ഗ്രാന്റ് മാസ്റ്റർ മരോട്ടിച്ചാൽ
text_fieldsഉണ്ണി മാമൻ-ചിത്രങ്ങൾ: ടി.എച്ച്. ജദീർ
ഇത് മരോട്ടിച്ചാലിന്റെ അതിശയകരമായ അതിജീവനകഥയാണ്. വന്യമൃഗങ്ങളുടെ ചടുലമായ കരുനീക്കങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട ഒരു ജനത നാടകീയമായ മുന്നേറ്റങ്ങളിലൂടെ വിജയം കൊയ്ത അത്ഭുതകഥ. കാട്ടുമൃഗങ്ങൾ സർവം കവർന്നെടുത്തതോടെ മലവാരത്ത് ചാരായം വാറ്റൽ മാത്രമേ തങ്ങളാൽ കഴിയൂ എന്ന് സ്വയം വിധിച്ചും പഴിച്ചും കടന്നുപോയ ഒരു നരച്ച കാലത്തിൽനിന്ന് കറുപ്പും വെളുപ്പും വിതാനിച്ച ചതുരംഗക്കളത്തിലെ 64 കളങ്ങൾക്കുള്ളിൽ സ്വയം മുങ്ങിനിവർന്ന് ശുദ്ധീകരിക്കപ്പെട്ടതിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ കഥ... അവസാന നിമിഷം വരെ ജയപരാജയങ്ങൾ ഒളിപ്പിച്ചുവെച്ച ചെസ് കളിപോലെ ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ, ഒരു നാടിന്റെ ജീവിതരേഖ. ചെസ് ഒരു ദേശത്തിന്റെ സിരകളിൽ ലഹരിയായ കഥ...
ഒരു നാട് ലഹരിയോട് ചെക്ക്മേറ്റ് പറഞ്ഞ കഥ
പശ്ചിമഘട്ട മലനിരകളോടുചേർന്ന് പീച്ചി, ചിമ്മിനി വനമേഖലയുമായി അതിരുപങ്കിട്ട് നിലകൊള്ളുന്ന കുഞ്ഞുഗ്രാമമാണ് മരോട്ടിച്ചാൽ. പുത്തൂർ പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത് വാർഡുകളുൾപ്പെടുന്ന പ്രദേശം. ഒരു സമ്പൂർണ കർഷക കുടിയേറ്റ ഗ്രാമം. ഏതൊരു മലയോര നാടിനെയുംപോലെ ആനയും പന്നിയും ഉൾപ്പെടുന്ന വന്യജീവികളുമായി പടവെട്ടി പരാജയപ്പെട്ടതിന്റെ കണ്ണീർക്കഥകളാണ് മരോട്ടിച്ചാൽ നിവാസികളുടേതും. കാടിറങ്ങിയ ഭീതിക്ക് മുന്നിൽ തോറ്റ് തൊപ്പിയിട്ടൊരു ദുരിതകാലം. ഈ ഭൂതകാലം നാടിനുണ്ടാക്കിയ കുപ്രസിദ്ധിയെ ജനതയുടെ ഇച്ഛാശക്തി ‘ചെസ് കളിച്ച് തോൽപിച്ചു’. ആ കഥയിലേക്ക് പിന്നീട് വരാം.
മരോട്ടിച്ചാലിൽ ഏതൊഴിഞ്ഞ പറമ്പിലും കടത്തിണ്ണയിലും പീടികക്കോലായയിലും കാലാളും കുതിരയും ആനയും തമ്മിലുള്ള തീപാറുന്ന യുദ്ധമാണ്. മന്ത്രിയും രാജാവും തമ്മിലുള്ള ജീവൻമരണ പോരാട്ടമാണ്. ഒരു ചതുരംഗക്കളത്തിന് ഇരുപുറവുമിരുന്ന് എതിരാളിയുടെ ഹൃദയത്തിലേക്ക് ബുദ്ധികൊണ്ട് എളുപ്പവഴി തീർക്കുകയാണവർ. പ്രായഭേദമന്യേ ഒരു കൈയിൽ ചായയും മറുകൈയിൽ കരുക്കളുമായി ഒഴിവുസമയം മുഴുവൻ കളിയിലേർപ്പെടുന്നവർ ഇവിടത്തെ ചായക്കടകളിലെ പതിവ് കാഴ്ചയാണ്.
