ബദാം രുചിയില്‍ കാരറ്റി​ന്‍റെ മേന്മയുള്ള സേമിയ പായസം  

09:49 AM
29/08/2017
Semiya Payasam

കുട്ടികൾക്ക്​ ഏറ്റവും ഇഷ്​ടമുള്ള പായസം ഏതാണെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും മറുപടി സേമിയ പായസം എന്നു തന്നെ ആവും. ഒരു പായസം കുടിക്കണമെന്ന് തോന്നിയാല്‍ ഉടന്‍ എല്ലാവരും ഉണ്ടാക്കുന്ന സേമിയ പായസം അൽപം രുചി കൂട്ടി ഉണ്ടാക്കാവുന്ന ഒരു പാചക വിധി ഇന്നു പരിചയപ്പെടാം. കാരറ്റും ബദാമും ചേർത്ത്​  രുചിയും ഗുണവും കൂടിയ പുത്തന്‍ സേമിയ പായസം പരിചയപ്പെടുത്തുന്നത് മഞ്ജു ഷാജു. 

ചേരുവകള്‍: 

  • സേമിയ -ഒരു കപ്പ്‌ (250 എം.എൽ)
  • പാല്‍ -മൂന്നര കപ്പ്
  • വെള്ളം -ഒരു കപ്പ്
  • പഞ്ചസാര -നാലു ടേബിൾസ്​പൂൺ 
  • ഷാഹി  അണ്ടിപ്പരിപ്പ് -25 ഗ്രാം 
  • ഷാഹി കിസ്മിസ് -25 ഗ്രാം
  • കാരറ്റ് -ഒന്ന്
  • ഷാഹി ബദാം -20
  • ഷാഹി ഏലക്ക -അഞ്ചോ ആറോ
  • നെയ്യ് -രണ്ടു ടേബിൾസ്​പൂൺ

തയറാക്കുന്ന വിധം:
ബദാം കുതിർത്തി തൊലി കളഞ്ഞു വെണ്ണ പോലെ അരച്ച് വെക്കുക. ഏലക്ക തൊലി കളഞ്ഞ്​ പഞ്ചസാരക്കൊപ്പം പൊടിച്ചു വെക്കുക. കാരറ്റ് നീളത്തില്‍ നൂഡിൽസ്​ പോലെ അരിഞ്ഞ്​ അൽപം നെയ്യില്‍ വഴറ്റി വെക്കുക. കൂടുതല്‍ കാരറ്റ് ചേർത്താല്‍ ഇളം മഞ്ഞ നിറമാവും. പായസത്തി​ന്‍റെ കളര്‍ വെളുത്തു തന്നെ ഇരിക്കണം എന്നു വാശിയുള്ള മക്കളില്ലെങ്കിൽ കൂടുതല്‍ കാരറ്റ് ചേർക്കാം. ഒരു ചുവടുകട്ടിയുള്ള ഉരുളിയില്‍ നെയ്യ് ചേർത്ത്​ ചൂടാവുമ്പോള്‍ അണ്ടിപ്പരിപ്പും കഴുകിയ കിസ്മിസും വറുത്തു മാറ്റിവെക്കുക. അതിനു ശേഷം സേമിയ ചുവക്കെ വറുത്തെടുക്കുക. പാകമായാല്‍ അതിലേക്ക് ഒരു കപ്പു വെള്ളം ചേർത്ത്​  ചെറിയ തീയില്‍ വേവിക്കുക. സേമിയ വേവായാല്‍ പഞ്ചസാര ചേർക്കാം. കൂടുതല്‍ മധുരം വേണമെങ്കില്‍ അതനുസരിച്ച്​ പഞ്ചസാര ചേർക്കുക. ഒപ്പം ബദാം അരപ്പും ചേർക്കുക. മധുരം നന്നായി പിടിച്ചു കഴിഞ്ഞാല്‍ പാല്‍ ചേർത്ത്​ ഇടക്കിടെ ഇളക്കി പാകത്തിന് കുറുക്കി ഏലക്കയും പഞ്ചസാരയും കൂടി പൊടിച്ചതും ചേർത്തിളക്കുക. അണ്ടിപ്പരിപ്പും കിസ്മിസും വഴറ്റി വച്ച കാരറ്റും മീതെ തൂകി വിളമ്പും വരെ അടച്ചുവെക്കുക.

തയാറാക്കിയത്: മഞ്ജു ഷാജു

COMMENTS