ചീര വിശേഷം
text_fieldsകോളിഫ്ളവര്‍ ചീര
ചേരുവകള്‍:
1. കോളിഫ്ളവര്‍ -ഒന്ന് ചെറുത്
2. പച്ചച്ചീര -500 ഗ്രാം
3. സണ്‍ഫ്ളവര്‍ ഓയില്‍ -ആറു ടേബ്ള്‍ സ്പൂണ്‍
4. കടുക് -ഒരു ടീസ്പൂണ്‍
5. തന്തൂരി മസാല -രണ്ടു ടീസ്പൂണ്‍
6. മഞ്ഞള്‍ -ഒരു ടീസ്പൂണ്‍
7. വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂണ്‍
8. സവാള നീളത്തില്‍ അരിഞ്ഞത് -ഒന്ന്
9. പച്ചമുളക് അറ്റം പിളര്‍ന്നത് -രണ്ട്
10. വെള്ളം, ഉപ്പ്, കുരുമുളക് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
കോളിഫ്ളവര്‍ ചെറിയ ഇതളുകളായി അടര്‍ത്തി വൃത്തിയാക്കിവെക്കുക. ചൂടായ പാനിലേക്ക് എണ്ണയൊഴിച്ച് കടുകുവറുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടിയും തന്തൂരി മസാലയും ചേര്‍ക്കുക. കോളിഫ്ളവറും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മുക്കാല്‍ വേവാകുമ്പോള്‍ ചീരയില ചേര്‍ത്ത് വേവിക്കുക. കുരുമുളകുപൊടി വിതറുക.
കിഴങ്ങ്-ചീര മസാല
ചേരുവകള്‍:
1. ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത് -200 ഗ്രാം
2. പാലക് ചീര അരിഞ്ഞത് -250 ഗ്രാം
3. തൈര് -അരക്കപ്പ്
ഇഞ്ചി -ഒരു കഷണം
വെളുത്തുള്ളി -അഞ്ച് അല്ലി
പച്ചമുളക് -മൂന്നെണ്ണം
മല്ലിയില -ഒരു പിടി
പുതിന ഇല -ഒരു പിടി
ഗരംമസാല -ഒരു ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
4. പാചക എണ്ണ -രണ്ടു ടേബ്ള്‍ സ്പൂണ്‍
5. ജീരകം -ഒരു ടീസ്പൂണ്‍
6. സവാള നുറുക്കിയത് -ഒന്ന്
7. വെള്ളം -അരക്കപ്പ്
8. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക. ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് ജീരകം വറുക്കുക. സവാള വഴറ്റുക, ഉരുളക്കിഴങ്ങും വെള്ളവും ഉപ്പും ചേര്‍ത്ത് പകുതി വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക. ഇതിനുശേഷം ചീരയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക.
ഗ്രീന്‍പീസ് ചീര
ചേരുവകള്‍:
1. ഗ്രീന്‍പീസ് വേവിച്ചത് -100 ഗ്രാം
2. പച്ചച്ചീര -500 ഗ്രാം
3. എണ്ണ -രണ്ടു ടേബ്ള്‍ സ്പൂണ്‍
4. സവാള അരിഞ്ഞത് -ഒന്ന്
5. തക്കാളി ചെറുതായി നുറുക്കിയത് -രണ്ട്
6. ഇഞ്ചി-വെളുത്തുള്ളി അരച്ചത് -ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
8. മുളകുപൊടി -അര ടീസ്പൂണ്‍
9. ഗരംമസാല -രണ്ടു ടീസ്പൂണ്‍
10. വെള്ളം -അരക്കപ്പ്
11. കുരുമുളകുപൊടി -അര ടീസ്പൂണ്‍
12. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
പാനില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഗരം മസാലപ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞുവെച്ച ചീരയിലയും ഗ്രീന്‍പീസും ചേര്‍ത്ത് രണ്ടു മിനിറ്റ് ചെറുതീയില്‍ അടച്ച് വേവിക്കുക.
