ബാർബർ ബാലനെ കണ്ടുമുട്ടിയ അശോക് രാജിനെപ്പോലെ; മുരളിയെ ചേർത്തുപിടിച്ച് ഡോ. പി. മുഹമ്മദലി
text_fieldsതന്നെ സഹായിച്ച മുരളിയെ 58 വർഷത്തിനുശേഷം കണ്ടപ്പോൾ ഡോ. പി. മുഹമ്മദലി പൊന്നാടയണിയിച്ച് ആദരിക്കുന്നു
തളിക്കുളം (തൃശൂർ): ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ബാർബർ ബാലന്റെയും സൂപ്പർ സ്റ്റാർ അശോക് രാജിന്റെയും കൂടിക്കാഴ്ചയുടെ തനിയാവർത്തനമായിരുന്നു അത്. ജോലി തേടി ആദ്യമായി വീടുവിട്ടിറങ്ങിയ കാലത്ത് തന്നെ സഹായിച്ച നാട്ടുകാരൻ മുരളിയെ ഡോ. പി. മുഹമ്മദലി കണ്ടുമുട്ടി, 58 വർഷത്തിനുശേഷം. ശ്രീനിവാസനും മമ്മൂട്ടിയും അനശ്വരമാക്കിയ വികാരനിർഭര നിമിഷങ്ങളുടെ പുനരാവിഷ്കാരമായിരുന്നു അത്.
കഥയുടെ ആദ്യഭാഗം 1967ലാണ്. തൃപ്രയാർ പോളിയിലെ പഠനം പൂർത്തിയാക്കിയ മുഹമ്മദലിയെന്ന ചെറുപ്പക്കാരൻ ഇന്ത്യൻ അർധസൈനിക വിഭാഗമായ ഗ്രിഫിലേക്ക് ജോലി തേടി യാത്ര തിരിക്കുകയാണ്. മുഹമ്മദലിയുടെ ജീവിതത്തിലെ ആദ്യ ട്രെയിൻയാത്ര. ആദ്യമായി വീടുവിട്ടതാണ്. അതും ഒറ്റക്ക്. മറുനാടിനെപ്പറ്റി ഒന്നും അറിയില്ല. അക്കാലത്ത് ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു തളിക്കുളത്തെ മാധവൻ നായരുടെ മകൻ മുരളി.
മുഹമ്മദലിയുടെ പിതാവ് ചന്ദനപ്പറമ്പിൽ സെയ്‌ത് മുഹമ്മദാണ് മുരളിക്ക് കത്തയച്ച് ഡൽഹിയിലെത്തുന്ന മകനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത്. മുരളി റെയിൽവേ സ്റ്റേഷനിലെത്തി എല്ലാ സഹായങ്ങളും ചെയ്ത് മുഹമ്മദലിയെ റൂർക്കിയിലേക്ക് യാത്രയാക്കി. പിന്നെ ഇരുവരും കണ്ടില്ല.
അന്നത്തെ ചെറുപ്പക്കാരൻ ഡോ. പി. മുഹമ്മദലി എന്ന ലോകമറിയുന്ന വ്യവസായിയായി വളർന്നു. ബാർബർ ബാലനെ കാണാൻ ആഗ്രഹിച്ച സൂപ്പർസ്റ്റാർ അശോക് രാജിനെപ്പോലെ മുരളിയെ കാണാൻ ഡോ. പി. മുഹമ്മദലിയും ആഗ്രഹിച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ല.
ഒടുവിൽ തളിക്കുളത്തെ കാരുണ്യപ്രവർത്തകനായ അബ്‌ദുൽ അസീസാണ് മുരളിയെ കണ്ടെത്തി ഡോ. പി. മുഹമ്മദലിയുടെ തളിക്കുളം പുന്നച്ചോടിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മുരളിയെ പൊന്നാടയണിയിച്ച് ചേർത്തുപിടിച്ച് ഡോ. പി. മുഹമ്മദലി സ്വീകരിച്ചു. പഴയകാല ഓർമകൾ അയവിറക്കി. അബ്ദുൽ അസീസ്, പോളിയിലെ സഹപാഠിയായിരുന്ന കേണൽ റപ്പായി, ഡോ. പി. മുഹമ്മദലിയുടെ ഭാര്യ റസിയ തുടങ്ങിയവരും കൂടിക്കാഴ്ചക്ക് സാക്ഷികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

