കല്ലേരിയുടെ ചക്കപ്പെരുമ
text_fieldsപുതിയ കാലത്ത് നമ്മുടെ തീന്മേശയിലെത്തുന്ന വിഷം പുരളാത്ത ഏക ഭക്ഷണം ചക്കയാവാം. കാരണമുണ്ട്. ആരും പ്ലാവിന് വളമിടാറില്ല. ആരും ചക്ക വിരിയുന്നത് കാത്തിരിക്കാറുമില്ല. പക്ഷേ, പതിവു തെറ്റിക്കാതെ ചക്കയെത്തും. ദാരിദ്ര്യത്തിന്‍െറ പഴയകാലത്ത് നമ്മുടെ വയറുനിറച്ചതില്‍ വലിയ പങ്ക് ചക്കക്കുണ്ടായിരുന്നു. കാലവര്‍ഷത്തെ തൊഴിലില്ലായ്മയും മറ്റും സൃഷ്ടിക്കുന്ന വറുതിയെ അതിജീവിച്ചത് ചക്കയും കണ്ടയും കാമ്പും ഒക്കെയായിരുന്നു.
പിന്നീടെപ്പോഴോ നമ്മുടെ ഭക്ഷണ രീതി മാറി. ചക്കയുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ പടിയിറങ്ങി. ഇതോടെ, നമ്മുടെ ഇടവഴികളിലും മറ്റും ഈച്ചയാര്‍ക്കുന്നതായി ചക്കപ്പഴം മാറി. നമ്മുടെ നാട്ടില്‍ പച്ചക്കറി കൊണ്ടുവരുന്ന ലോറികള്‍ കാലിയായി തിരിച്ചുപോവുകയായിരുന്നു പതിവ്. എന്നാല്‍, സീസണായാല്‍ ചക്ക ലോഡുമായുള്ള മടക്കമായി. വഴിയരികിലെയും പറമ്പിലെയും ശല്യം ഒഴിവാക്കാന്‍ പലരും ചക്ക കച്ചവടക്കാര്‍ക്ക് വെറുതെ നല്കി. ഇത് ചെന്നൈയിലെ മാര്‍ക്കറ്റിലെത്തിയാല്‍ ചുളകളാക്കി വില്‍ക്കും. ഒരു ചുളക്ക് രണ്ടുരൂപയാണ് വില.
കാലം മലയാളിയെ തിരിച്ചറിവിന്‍െറ പാതയിലേക്ക് നടത്തിക്കുകയാണ്. പുതിയ ഭക്ഷണശീലം നല്കിയ രോഗങ്ങള്‍ മരുന്ന് ഭക്ഷണമാക്കി കഴിക്കാന്‍ ശീലിപ്പിച്ചു. ഇവിടെയാണ് നാം വലിച്ചെറിഞ്ഞ ചക്കക്കാലത്തെ മടക്കി വിളിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ കല്ളേരി എന്ന ഗ്രാമത്തിന്‍െറ പ്രസക്തി. ചക്കയുടെ ഒരു ഭാഗം പോലും കളയാതെ 35ഓളം വിഭവങ്ങള്‍ ഒരുക്കിയാണ് കല്ലേരി ഗ്രാമം നാടിന് പുതിയപാഠം നല്‍കുന്നത്.
അതിങ്ങനെ; കല്ലേരിയിലെ ഉദയ ലൈബ്രറിയുടെ 30ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടന്ന ഗ്രാമോത്സവം-2014. ഇതിന്‍െറ ഭാഗമായി ഉദയ വനിതാവേദി പ്രവര്‍ത്തകരും പ്രദേശത്തെ കുടുംബശ്രീ അംഗങ്ങളുമാണ് വേറിട്ടവഴിയൊരുക്കിയത്. ‘രുചിമേള’ എന്നു പേരിട്ട പരിപാടിയിലാണ് നാടന്‍ ഭക്ഷ്യവിഭവ നിര്‍മാണ മത്സരം നടത്തിയത്. ഇതില്‍ പ്രദേശത്തെ പത്തംഗങ്ങള്‍ വീതമുള്ള11 ഗ്രൂപ്പുകള്‍ പങ്കെടുത്തു. രണ്ടു മണിക്കൂര്‍ കൊണ്ട് നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്ന മത്സരമാണ് ഒരുക്കിയത്. ചക്ക, മാങ്ങ, അരി, വാഴ എന്നിവയില്‍ നിന്നുള്ള വിഭവങ്ങളാണ് ഒരുക്കിയത്. അതില്‍ ചക്കയില്‍ നിന്നുള്ള 30ലേറെ വിഭവങ്ങള്‍ ഏറെ ശ്രദ്ധേയമായി. നൂറോളം പേര് പങ്കെടുത്ത മത്സരത്തില്‍ എല്ലാ ഗ്രൂപ്പുകള്‍ക്കും ഉപഹാരം നല്കി അനുമോദിച്ചു. ഇതോടെ, വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തനം സജീവമായി. ഇത്തരം ഉല്പന്നങ്ങള് കല്ലേരിയില്‍ വിപണനം ചെയ്യാന്‍ തുടങ്ങി. ഇതില്‍ ചക്ക ഉല്പന്നങ്ങള്ക്ക് ഏറെ ഡിമാന്‍ഡാണുള്ളത്. ചക്ക കൊണ്ടുള്ള ചില ഉല്പന്നങ്ങള് ആറുമാസക്കാലം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നവയാണ്. ഇതോടെ, ചക്കയുടെ നഷ്ടപ്പെട്ട രുചി തേടി ആളുകള്‍ എത്തിത്തുടങ്ങി. പുതിയ തലമുറക്ക് അന്യമായ ഇത്തരം വിഭവങ്ങള്‍ തേടി വിദേശത്തുനിന്നുവരെ വിളിവന്നു. പല ഉല്പന്നങ്ങളും കടല്‍കടന്നു.
