സൂര്യന്‍റെ നിഴലിൽ തുടങ്ങി, സ്മാർട്ട് വാച്ചുകളിൽ എത്തിനിൽക്കുന്ന അത്ഭുത യാത്ര; സമയത്തിന്റെ വില... അഥവാ വാച്ചിന്‍റെ കഥ അറിയാം...
text_fields"സമയം എത്രയായി?"
ഒരു ദിവസം നാം ഏറ്റവും കൂടുതൽ തവണ കേൾക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്. ബസ് കാത്തുനിൽക്കുമ്പോഴും, ഓഫീസിലേക്കുള്ള തിരക്കിനിടയിലും, പരീക്ഷാഹാളിന് മുന്നിലും, സുഹൃത്തിനെ കാത്തിരിക്കുമ്പോഴും അറിയാതെ തന്നെ കൈയിലേക്കോ മൊബൈൽ ഫോണിലേക്കോ നാം നോക്കിപ്പോകും. കൈയിൽ ധരിക്കുന്ന ഈ ചെറിയ ഉപകരണത്തിന് പിന്നിൽ ആയിരക്കണക്കിന് വർഷങ്ങളുടെ ശാസ്ത്രവും കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ കൗതുകവും ഒളിഞ്ഞിരിപ്പുണ്ടെന്ന് എത്രപേർക്ക് അറിയാം? സൂര്യന്റെ നിഴൽ നോക്കി സമയം മനസ്സിലാക്കിയ മനുഷ്യൻ ഇന്ന് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും ഉറക്കത്തിന്റെ ഗുണനിലവാരവും വരെ അളക്കുന്ന സ്മാർട്ട് ഉപകരണങ്ങളുടെ കാലത്താണ് ജീവിക്കുന്നത്.
സമയം അളക്കാൻ തുടങ്ങിയ മനുഷ്യന്റെ അത്ഭുതയാത്രയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
വാച്ചിന് മുമ്പ് സമയം എങ്ങനെ അറിയുമായിരുന്നു?
വാച്ചും ഘടികാരവും ഇല്ലാതിരുന്ന കാലത്ത് പ്രകൃതിയായിരുന്നു മനുഷ്യന്റെ സമയമാപിനി.
സൂര്യഘടികാരം: പകൽസമയത്ത് സൂര്യന്റെ സ്ഥാനം നോക്കിയും നിഴലിന്റെ നീളം കണക്കാക്കിയും സമയം മനസ്സിലാക്കി. സൂര്യപ്രകാശത്തിൽ ഒരു ദണ്ഡിന്റെ നിഴൽ ഏത് ഭാഗത്ത് വീഴുന്നു എന്നതനുസരിച്ചാണ് സമയം കണ്ടെത്തിയിരുന്നത്.
മറ്റ് ഘടികാരങ്ങൾ: രാത്രിയിലും മഴയുള്ള ദിവസങ്ങളിലും ഈ രീതി ഉപയോഗിക്കാൻ കഴിയാത്തതിനാൽ ജലഘടികാരം (Water Clock), മണൽഘടികാരം (Hourglass), പിന്നീട് യന്ത്രഘടികാരം (Mechanical Clock) എന്നിവ മനുഷ്യൻ വികസിപ്പിച്ചു.
ഒരു ദിവസം എന്തുകൊണ്ട് 24 മണിക്കൂർ?
നാം ഇന്ന് ഉപയോഗിക്കുന്ന 24 മണിക്കൂർ സമ്പ്രദായത്തിന്റെ വേരുകൾ പുരാതന ഈജിപ്തിലേക്കാണ് എത്തുന്നത്. പിന്നീട് ബാബിലോണിയൻ ഗണിതരീതിയുടെ സ്വാധീനത്തിൽ ഒരു മണിക്കൂർ 60 മിനിറ്റായും ഒരു മിനിറ്റ് 60 സെക്കൻഡായും വിഭജിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് രൂപംകൊണ്ട ഈ രീതിയാണ് ഇന്നും ലോകം പിന്തുടരുന്നത്.
ഘടികാരവും വാച്ചും തമ്മിലുള്ള വ്യത്യാസം
പലരും ഒരുപോലെ ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണെങ്കിലും ഇവ രണ്ടും ഒന്നല്ല.
ഘടികാരം അഥവാ ക്ലോക്ക്: സാധാരണയായി ചുമരിലോ മേശയിലോ സ്ഥാപിച്ചിരിക്കുന്ന സമയമാപിനിയാണ്.
