അന്ന് കരാർ തൊഴിലാളിയായി ഇന്ത്യയിൽനിന്ന് കപ്പൽ കയറി; ഗുൽസാരിയുടെ കൊച്ചുമകൻ ഇന്ന് ഗയാന പ്രസിഡന്റ്
text_fieldsപ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയും പ്രഥമ വനിത ആര്യ അലിയും എം.എ. യൂസഫലിയോടൊപ്പം
മെച്ചപ്പെട്ട ജീവിതം ലക്ഷ്യമിട്ട് കൊൽക്കത്ത തുറമുഖത്തുനിന്ന് 'ദി റൈൻ' കപ്പലിൽ 1894 സെപ്റ്റംബർ 25ന് ഒരു കുടുംബം ബ്രിട്ടീഷ് ഗയാനയിലേക്ക് യാത്ര തിരിച്ചു. ഉത്തർപ്രദേശിലെ (അന്നത്തെ യുണൈറ്റഡ് പ്രൊവിൻസ്) ബസ്ത ജില്ലയിലെ തെലോഗെപൂർ ഗ്രാമത്തിൽ നിന്നാണ് 36 കാരിയായ ഗുൽസാരിയും (ഉൽജൈരി) അവരുടെ മക്കളായ ദൗലത്ത്, ഭാര്യ നസിബ, ദിൻ മുഹമ്മദ്, ദിൽദാർ, ഹുബ്ദാർ, പാച്ചൂ എന്നിവരും പേരറിയാത്ത ഒരു നാട്ടിലേക്ക് കരാർ തൊഴിലാളിയായി യാത്രതിരിച്ചത്. അവരുടെ കൊച്ചുമകൻ ഇപ്പോൾ ആ രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്നു.
അന്നത്തെ കാലത്ത് ഭർത്താവില്ലാതെ (ഭർത്താവ് ബേഗ് ഖാനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല) അഞ്ച് മക്കളുമായി തനിയെ ഒരു സ്ത്രീ കപ്പൽ കയറുന്നത് അപൂർവ്വമായിരുന്നു. അന്നത്തെ കരീബിയൻ തോട്ടങ്ങളിലേക്ക് കരാർ തൊഴിലാളികളായി പോകുന്നവരുടെ ജീവിതം ദുസ്സഹമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും പലരും ഗയാനയിലേക്ക് കുടിയേറിയതും ഈ സമയത്താണ്.
പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി, ഗുൽസാരിയുടെ ഇമിഗ്രേഷൻ പാസ്സ്
ഉത്തർപ്രദേശിലും പരിസരങ്ങളിലും പിടിപെട്ട പട്ടിണി, പകർച്ചവ്യാധി എന്നിവയാകാം ഗുൽസാരിയെ ഈ കഠിനമായ തീരുമാനത്തിലേക്ക് നയിച്ചത്. 1894 നവംബറിൽ ഗയാനയിലെത്തിയ കുടുംബത്തെ വേർപെടുത്താൻ അധികാരികൾ ശ്രമിച്ചെങ്കിലും, ഗുൽസാരിയുടെ ദൃഢനിശ്ചയം കാരണം കുടുംബം ഒരുമിച്ച് ലെഗ്വാനിലെ 'പ്ലാന്റേഷൻ സക്സസ്’ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. അവിടെ തോട്ടങ്ങളിൽ കരാർ തൊഴിലാളിയായി സേവനമനുഷ്ഠിച്ചു, കഷ്ടതയിലൂടെ അഞ്ചു മക്കളെയും ആ മാതാവ് വളർത്തി. ഇസ്‍ലാമിക സംസ്കാരവും വിശ്വാസവും നാടിനെ കുറിച്ചുള്ള ഓർമകളും പകർന്നുനൽകി. കുടിയേറുമ്പോൾ 9 വയസ്സു മാത്രമായിരുന്നു മകൻ ദിൽദാറിന് പ്രായം. ദിൽദാറിന്റെ മകൻ ഹനീഫും, പിന്നീട് കൊച്ചുമകൻ മുഹമ്മദ് നാസിം ദിൽദാറും പ്രദേശത്തെ മേരിവില്ലെ മസ്ജിദിലെ ഇമാമുമാരായി സേവനമനുഷ്ഠിച്ചു.
കപ്പൽ കയറിയ തലമുറ
പട്ടിണിയിൽ നിന്നും രോഗങ്ങളിൽ നിന്നും സ്വന്തം മക്കളെ രക്ഷിക്കാൻ 1894ൽ ഗുൽസാരി അമ്മ എടുത്ത ആ ധീരമായ തീരുമാനത്തിന്, പിൽക്കാലത്ത് ഗയാന എന്ന രാജ്യത്ത് ചരിത്രപരമായ തുടർച്ചയുണ്ട്. ഗുൽസാരിയോടൊപ്പം കപ്പൽ കയറിയ ഒമ്പതു വയസ്സുള്ള മകൻ ദിൽദാറിന്റെ നാലാം തലമുറയാണ് തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയുടെ ഇപ്പോഴത്തെ ഭരണാധികാരി.
