വേനല്‍കാലത്തെ തീറ്റയും കുടിയും...
text_fieldsവേനല്‍കാലത്ത്, ചവച്ചു കഴിക്കേണ്ട ആഹാരത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പാനീയങ്ങള്‍ക്കാണെന്നത് പരസ്യക്കമ്പനിക്കാരുടെ പ്രചാരണമാണ്. പഴങ്ങള്‍, മധുരമുള്ള ഓറഞ്ച്, കുമ്പളങ്ങ, കോവല്‍, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, അമരക്ക, പാവക്ക, നെല്ലിക്ക, നറുനീണ്ടി (നന്നാറി) ചേര്‍ത്ത പാനീയങ്ങള്‍, പാല്‍, പാല്‍പായസം, നെയ്യ്, സസ്യാഹാരം തുടങ്ങിയവ വേനല്‍കാലത്ത് ശീലമാക്കണം. ആവിയില്‍ പാകം ചെയ്യുന്ന പുട്ട്, ഇടിയപ്പം തുടങ്ങിയവ എളുപ്പം ദഹിക്കുന്നവയാണ്. വേനല്‍കാലത്ത് എരിവ്, പുളി, ഉപ്പ്, ചൂട് തുടങ്ങിയവ ഒഴിവാക്കുകയും മധുരം, കയ്പ്പ്, ചവര്‍പ്പ്, തണുപ്പ് തുടങ്ങിയവ ഉള്‍പ്പെടുത്തുകയുമാണ് വേണ്ടത്.
അധികം പുളിരസമുള്ള മാങ്ങയും ഓറഞ്ചും അച്ചാര്‍, കാഷ്യൂനട്ട്, ടിന്നിലടച്ചതും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതും മസാല, ഫ്രൈ ചെയ്തവ, വെളുത്തുള്ളി, ചുക്ക് തുടങ്ങിയവ അധികമായി ചേര്‍ത്തത്, മത്സ്യം, മാംസ്യം പ്രത്യേകിച്ചും കോഴി, കോഴിമുട്ട, ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങള്‍ (മൈദയിലുണ്ടാക്കിയവ), സോഡ, കോള, നിറം ചേര്‍ത്ത പാനീയങ്ങള്‍, ചായ, കാപ്പി എന്നിവ നല്ലതല്ല. അമിത ഭക്ഷണവും വേണ്ട.
വെള്ളം
വെള്ളം മണ്‍കലത്തില്‍ (കൂജ) നിറച്ച് അതില്‍ രാമച്ചം, ചന്ദനം എന്നിവ കിഴികെട്ടി ഇട്ടുവെച്ച് അല്‍പം പച്ചക്കര്‍പ്പൂരം ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാം. പതിമുഖം ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാം. തലേദിവസത്തെ കഞ്ഞിവെള്ളം മാത്രമായോ, അതില്‍ കൊത്തമല്ലി കിഴികെട്ടി രാത്രിയില്‍ ഇട്ടശേഷം പിറ്റേന്ന് രാവിലെയോ കുടിച്ചാല്‍ ദേഹത്ത് ചൂട് കുറയുന്നതായി കാണാം. രക്തചന്ദനമോ, വെളുത്തചന്ദനമോ ഇട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളവും കുടിക്കാം. ശതാവരിക്കിഴങ്ങ് പാലില്‍ കാച്ചി തണുപ്പിച്ച് കുടിക്കുക. കാരറ്റ് ജ്യൂസ് തണുപ്പിനെ നല്‍കും.
മോര്
പുളിക്കാത്തതും വെണ്ണ മാറ്റിയതും ഇരട്ടി വെള്ളം ചേര്‍ത്തതും ഉപയോഗിക്കുക. ചുവന്നുള്ളിയും കറിവേപ്പിലയും അല്‍പം ഇഞ്ചിയും എരിവ് കുറഞ്ഞ പച്ചമുളകും ഉപ്പും ചേര്‍ക്കാം. എന്നാല്‍ അച്ചാര്‍, പുളിപ്പിക്കാനുള്ള കൃത്രിമ വസ്തുക്കള്‍ ചേര്‍ത്ത മോര് എന്നിവ കഴിക്കുന്നതു കൊണ്ട് ദോഷം മാത്രമേ ഉള്ളൂ.
കരിക്കിന്‍വെള്ളം
കരിക്കിന്‍വെള്ളം മാത്രമായോ ഏലത്തരി ചേര്‍ത്ത് കഴിക്കുന്നതോ വേനല്‍കാലത്ത് വര്‍ധിച്ചുകാണുന്ന മൂത്രരോഗങ്ങള്‍ക്ക് പരിഹാരമാണ്. എന്നാല്‍, സീറം ക്രിയാറ്റിനിന്‍െറ അളവ് കൂടുതലുള്ള കിഡ്നി സംബന്ധമായ രോഗങ്ങളുള്ളവര്‍ പൊട്ടാസ്യം കൂടുതല്‍ അടങ്ങിയ കരിക്കിന്‍ വെള്ളവും ഏത്തപ്പഴവും അധികമായി വെള്ളം കുടിക്കുന്നതും ഒഴിവാക്കണം.