ഇപ്പോള്‍ കല്ലേരിയില്‍ വഴിയരികില്‍ ശല്യമായി വീണുകിടക്കുന്ന ചക്ക കാണില്ളെന്ന് നാട്ടുകാരുടെ സാക്ഷ്യം. ആവശ്യത്തിന് ചക്ക കിട്ടാത്തതാണ് പ്രധാന വെല്ലുവിളിയെന്ന് സംഘാടകര്‍ പറയുന്നു. ഇപ്പോള്‍ വരിക്കപ്ളാവിന്‍ തൈകള്‍ കൂടുതല്‍ നട്ടുപിടിപ്പിക്കാനുള്ള നടപടി നടക്കുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതും ഉദയയുടെ വനിതാവേദി പ്രവര്‍ത്തകര്‍.
കല്ലേരിയില്‍ സംഘടിപ്പിച്ച രുചിമേളയുടെ വാര്‍ത്ത അറിഞ്ഞ് ഏഴിമലയിലെ ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥരുടെ താല്പര്യ പ്രകാരം രുചിമേളയുടെ വിജയികള്‍ ഏഴിമലയിലെത്തി. ജാക്ഫ്രൂട്ട് ഫെസ്റ്റിവല്‍-14 എന്ന പരിപാടി നടത്തി. രാജ്യത്തിന്‍െറ വിവിധഭാഗങ്ങളിലുള്ളവര്ക്ക് ചക്ക ഉല്പന്നങ്ങളുടെ വൈവിധ്യങ്ങള്‍ നേരില്‍കണ്ട് മനസിലാക്കാനും നിര്‍മാണഘട്ടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനും കഴിഞ്ഞു. ചക്കയുടെ പുതിയ രുചിയറിഞ്ഞ സൈനികര്‍ ഏഴിമലയിലെ സമൃദ്ധമായ ചക്ക സമ്പത്ത് നശിച്ചുപോകാതെ പ്രയോജനപ്പെടുത്തണമെന്ന ചിന്തയിലാണിപ്പോള്‍. നാവിക അക്കാദമിയിലെ സന്ദര്‍ശനം ഉദയയുടെ പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശം നല്കി. തങ്ങളുടെ പ്രവര്‍ത്തനം ഏറെ ഗൗരവത്തോടെ കൊണ്ടുപോകണമെന്ന ബോധ്യമാണ് ഈവേളയിലുണ്ടായതെന്ന് ഉദയ പ്രവര്‍ത്തകര്‍ പറയുന്നു. ഇതോടെ, ചക്കയില്‍ നിന്ന് വിവിധ ഉല്പന്നങ്ങള് നിര്‍മിക്കുന്ന വിധം പരിചയപ്പെടുത്തി നാടന്‍ ഭക്ഷ്യവിഭവങ്ങളെ പരിചപ്പെടുത്തുന്ന ഒരു പുസ്തകം പുറത്തിറക്കി. തലമുറകളിലൂടെ കൈമാറിവന്ന കൈപ്പുണ്യം വരുംതലമുറക്കായി കാത്തുസൂക്ഷിക്കുകയാണിവിടെ.
ഉദയ കല്ലേരിയുടെ രുചിക്കഥയറിഞ്ഞ് നാടിന്‍െറ പലഭാഗത്തുനിന്നുമായി ഇതിന്‍െറ പ്രവര്‍ത്തനരീതി പഠിക്കാനും തങ്ങളുടെ നാട്ടില്‍ ആവിഷ്കരിക്കാനുമുള്ള പദ്ധതികള്‍ ആരാഞ്ഞും നിരവധി പേരെത്തി. ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ ഏറിവരുന്നത് ഏറെ ആവേശം നല്‍കുന്നതായി സംഘാടകര്‍ പറയുന്നു. ഈമേഖലയില്‍ കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ച് നമ്മുടെ ഭക്ഷ്യസമ്പത്തിനെ സംരക്ഷിക്കണമെന്നാണ് സംഘാടകരുടെ കണക്കൂകൂട്ടല്‍.
ചക്ക വിഭവങ്ങളിങ്ങനെ:
ചക്ക ഹലുവ, ചക്കവരട്ടി, ചക്കച്ചുള പായസം, ചക്കമടല് പായസം, ചക്കക്കുരു പായസം, ചക്കവട, ചക്കച്ചുള നിറച്ച് പൊരിച്ചത്, ചക്ക അപ്പം, ചക്ക പപ്പടം, ചക്കപോണ്ടി കൊണ്ടാട്ടം, ചക്കച്ചുള കൊണ്ടാട്ടം, ചക്ക പുട്ട്, ചക്കക്കുരു ഉണ്ട.
കറികള്‍; ചക്കക്കൂഞ്ഞ് കാളന്, ചക്കച്ചുള അവിയല്‍, ചക്കക്കൂഞ്ഞ് പച്ചടി, ചക്ക പ്പുഴുക്ക്.
അച്ചാറുകള്‍; ചക്ക പോണ്ടി അച്ചാര്‍, ചക്ക മടല് അച്ചാര്‍, ചക്കക്കൂഞ്ഞ് അച്ചാര്‍. ഇങ്ങനെ പോകുന്നു വിഭവങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.