വാച്ച്: കൈയിലോ പോക്കറ്റിലോ കൊണ്ടുനടക്കാൻ കഴിയുന്ന ചെറിയ സമയമാപിനിയാണ്. 'Watch' എന്ന ഇംഗ്ലീഷ് പദം "ജാഗരൂകമായി നിരീക്ഷിക്കുക" എന്ന ആശയവുമായി ബന്ധപ്പെട്ടാണ് രൂപംകൊണ്ടത്. രാത്രികാവൽക്കാരും സമയം നിരീക്ഷിക്കുന്നവരുമായുള്ള ബന്ധത്തിലാണ് പിന്നീട് ഈ പേര് സമയമറിയിക്കുന്ന ഉപകരണത്തിനും ലഭിച്ചത്.
വാച്ച് വന്ന കാലഘട്ടം:
ആദ്യകാലത്ത് കൈവാച്ചുകൾ പ്രധാനമായും സ്ത്രീകളുടെ ആഭരണമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. 1810-ൽ പ്രശസ്ത നിർമാതാവായ അബ്രഹാം-ലൂയി ബ്രെഗെയാണ് നേപ്പിൾസിന്റെ രാജ്ഞിയായ കരോളിൻ മുറാറ്റിനായി ലോകത്താദ്യമായി രേഖപ്പെടുത്തപ്പെട്ട കൈവാച്ചുകളിൽ ഒന്ന് നിർമിച്ചത്.
അതേസമയം പുരുഷന്മാർ കൂടുതലും പോക്കറ്റ് വാച്ചുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഒന്നാം ലോകമഹായുദ്ധകാലത്ത് പോക്കറ്റിൽ നിന്ന് വാച്ച് എടുത്തുനോക്കുന്നത് സൈനികർക്ക് ബുദ്ധിമുട്ടായി. അതോടെ കൈയിൽ ധരിക്കുന്ന വാച്ചുകൾ വ്യാപകമായി. യുദ്ധം അവസാനിച്ചതോടെ ഈ ശീലം സാധാരണ ജനങ്ങളിലേക്കും വ്യാപിച്ച് ലോകമെമ്പാടും ജനപ്രിയമായി.
വാച്ച് കണ്ടുപിടിച്ചത് ആരാണ്?
വാച്ച് ഒരൊറ്റ വ്യക്തി ഒരു ദിവസംകൊണ്ട് കണ്ടുപിടിച്ച ഉപകരണമല്ല. നൂറ്റാണ്ടുകളായി നടന്ന പരിണാമത്തിന്റെ ഫലമാണ് ഇന്നത്തെ ആധുനിക വാച്ചുകൾ. 1505-നും 1510-നും ഇടയിൽ ജർമനിയിലെ ന്യൂറംബർഗിൽ നിന്നുള്ള ലോക്ക്സ്മിത്തും ഘടികാര നിർമാതാവുമായ പീറ്റർ ഹെൻലൈൻ, സ്പ്രിങ്ങുപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യകാല മെക്കാനിക്കൽ പോർട്ടബിൾ വാച്ചുകൾ നിർമിച്ചതായാണ് ചരിത്രം പറയുന്ന കഥ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ "പോർട്ടബിൾ വാച്ചിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കാറുണ്ട്.
എന്തൊക്കെ തരം വാച്ചുകളാ ഇപ്പോ ലോകത്ത് !
ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടാണ് വിപണിയിൽ പലതരം വാച്ചുകൾ ലഭ്യമായിരിക്കുന്നത്:
- അനലോഗ് വാച്ച്: സൂചികളിലൂടെ സമയം കാണിക്കുന്നത്.
- ഡിജിറ്റൽ വാച്ച്: അക്കങ്ങളായി സമയം കാണിക്കുന്നത്.
- സ്മാർട്ട് വാച്ച്: ഫോൺ, ആരോഗ്യം, ജി.പി.എസ് തുടങ്ങി നിരവധി സംവിധാനങ്ങളുള്ളത്.
- സ്പോർട്സ് & ടാക്റ്റിക്കൽ വാച്ച്: കായികപ്രവർത്തനങ്ങൾക്കും സാഹസിക യാത്രകൾക്കും കഠിന സാഹചര്യങ്ങൾക്കും.
- ഡൈവർ സ്വിം വാച്ച്: വെള്ളത്തിനടിയിലെ ഉയർന്ന മർദ്ദം താങ്ങാൻ രൂപകൽപ്പന ചെയ്തത്.
