ചവ്വരിയും പഴം ബോളുമിട്ടൊരു പുത്തന്‍ പഴം പ്രഥമന്‍ 

19:19 PM
28/08/2017
nenthra pazham prathaman

പ്രഥമനുകളില്‍ പ്രമുഖനായ നേന്ത്രപ്പഴം പ്രഥമനെ ഒന്നു  പരിഷ്ക്കരിച്ചാലോ? പഴം മാത്രമായി വച്ച പായസം കുടിക്കുമ്പോള്‍ അതിങ്ങനെ ചുമ്മാ ഒഴുക്കനായി ഇരിക്കാതെ ഒന്നു കടിക്കാന്‍ എന്തെങ്കിലും  ഉണ്ടായിരുന്നെങ്കില്‍ എന്നു  തോന്നിയിട്ടില്ലേ? അതിനൊരു പരിഹാരമായി ഈ പായസം ഒന്നുണ്ടാക്കി നോക്കൂ. വെന്തുടഞ്ഞ നേന്ത്രപ്പഴവും ശർക്കരയും ചവ്വരിയും പാലും തേങ്ങാപ്പാലും ചേർന്ന കൂട്ടുകെട്ടിലേക്ക്  നെയ്യില്‍ മൊരിച്ച കുഞ്ഞു പഴം ബോളുകളും അണ്ടിപ്പരിപ്പും കിസ്മിസും. അസ്സലായ രുചി വിന്യാസം അനുഭവിച്ചറിയാന്‍ ഇക്കുറി ഓണത്തിന് ഈ പായസമൊന്നു തയാറാക്കി നോക്കൂ. ഈ രുചിമധുരം പങ്കു വെക്കുന്നത്​ പാചക വിദഗ്ധയായ ഷഹനാസ് അഷറഫാണ്.   

നേന്ത്രപ്പഴം-ചൗവരി പ്രഥമൻ

ചേരുവകൾ: 

  • നേന്ത്രപ്പഴം -ആറെണ്ണം 
  • ഷാഹി ചൗവരി -അര കപ്പ്
  • ശർക്കര 300-350 ഗ്രാം 
  • തേങ്ങ -രണ്ടെണ്ണം   
  • പശുവിൻ പാൽ -ഒരു ലിറ്റര്‍
  • ഷാഹി അണ്ടിപ്പരിപ്പ്
  • ഷാഹി കിസ്മിസ്
  • ഏലക്ക പൊടി 
  • ചുക്ക് പൊടി
  • നെയ്യ് -അഞ്ചു ടീസ്​പൂൺ

തയാറാക്കുന്ന വിധം:
രണ്ടു പഴം പുഴുങ്ങി ഉടച്ചു തീരെ ചെറിയ ഉരുളകളാക്കി 3 ടീസ്​പൂൺ നെയ്യൊഴിച്ചു മൊരിച്ചെടുത്തു വെക്കുക. ആ നെയ്യിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ടു വറുത്തു കോരി വെക്കുക. നാലു  നേന്ത്രപ്പഴം വേവിച്ചു തണുക്കുമ്പോള്‍ നടുവിലെ കുരു നീക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശർക്കര അര ഗ്ലാസ് വെളളം ഒഴിച്ച് ഉരുക്കി അരിച്ചു വെക്കുക.തേങ്ങ ചിരകിയത് അരച്ചെടുത്ത്  രണ്ടു  കപ്പ് ഒന്നാം പാലും നാലു കപ്പ് രണ്ടാം പാലും എടുക്കുക അരമണിക്കൂർ കുതിർത്ത ചൗവരി നല്ല പോലെ വെളളം ചേർത്ത് തിളപ്പിക്കുക. ചൗവരി ട്രാന്സ്പരൻറ്​ ആവുമ്പോൾ അരിപ്പയിലേക്ക് ഒഴിച്ച് അതിനു മുകളിൽ തണുത്ത വെളളം ഒഴിച്ചെടുക്കുക. അരിച്ചെടുത്ത ചൗവരി പശുവിൻ പാലിലേക്ക് ചേർത്ത് ഇളക്കി  വയ്ക്കുക. ചുവടു കട്ടിയുള്ള  ഒരു പാത്രം വെച്ച് രണ്ട് സ്പൂൺ നെയ്യൊഴിച്ച് അരച്ചെടുത്ത പഴം അതിലേക്കു ചേർത്ത് വരട്ടുക. നന്നായി വെളളം വറ്റിയാൽ ശർക്കര പാനി ഒഴിച്ച് പഴം നന്നായി വരട്ടി എടുക്കണം. ഈ വരട്ടി എടുത്ത പഴത്തിലേക്കു രണ്ടാം പാൽ ചേർത്ത് ഇളക്കി തിളപ്പിക്കുക. തിളച്ചു പാകമായി വരുമ്പോൾ പാലും ചൗവരിയും ചേർത്ത് കൊടുക്കാം. തിളച്ചു വറ്റി  കുറുകി വന്നാൽ ഇറക്കി വച്ച് ഒന്നാം പാലിൽ  ചുക്കും ഏലക്ക പൊടിയും ചേർത്ത് ഇളക്കി ഒഴിച്ചു കൊടുക്കുക. വറുത്തു വെച്ച  അണ്ടിപ്പരിപ്പ്, മുന്തിരി, പഴം ബോളും കൂടി  ചേർത്ത്  വിളമ്പുന്നത്​ വരെ അടച്ചുവെക്കണം.

തയാറാക്കിയത്: ഷഹ്​നാസ്​ അഷ്​റഫ്​ 

COMMENTS