കോഴിനിറച്ചതും കണ്ണുവെച്ച പത്തിരിയും
text_fieldsനോമ്പുകാലത്ത് പുതിയാപ്ലാമാരുടെ വീടുകളിലേക്ക് കോള്‍ കൊടുത്തയക്കല്‍ മലബാറില്‍ മാത്രം കണ്ടുവരുന്ന ഒരു രീതിയാണ്. ബിരിയാണിയും പലഹാരങ്ങളുമെല്ലാം ഇങ്ങനെ കൊടുത്തയക്കാറുണ്ട്. കോള്‍ കൊടുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കോഴിനിറച്ചതും കണ്ണുവെച്ച പത്തിരിയും.
കോഴി നിറച്ചത്
ആവശ്യമുള്ള സാധനങ്ങള്‍:
1. സ് പ്രിങ് ചിക്കന്‍ - ഒന്ന്
2. കോഴിമുട്ട പുഴുങ്ങിയത് - ഒന്ന്
3. സവാള അരിഞ്ഞത് - അരകപ്പ്
- ഉപ്പ്, മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
- പുതിനയില, മല്ലിയില അരിഞ്ഞത് - കാല് കപ്പ്
- കറിവേപ്പില - ഒരു തണ്ട്
- ജീരകപ്പൊടി, ബിരിയാണി മസാലപ്പൊടി - കാല് ടീസ്പൂണ്‍ വീതം
4. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
5. വെളിച്ചണ്ണെ - പാകത്തിന്
6. സവാള - രണ്ടെണ്ണം അരിഞ്ഞത്
- തക്കാളി - മൂന്നെണ്ണം അരിഞ്ഞത്
- മല്ലിയില, പുതിനയില അരിഞ്ഞത് - കാല് കപ്പ്
- കറിവേപ്പില - രണ്ടു തണ്ട്
- ഇഞ്ചി - ഒരു കഷണം, ചതച്ചത്
- വെളുത്തുള്ളി - ആറ് അല്ലി, ചതച്ചത്
- പച്ചമുളക് - മൂന്നെണ്ണം ചതച്ചത്
7. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
- ബിരിയാണി മസാലപ്പൊടി - കാല് ടീസ്പൂണ്‍
- ജീരകപ്പൊടി - കാല് ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- വെള്ളം - ഒരു ഗ്ലാസ്
പാകം ചെയ്യുന്ന വിധം:
കോഴി മുഴുവനോടെയെടുത്ത്, അകവും പുറവും വൃത്തിയാക്കി വരഞ്ഞുവെക്കുക. ഒരു പാന്‍ അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് മൂന്നാമത്തെ ചേരുവകള്‍ വഴറ്റിയെടുക്കുക. ഇതിനൊപ്പം മുട്ട പുഴുങ്ങിയതും ചേര്‍ത്തു കോഴിയുടെ ഉള്ളില്‍ നിറക്കുക. നാലാമത്തെ ചേരുവ അല്‍പ്പം വെള്ളമൊഴിച്ച് യോജിപ്പിച്ച് കോഴിക്ക് മുകളില്‍ നന്നായി പുരട്ടി, അരമണിക്കൂര്‍ വെക്കുക. ശേഷം ചൂടായ വെളിച്ചെണ്ണയില്‍ നന്നായി പൊരിച്ച് കോരുക.
പിന്നീട് ഇതേ പാനില്‍ ആറാമത്തെ ചേരുവ അരിഞ്ഞതു ചേര്‍ത്തു നന്നായി വഴറ്റുക. വാടിയശേഷം ഇതിലേക്ക് ഏഴാമത്തെ ചേരുവയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൂത്തമണം വരുമ്പോള്‍ ഒരു ഗ്ളാസ് വെള്ളം ചേര്‍ത്തു തിളക്കുമ്പോള്‍ അടുപ്പില്‍ നിന്നിറക്കുക. ഈ മസാല പൊരിച്ചു വെച്ചിരിക്കുന്ന കോഴിയില്‍ പൊതിയുക. കോഴിനിറച്ചത് തയാര്‍..
കണ്ണുവെച്ച പത്തിരി
ആവശ്യമുള്ള സാധനങ്ങള്‍:
- മൈദ - അരകപ്പ്
- നെയ്യ - അര ടീസ്പൂണ്‍
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മൈദപൊടിയില്‍ നെയ്യും ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. കുഴച്ച മാവ് ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കി, ഒരോ ഉരുളയും ചപ്പാത്തി പോലെ വട്ടത്തില്‍ പരത്തുക, ഇതിന് മുകളിലേക്ക് അല്‍പ്പം എണ്ണ തൂവി നാലുഭാഗത്തേക്കും മടക്കി വീണ്ടും പരത്തുക. ആവശ്യമുള്ള പത്തിരികള്‍ ഉണ്ടാക്കിയ ശേഷം ചൂടുള്ള എണ്ണയില്‍ വറുത്തുകോരാം.
തയാറാക്കിയത്: നാന്‍സി ബീഗം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.