ജോബ് ഹഗ്ഗിങ് മുതൽ മൈക്രോ റിട്ടയർമെന്റ് വരെ...
text_fieldsപ്രതീകാത്മക ചിത്രം
തൊഴിലിനോടുള്ള സമീപനത്തിലും തൊഴിലിടം തിരഞ്ഞെടുക്കുന്നതിലും വലിയ മാറ്റങ്ങൾ സംഭവിച്ച വർഷമാണ് 2025. നിർമിത ബുദ്ധി മുതൽ ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ വരെ ഇതിന് കാരണമായി പറയപ്പെടുന്നു. പുതിയ കാല പ്രഫഷനലുകൾ, പ്രത്യേകിച്ച് ജെൻ സീ തങ്ങളുടെ കരിയറിനെ സമീപിക്കുന്ന രീതികളാണ് മാറിയിരിക്കുന്നത്. തൊഴിൽ സുരക്ഷക്ക് ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്ന ‘ജോബ് ഹഗ്ഗിങ്’ മുതൽ, തൊഴിലുടമക്ക് ‘പുല്ലുവില’ നൽകുന്ന ‘കരിയർ കാറ്റ് ഫിഷിങ്’ പ്രതിഭാസം വരെ ഈ വർഷം കാണപ്പെട്ടു.
ജോബ് ഹഗ്ഗിങ്
അനിശ്ചിതത്വം നിറഞ്ഞ ഇന്നത്തെ സാഹര്യത്തിൽ, കരിയർ ഉയർച്ചക്കായി വലിയ റിസ്ക് ഒന്നും എടുക്കാതെ നിലവിലെ ജോലിയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന സമീപനമാണിത്. എ.ഐ കടന്നുകയറ്റത്തോടെ പിരിച്ചുവിടലും തസ്തിക നഷ്ടങ്ങളും വ്യാപകമായതോടെയാണ് ഈ രീതിക്ക് സ്വീകാര്യത ലഭിച്ചത്. ‘‘താനാരാണെന്നും താൻ വിലമതിക്കുന്ന മൂല്യങ്ങൾ എന്തൊക്കെയെന്നും അതിന് അനുയോജ്യമാണ് തന്റെ തൊഴിലിടമെന്നും മനസ്സിലാക്കി സ്ഥാപനത്തിൽ തുടരുന്ന തൊഴിലാളിയെ പ്രതിബദ്ധതയുള്ളവരെന്ന് വിളിക്കാം. എന്നാൽ, മറ്റൊരു ജോലി ലഭിക്കില്ലെന്ന ഭീതിയാലും സ്വന്തം കഴിവിൽ വിശ്വാസമില്ലായ്മയാലും തുടരുന്നവരുമുണ്ട്. ആദ്യത്തെ വിഭാഗം തൊഴിലിടത്തെ അഭിവൃദ്ധിപ്പെടുത്തുന്നു, മറ്റേതാകട്ടെ തളർത്തുകയും ചെയ്യുന്നു’’ -കോട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് എച്ച്.ആർ മേധാവി രുചിര ഭരദ്വാജ അഭിപ്രായപ്പെടുന്നു.
കരിയർ കാറ്റ്ഫിഷിങ്
ഒരു ജോലി സ്വീകരിച്ചാൽ, ആദ്യ ദിവസം മുതൽ തന്നെ അത് വളരെ നിസ്സാരമായിക്കാണുന്ന തരത്തിൽ പെരുമാറുന്ന സമീപനമാണിത്. തൊഴിൽദാതാവിന്റെ നിർദേശങ്ങളോ സ്ഥാപനത്തിന്റെ രീതികളോ തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് ഇത്തരക്കാരുടെ പെരുമാറ്റം. ജെൻ സീയിൽ ഇത് വ്യാപകമാണെന്ന് തൊഴിൽ വിദഗ്ധർ പറയുന്നു.
മൈക്രോ റിട്ടയർമെന്റ്
അറുപതുകളിൽ വിരമിക്കുന്ന ആചാരത്തിന് വിട നൽകി, ജെൻ സീ അവതരിപ്പിച്ചതാണിത്. മനഃപൂർവം കരിയറിൽ നിന്ന് മാസങ്ങളോ ഒരു വർഷം തന്നെയോ ബ്രേക്കെടുത്ത് വ്യക്തിജീവിത സൗഖ്യത്തിനും യാത്രകൾക്കും നൈപുണ്യ വികസനത്തിനുമായെല്ലാം ഇവർ സമയം വിനിയോഗിക്കുന്നു. ആരോഗ്യവും സന്തോഷവുമെല്ലാം തൊഴിലിനുവേണ്ടി വേണ്ടെന്നു വെച്ച കഴിഞ്ഞ തലമുറയിൽ നിന്ന് അവർ മാറിച്ചിന്തിക്കുന്നു.
‘അൺബോസിങ്’
താഴെത്തട്ടിൽ നിന്ന് തുടങ്ങി പടിപടിയായി ഉയർന്ന് ‘മിഡിൽ മാനേജ്മെന്റ്’ തലം വരെയാണ് സാധാരണ ഗതിയിൽ ഒരു തൊഴിലാളിയുടെ കരിയർ വളർച്ച. എന്നാൽ, വർക്ക്-ലൈഫ് ബാലൻസ് മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറക്കാനുമെല്ലാം വേണ്ടി മിഡിൽ ലെവൽ ഉത്തരവാദിത്തം നിരസിച്ച് വ്യക്തിഗത കോൺട്രിബ്യൂട്ടർ എന്ന റോളിൽ നിൽക്കാൻ ജെൻ സീ ഉത്സാഹം കാണിക്കുന്നു. അതായത് ബോധപൂർവം ബോസ് കസേര ഒഴിവാക്കുക എന്നർഥം.
കരിയർ മിനിമലിസം
കരിയർ വളർച്ചയേക്കാൾ സുരക്ഷയും സ്ഥിരതയും ആണ് പ്രധാനമെന്ന് മനസ്സിലാക്കി, ഉയരങ്ങളിലേക്ക് കുതിച്ചു ചാടാതെ മിനിമലായി മുന്നോട്ടുപോകാനാണ് ജെൻ സീ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

