പോഷക സമൃദ്ധമായ തോരനുകള്‍
text_fields1. ചെറുപയര്‍ ഉലുവാ തോരന്‍
ചേരുവകള്‍:
- ഉലുവ മുളപ്പിച്ചത് -കാല് കപ്പ്
- ചെറുപയര്‍ മുളപ്പിച്ചത് -ഒരു കപ്പ്
- ഉഴുന്ന് പരിപ്പ് -ഒരു ടേബ്ള്‍ സ്പൂണ്‍
- ചിരകിയ തേങ്ങ -ഒരു മുറി
- മുളകുപൊടി -ഒരു ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി -അര ടീസ്പൂണ്‍
- ജീരകം -അര ടീസ്പൂണ്‍
- കുടം പുളി -രണ്ട് അല്ലി
- പച്ചമുളക് -മൂന്നോ നാലോ
- കടുക് -ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ -കുറച്ച്
പാകം ചെയ്യുന്ന വിധം:
ഉലുവയും ചെറുപയറും മുളപ്പിക്കാന്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം ഓട്ടപ്പാത്രത്തിലോ അരിപ്പയിലോ വെള്ളം വാര്‍ത്തുവെക്കുക. വെള്ളം കെട്ടിനിന്നാല്‍ പുളിച്ച മണം വരും. ഉണങ്ങാതിരിക്കാന്‍ ഇടക്ക് അല്പം വെള്ളം തളിച്ചുകൊടുക്കുക. ഉലുവ മുളക്കാന്‍ ചെറുപയറിനെക്കാള് കൂടുതല്‍ സമയം വേണം. എണ്ണ ചൂടാക്കി കടുകും ഉഴുന്നും പൊട്ടിക്കുക. മുളപ്പിച്ച ചെറുപയറും ഉലുവയും മുളകുപൊടി, മഞ്ഞള്‍പൊടി, കുടംപുളി എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് ചതച്ചതും ചേര്‍ത്ത് ഇളക്കി അരപ്പ് വെന്താല്‍ വാങ്ങുക.
2. മുട്ട തോരന്‍
ചേരുവകള്‍:
- മുട്ട പുഴുങ്ങിയത് -നാല്
- പച്ചമുളക് അരിഞ്ഞത് -എരിവിന് ആവശ്യമായത്ര
- ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ്
- ഇഞ്ചി പൊടിയായി അരിഞ്ഞത് -കാല് ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
- തേങ്ങ ചുരണ്ടിയത് -രണ്ട് കപ്പ്
- പെരുംജീരകം പൊടിച്ചത് -ഒരു ടീസ്പൂണ്‍
- ഉപ്പ് -പാകത്തിന്
- എണ്ണ -രണ്ട് ടേബ്ള്‍ സ്പൂണ്‍
- കടുക് -അര ടീസ്പൂണ്‍
- വറ്റല്‍മുളക് -ആവശ്യത്തിന്
- കറിവേപ്പില -കുറച്ച്
പാകംചെയ്യുന്ന വിധം:
പുഴുങ്ങിയ മുട്ടകള്‍ കഷണങ്ങളാക്കിവെക്കുക. തേങ്ങ, പെരുംജീരകം, മഞ്ഞള്‍പൊടി ഇവ ഒന്നിച്ച് ചതച്ചെടുക്കുക. എണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ മൂക്കുമ്പോള്‍ പച്ചമുളക്, ചെറിയ ഉള്ളി, ഇഞ്ചി എന്നിവ വഴറ്റുക. വഴറ്റിയശേഷം ചതച്ച തേങ്ങയും മുട്ടയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചെറിയ തീയില്‍ അടച്ചുവെക്കുക. നല്ലവണ്ണം ആവിവന്നാല് ഒന്നുകൂടി ഇളക്കി വാങ്ങുക.
3. മുളപ്പിച്ച മുതിരതോരന്‍
ചേരുവകള്‍:
- മുതിര -കാല് കിലോ
- തേങ്ങ -ഒരു മുറി
- പച്ചമുളക് -നാലെണ്ണം
- വളുത്തുള്ളി -രണ്ട് അല്ലി
- ചെറിയ ഉള്ളി -നാലെണ്ണം
- ചെറിയ ജീരകം -അര ടീസ്പൂണ്‍
- വെളിച്ചെണ്ണ -രണ്ട് ടേബ്ള്‍ സ്പൂ ണ്
- വറ്റല്‍മുളക് -മൂന്ന്
- കടുക് -അര ടീസ്പൂണ്‍
- ചെറിയ ഉള്ളി അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
- കറിവേപ്പില -കുറച്ച്
പാകംചെയ്യുന്ന വിധം:
മുതിര വെള്ളത്തില്‍ നന്നായി കുതിര്‍ക്കുക. ഇത് ഓട്ടപ്പാത്രത്തിലോ അരിപ്പയിലോ ഇട്ട് വെള്ളംവാര്‍ത്ത് കളയുക. ധാന്യങ്ങള്‍ മുളപ്പിക്കുമ്പോള്‍ വെള്ളം കെട്ടിനിന്നാല്‍ പുളിച്ച മണം വരും. തീരെയും നനവില്ലാതാകുമ്പോള്‍ വെള്ളം തളിച്ച് കൊടുക്കണം. മുതിര നന്നായി മുളക്കാന്‍ ചെറുപയറിനെക്കാള് സമയം വേണം. നന്നായി മുള വന്നതിനുശേഷം മാത്രം ഉപയോഗിക്കുക. മുളച്ച മുതിര കല്ല് അരിച്ചു കളഞ്ഞശേഷം കുക്കറില്‍ നന്നായി വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചത് ചേര്‍ത്തിളക്കുക. അരപ്പ് വെന്ത് കഴിഞ്ഞാല്‍ അടുപ്പില്‍നിന്ന് മാറ്റുക. ചീനച്ചട്ടിയില്‍ മൂന്നാമത്തെ ചേരുവകള്‍ മൂപ്പിച്ച് അതിലേക്ക് മുതിര ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.
തയാറാക്കിയത്: ഷീബാ അബ്ദുസലാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.