ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ വീട്ടിലും തയാറാക്കാം
text_fieldsഇന്ത്യൻ കോഫി ഹൗസ് എന്ന് കേട്ടാൽ നമുക്ക് ആദ്യം ഒാർമ വരിക അവിടത്തെ മസാല ദോശയും കോഫിയുമാണ്. ബീറ്റ് റൂട്ട് മസാല ഉള്ളിൽ വെച്ച് തയാറാക്കുന്ന ദോശയുടെ രുചി ഒന്നുവേറെ തന്നെയാണ്. മസാല ദോശക്കൊപ്പം ഒരു കോഫി കൂടി കുടിച്ചാൽ പിന്നെ ഒന്നും കഴിക്കേണ്ട. ഭക്ഷണ പ്രിയർക്ക് പൂർണ സംതൃപ്തി. ഇന്ത്യൻ കോഫി ഹൗസ് സ്റ്റൈൽ മസാല ദോശ തയാറാക്കുന്ന വിധമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍:
- ബീറ്റ്റൂട്ട് -രണ്ട്
- ഉരുളക്കിഴങ്ങ് -മൂന്ന്
- കാരറ്റ് -ഒന്ന്
- സവാള -ഒന്ന്
- പച്ചമുളക് -മൂന്ന്
- ഇഞ്ചി -ഒരു കഷണം
- വെളുത്തുള്ളി -മൂന്ന് അല്ലി
- മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- വെള്ളം -ഒന്നര കപ്പ്
- എണ്ണ -മൂന്ന് ടീസ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- ഉഴുന്നുപരിപ്പ് -കാല് ടീസ്പൂണ്‍
- കറിവേപ്പില -ഒരു തണ്ട്
- ദോശമാവ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം:
കഴുകിെവച്ചിരിക്കുന്ന ബീറ്റ്റൂട്ടും കാരറ്റും കിഴങ്ങും പ്രഷര്‍ കുക്കറില്‍ മൂന്ന് വിസില്‍ കേള്‍ക്കുംവരെ വേവിക്കുക. ചൂടാറിയശേഷം തൊലികളഞ്ഞ് നന്നായി ഉടച്ചു മാറ്റിവെക്കാം. ഈ നേരം എണ്ണയില്‍ കടുകും ഉഴുന്നു പരിപ്പും കറിവേപ്പിലയും താളിക്കാം. ഒന്ന് ഇളക്കിയശേഷം പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് വഴന്നുവരുമ്പോള് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം. ഉടച്ചുെവച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടും മഞ്ഞള്‍പ്പൊടിയും ഉപ്പും വെള്ളവും കൂടി ചേര്‍ത്ത് മസാലയുടെ പരുവം ആകുംവരെ വേവിക്കാം.
ചൂടായ തവയില്‍ എണ്ണ തടവി മാവൊഴിച്ച് പരമാവധി കനംകുറച്ച് തവികൊണ്ട് വട്ടത്തില്‍ പരത്തുക. ഒരു വശം വേകുമ്പോള്‍ പുറമേ എണ്ണ തടവി, തയാറാക്കിയ മസാലക്കൂട്ടില്നിന്ന് ഒരു സ്പൂണ്‍ ദോശയുടെ ഉള്ളില്‍ െവച്ച് ത്രികോണാകൃതിയില്‍ മടക്കുക. ഇന്ത്യന്‍ കോഫി ഹൗസ് സ്പെഷല്‍ മസാല ദോശ തയാര്‍.
തയാറാക്കിയത്: അജിനാഫ

