ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ ഇരുണ്ട ദിനം...
text_fieldsജോസഫ് നീസ്ഫർ നീപ്സ്
ആധുനിക കാലത്ത് ഏറെ സാധ്യതകളുള്ള കലയാണ് ഫോട്ടോഗ്രഫി. ജീവിതത്തിന്‍റെ സമസ്തമേഖലകളിലും അത് സജീവ സാന്നിധ്യമാണ്. പല കാലങ്ങളിൽ, പല ഘട്ടങ്ങളിലായി, പല വ്യക്തികൾ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഫോട്ടോഗ്രഫി എന്ന അത്ഭുതവിദ്യ നമുക്ക് സ്വായത്തമായത്. അത് നവോഥാന കാലഘട്ടത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടായ വ്യാവസായിക വിപ്ലവത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു. ചൈനീസ് തത്ത്വചിന്തകനായ മോസുവിന്‍റെ പ്രകാശപഠനവും ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്‍റെ സൂര്യഗ്രഹണപഠനങ്ങളുമാണ് ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തിലേക്ക് വഴിതെളിച്ചത്. ഇവർക്ക് പിന്നാലെ പലരും ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ഗവേഷണപ്രക്രിയയിൽ അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ലോകത്തെ ആദ്യത്തെ വിജയകരമായ ഫോട്ടോഗ്രാഫിന്‍റെ ഉപജ്ഞാതാവ് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസഫ് നീസ്ഫർ നീപ്സ് ആണ്.
കല്ലുകളിൽ ചിത്രം വരച്ച് കൊത്തിയെടുക്കുന്ന കലാരൂപം ലിത്തോഗ്രഫി എന്നാണ് അറിയപ്പെട്ടിരുന്നത്. 1813ൽ ഫ്രാൻസിലാകെ ആ കലാരൂപം പ്രചരിച്ചിരുന്നു. ലിത്തോഗ്രഫിയിൽ അതീവതത്പരനായിരുന്നെങ്കിലും ചിത്രം വരക്കാനറിയാത്ത നീപ്സ് ലിത്തോഗ്രഫിക്കുവേണ്ടി ചിത്രങ്ങൾ വരക്കാൻ ഏൽപിച്ചത് തന്‍റെ മകനായ ഇസിദോറിനെയാണ്. എന്നാൽ വാട്ടർലൂ യുദ്ധത്തിൽ പങ്കെടുക്കാൻ ഇസിദോർ പോയതോടെ ചിത്രം വരക്കാൻ ആളില്ലാതായി. ചിത്രം വരക്കാതെ എങ്ങനെ ഇമേജ് പതിപ്പിച്ചെടുക്കാമെന്ന് ജോസഫ് നീസ്ഫർ ചിന്തിച്ചു. അങ്ങനെയാണ് ലിത്തോഗ്രഫിക്കല്ലുകളിൽ പ്രകാശസംവേദനക്ഷമമായ രാസപദാർഥങ്ങൾ പുരട്ടി ഇമേജ് പതിപ്പിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയത്. പിന്നീട് എത്രയെത്ര പരീക്ഷണങ്ങൾ! അവയിൽ നിന്നാണ് ആദ്യത്തെ വിജയകരമായ ഫോട്ടോഗ്രഫിന്‍റെ പിറവി. അദ്ദേഹം ആദ്യ ഫോട്ടോഗ്രഫിനെ ഹീലിയോഗ്രഫ് എന്ന് വിളിച്ചു.1827 ജൂണിലോ ജൂലൈയിലോ ആയിരുന്നു അത്.പക്ഷേ, 'പോയിന്‍റ് ദെവോ ദെ ലാ ഫെനിത്രേ' എന്ന, ആദ്യ ഫോട്ടോഗ്രഫ് ഔദ്യോഗികമായി അംഗീകരിക്കപ്പെടും മുൻപേ ജോസഫ് നീസ്ഫർ നീപ്സ് കാലയവനികക്കുള്ളിൽ മറഞ്ഞു.