ആൺ, പെൺ വ്യത്യാസമില്ലാതെ അറുപത് ശതമാനം പേരും ചെസ് സാക്ഷരരായ ഗ്രാമമാണിത്. ലോകത്തിലെ ആദ്യ സമ്പൂർണ ചെസ് ഗ്രാമമെന്ന നേട്ടം സ്വന്തമാക്കിയ മരോട്ടിച്ചാലിന്റെ പേരിൽതന്നെയാണ് ചെസ് കളിയുടെ പേരിലുള്ള ഏഷ്യൻ റെക്കോഡും. ഒരേസമയം ആയിരത്തിലേറെ പേർ ചെസ് കളിച്ചതിലൂടെയാണ് ഈ റെക്കോഡ് മരോട്ടിച്ചാലിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് സംസ്ഥാനത്ത് സ്വീകരണം ഒരുക്കാനുള്ള നിയോഗവും തൃശൂർ ജില്ലയിലെ ഈ കുഞ്ഞുഗ്രാമത്തെ തേടിയെത്തി. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലെ തീപാറും പോരാട്ടത്തിലൂടെ മരോട്ടിച്ചാൽ നിവാസികൾ കളിമാത്രമല്ല, ജീവിതവും പഠിച്ചു. ശത്രുവിനെ നേരിടേണ്ട രീതിയും എപ്പോൾ പതുങ്ങണമെന്നും കുതിക്കണമെന്നും അവരെ ചെസ് ബോർഡ് പഠിപ്പിച്ചു.
ജീവിതത്തിനുമേൽ കാട്ടുമൃഗങ്ങളുടെ വിളയാട്ടം
വർഷങ്ങൾക്കു മുമ്പ് കാടിറങ്ങിവന്ന് ജീവിതം തകർന്ന ഒരു ജനത ഇവിടെയുണ്ടായിരുന്നു. കാലം 1970കൾ. വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും പടവെട്ടിയുള്ള അതിജീവനത്തിൽ പലപ്പോഴും നാട്ടുകാർക്ക് അടിതെറ്റി. അപ്പുറത്ത് കരു കൃത്യമായി നീക്കിയത് വന്യജീവികളായിരുന്നു. കർഷകർ നട്ട വിളകൾ സ്വന്തമാക്കാനുള്ള സംഘർഷത്തിൽ വിജയം എപ്പോഴും ആനകളുടെയും കാട്ടുപന്നികളുടെയും ഭാഗത്തുതന്നെയായിരുന്നു. സഹായത്തിനും പരിഹാരത്തിനുമുള്ള നാട്ടുകാരുടെ നിലവിളികൾ കാടിനപ്പുറം കടന്നില്ല.
അവരുടെ ആർത്തനാദം വൻമരങ്ങളാലും വള്ളിപ്പടർപ്പുകളാലും മൂടപ്പെട്ടു. വിധിയെപ്പോഴും കർഷകരെ ഏകപക്ഷീയമായി തോൽപിച്ചു. പൂർണമായും പരാജയപ്പെട്ടവർ സ്വയം അടയാളപ്പെടുത്താൻ നിരന്തരം എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമല്ലോ. ഗത്യന്തരമില്ലാതെ ഈ മലയോര ഗ്രാമത്തിന് ജീവിക്കാൻ പല കളികളും കളിക്കേണ്ടി വന്നു. തെറ്റിലേക്കാണ് ചുവടുവെക്കുന്നത് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ ചാരായം വാറ്റി ജീവിത മാർഗം കണ്ടെത്താൻ തുടങ്ങി.
