മഞ്ജുവിന് വൃക്ക പകത്തുനൽകി പിതാവ്; തുടർ ചികിത്സക്ക് പണം കണ്ടെത്താൻ ഗാനമേള
text_fieldsവാടാനപ്പള്ളി: സുമനസ്സുകളുടെ സഹായത്താൽ ഇരുവൃക്കകളും തകരാറിലായ മഞ്ജുവിന്റെ ജീവൻ നിലനിർത്താൻ പിതാവ് കുഞ്ഞുമോൻ വൃക്ക പകത്തുനൽകി. ഇരുവരുടെയും തുടർ ചികിത്സക്ക് പണം കണ്ടെത്താൻ വാടാനപ്പള്ളി സെന്ററിൽ ഗാനമേള നടത്തി. വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന മത്സ്യവിതരണ തൊഴിലാളിയായ മേപ്പറമ്പിൽ കുഞ്ഞുമോന്റെ നാലു പെൺമക്കളിൽ മൂത്ത മകൾ മഞ്ജുവാണ് (27) ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞിരുന്നത്. വൃക്ക മാറ്റിവെക്കാൻ പണം കണ്ടെത്താൻ ചികിത്സ സഹായ കമ്മിറ്റിക്കും രൂപം നൽകിയിരുന്നു.
ഇതിനിടയിൽ മഞ്ജുവിന് വയറ്റിൽ മുഴയും കണ്ടെത്തി. വൻ ചെലവിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. ഇതിനിടയിൽ വെള്ളിയാഴ്ച വൃക്ക മാറ്റിവെക്കാനാണ് തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ വെച്ച് രണ്ടു പേരെയും ശസ്ത്രക്രിയക്ക് വിധേയമാക്കി വൃക്ക മാറ്റിവെക്കുകയായിരുന്നു.
വൃക്ക മാറ്റിവെക്കാൻ പണം കണ്ടെത്താനാണ് ഗാനമേള ഒരുക്കിയത്. എന്നാൽ മൂന്ന് ദിവസം മുമ്പ് വൃക്ക മാറ്റിവെച്ചതോടെ ഗാനമേള നടത്തി കണ്ടെത്തിയ പണം ഇരുവരുടെയും തുടർ ചികിത്സക്ക് ഉപയോഗിക്കും. ഫണ്ട് കണ്ടെത്തുന്നതിനായി ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ ഗായകരെ പങ്കെടുപ്പിച്ചാണ് ഗാനമേള നടത്തിയത്. സൗജന്യമായാണ് വ്യാഴാഴ്ച രാവിലെ എട്ടു മുതൽ രാത്രി വരെ വാടാനപ്പള്ളി സെന്ററിൽ ഗാനമേള നടത്തിയത്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ പ്രവർത്തകനായ റിസ്ക ഹംസ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, ഗ്രാമപഞ്ചായത്ത് അംഗം സി.എം. നിസാർ, സുലൈഖ ജമാൽ, സരിത ഗണേഷ്, ഷൈജ ഉദയകുമാർ, മലയാള സിനിമ സംവിധായകൻ ഷാനു സമദ്, അഷ്റഫ് വലിയകത്ത്, മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

