പതിനൊന്ന് വയസ്സില്‍ അഞ്ച് റെക്കോർഡുകള്‍; മുഹമ്മദ് അമീന് ഇതെല്ലാം സിംപിൾ...
text_fieldsമുഹമ്മദ് അമീൻ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സർട്ടിഫിക്കറ്റുമായി
എല്ലാം ഒരു തവണ പഠിച്ചാല്‍ മതി, ഓര്‍മ്മച്ചെപ്പില്‍ നിന്നും തുരുതുരാ വരും മുഹമ്മദ് അമീന്റെ ഉത്തരങ്ങള്‍. കഠിനാധ്വാനവും ഏകാഗ്രതയും ഉണ്ടെങ്കിൽ ഏത് ഉയരവും കീഴടക്കാമെന്ന് കാണിച്ചുതരുകയാണ് ഈ കൊച്ചു മിടുക്കൻ. പതിനൊന്ന് വയസ്സിനുള്ളിൽ അഞ്ച് റെക്കോർഡുകള്‍ സ്വന്തം പേരിലാക്കി കുതിപ്പ് തുടരുകയാണ് ഖത്തർ പ്രവാസിയായ ദോഹ തുമാമയിലെ തൈസീറിന്റെയും സനിതയുടെയും മകൻ മുഹമ്മദ് അമീൻ.
പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉടനടി ഉത്തരം നൽകുന്ന കൊച്ചു മിടുക്കൻ, ഈ ചെറു പ്രായത്തിനുള്ളിൽ സ്വന്തമാക്കിയത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവയാണ്. മനുഷ്യശരീരത്തിലെ അവയവങ്ങൾ, പീരിയോഡിക് ടേബിൾ, ലോക രാഷ്ട്രങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാനം, കറൻസി, ഭൂഖണ്ഡം, അസ്ട്രോണമേഴ്സ് എന്നിവയെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് മുഹമ്മദ് അമീൻ എളുപ്പം മറുപടി നല്‍കും.
അഞ്ചാം വയസ്സിൽ കെ.ജി ടു വിൽ പഠിക്കുമ്പോൾ അധ്യാപിക ആഷ് ലിയാണ് അമീന് പാഠഭാഗങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാനുള്ള കഴിവുണ്ടെന്നും അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണണമെന്നും മാതാപിതാക്കളോട് പറയുന്നത്. ഈ സമയം കസിൻ സഹോദരങ്ങൾ പിരിയോഡിക് ടേബിളിലെ എലമെന്റ്സും സിംബലുകളും പഠിക്കുന്നത് കണ്ട അമീൻ, അവരേക്കാൾ ഏളുപ്പം അത് ഗ്രഹിച്ചെടുത്തു. ഇത് മനസ്സിലാക്കിയാണ് അമീന്റെ പ്രതിഭയെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. തുടർന്ന്, 6 വയസ്സും 3 മാസവും പ്രായമുള്ളപ്പോഴാണ് ആദ്യ നേട്ടം അമീൻ സ്വന്തമാക്കിയത്. പിരിയോഡിക് ടേബിളിലെ 118 മൂലകങ്ങളുടെയും പേരുകൾ ഏറ്റവും വേഗത്തിൽ അവതരിപ്പിച്ച പ്രായംകുറഞ്ഞ കുട്ടിയായാണ് ഇന്ത്യ ബുക്ക് ഏഫ് റെക്കോർഡ്, ഏഷ്യ ബുക്ക് റെക്കോർഡ് -ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ സ്വന്തമാക്കിയത്. 1 മിനിറ്റ് 13 സെക്കൻഡും സമയമെടുത്താണ് അമീൻ ആദ്യനേട്ടം കൈവരിച്ചത്.
തുടർന്ന്, മനുഷ്യശരീരത്തിലെ അവയവങ്ങളും അവയുടെ മെഡിക്കൽ പേരുകളും തിരിച്ചറിഞ്ഞാണ് ഏഴാം വയസ്സിൽ അടുത്ത നേട്ടവും സ്വന്തം പേരിലാക്കി. 57 മനുഷ്യശരീര അവയവങ്ങളുടെ മെഡിക്കൽ പേരുകൾ ഗ്രഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി എന്ന നേട്ടത്തിന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് രണ്ടാം ക്ലാസിൽ പഠിക്കവേ മുഹമ്മദ് അമീൻ കരസ്ഥമാക്കി.
