പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് 76 കാരൻ!
text_fieldsമറവൻതുരുത്ത് കുലശേഖരമംഗലം കൊച്ചങ്ങാടിക്ക് സമീപം
സുന്ദരൻനളന്ദയുടെ പടവലം കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം
മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി.തങ്കരാജ് നിർവഹിക്കുന്നു
മറവൻതുരുത്ത്: പ്രായം വെറും അക്കമാണെന്നും മണ്ണിൽ പൊന്നുവിളയിക്കാനുള്ള കരുത്ത് ഇപ്പോഴും തനിക്കുണ്ടെന്നും ഒരിക്കൽ കൂടി തെളിയിച്ച് പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്ത് സുന്ദരൻ നളന്ദ എന്ന 76കാരൻ. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ അരനൂറ്റാണ്ടിലധികമായി സമ്മിശ്ര കൃഷിയിൽ വ്യാപൃതനാണ്. കൃഷിയിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സുന്ദരമായി കൃഷി ചെയ്യുന്നത് തന്‍റെ നിയോഗമാണെന്ന് കരുതുന്നയാളാണ് അദ്ദേഹം. ജൈവ പച്ചക്കറി കൃഷി പരമാവധി പ്രോൽസാഹിപ്പിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാന സർക്കാർ നടപ്പാക്കിയ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ ഒരേക്കറിൽ നീളക്കുറവുള്ള പടവലം, മത്തൻ, കുക്കുമ്പർ, പയർ, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ പടവലം, മത്തൻ എന്നിവയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം ആരംഭിച്ചു. രണ്ടു ദിവസം കൂടുമ്പോൾ 35 കിലോ പടവലമാണ് വിൽക്കുന്നത്. ടോളിലെ വെജിറ്റബിൾ പ്രമോഷൻ കൗൺസിലിന്‍റെ വിപണനശാലയിലും നാനാടത്തേയും വൈക്കത്തേയും പച്ചക്കറി കടകളിലുമാണ് പടവലവും മത്തനും വിൽക്കുന്നത്. കോഴിവളം, ചാണകം തുടങ്ങിയവ വളമായി ഉപയോഗിച്ച് വിളയിക്കുന്ന പച്ചക്കറികൾക്ക് വിപണിയിലും പ്രിയമേറെയാണ്. നിരവധി പേരാണ് യാതൊരു കൃത്രിമത്വവുമില്ലാതെ ഉൽപാദിപ്പിക്കുന്ന ഈ പച്ചക്കറി വാങ്ങാൻ എത്തുന്നതും.
മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. തങ്കരാജ് പടവലം, മത്തൻ എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ്മെമ്പർ സീമാ ബിനു, പഞ്ചായത്ത് അംഗം കെ.എസ്.വേണുഗോപാൽ, കൃഷി ഓഫിസർ ആശ എ.നായർ, കൃഷി അസിസ്റ്റന്‍റ് കെ.സി.മനു, കർഷകരായ രാജപ്പൻ അരുൺഭവനം, മോഹനൻ അമ്പാടി, സജി തട്ടാന്‍റെതറ, വിജയൻ പ്ലാക്കത്തറ തുടങ്ങിയവർ സംബന്ധിച്ചു. കാർഷിക മേഖലയിലെ സുന്ദരൻനളന്ദയുടെ മാതൃകാപരമായ പ്രവർത്തനത്തെ കണക്കിലെടുത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്തും മറവൻതുരുത്ത് പഞ്ചായത്തും മികച്ച പച്ചക്കറി കർഷകനായി നിരവധി തവണ ആദരിച്ചിട്ടുണ്ട്.
കൃഷിയോടുള്ള സുന്ദരൻ നളന്ദയുടെ സമർപ്പണത്തിന് കുടുംബവും പഞ്ചായത്ത്, കൃഷിഭവൻ അധികൃതരും പൂർണ പിന്തുണയും പ്രോത്സാഹനവും നൽകുന്നുമുണ്ട്. പ്രായം കൃഷിക്ക് തടസമാകുന്നില്ലെന്ന് സുന്ദരൻ പറയുന്നു. കൃഷി ചെയ്യുമ്പോൾ ഉന്മേഷമാണ് അനുഭവപ്പെടുന്നത്. ആളുകൾക്ക് വിഷരഹിതമായ നല്ല പച്ചക്കറി കൊടുക്കാൻ കഴിയുന്നതിലെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

