ചിത്തിരനാളിലൊരു ചക്ക അടപ്രഥമന്‍ 

19:00 PM
28/08/2017
 Chakka payasam

ചിത്തിര ദിവസമായ  ഇന്നുമുതൽ പൂക്കളങ്ങള്‍  വർണ സുരഭിലമാവും. പൂമ്പാറ്റകളെ പോലെ കുഞ്ഞിക്കൈകളും പൂക്കള്‍ തേടിപ്പോകും. പൂവട്ടികള്‍ നിറക്കാന്‍ വൈകുന്നേരങ്ങളില്‍ അവര്‍ സമയം കണ്ടെത്തും. ഇന്ന്​ ചിത്തിര നാളില്‍ പായസങ്ങളില്‍ കേമനായ അടപ്രഥമനില്‍ അല്പം പരിഷ്കാരം വരുത്തിയ ഒരു ചക്ക അടപ്രഥമന്‍ പരിചയപ്പെടാം.

വേനലവധിക്ക് നാട്ടില്‍ പോയി വന്നപ്പോള്‍ കൊണ്ടു വന്ന ചക്ക വരട്ടിയത് ഫ്രീസറില്‍ വച്ചിരിക്കുന്നവര്‍ ആരൊക്കെയാണ്? ഈ പ്രഥമന്‍ നിങ്ങളെ കരുതിയാണ്. നിങ്ങളെ മാത്രം കരുതിയാണ്. നാട്ടിലെ തേനൂറും വരിക്കച്ചക്കയുടെ മധുരം നിങ്ങളുടെ ഓണസദ്യയുടെ മാറ്റ് കൂട്ടും തീർച്ച. രുചിപൂക്കളത്തിന്​  വേണ്ടി ഈ പായസം തയാറാക്കിയത് എഴുത്തുകാരി കൂടിയായ സപ്ന അനു. ബി. ജോർജാണ്​. പാചകത്തിലും കമ്പമുള്ള സപ്നയുടെ രുചിക്കൂട്ടുകളുടെ പുസ്തകം ഡി.സി ബുക്ക്സിലൂടെ അടുത്തു തന്നെ വിപണിയിലെത്തും.

ചേരുവകള്‍:  

  • അട -100 ഗ്രാം
  • ശർക്കര കാല്‍ കിലോ 
  • ചക്ക വരട്ടിയത് -100 ഗ്രാം 
  • തേങ്ങാപ്പാല്‍ (ഒന്നാംപാല്‍-ഒരു  കപ്പ്, രണ്ടാംപാല്‍-രണ്ടു കപ്പ് )  
  • ചുക്കും ഏലക്കയും പൊടിച്ചത് -ഒരു ടീസ്​പൂൺ
  • നെയ്യ് -പാകത്തിന്
  • കശുവണ്ടി പരിപ്പ് -25 ഗ്രാം
  • കിസ്മിസ് -25 ഗ്രാം
  • തേങ്ങാ നുറുക്കിയത് -25 ഗ്രാം 

തയാറാക്കുന്ന വിധം: 
അട ചെറുതായി നെയ്യില്‍ വറുത്ത ശേഷം നല്ല പോലെ വെള്ളത്തില്‍ വേവിച്ച്​  തണുത്ത വെള്ളത്തില്‍ കഴുകി ഊറ്റി വെക്കുക. ശർക്കര കുറച്ചു വെളളത്തില്‍ ഉരുക്കി അരിച്ചു മണ്ണും കല്ലും കളഞ്ഞുവെക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും തേങ്ങ നുറുക്കിയതും വറുത്തു വയ്ക്കുക. ഏലക്കയും ചുക്കും പൊടിച്ചുവെക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ ശർക്കരപ്പാനി ഒഴിച്ച് വേവിച്ച അട ചേർത്ത്​ തിളപ്പിച്ച്‌ വരട്ടുക. അൽപം നെയ്യ് കൂടി ചേർത്ത്​ വഴറ്റിയ ശേഷം  ഇതിലേക്ക് ചക്ക വരട്ടിയതും കൂടി ചേർത്ത്​ നന്നായി വരട്ടി രണ്ടാം പാല്‍ ചേർത്ത്​ തിളപ്പിച്ച്‌ കുറുകിയാല്‍ തീ അണക്കുക. ഒന്നാം പാലും വറുത്ത ചേരുവകളും പൊടിയും ചേർത്തിളക്കി വിളമ്പുന്ന സമയം വരെ അടച്ചുവെക്കാം. 

തയാറാക്കിയത്: സപ്​ന അനു ബി. ജോർജ്​ 

COMMENTS