ലോകരാഷ്ട്രങ്ങളുടെ പേരുകൾ, അവയുടെ തലസ്ഥാനം, കറൻസി, ഭൂഖണ്ഡം എന്നിവ 8 മിനിറ്റ് 23 സെക്കൻഡിനുള്ളിൽ കൃത്യമായി അവതരിപ്പിച്ചാണ് അമീൻ വീണ്ടും ഞെട്ടിച്ചത്. ഓരോ ദിവസവും രണ്ടോ മൂന്നോ രാജ്യങ്ങളുടെ പേരും കറൻസിയും തലസ്ഥാനവും പഠിച്ചെടുത്താണ് ഇത് സാധ്യമാക്കിയത്. പഠിക്കുന്ന കാര്യങ്ങൾ അടുത്തദിവസം വീണ്ടും ആവർത്തിച്ചാണ് എല്ലാ ലോകരാഷ്ട്രങ്ങളുടെ പേരും, തലസ്ഥാനം, കറൻസി എന്നിവയും പഠിച്ചെടുത്തതെന്ന് മുഹമ്മദ് അമീൻ പറഞ്ഞു.
പിന്നീട്, 2024 ഡിസംബറിൽ, തന്റെ ഒൻപതാം വയസ്സിൽ വെക്റ്റർ മാപ്പിൽ 100 രാജ്യങ്ങളുടെ പേരുകൾ 1 മിനിറ്റ് 10 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞ് അമീൻ തന്റെ അടുത്ത റെക്കോർഡ് നേട്ടവും കൈവരിച്ചു. ഏറ്റവും ഓടുവിൽ കഴിഞ്ഞ ഡിസംബറിൽ ആസ്ട്രോണമേഴ്സിന്റെ പേരുകൾ, രാജ്യം, വർഷം എന്നിവ അവതരിപ്പിച്ചാണ് തന്റെ അഞ്ചാമത്തെ റെക്കോർഡും അമീൻ സ്വന്തമാക്കിയത്.
കളിയും പഠനവും കഴിഞ്ഞുള്ള നേരങ്ങളിലാണ് ഇത്തരം കാര്യങ്ങൾക്കായി അമീൻ സമയം കണ്ടെത്തുന്നത്. ഓരോ ദിവസവും കുറഞ്ഞസമയം ഇതിനായി മാറ്റിവെക്കും, പുതിയതായി രണ്ടോ മൂന്നോ കാര്യങ്ങൾ വീതം പഠിച്ചെടുക്കുമെന്നും അടുത്ത ദിവസം അത് ആവർത്തിക്കുകയും ചെയ്യും.
അവാർഡ് നേട്ടം കൈവരിച്ച വിഷയങ്ങൾ അമീൻ തന്നെയാണ് തിരഞ്ഞെടുത്തതെന്നും അവന്റെ താൽപര്യങ്ങൾ മനസ്സിലാക്കി പിന്തുണ കൊടുക്കുകയായിരുന്നെന്നും പിതാവ് തൈസീർ പറഞ്ഞു. ദോഹ ഒലിവ് ഇന്റർനാഷണൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അമീൻ പഠനത്തിൽ മാത്രമല്ല, കലാ -കായിക മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. അഞ്ച് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയതോടെ സ്കൂളിലെ താരം കൂടിയാണിപ്പോൾ.
കലാഞ്ജലി ഇന്റർ സ്കൂൾ ഫെസ്റ്റിൽ വയലിൻ വായനയിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള ഈ മിടുക്കൻ ഫുട്ബാളിലും ചെസ്സിലും സജീവമാണ്. പരീക്ഷകളിൽ മുതിർന്ന കുട്ടികൾക്ക് 'സ്ക്രൈബ്' (Scribe) ആയി സഹായിക്കാനും അമീൻ മുന്നിലുണ്ട്. ഓരോ അവാർഡ് നേട്ടങ്ങളും സ്വന്തമാക്കുമ്പോൾ പാരന്റസും ടീച്ചേഴ്സും അഭിനന്ദിക്കാറുണ്ടെന്നും ഫ്രണ്ട്സ് ഹാപ്പിയാണെന്നും മുഹമ്മദ് അമീൻ പറയുന്നു. അസൈൻമെന്റും ഹോം വർക്കുകളും ചെയ്യാൻ ഫ്രണ്ട്സിനെ ഹെൽപ്പ് ചെയ്യാറുണ്ട്. അവാർഡ് നേട്ടങ്ങളിൽ സ്കൂളിലെ ഫ്രണ്ട്സും അധ്യാപകരും സപ്പോർട്ടായി കൂടെയുണ്ട്. ഭാവിയിൽ പൈലറ്റ് ആകണമെന്നാണ് ആഗ്രഹമെന്നും അമീൻ പങ്കുവെച്ചു.
എല്ലാം ഒരു തവണ പഠിപ്പിച്ചാൽ മതി, അമീൻ അത് എളുപ്പം ഓർത്തെടുക്കുമെന്ന് മാതാവ് സനിത പറഞ്ഞു. കളിയും ചിരിയും കുസൃതികളുമായി, സ്കൂൾ പഠനത്തിനൊപ്പം അവന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വിഷയങ്ങൾ പഠിച്ചും മനസ്സിലാക്കിയുമാണ് ഈ അവാർഡുകൾ കരസ്ഥമാക്കിയതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