ചായക്കടയിൽ ചെസ് കളിയിലേർപ്പെട്ടവർക്ക് നിർദേശങ്ങൾ നൽകുന്ന ഉണ്ണിമാമൻ
മദ്യത്തിന്റെ പിടിയിലേക്ക്
ദൈന്യതയും ദുരന്തങ്ങളും സമാനതകളില്ലാത്ത ദുരനുഭവങ്ങളും വേട്ടയാടിയ ഈ കുടിയേറ്റ മനുഷ്യർക്ക് വേറെ മാർഗമുണ്ടായിരുന്നില്ല. കശുമാവിലുള്ള ഒരു തരം ചുണ ആനക്ക് തിന്നാൻ ഇഷ്ടമല്ലാത്തതിനാൽ കൃഷിഭൂമിയിൽ ആ വിള മാത്രം ബാക്കിയായി. ആനയുടെ പരാക്രമത്തിനൊടുവിൽ ബാക്കിയായ കശുവണ്ടി ഉപയോഗിച്ച് അവർ വാറ്റാൻ ആരംഭിച്ചു. മിക്ക വീടുകളിലും ചാരായം വാറ്റ് പതിവ് കാഴ്ചയായി. അവരുടെ കാർഷിക സ്വപ്നങ്ങൾ കീഴ്മേൽ മറിച്ച അതേ കാടുതന്നെ ചാരായം വാറ്റാൻ അനുഗ്രഹവും അഭയവുമായി. പൊലീസിനും അധികാരികൾക്കും അത്ര പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യം നാട്ടുകാർ പരമാവധി മുതലെടുത്തു.
അവർ ഉൽപാദിപ്പിക്കുന്ന ചാരായം വാങ്ങാൻ പല നാടുകളിൽനിന്നും മരോട്ടിച്ചാലിലേക്ക് ആളുകൾ ഒഴുകാൻ തുടങ്ങി. അങ്ങനെ അവിടത്തെ ആണുങ്ങൾ ധാരാളം പണം സമ്പാദിച്ചു. പക്ഷേ, ഈ ലഹരി വലിയ വിപത്തിലേക്കാണ് നാടിനെ നയിക്കുന്നതെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങി. കുടുംബ കലഹങ്ങളും സംഘർഷങ്ങളും പതിവായി. നാട് അതിവേഗം നടക്കുന്നത് ദുരന്തത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞവർ ഒരു കരകയറ്റം ആഗ്രഹിച്ചു. പ്രത്യേകിച്ചും അവിടത്തെ സ്ത്രീകളും കുട്ടികളും. പരാജയത്തിന്റെ തമോഗർത്തത്തിൽനിന്ന് മരോട്ടിച്ചാൽ വിജയത്തിലേക്കുള്ള വഴി തിരഞ്ഞു തുടങ്ങി.
ചായക്കടയിൽ ചെസ് കളിക്കുന്നവർ
തോൽവിയിൽനിന്ന് ജയത്തിലേക്കൊരു കരുനീക്കം
വർധിച്ചു വന്ന ലഹരി വിൽപനയും ഉപയോഗവും നാട്ടിൽ ഇതിനകം വലിയ പ്രശ്നങ്ങൾക്ക് കാരണമായി. സ്വയം വാറ്റിയും കുടിച്ചും ചൂതു കളിച്ചും വർഷങ്ങൾ കഴിച്ചുകൂട്ടിയ നാട് പുറംലോകത്ത് വാറ്റിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ചു. നാടിനെയും നാട്ടുകാരെയും ആത്മാഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ പ്രാപ്തരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് ആദ്യം ചൂട്ടു തെളിച്ചത് നാട്ടുകാർ ഉണ്ണി മാമൻ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനാണ്.
നാടിന്റെ ലഹരിയെ മദ്യത്തിൽനിന്ന് കറുപ്പും വെളുപ്പും കലർന്ന ബോർഡിലേക്ക് പറിച്ചുനടാൻ അദ്ദേഹം അരയും തലയും മുറുക്കിയിറങ്ങി. തന്റെ വീട്ടുമുറ്റത്ത് വലിയ പന്തലിട്ട് അവിടെ നാട്ടുകാരെ പകലന്തിയോളം സൗജന്യമായി ചെസ് പരിശീലിപ്പിച്ചു. മരോട്ടിച്ചാൽ സെന്ററിലെ അദ്ദേഹത്തിന്റെ ചായക്കടയിലും ഇടമുറിയാതെ ചെസ് കളിയും പരിശീലനവും നടത്തി. ഒരു നാടിനെ ചതുരംഗക്കളത്തിലേക്ക് അദ്ദേഹം ആവാഹിക്കുകയായിരുന്നു. മദ്യ ഗ്ലാസുകൾക്ക് ചുറ്റും കൂടിയിരുന്നവർ പതിയെ ചതുരംഗക്കളത്തിന് ചുറ്റും അണിനിരക്കാൻ തുടങ്ങി. മദ്യത്തേക്കാൾ ത്രസിപ്പിക്കുന്ന ലഹരിയായി അത് മരോട്ടിച്ചാലിലെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടർന്നു.