ചീരക്കഞ്ഞി
ചേരുവകള്‍:
1. പൊടിയരിക്കഞ്ഞി -ഒരു കപ്പ്
2. വെളിച്ചെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
3. കടുക് -ഒരു ടീസ്പൂണ്‍
4. ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -ആറ് എണ്ണം
5. വറ്റല്‍ മുളക് -മന്ന് എണ്ണം
6. ചീരയില -ഒരു കപ്പ്
7. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ കടുകു വറുക്കുക. ചെറിയ ഉള്ളി വഴറ്റുക. വറ്റല്‍മുളക് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് ചീരയില ചേര്‍ത്ത് വഴന്നുവരുമ്പോള്‍ കഞ്ഞിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചൂടോടെ വിളമ്പാം.
ചീര സലാഡ്
ചേരുവകള്‍:
1. മുളപ്പിച്ച ഗ്രീന്‍പീസ് വേവിച്ചത് -200 ഗ്രാം
2. ഇളം ചീരയില -250 ഗ്രാം
3. സവാള അരിഞ്ഞത് -ഒന്ന്
4. പച്ച കുരുമുളക് അരച്ചത് -രണ്ടു ടീസ്പൂണ്‍
5. കാരറ്റ് നീളത്തില്‍ അരിഞ്ഞത് -ഒന്ന്
6. തക്കാളി നുറുക്കിയത് -രണ്ട് എണ്ണം
7. വിനാഗിരി -ആറു ടേബ്ള്‍ സ്പൂണ്‍
തയാറാക്കുന്നവിധം:
ചീരയില വൃത്തിയായി കഴുകി വെള്ളം പോയ ശേഷം ഒരു പാത്രത്തിലേക്കുമാറ്റുക. സവാള, കാരറ്റ്, തക്കാളി, ഗ്രീന്‍പീസ് എന്നിവയും ചേര്‍ത്തശേഷം അരച്ചുവെച്ച കുരുമുളക് വിനാഗിരിയില്‍ ചാലിച്ച് കുടയുക. ആവശ്യത്തിന് ഉപ്പും വിതറി ഉപയോഗിക്കുക.
ചീര ഖഡി
ചേരുവകള്‍:
1. ചീര -100 ഗ്രാം
2. പച്ചമുളക് -രണ്ട് എണ്ണം
3. ഇഞ്ചി -ഒരു കഷണം
4. വറ്റല്‍മുളക് -മൂന്ന് എണ്ണം
5. എണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
6. കടുക് -ഒരു ടീസ്പൂണ്‍
7. ജീരകം -ഒരു ടീസ്പൂണ്‍
8. കടലമാവ് -രണ്ട് ടീസ്പൂണ്‍
9. മോര് -ഒരു കപ്പ്
10. ഉപ്പ് -പാകത്തിന്
11. കറിവേപ്പില, മല്ലിയില -കുറച്ച്
തയാറാക്കുന്നവിധം:
ഒന്നു മുതല്‍ നാലുവരെ ചേരുവകള്‍ അരിഞ്ഞുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം എന്നിവ വറുക്കുക, പച്ചമുളക്, ഇഞ്ചി, വറ്റല്‍മുളക് എന്നിവ വഴറ്റുക. ചീര വഴറ്റുക. ഇതില്‍ മോരും കടലമാവും പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാക്കിയശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് വാങ്ങിവെക്കുക.
ചീരത്തണ്ട് പച്ചടി
ചേരുവകള്‍:
1. ചീരത്തണ്ട് അരിഞ്ഞത് -ഒരു കപ്പ്
2. തൈര് -അരക്കപ്പ്
3. തേങ്ങ ചിരകിയത് -ഒരു മുറി
4. ജീരകം -അര ടീസ്പൂണ്‍
5. കടുക് -രണ്ടു ടീസ്പൂണ്‍
6. പച്ചമുളക് -നാല് എണ്ണം
7. എണ്ണ -രണ്ടു ടേബ്ള്‍ സ്പൂണ്‍
8. കറിവേപ്പില -ഒരു തണ്ട്
9. ഉണക്കമുളക് -നാല് എണ്ണം
10. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
ചീര വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം, കടുക് എന്നിവ നന്നായി അരച്ചെടുക്കുക. ചീര വെന്തു കഴിഞ്ഞാല്‍ അരപ്പും തൈരും ഒഴിക്കുക. തിളച്ചുവന്നാല്‍ കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ താളിച്ച് ഒഴിക്കുക.
തയാറാക്കിയത്: സലൂജ അഫ്സല്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.