- പൈലറ്റ് & ഫീൽഡ് വാച്ച്: വലിയ ഡയലും വ്യക്തമായ അക്കങ്ങളുമുള്ള, ട്രെക്കിങ്ങിനും ക്യാമ്പിങ്ങിനും ഇണങ്ങുന്നത്.
- ഡ്രസ് വാച്ച്: ഔപചാരിക ചടങ്ങുകൾക്ക് അനുയോജ്യമായ ലളിതമായ ഡിസൈൻ.
- ക്രോണോഗ്രാഫ് വാച്ച്: സ്റ്റോപ്പ് വാച്ച് സൗകര്യമുള്ളത്.
- മെക്കാനിക്കൽ & ഓട്ടോമാറ്റിക് വാച്ച്: ബാറ്ററിയില്ലാതെ സ്പ്രിങ്ങുപയോഗിച്ചോ കൈയുടെ ചലനത്തിലോ സ്വയം പ്രവർത്തിക്കുന്നത്.
- സോളാർ വാച്ച്: സൂര്യപ്രകാശത്തിൽ ചാർജ് ചെയ്യുന്നത്.
- സ്കെലിറ്റൺ വാച്ച്: അകത്തെ യന്ത്രഭാഗങ്ങൾ പുറത്തേക്ക് കാണാവുന്ന രൂപകൽപ്പന.
- ഹൈബ്രിഡ് വാച്ച്: അനലോഗ് രൂപവും സ്മാർട്ട് സംവിധാനങ്ങളും ഒരുമിച്ച് നൽകുന്നത്.
- പോക്കറ്റ് വാച്ച്: ചങ്ങലയോടുകൂടി പോക്കറ്റിൽ സൂക്ഷിച്ച് ഉപയോഗിക്കുന്ന പരമ്പരാഗത മാതൃക.
- വിലകുറഞ്ഞ വാച്ചുകളുടെ നിർമാണത്തിൽ ചൈനയാണ് മുന്നിൽ. എന്നാൽ ആഡംബരവും അതീവ കൃത്യതയുമുള്ള വാച്ചുകളുടെ കാര്യത്തിൽ സ്വിറ്റ്സർലൻഡ് ഇന്നും നമ്പർ വൺ ആണ്.
മെക്കാനിക്കൽ വാച്ചും ക്വാർട്സ് വിപ്ലവവും:
മെക്കാനിക്കൽ വാച്ചിൽ ബാറ്ററിയില്ല. സ്പ്രിങ്ങിൽ സംഭരിച്ചിരിക്കുന്ന ഊർജ്ജം ഗിയറുകളിലൂടെയും എസ്കേപ്‌മെന്റ് സംവിധാനത്തിലൂടെയും ക്രമമായി പുറത്തുവിടുന്നതിനാലാണ് സൂചികൾ കൃത്യമായി സഞ്ചരിക്കുന്നത്. ഇന്നും ഇത് ഒരു എൻജിനീയറിങ് വിസ്മയമായി കണക്കാക്കപ്പെടുന്നു. ഒരു മെക്കാനിക്കൽ വാച്ചിൽ നൂറിലധികം ചെറിയ ഭാഗങ്ങൾ ഉണ്ടാകാം. ചില ഗിയറുകളുടെ വലിപ്പം ഒരു അരിമണിയേക്കാൾ വളരെ ചെറുതാണ്.
ക്വാർട്സ് വാച്ച് (1969): ക്വാർട്സ് സാങ്കേതികവിദ്യ, വാച്ച് ലോകത്ത് വലിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഒരു ചെറിയ ക്വാർട്സ് ക്രിസ്റ്റൽ, വൈദ്യുതിയുടെ സഹായത്തോടെ അത്യന്തം കൃത്യമായ ആവൃത്തിയിൽ വിറച്ച് സമയം കണക്കാക്കുന്നു. ഇത് മെക്കാനിക്കൽ വാച്ചുകളെ അപേക്ഷിച്ച് കൂടുതൽ കൃത്യത നൽകി. സാധാരണ ക്വാർട്സ് വാച്ചിലെ ബാറ്ററി 2 മുതൽ 5 വർഷം വരെയും, ചില മോഡലുകളിൽ 7 മുതൽ 10 വർഷം വരെയും പ്രവർത്തിക്കും.
