പത്താം ക്ലാസ് കഴിഞ്ഞപ്പോഴുള്ള ആഗ്രഹം; അമ്മ നൽകിയ പണത്തിൽ ചാക്കോ ജേക്കബ് തൂങ്കുഴി ആയി
text_fieldsബനഡിക്ട് പതിനാറാമൻ മാർപാപ്പക്കൊപ്പം മാർ ജേക്കബ് തൂങ്കുഴി
തൃശൂർ: തീർത്തും അപ്രതീക്ഷിതമായാണ് മാർ ജേക്കബ് തൂങ്കുഴി വൈദിക വൃത്തിയിലേക്ക് എത്തിയത്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും ഇങ്ങനെ അപ്രതീക്ഷിതവും ആകസ്മികതയും നിറഞ്ഞതായിരുന്നുവെന്ന് മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി സമയത്ത് നൽകിയ അഭിമുഖങ്ങളിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വൈദിക പഠനം ആരംഭിക്കൽ, പഠനത്തിൽ മികവ് പുലർത്തൽ, റോമിലേക്കുള്ള യാത്ര, മെത്രാനായി നിയമനം തുടങ്ങിയവയെല്ലാം ഇത്തരത്തിൽ അപ്രതീക്ഷിതമായാണ് ജേക്കബ് തൂങ്കുഴയിൽ വന്നുചേർന്നത്. പാലാ വിളക്കുമാടം തൂങ്കുഴി കുര്യൻ-റോസ ദമ്പതികളുടെ മകൻ ചാക്കോ മാർ ജേക്കബ് തൂങ്കുഴി ആകുന്നതും അത്തരമൊരു അനിശ്ചിതത്വത്തിലൂടെയാണ്.
ചാക്കോയും ജ്യേഷ്ഠനും ഒന്നിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വീട്ടിൽ രണ്ട് പേരും ഒരുമിച്ച് പത്താം ക്ലാസ് ജയിക്കുക അന്ന് അത്ഭുതമായിരുന്നു. മക്കളുടെ വിജയത്തിൽ സന്തോഷിച്ച പിതാവ് കുര്യൻ രണ്ടുപേർക്കും പാരലൽ കോളജിൽ തുടർ പഠനത്തിന് ഏർപ്പാട് ചെയ്തു. അപ്പോഴാണ് വൈദികനാകണമെന്ന ആഗ്രഹം ചാക്കോ വീട്ടിൽ പറയുന്നത്. മകൻ സെമിനാരിയിൽ പോകുന്നതിന് വലിയ താൽപര്യം ചാച്ചന് ഉണ്ടായിരുന്നില്ലെന്ന് അഭിമുഖങ്ങളിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോളജ് പഠനം കഴിഞ്ഞും ആഗ്രഹമുണ്ടെങ്കിൽ സെമിനാരിയിൽ ചേരാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
എന്നാൽ, ചാക്കോ ഇടവക പള്ളിയിലെ വികാരിയച്ചന്റെ അടുത്തെത്തി. സെമിനാരിയിൽ വിദ്യാർഥികളെ എടുക്കുന്ന സമയം കഴിഞ്ഞെന്നായിരുന്നു മറുപടി. ചങ്ങനാശ്ശേരിയിൽ പോയി ജയിംസ് കാളശേരി പിതാവിനെ കാണലാണ് ഏകമാർഗമെന്നും വികാരി പറഞ്ഞു. ചങ്ങനാശ്ശേരിക്ക് പോകാൻ തീരുമാനിച്ചെങ്കിലും വണ്ടിക്കൂലി പ്രതിസന്ധിയായി. ചാച്ചൻ തരാൻ സാധ്യത കുറവായതിനാൽ അമ്മയുടെ അടുത്തേക്ക് പോയി. അമ്മ നൽകിയ വണ്ടിക്കൂലിയിലാണ് ചങ്ങനാശ്ശേരിയിലെത്തിയത്. ബിഷപ്സ് ഹൗസിൽ എത്തിയപ്പോൾ ബിഷപ്പ് ഉണ്ടായിരുന്നില്ല. സെമിനാരിയുടെ വൈസ് റെക്ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയെ കണ്ടു. അദ്ദേഹമാണ് സെമിനാരി പ്രവേശന ഫോറമെല്ലാം ചാക്കോക്ക് വേണ്ടി പൂരിപ്പിച്ചത്. ഫാ. വള്ളോപ്പിള്ളി തന്നെയാണ് ചാക്കോക്ക് ജേക്കബ് തൂങ്കുഴി എന്ന പേര് നൽകിയതും.
അന്ന് ചങ്ങനാശ്ശേരിലെ മൈനർ സെമിനാരിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മാർ തൂങ്കുഴി. രണ്ട് വർഷത്തെ മൈനർ സെമിനാരി പഠനത്തിന് ശേഷം മേജർ സെമിനാരിയിലേക്ക് അയക്കപ്പെട്ടു. മേജർ സെമിനാരിയിൽ തുടക്കത്തിൽ ഉഴപ്പ് മനോഭാവത്തിലായിരുന്നു താനെന്ന് ജേക്കബ് തൂങ്കുഴി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഒരു പരീക്ഷക്ക് 50ൽ 25 മാർക്ക് മാത്രം ലഭിച്ചപ്പോൾ തൂങ്കുഴിക്ക് ഇത്രയും കിട്ടിയാൽ പോരായിരുന്നുവെന്ന് വള്ളോപ്പിള്ളി അച്ഛൻ പറഞ്ഞതോടെയാണ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. തിയോളജി പഠിക്കുന്ന കാലത്താണ് തലശ്ശേരി രൂപത രൂപം കൊള്ളുന്നതും അങ്ങോട്ടേക്ക് മാറുന്നതും. അവിടെ നിന്നാണ് റോമിൽ തുടർ പഠനത്തിന് അവസരം ലഭിക്കുന്നത്. 1956 ഡിസംബർ 22ന് റോമിൽ വെച്ചാണ് പുരോഹിതനായി അഭിഷിക്തനായത്. നാല് വർഷം കൂടി റോമിൽ തുടർന്ന അദ്ദേഹം കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയശേഷമാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്.
1973ല്‍ മാനന്തവാടി രൂപത രൂപംകൊണ്ടപ്പോള്‍ 43ാം വയസ്സില്‍ പ്രഥമമെത്രാനായി. സുദീര്‍ഘമായ 22 വര്‍ഷംകൊണ്ട് രൂപതയെ ആത്മീയ, സാമൂഹിക വളര്‍ച്ചയിലേക്കു നയിച്ചു. 1995ല്‍ താമരശേരി രൂപതയുടെ ഇടയനായി. 1996 ഡിസംബര്‍ 18ന് തൃശൂര്‍ ആര്‍ച്ച്ബിഷപ്പായി നിയമനം. 2007 മാര്‍ച്ച് 18ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ചുമതലകള്‍ കൈമാറി. സി.ബി.സി.ഐ വൈസ് പ്രസിഡന്റായി മാര്‍ ജേക്കബ് തൂങ്കുഴി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. കാരിത്താസിന്റെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം സിസ്റ്റര്മാരുമായി ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തുദാസി സമൂഹത്തിന്റെ സ്ഥാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