ഇന്ന് ലോകം ‘ചെസ് ഗ്രാമം’ എന്നാണ് ഈ നാടിനെ വിളിക്കുന്നത്. ‘എന്റെ വീട്ടിൽ നെൽകൃഷിയുണ്ടായിരുന്നു. സ്കൂൾ വിട്ട് വന്നാൽ കൃഷിക്ക് അച്ഛനെ സഹായിക്കും. ഇതുകഴിഞ്ഞാൽ വേറെ പണിയൊന്നുമില്ലല്ലോ. അങ്ങനെയാണ് ചെസ് പഠിച്ചാലോയെന്ന ചിന്ത വരുന്നത്. ചെസ് പഠിക്കാന് പോയിത്തുടങ്ങി. കൗമാരത്തിൽതന്നെ താരമായ അമേരിക്കയുടെ ബോബി ഫിഷർ എന്ന ചെസ് താരം എന്നെ വല്ലാതെ സ്വാധീനിച്ചു. ആദ്യകാലത്ത് നാട്ടുകാരെ കളിക്കളത്തിലേക്ക് എത്തിക്കാൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട്. അമ്പലമുറ്റവും കടത്തിണ്ണകളും വരാന്തകളും പടക്കളമാക്കിയാണ് സ്ത്രീകളെയുൾപ്പെടെ ഇതിലേക്ക് ആകർഷിച്ചത്. വളരെ വളരെ പതിയെയാണ് ആളുകൾ ഈ കായികവിനോദം ഇഷ്ടപ്പെട്ടു തുടങ്ങിയത്’- നാട്ടുകാരുടെ ഉണ്ണിമാമൻ പറയുന്നു.
മരോട്ടിച്ചാൽ ചെസ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ
കടൽ കടന്ന ചതുരംഗപ്പെരുമ
ഉണ്ണിമാമന്റെ ചായക്കടയിൽ അതിരാവിലെ ഒരു അപ്രതീക്ഷിത അതിഥിയെത്തി. ചതുരംഗത്തിൽ ഇതിനകം ഈ നാട് തീർത്ത വിപ്ലവം സമൂഹമാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞെത്തിയത് മധ്യയൂറോപ്പിലെ ചെക്ക് റിപ്പബ്ലിക് രാജ്യത്തെ മറാക് എന്ന യുവാവ്. ഇത്തരം അതിഥികൾ ഈ നാടിന് പുതുമയല്ല. മരോട്ടിച്ചാലിന്റെ കളിക്കമ്പം ഈ കുഞ്ഞു ഗ്രാമത്തെ ലോകശ്രദ്ധയിലെത്തിച്ചിട്ട് ഏറെയായി. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്ന് മാത്രമല്ല, സ്പെയിൻ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽനിന്നുവരെ മാധ്യമ പ്രവർത്തകരുൾപ്പെടെ ‘അത്ഭുതനാടിനെ’ അന്വേഷിച്ചുവരുന്നുണ്ട്. ബി.ബി.സി ഉൾപ്പെടെ ചാനലുകളിൽ വാർത്തയുമായി. സോളമൻ ഐലൻഡ് എന്ന രാജ്യം ഉണ്ണികൃഷ്ണനോടുള്ള ആദര സൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ഈ ചെസ് ബോർഡ് വിപ്ലവം ഗിന്നസ് റെക്കോഡ് നേട്ടത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മരോട്ടിച്ചാൽ ചെസ് അസോസിയേഷൻ. കൂടാതെ, നൂറു ശതമാനം ചെസ് സാക്ഷരതക്കുള്ള ശ്രമങ്ങളും തുടരുന്നു. കെ.ബി. വേണു സംവിധാനം ചെയ്ത്, റിമ കല്ലിങ്ങലും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായ ‘ആഗസ്റ്റ് ക്ലബ്’ സിനിമയിലും മരോട്ടിച്ചാലിലെ കളിപ്പെരുമ പരാമർശിച്ചുപോകുന്നുണ്ട്.