ഡിജിറ്റൽ യുഗവും സ്മാർട്ട് വാച്ചുകളും:
1970-കളിൽ ഡിജിറ്റൽ വാച്ചുകൾ സമയം അക്കങ്ങളായി കാണിച്ച് ലോകത്തെ അത്ഭുതപ്പെടുത്തി. പിന്നീട് അലാറം, സ്റ്റോപ്പ് വാച്ച്, കലണ്ടർ, ടൈമർ, ബാക്ക് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങളും അതിൽ ഉൾപ്പെടുത്തി.
സ്മാർട്ട് വാച്ചുകൾ (മിനി കംപ്യൂട്ടർ):
- ഫോൺ കോൾ ചെയ്യാനും സന്ദേശങ്ങൾ വായിക്കാനും സാധിക്കും.
- ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവ വിലയിരുത്താം.
- നടത്തം, ഓട്ടം, സൈക്ലിങ് എന്നിവ രേഖപ്പെടുത്താം.
- ജി.പി.എസ് ഉപയോഗിച്ച് വഴി കണ്ടെത്താനും ചില മോഡലുകളിൽ പണമിടപാടുകൾ നടത്താനും സാധിക്കും.
ഇടതുകൈയിൽ വാച്ച് ധരിക്കാൻ കാരണം:
ലോകത്ത് ഭൂരിഭാഗം ആളുകളും വിവിധ കാര്യങ്ങൾക്ക് ആശ്രയിക്കുന്നത് കൂടുതലും വലതുകൈയാണ്. അതിനാൽ ജോലികൾ ചെയ്യുമ്പോൾ വാച്ചിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും എളുപ്പത്തിൽ സമയം നോക്കാനുമായി ഇടത് കൈയിൽ ധരിക്കുന്ന ശീലം രൂപപ്പെട്ടു. എങ്കിലും ഇത് വലതുകൈയിൽ കെട്ടണമെന്ന് നിയമമോ വ്യവസ്ഥയോ നിർബന്ധമോ ലോകത്തൊരിടത്തും ഇല്ല. സമയം സെറ്റ് ചെയ്യാനുള്ള ചെറിയ നോബ് സാധാരണയായി വാച്ചിന്റെ വലതുവശത്താണ് ഉണ്ടാകാറുള്ളത്. ഇടതുകൈയിൽ വാച്ച് കെട്ടുമ്പോൾ വലതുകൈ കൊണ്ട് സമയം തിരിച്ചു വെക്കാൻ എളുപ്പമായതിനാലാണ് കമ്പനികൾ അങ്ങനെ ഡിസൈൻ ചെയ്യുന്നത് പോലും.
ജി.പി.എസും ആറ്റോമിക് ഘടികാരവും:
ഇന്ന് നാം ഉപയോഗിക്കുന്ന ജി.പി.എസ് സംവിധാനങ്ങൾ അതീവ കൃത്യതയുള്ള ആറ്റോമിക് ഘടികാരങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഏതാനും നാനോസെക്കൻഡുകളുടെ സമയപ്പിഴവ് പോലും സ്ഥാനനിർണയത്തിൽ വലിയ തെറ്റുകൾ ഉണ്ടാക്കും. ലോകത്തിലെ ഏറ്റവും കൃത്യതയുള്ള ആറ്റോമിക് ഘടികാരങ്ങൾക്ക് കോടിക്കണക്കിന് വർഷങ്ങളിൽ പോലും ഒരു സെക്കൻഡിൽ താഴെ മാത്രമാണ് സമയവ്യത്യാസം സംഭവിക്കുക.
ചന്ദ്രനിൽ പോയ വാച്ച്:
1969-ൽ അപ്പോളോ 11 ദൗത്യത്തിലും തുടർന്ന് നടന്ന ചന്ദ്രദൗത്യങ്ങളിലും മനുഷ്യൻ ഉപയോഗിച്ച വാച്ച് ഒമേഗ സ്പീഡ്മാസ്റ്റർ ആയിരുന്നു. അതുകൊണ്ടാണ് അത് ഇന്നും "മൂൺ വാച്ച്" എന്ന പേരിൽ പ്രശസ്തമായത്.
സ്മാർട്ട്‌ഫോൺ ഉള്ളപ്പോൾ ആളുകൾ ഇപ്പോഴും വാച്ച് വാങ്ങുന്നത് എന്തിന്?