ജോസഫ് നീസ്ഫർ നീപ്സിനോടൊപ്പം പങ്കാളിത്തക്കരാറിന്‍റെ ഭാഗമായി ഫോട്ടോഗ്രഫി പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ് ലൂയിസ് ദാഗൈർ. ജോസഫ് നീസ്ഫറിന്‍റെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിന്‍റെ മകൻ ഇസിദോറിനൊപ്പവും ഫോട്ടോഗ്രഫി പരീക്ഷണങ്ങളിൽ ഏർപ്പെട്ട ലൂയിസ് ദാഗൈർ, തന്‍റേതല്ലാത്ത, നിർണായകമായ ചില കണ്ടുപിടിത്തങ്ങൾ സ്വന്തം പേരിലാക്കി (ദാഗുരൈ ടൈപ്പ്) ലോകത്തെ അറിയിച്ചു. 1839 ആഗസ്റ്റ് 19ന് ഫ്രഞ്ച് സയൻസ് അക്കാദമിയുടെ നേതൃത്വത്തിൽ ഫ്രഞ്ച്സർക്കാർ തന്നെ ദാഗുരൈടൈപ്പിന്‍റെ പ്രഖ്യാപനം നടത്തി. ഫോട്ടോഗ്രാഫിയുടെ ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക് ഈ പ്രഖ്യാപനത്തെ ഫ്രഞ്ച് ഭാഷയിൽ രേഖപ്പെടുത്തിയത് 'ഷിക്കെയ്നറി' (കൊടിയ വിശ്വാസവഞ്ചന, കുടിലതന്ത്രം, ചതി) എന്നൊക്കെയാണ്. എന്നാൽ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ കറുത്ത ദിനമായ ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമായി പിൽകാലത്ത് ആളുകൾ ആഘോഷിക്കാൻ തുടങ്ങിയെന്നതാണ് വൈരുദ്ധ്യം. അങ്ങനെ ആഘോഷിക്കുന്നത്, ഫോട്ടോഗ്രഫിക്കു വേണ്ടി ജീവനും ജീവിതവും ഹോമിച്ച, ആദ്യത്തെ വിജയകരമായ ഫോട്ടോഗ്രഫ് എടുത്ത, ജോസഫ് നീസ്ഫർ നീപ്സിനോട് കാണിക്കുന്ന ഏറ്റവും വലിയ അനാദരവാണ്.
ഏത് മേഖലയിലും ഇത്തരത്തിൽ ലോകദിനങ്ങൾ പ്രഖ്യാപിക്കുന്നത് ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളായിരിക്കും. എന്നാൽ ലോക ഫോട്ടോഗ്രഫിദിനം ആഗസ്റ്റ് 19 എന്ന് ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും സ്ഥാപനം പ്രഖ്യാപിച്ചതായി അറിവില്ല. ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ചതിയുടെയും വഞ്ചനയുടെയും ദിനമെന്ന് ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആഗസ്റ്റ് 19 തന്നെ ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കണമെന്ന് ചിലരെങ്കിലും നിർബന്ധം പിടിക്കുമ്പോൾ ഫോട്ടോഗ്രാഫിയെയും, ആദ്യ വിജയകരമായ ഫോട്ടോ എടുത്ത ജോസഫ്നീസ്ഫറെയും സ്നേഹിക്കുന്നവരെ അത് അത്യധികം പ്രയാസപ്പെടുത്തും. ആഗസ്റ്റ് 19 ന് ലോക ഫോട്ടോഗ്രഫി ദിനം ആഘോഷിക്കുന്നതിനെതിരെ അവർ നിരന്തരം കലഹിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് ഫോട്ടോഗ്രഫിയുടെ ചരിത്രത്തിലെ കൊടിയ വഞ്ചനയുടെ ദിനമായ ആഗസ്റ്റ് 19 തന്നെ ലോക ഫോട്ടോഗ്രഫി ദിനമായി ആഘോഷിക്കണോ എന്ന കാര്യത്തിൽ വീണ്ടുവിചാരം ഉണ്ടായാൽ നന്നായിരുന്നു.
(ഡോ. ബിന്ദു ഡി, അസി. പ്രഫസർ (റിട്ട.), പാലക്കാട് ഗവ. വിക്ടോറിയ കോളജ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

