പിറന്നുവീഴും മുമ്പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി; പിഞ്ചുജീവനെ തീരത്തേക്ക് അടുപ്പിച്ച് നഴ്സ് ഗീത
text_fieldsഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ നഴ്സ് കെ.എം. ഗീതയെ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തില്‍ ആദരിച്ചപ്പോള്‍
ഇരവിപേരൂര്‍: പിറന്നുവീഴും മുമ്പേ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുശരീരത്തിലെ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ നഴ്സ് ഗീതയ്ക്കു ജന്മനാടിന്റെ ആദരം. ഇരവിപേരൂര്‍ തോട്ടപ്പുഴ തൈപ്പറമ്പില്‍ തോമസ് ജോണിന്റെ ഭാര്യ കെ.എം. ഗീതയെയാണ് ഇരവിപേരൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചത്. തിരൂര്‍ തലക്കടത്തൂര്‍ അല്‍ നൂര്‍ ആശുപത്രിയാണ് പിഞ്ചു കുഞ്ഞിന്റെ പുനര്‍ജന്മത്തിനു വേദിയായത്. രക്തസ്രാവം വന്ന അവസ്ഥയിലാണു പൂര്‍ണഗര്‍ഭിണിയെ അല്‍ നൂര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്.
കാലുകള്‍ ആദ്യം പുറത്തുവരുന്ന ബ്രീച്ച് പൊസിഷനിലും പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയ നിലയിലുമായിരുന്നു കുഞ്ഞ്. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം സാധാരണ പ്രസവം സാധ്യമാക്കി. ജീവനില്ലെന്നു നേരത്തെ ഡോക്ടര്‍ അറിയിച്ചിരുന്നതിനാല്‍ കുഞ്ഞിനെ പൊതിഞ്ഞു കൈമാറുന്നതിനായി നഴ്സ് ഗീതയ്ക്കു കൈമാറി.
ഇതിനിടെ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ ജീവന്റെ മിടിപ്പ് അനുഭവപ്പെട്ടു. ഉടന്‍ ഗീത സി.പി.ആര് നല്കി. കരയാനായി കുഞ്ഞിന്റെ കാലില്‍ അടിച്ചു. പല ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് ശ്വാസമെടുത്തു. പിന്നീട് ഒന്നര മണിക്കൂറോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുഞ്ഞ് സാധാരണ നിലയിലാവുകയായിരുന്നു.
ഗീതയുടെ പ്രവൃത്തി സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്നു പരിപാടിയില്‍ മുഖ്യാതിഥിയായ ആന്റോ ആന്റണി എം.പി. പറഞ്ഞു. കേരള സ്റ്റേറ്റ് ഹൗസ്ഫെഡ് വൈസ് ചെയര്മാന് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഗീതയെ പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ആര്. പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രഫ. എം.ടി. മാത്യു, ഗോപിമോഹന്‍, അജിത് കുമാര്‍, അല്ബിന് മാളിയേക്കല്‍, കെ.എന്‍. രവീന്ദ്രന്, പി.എല്‍. മോഹനന്, പി.എം. ചെറിയാന്, മോഹനന്, ജോര്‍ജ് കെ. ജോഷ്വാ, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