കാരണം വാച്ച് ഇന്ന് സമയം കാണിക്കുന്ന ഉപകരണം മാത്രമല്ല; അത് ഒരു വ്യക്തിയുടെ അഭിരുചിയുടെയും വ്യക്തിത്വത്തിന്റെയും പ്രതീകമാണ്. ചിലർക്ക് കുടുംബപാരമ്പര്യത്തിന്റെ ഓർമയാണ്, മറ്റുചിലർക്ക് വിലമതിക്കാനാകാത്ത ശേഖരവസ്തുവാണ്. സ്വർണം, പ്ലാറ്റിനം, വജ്രം, അപൂർവ കൈപ്പണി എന്നിവയാണ് ചില ആഡംബര വാച്ചുകളെ കോടിക്കണക്കിന് രൂപ വിലയുള്ളതാക്കുന്നത്.
ആരോഗ്യം നിരീക്ഷിക്കുന്ന സഹായിയും യാത്രയിൽ വഴികാട്ടിയും ആശയവിനിമയത്തിനുള്ള കൂട്ടുകാരനും വ്യക്തിത്വത്തിന്റെ പ്രതീകവുമാണ് വാച്ചിപ്പോൾ. സമയം മാറിക്കൊണ്ടിരിക്കുകയാണ്, എന്തൊരു വേഗത്തിലാണ് സമയം കടന്നുപോകുന്നത്!
എച്ച്.എം.ടി വാച്ച്: ഒരുകാലത്തെ വിശ്വസ്ത സമയസാക്ഷി :
ഇന്ത്യയിൽ ഒരു കാലത്ത് ഏറ്റവും ജനപ്രിയമായ വാച്ച് ബ്രാൻഡുകളിലൊന്നായിരുന്നു എച്ച്.എം.ടി. വിവാഹസമ്മാനമായും ആദ്യ ശമ്പളത്തിന്റെ ഓർമയായും വിരമിക്കൽ സമ്മാനമായുമെല്ലാം ഈ വാച്ചുകൾ കൈമാറിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
1953-ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്, ഇന്ത്യയുടെ വ്യവസായവൽക്കരണത്തിന് ആവശ്യമായ മെഷീൻ ടൂളുകൾ നിർമിക്കാനാണ് രൂപം കൊണ്ടത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച അവർ, കേരളത്തിലെ കളമശ്ശേരിയിലും സ്വന്തം യൂനിറ്റ് സ്ഥാപിച്ചു.
1961-ൽ ജപ്പാനിലെ സിറ്റിസൺ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെ എച്ച്.എം.ടി ആദ്യ മെക്കാനിക്കൽ കൈവാച്ച് പുറത്തിറക്കി. തുടർന്ന് പുറത്തിറങ്ങിയ ജനത, പൈലറ്റ്, കോഹിനൂർ, സോന തുടങ്ങിയ മോഡലുകൾ രാജ്യവ്യാപക ജനപ്രീതി നേടിയത് ചരിത്രം. കാഴ്ചപരിമിതിയുള്ളവർക്കായി പ്രത്യേക ബ്രെയിൽ വാച്ചുകളും കമ്പനി നിർമിച്ചിരുന്നു.
എന്നാൽ 1990-കളിലെ സാമ്പത്തിക ഉദാരവൽക്കരണവും ക്വാർട്സ് വാച്ചുകളുടെ വ്യാപനവും വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. ടൈറ്റൻ, കാസിയോ, ടൈമക്സ് തുടങ്ങിയ സ്വകാര്യ ബ്രാൻഡുകളുടെ വളർച്ച എച്ച്.എം.ടിക്ക് കടുത്ത വെല്ലുവിളിയായി. പുതിയ സാങ്കേതികവിദ്യകളിലേക്കും വിപണിയിലെ മാറ്റങ്ങളിലേക്കും വേഗത്തിൽ പൊരുത്തപ്പെടാൻ കമ്പനിക്ക് കഴിയാതെ പോയത് തകർച്ചയ്ക്ക് ആക്കം കൂട്ടി.
2016-ൽ കമ്പനിയുടെ വാച്ച് ഡിവിഷൻ പ്രവർത്തനം അവസാനിപ്പിച്ചു. തുടർന്ന് വാച്ച് നിർമാണവും നിലച്ചു. എച്ച്.എം.ടി ലിമിറ്റഡ് ഇന്നും വിവിധ വ്യവസായ ആവശ്യങ്ങൾക്കുള്ള മെഷീനുകളുടെ നിർമാണ മേഖലയിലും അനുബന്ധ പ്രവർത്തനങ്ങളിലും സജീവമാണ്.