ഗുൽസാരിയുടെ മകൻ ദിൽദാറിന്റെ പിൻ തലമുറയിലെ മകളായ ബീബി ശരീമാൻ നിഷാ -മുഹമ്മദ് ഒസ്മാൻ അലി ദമ്പതികളുടെ രണ്ട് ആൺമക്കളിൽ ഒരാളാണ് ഇന്നത്തെ പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി. ഗയാനയിലെ വെസ്റ്റ് കോസ്റ്റ് ഡെമരാറ പ്രദേശത്തുള്ള ലെനോറ എന്ന ഗ്രാമത്തിൽ 1980 ഏപ്രിൽ 25-നാണ് അദ്ദേഹം ജനിച്ചത്.
പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുടെ കുടുംബം
ഗയാനയുടെ ഒമ്പതാമത്തെ പ്രസിഡന്റായ ഡോ. മുഹമ്മദ് ഇർഫാൻ അലി 2020 ആഗസ്റ്റ് 2-നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റൽക്കുന്നത്. നേരത്തെ 2006 മുതൽ തന്നെ അദ്ദേഹം ഗയാനയുടെ നാഷണൽ അസംബ്ലി അംഗമാണ്. തുടർന്ന് ഭവന -ജലവിഭവ മന്ത്രിയായും ടൂറിസം, വ്യവസായ -വാണിജ്യ മന്ത്രിയായും അദ്ദേഹം ചുമതല ഭംഗിയായി നിർവഹിച്ചു.
ബ്രസീൽ, വെനിസ്വേല, അറ്റ്‌ലാന്റിക് മഹാസമുദ്രം എന്നിവയാൽ അതിർത്തി പങ്കിടുന്ന തെക്കേ അമേരിക്കയിലെ ഈ കൊച്ചുരാജ്യത്തെ ജലധാരകളുടെ നാട് എന്നാണ് വിശേഷിപ്പിക്കുന്നത്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള ഗയാനയിൽ, 64 ശതമാനം ക്രൈസ്തവരും 25 ശതമാനം ഹിന്ദു മതവിശ്വാസികളും 7 ശതമാനം മുസ്‍ലിംകളുമാണുള്ളത്. ഗയാനയിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗം കൊളോണിയൽ ഭരണകാലത്ത് കരാർ തൊഴിലാളികളായി ഇന്ത്യയിൽനിന്ന് എത്തിയവരാണെന്നതാണ് കൗതുകകരമായ കാര്യം. അവരുടെ പിൻതലമുറക്കാരാണ് ഗയാനയിലെ ഹൈന്ദവ വിശ്വാസികൾ. രാഷ്ട്രീയം, സമൂഹിക ക്ഷേമം എന്നീ മേഖലകളിലെ സംഭാവനകൾക്കും വിദേശത്ത് നേടിയ മികച്ച നേട്ടങ്ങളെയും മാനിച്ച് ഇന്ത്യ പ്രവാസി ഭാരതീയ സമ്മാൻ 2023ൽ നൽകി ആദരിക്കുകയുമുണ്ടായി.
ഗയാനയുടെ കൈപിടിച്ച് ലുലു
ഗയാന രാഷ്ട്രത്തിന്റെ ആഗോളതലത്തിൽ ബന്ധങ്ങൾ വിപുലമാക്കുന്നതിനും പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ നേതൃത്വത്തിൽ നിരന്തരമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനുപുറമേ ഗയാനീസ് ഉൽപന്നങ്ങളെ ആഗോള ശൃംഖല വഴി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ ലുലു ഗ്രൂപ്പുമായി കഴിഞ്ഞദിവസം ധാരണയായിരുന്നു.
ഗയാന ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപണിയും സ്വീകാര്യതയും ഉറപ്പാക്കുന്നതിനും വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗയാനയുടെ 60ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദോഹയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന വിപുലമായ ചടങ്ങിൽ ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഗയാനയെ സാമ്പത്തിക -വികസന പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നയിക്കുന്ന പ്രസിഡന്റ് ഇർഫാൻ അലി, എം.എ. യൂസഫലിയെപ്പോലുള്ള മലയാളി വ്യവസായ പ്രമുഖരുമായുള്ള സഹകരണത്തിലൂടെ ഇരു രാജ്യങ്ങളും ചരിത്രപരവും വാണിജ്യപരവുമായ ബന്ധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