മരോട്ടിച്ചാൽ ചെസ് അസോസിയേഷൻ
ഇന്നാട്ടുകാരെ ഒന്നാകെ അംഗങ്ങളാക്കി 2016ലാണ് മരോട്ടിച്ചാൽ ചെസ് അസോസിയേഷൻ രൂപവത്കരിച്ചത്. കൃത്യമായ ഭരണഘടനയോടെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. ‘ചെസിൽ ഒരു ലോക ചാമ്പ്യനെ ഉണ്ടാക്കുകയോ മറ്റൊരു വിശ്വനാഥൻ ആനന്ദിനെ സംഭാവന ചെയ്യുകയോ അല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നാടിനെ പിടികൂടിയ മദ്യമെന്ന വിപത്തിൽനിന്ന് രക്ഷിക്കുക. അത് മാത്രമായിരുന്നു ഉദ്ദേശ്യം’–അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പറയുന്നു. ലോകം മരോട്ടിച്ചാലിനെ ചെസ് ഗ്രാമം എന്ന് പേരിട്ട് വിളിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ അങ്ങനെ ഔദ്യോഗികമായി നാമകരണം ചെയ്തിട്ടില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
ഒന്നിലേറെ വെള്ളച്ചാട്ടങ്ങളുള്ള നാടുകൂടിയാണ് മരോട്ടിച്ചാൽ. കൂടാതെ ചിമ്മിനി ഡാം, പീച്ചി ഡാം, തൊട്ടടുത്ത് പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നിവയുമുണ്ട്. ചെസ് ഗ്രാമത്തെയും ഉൾപ്പെടുത്തി ഒരു വിനോദ സഞ്ചാര ഇടനാഴി, ഗിന്നസ് റെക്കോഡ് എന്നിവ നാടിന്റെ അടങ്ങാത്ത ആഗ്രഹങ്ങളാണ്. രാജ്യത്തിനകത്തും പുറത്തും നിന്നായി നിരവധി വിനോദ സഞ്ചാരികൾ ചെസ് ഗ്രാമം കാണാനെത്തുന്നുണ്ടെന്നും അവർ പലപ്പോഴും താമസിക്കുന്നത് അസോസിയേഷൻ അംഗങ്ങളുടെ വീടുകളിലാണെന്നും ബേബി ജോൺ പറഞ്ഞു.
ഇതുൾപ്പെടെ അസോസിയേഷന്റെയും നാടിന്റെയും ആവശ്യങ്ങൾ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ നാട്. ഏകാഗ്രത, ക്ഷമ, ബുദ്ധി. ഇത് മൂന്നുമാണ് ചെസ് കളിയുടെ അടിസ്ഥാന ഗുണങ്ങൾ. പല പ്രതിസന്ധികളെയും ‘കളിച്ചു തോൽപിച്ച’ ഈ നാടിന് വിജയത്തിലേക്ക് ഇനിയും പടവുകൾ കയറാനാകുമെന്നതിൽ സംശയം വേണ്ട.
എങ്ങനെ എത്തിപ്പെടാം
തൃശൂർ-മാന്ദാമംഗലം റൂട്ടില് ഇരുപതു കിലോമീറ്റർ സഞ്ചരിച്ചാല് മരോട്ടിച്ചാൽ ജങ്ഷനിലെത്താം. എറണാകുളം-പാലക്കാട് ദേശീയപാതയിൽ കുട്ടനെല്ലൂരിൽനിന്ന് മാന്ദാമംഗലം-മരോട്ടിച്ചാൽ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാലും ഇങ്ങോട്ടെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

