പരിമിതികൾക്കപ്പുറം പ്രതിഭയുടെ തിളക്കം; സ്വപ്നങ്ങൾക്ക് നിറംപകർന്ന് ദുബൈയിലൊരു പ്രദർശനം
text_fieldsദുബൈ: വർണങ്ങളാൽ നിറഞ്ഞൊരു ചിത്രം, കരവിരുതിൽ ഒരുക്കിയ കോപ്പ, സ്വന്തം കൈകളാൽ നിർമിച്ചൊരു സഞ്ചി… അവക്കരികിൽ അഭിമാനത്തോടെ നിൽക്കുന്ന നിർമാതാക്കൾ. സന്ദർശകർക്ക് ഓരോന്നിനെയും പരിചയപ്പെടുത്തുകയാണവർ. കേൾവിക്കാരുടെ അഭിനന്ദനം അവരുടെ സന്തോഷത്തിന് മാറ്റുകൂട്ടുന്നു. കഴിവുകൾക്ക് അംഗീകാരവും സ്വപ്നങ്ങൾക്ക് പ്രോത്സാഹനവും പകർന്ന വേദിയായി ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ‘മെയ്ഡ് വിത്ത് ഡിറ്റർമിനേഷൻ’ പ്രദർശനം.
ദൃഢനിശ്ചയ വിഭാഗക്കാരുടെ പ്രതിഭയും സർഗശേഷിയും പ്രോത്സാഹിപ്പിക്കാനും അവരുടെ സൃഷ്ടികളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് അൽ ജാഫ്‌ലിയയിലെ പ്രധാന കാര്യാലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ സൃഷ്ടിക്കുപിന്നിലുമുള്ള അധ്വാനത്തെ അടുത്തറിയാനും അവ ഒരുക്കിയവരുമായി സംവദിക്കാനും പ്രദർശനം അവസരമൊരുക്കി.
ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പ്രദർശനം കാണാനെത്തി. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അൽ മർറി കുട്ടികളുടെ സൃഷ്ടികൾ കണ്ടറിഞ്ഞ് അവരെ അഭിനന്ദിച്ചു. സ്വന്തം പരിശ്രമം ശ്രദ്ധിക്കപ്പെടുന്നതും അതിന് അംഗീകാരം ലഭിക്കുന്നതും കുട്ടികൾക്ക് അഭിമാനകരമായ അനുഭവമായി.
ചിത്രങ്ങൾ, അലങ്കരിച്ച കപ്പുകൾ, തുണിസഞ്ചികൾ, കരകൗശല വസ്തുക്കൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. തങ്ങളുടെ സൃഷ്ടികൾ സന്ദർശകർക്ക് കാണിച്ചുകൊടുക്കാനും അവയെക്കുറിച്ച് സംസാരിക്കാനും പങ്കെടുത്തവർ ആവേശത്തോടെ മുന്നോട്ടുവന്നു. സന്ദർശകരുടെ കൗതുകവും സ്രഷ്ടാക്കളുടെ ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ ഓരോ സ്റ്റാളും ഊഷ്മളമായ ആശയവിനിമയത്തിനുള്ള ഇടമായി.
യു.എ.ഇയിൽ ‘പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ’- എന്നറിയപ്പെടുന്ന ദൃഢനിശ്ചയ വിഭാഗക്കാരുടെ കഴിവുകൾ വളർത്തുകയും സമൂഹത്തിലെ അവരുടെ സജീവ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം. ആശയങ്ങൾ പങ്കുവെക്കാനും സർഗശേഷി വികസിപ്പിക്കാനും സുരക്ഷിതവും പ്രോത്സാഹനമേകുന്നതുമായ അന്തരീക്ഷം ഒരുക്കാനുള്ള ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രതിബദ്ധതയും പരിപാടിയിൽ പ്രതിഫലിച്ചു.
‘നിശ്ചയദാർഢ്യം അവസരങ്ങൾ സൃഷ്ടിക്കുന്നു; സർഗാത്മകതക്ക് അതിരുകളില്ല’ എന്ന സന്ദേശം സ്വന്തം സൃഷ്ടികൾക്കരികിൽ അഭിമാനത്തോടെ നിന്ന പങ്കാളികളിലൂടെ പ്രദർശനം പകർന്നു. അവരുടെ കരവിരുതിനെ തേടിയെത്തിയ ഓരോ അഭിനന്ദനവും ഇനിയും മുന്നേറാനുള്ള കരുത്തായി. കഴിവുകൾ ശ്രദ്ധിക്കപ്പെടുകയും പരിശ്രമങ്ങൾ വിലമതിക്കപ്പെടുകയും ചെയ്യുന്നിടത്ത് കൂടുതൽ സ്വപ്നങ്ങൾ വിരിയുമെന്ന പ്രതീക്ഷയാണ് ഈ വേദി സമ്മാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

