പൈനാപ്പിളും സേമിയയും കൂട്ടുകൂടിയപ്പോള്‍  

08:25 AM
04/09/2017

സേമിയ പായസം ഇഷ്​ടമുള്ളവര്‍ക്കായി ഒരു സ്പെഷല്‍ സേമിയ പായസം റെസിപ്പി കൂടി. ഇത് പൈനാപ്പിള്‍ രുചിയുള്ള സേമിയ പായസമാണ്. പൈനാപ്പിള്‍ നെയ്യും പഞ്ചസാരയോ ശര്‍ക്കരയോ ചേര്‍ത്ത് വിളയിച്ചതും തേങ്ങാപാലില്‍ വെന്ത സേമിയയും കുറച്ചു നേരം കിന്നാരം പറഞ്ഞു കുഴഞ്ഞ ശേഷം തലപ്പാല്‍ കൂടി കൂട്ടിനെത്തുമ്പോഴുള്ള രുചി അറിയാന്‍ ഈ പായസമൊന്നു പരീക്ഷിക്കൂ.. ഈ പാചകക്കുറിപ്പ് പങ്കു​വെച്ചത് ബുറൈമിയില്‍ താമസിക്കുന്ന ഗീത കൃഷ്ണദാസാണ്.

പൈനാപ്പിള്‍-സേമിയ പ്രഥമന്‍ 

ചേരുവകള്‍:  

  • പൈനാപ്പിള്‍ -ഒരെണ്ണം ഇടത്തരം,  
  • സേമിയ നെയ്യില്‍ വറുത്തത് -അരക്കപ്പ്
  • തേങ്ങ വലുത് -രണ്ടെണ്ണം (ചിരകിയത്)
  • പഞ്ചസാര- ഒരു കപ്പ്
  • നെയ്യ് -മൂന്ന് ടേബിള്‍സ്പൂണ്‍
  • ഏലക്ക -നാലെണ്ണം (തൊലി കളഞ്ഞു പൊടിച്ചത്)
  • അണ്ടിപ്പരിപ്പ് -25 ഗ്രാം
  • കിസ്മിസ് -25 ഗ്രാം  
  • വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം: 
തേങ്ങ ചിരകി ഒന്നര കപ്പ്​ ഒന്നാം പൈനാപ്പിള്‍ തൊലിയും കൂഞ്ഞിലും കളഞ്ഞു തീരെ പൊടിയായി കൊത്തി അരിയുക. ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ അൽപം നെയ്യൊഴിച്ച് പൈനാപ്പിള്‍ വഴറ്റി വേവിച്ചു നന്നായി വരട്ടുക. ഇതിലേക്ക് പാകത്തിന് പഞ്ചസാര കൂടി ചേര്‍ത്ത് വിളയിച്ചു വെക്കുക. നെയ്യില്‍ വറുത്ത സേമിയ രണ്ടാം പാലില്‍ കുറച്ചു പഞ്ചസാര കൂടി ചേര്‍ത്ത് വേവിച്ച ശേഷം പൈനാപ്പിള്‍ കൂട്ടിലേക്ക് ചേര്‍ക്കുക. രണ്ടും കൂടി നന്നായി യോജിച്ചു കുറുകിയ ശേഷം തീയണച്ച് ഒന്നാം പാലില്‍ ഏലയ്ക്കാ പൊടി കലക്കിയതും വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി ഒഴിച്ച് യോജിപ്പിക്കുക. വിളമ്പുന്ന സമയം വരെ അടച്ചു വയ്ക്കുക.

തയാറാക്കിയത്: ഗീത കൃഷ്​ണദാസ്​ 

COMMENTS