്ണമറ്റ പരിശീലന കേന്ദ്രങ്ങളിൽ നിന്നെത്തിയ താരങ്ങളോട് പോരാടിയായിരുന്നു നിഖിലിന്‍റെ വിജയം.
ഈ പ്രകടനം സെപ്റ്റംബർ രണ്ടാം വാരത്തിൽ ഗുണ്ടൂരിൽ നടന്ന സൗത്ത് സോൺ അത്ലറ്റിക്സിനുള്ള കേരള ടീമിൽ ഇടം നൽകി. ആദ്യ ശ്രമത്തിൽ തന്നെ സ്വർണത്തിലേക്കുള്ള ദൂരം എറിഞ്ഞ് നിഖിൽ കേരളത്തിന്‍റെ പൊൻതാരമായി മാറി. അവധി കഴിഞ്ഞ്, ഖത്തറിലെത്തിയ ശേഷം, കോച്ചിനൊപ്പം നേരിട്ട് ഗുണ്ടൂരിലെത്തിയായിരുന്നു സൗത്ത് സോണിൽ പങ്കെടുത്തത്. പിന്നാലെ, ശനിയാഴ്ച ഭോപാലിൽ ആരംഭിച്ച നാഷനൽ യൂത്ത് മീറ്റിൽ ഇടം നേടിയെങ്കിലും പരീക്ഷയും പഠനത്തിരക്കും കാരണം പിൻവാങ്ങുകയായിരുന്നു. എങ്കിലും, അടുത്ത മാസം നടക്കുന്ന ദേശീയ ജൂനിയർ മീറ്റിലും മറ്റും മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഭാവി താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