തണ്ണിമത്തന്‍
അസിഡിറ്റി പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് തണ്ണിമത്തന്‍ ഉപദ്രവകാരിയാണ്. കൂടുതല്‍ തണുപ്പിച്ച് ഉപയോഗിക്കുന്നത് കൂടുതല്‍ ദോഷമാണ്.
മാങ്ങ
പഴുത്ത മാങ്ങ നല്ലത്. എന്നാല്‍ പുളി മാങ്ങ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് ദോഷം തന്നെ.
സാലഡ്
വെള്ളരിയും തക്കാളിയും സവാളയും കാരറ്റും അല്‍പം മാത്രം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത സാലഡ് ഉപയോഗിക്കാം. ചുവന്ന ഉള്ളിയാണ് നല്ലത്.
പഴങ്ങള്‍, തൈര്, തണുപ്പിച്ചവ
വേനല്‍കാലം ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന കാലമായതിനാല്‍ പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിച്ചുകാണുന്നു. മധുരമുള്ളതും തണുപ്പിച്ചതുമായ എല്ലാ പഴവര്‍ഗങ്ങളും തൈരും പ്രമേഹത്തെ വര്‍ധിപ്പിക്കും. പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ക്ക് കരിങ്കദളി, പടറ്റി, പേഴന്‍പഴം (സാമ്പാറിലിടുന്ന പച്ചക്കായ പഴുപ്പിച്ച്), പേരക്ക, അധികം പഴുക്കാത്ത ഓമക്ക എന്നിവ ഉപയോഗിക്കാം.
മാംസവര്‍ഗങ്ങള്‍
മാംസത്തിന്‍െറ ഉപയോഗം ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇവ ദഹിക്കുന്നതിന് ദഹനത്തെ വര്‍ധിപ്പിക്കുന്ന കാര്‍മിനേറ്റിവ് സിറപ്പുകളോ അരിഷ്ടമോ, കോളയോ, സോഡയോ ഉപയോഗിക്കേണ്ടിവരും. മാത്രമല്ല, ധാരാളം വെള്ളം കുടിക്കാനും തോന്നും. ഇവയെല്ലാം വേനല്‍കാലത്ത് കൂടുതല്‍ പ്രയാസമുണ്ടാക്കുകയേ ഉള്ളൂ. ദഹിക്കാന്‍ പ്രയാസമുള്ള ബിരിയാണി പോലുള്ള ഭക്ഷണ ശേഷം അല്ളെങ്കില്‍ കപ്പലണ്ടി പോലുള്ള എണ്ണയുടെ അംശം കൂടുതലുള്ളവ കഴിച്ചശേഷം ധാരാളം വെള്ളം കുടിക്കുന്നത് വയറിളക്കം ഉണ്ടാകാന്‍ കാരണമാവും. ശുദ്ധജലത്തിന്‍െറ ദൗര്‍ലഭ്യവും പുറത്തുനിന്നുള്ള പാനീയങ്ങളും വയറിളക്കത്തെ ഉണ്ടാക്കും. മധുരം ലഭിക്കുന്നതിനും നിറം ലഭിക്കുന്നതിനുമെല്ലാം ഇപ്പോള്‍ കൃത്രിമ വസ്തുക്കളാണ് അധികവും ഉപയോഗിക്കുന്നത്. ഇവയെല്ലാം ഒരു പരിധിവരെ ഹാനികരമാണ്.
തേന്‍
ചൂട് കാലാവസ്ഥയിലും ചൂടാക്കിയും ചൂടിനോടു ചേര്‍ത്തും തേന്‍ ഉപയോഗിക്കാന്‍ പാടില്ല. ചുക്കുവെള്ളം, ചൂടുവെള്ളം, ചായ, കാപ്പി, കുലുക്കി സര്‍ബത്ത്, ഉപ്പുചേര്‍ത്ത നാരങ്ങാവെള്ളം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ജീരകം, അയമോദകം, ചുക്ക് ഇവയിട്ട് തിളപ്പിച്ച വെള്ളവും ഒഴിവാക്കുക. ദഹനസംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇവ തണുത്തശേഷം കുറഞ്ഞ അളവില്‍ ഉപയോഗിക്കാം. ചുവന്നമുളകിനുപകരം എരിവ് കുറഞ്ഞ പച്ചമുളകും ചുക്കിനുപകരം ഇഞ്ചിയും ഉപയോഗിക്കാം.
തയാറാക്കിയത്: ഡോ. ഷര്‍മദ്ഖാന്‍
ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍,
ചേരമാന്‍തുരുത്ത്, തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.