ഗാന്ധിജിയുടെ പോക്കറ്റ് വാച്ച്; സമയനിഷ്ഠയുടെ പ്രതീകം
ലാളിത്യത്തിന്റെ പ്രതീകമായ മഹാത്മാഗാന്ധിയുടെ ജീവിതത്തിൽ സമയത്തിന് അതീവ പ്രാധാന്യമുണ്ടായിരുന്നു. ആ സമയനിഷ്ഠയുടെ വിശ്വസ്ത കൂട്ടുകാരനായിരുന്നു ലോകപ്രശസ്ത സ്വിസ് ബ്രാൻഡായ Zenith-ന്റെ പോക്കറ്റ് വാച്ച്. ചരിത്രരേഖകളിൽ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെടുന്ന വിവരണം അനുസരിച്ച്, ഈ വെള്ളി പോക്കറ്റ് വാച്ച് ഗാന്ധിജിക്ക് സമ്മാനിച്ചത് ജവഹർലാൽ നെഹ്റുവാണ്. എന്നാൽ ചില രേഖകളിൽ അന്നത്തെ ഇന്ദിരാ നെഹ്റുവാണ് (പിന്നീട് ഇന്ദിരാ ഗാന്ധി) ഈ വാച്ച് സമ്മാനിച്ചതെന്നും പരാമർശിക്കുന്നുണ്ട്.
ഈ സിൽവർ പോക്കറ്റ് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുണ്ടായിരുന്ന അലാം സംവിധാനമായിരുന്നു. ഈ അലാം ശബ്ദമാണ് ഗാന്ധിജി തന്റെ പ്രാർഥനാസമയങ്ങൾ കൃത്യമായി ഓർക്കാൻ ഉപയോഗിച്ചിരുന്നത്. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ചുരുക്കം ചില ഭൗതിക വസ്തുക്കളിൽ ഒന്നായിരുന്നു ഈ വാച്ച്. എങ്കിലും ഇതിന്റെ ചരിത്രത്തിൽ വളരെ കൗതുകകരമായ മറ്റൊരു സംഭവവുമുണ്ട്. ഒരിക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഈ വാച്ച് അദ്ദേഹത്തിന് നഷ്ടപ്പെടുകയുണ്ടായി. വാച്ച് നഷ്ടപ്പെട്ടതിൽ ഗാന്ധിജി ഏറെ ദുഃഖിതനായിരുന്നു. എന്നാൽ തന്റെ തെറ്റിൽ പശ്ചാത്തപിച്ച കള്ളൻ, ആറു മാസത്തിന് ശേഷം ഡൽഹിയിലെത്തി വാച്ച് തിരികെ ഏൽപ്പിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്യുകയുണ്ടായി.
ജീവിതത്തിന്റെ അവസാന കാലത്ത് ഈ വാച്ച് ഗാന്ധിജി തന്റെ കൊച്ചുമകളും സഹായിയുമായ അഭാ ഗാന്ധിക്ക് കൈമാറുകയുണ്ടായി. പിൽക്കാലത്ത് ഈ വാച്ച് ലേലത്തിൽ വെക്കുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. ഗാന്ധിജിയുടെ കണ്ണടയും വടിയും പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്ന ചരിത്രസ്മരണകളിലൊന്നാണ് ഈ പോക്കറ്റ് വാച്ച്. ഒരു ആഡംബര ബ്രാൻഡിന്റെ വാച്ച് പോലും ലാളിത്യത്തിന്റെയും അച്ചടക്കത്തിന്റെയും സമയബോധത്തിന്റെയും പ്രതീകമാകാമെന്ന് ഓർമപ്പെടുത്തുന്നതാണ് ഗാന്ധിജിയുടെ വാച്ചിന്റെ കഥ.
ഒരു കാലത്ത് സമയം അറിയാൻ വേണ്ടി മാത്രം കൈയിൽ കെട്ടിയിരുന്ന ഉപകരണം, ഇന്ന് നമ്മൾ എപ്പോൾ ഉറങ്ങണം, എപ്പോൾ എഴുന്നേൽക്കണം, എന്തിന് ഹൃദയം എത്ര തവണ മിടിക്കണം എന്ന് വരെ തീരുമാനിക്കുന്ന ഒരു 'മിനി ബോസ്' ആയി മാറിയിരിക്കുന്നു! കൗതുകകരമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്: നമ്മളാണോ വാച്ച് ഉപയോഗിക്കുന്നത്, അതോ വാച്ചാണോ നമ്മളെ ഓടിക്കുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

