Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightനവരാത്രി സ്പെഷ്യൽ...

നവരാത്രി സ്പെഷ്യൽ സ്വീറ്റ്സ്

text_fields
bookmark_border
നവരാത്രി സ്പെഷ്യൽ സ്വീറ്റ്സ്
cancel
 


ബൂന്ദി ലഡു

ചേരുവകൾ:  

  • കടലമാവ്, പഞ്ചസാര -അര കിലോ വീതം
  • കുങ്കുമപ്പൂവ്, ബേക്കിങ് പൗഡര്‍ - അര ടീസ്പൂണ്‍ വീതം
  • ഏലക്കപ്പൊടി -ഒരു ടീസ്പൂണ്‍
  • മത്തങ്ങക്കുരു -20 ഗ്രാം
  • പാല്‍ - അര കപ്പ്
  • വെള്ളം -നാലു കപ്പ്

തയാറാക്കുന്ന വിധം:
പഞ്ചസാരയും വെള്ളവും യോജിപ്പിക്കുക. ചൂടാക്കുക. കട്ടിയായ സിറപ്പ് തയാറാക്കുക. ചൂടോടെ തന്നെയിത് വെക്കുക. കടലമാവും ബേക്കിങ് പൗഡറും യോജിപ്പിക്കുക. ചൂടുപാലിലേക്ക് കുങ്കുമപ്പൂവിട്ട് വെക്കുക. ഇത് കടലമാവില്‍ ചേര്‍ക്കുക. വെള്ളം ആവശ്യമെങ്കില്‍ ചേര്‍ത്ത് കട്ടിയായ ബാറ്റര്‍ തയാറാക്കാം. ബാറ്ററിന് മയമുണ്ടായിരിക്കണം. അര മണിക്കൂര്‍ വെച്ചാല്‍ മതി. നെയ്യ് ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. ഒരു കണ്ണാപ്പ മീതെ പിടിച്ച് ബാറ്റര്‍ അതിലേക്ക് ഒഴിച്ച് ഉരസി വീഴ്ത്തുക. ചെറു ഉരുളകളായി നെയ്യിലേക്ക് വീഴുന്നത് കാണാം. ഇവ പൊന്‍നിറമാകുന്നതുവരെ വറുത്ത് കോരുക. ഇത് പെട്ടെന്ന് കോരിയെടുത്ത് പഞ്ചസാരപ്പാനിയിലേക്ക് ഇടുക. മത്തങ്ങക്കുരുവും ഏലക്കപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കൂടുതല്‍ വരണ്ടതായാല്‍ അല്‍പം ചൂടുപാല്‍ ഒഴിച്ച് ഇളക്കിയാല്‍ മതിയാകും. കൈവെള്ളയില്‍ നെയ്യ് തടവി ഇതില്‍ കുറെശ്ശ എടുത്ത് നാരങ്ങാവലുപ്പമുള്ള ഉരുളകള്‍ തയാറാക്കുക. തണുപ്പിച്ച് വിളമ്പുക.


രസഗുള

ചേരുവകൾ:

  • പാല്‍ -ഒന്നര ലിറ്റര്‍
  • നാരങ്ങനീര് -മൂന്ന് ടേബ്ള്‍ സ്പൂണ്‍
  • റവ -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • പഞ്ചസാര -രണ്ടു കപ്പ്
  • വെള്ളം -നാല് കപ്പ്
  • പനിനീര്‍ -നാല് ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
പാല്‍ ഒരു പാത്രത്തിലാക്കി തിളപ്പിക്കുക. തുടരെ ഇളക്കുക. ഇതില്‍ നാരങ്ങനീരൊഴിച്ച് തിളപ്പിച്ചു കൊണ്ടിരിക്കുക. പിരിഞ്ഞ് കട്ടകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ ഒരു മസ്ലിന്‍ തുണിയിലൂടെ അരിച്ച് വെള്ളം പൂര്‍ണമായും തോര്‍ത്തിവെക്കുക. ഇതാണ് ചെന്ന (Chenna). ഇത് ഒരു പ്ലേറ്റിലിട്ട് റവയുമായി യോജിപ്പിക്കുക. നന്നായി കുഴച്ച് മയപ്പെടുത്തുക. 15 ചെറു ഉരുളകളായി ഇത് മാറ്റുക. ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവും യോജിപ്പിച്ച് തിളപ്പിച്ച് പാനി തയാറാക്കുക. ഉരുളകള്‍ ഇതിലേക്കിട്ട് 30 മിനിറ്റ് തിളപ്പിക്കുക. വാങ്ങിവെച്ച് സിറപ്പൊഴിക്കുക. സിറപ്പിന് വെള്ള നിറം ഉണ്ടായിരിക്കും. കോരിയെടുത്ത് പനിനീര്‍ ഒഴിച്ച് ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച് വിളമ്പുക.



ഫിര്‍ണി

ചേരുവകൾ:

  • പാല്‍ -നാല് കപ്പ്
  • ബസുമതി അരി -നാല് ടേബ്ള്‍ സ്പൂണ്‍
  • പഞ്ചസാര -ആറ് ടേബ്ള്‍ സ്പൂണ്‍
  • ബദാം, പിസ്ത -50 ഗ്രാം വീതം, അരിഞ്ഞത്
  • ഏലക്കപ്പൊടി -രണ്ട് ടീസ്പൂണ്‍
  • സഫ്റണ്‍ എസന്‍സ് -അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
മഞ്ഞയോ ചുവപ്പോ ഫുഡ് കളര്‍ -ഏതാനും തുള്ളി അരി ധാരാളം വെള്ളത്തിലിട്ട് കഴുകുക. രണ്ടു മണിക്കൂര്‍ കുതിര്‍ക്കുക. വെള്ളത്തിൽ നിന്ന് അരിച്ചുമാറ്റി മയമാകുംവരെ അരക്കുക. ഈ പേസ്റ്റ് തിളച്ചു കൊണ്ടിരിക്കുന്ന പാലില്‍ ചേര്‍ക്കുക. പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ക്കുക. കുറുകുംവരെ ഇളക്കുക. മറ്റു ചേരുവകളും ചേര്‍ത്ത് ചെറുഗ്ലാസുകളിലേക്ക് പകര്‍ന്ന് വിളമ്പുക.


ബദാം ഹല്‍വ

ചേരുവകൾ:  

  • പഞ്ചസാര -രണ്ടു കപ്പ്
  • നെയ്യ് -ഒരു കപ്പ്
  • ബദാം -250 ഗ്രാം, എട്ട് മണിക്കൂര്‍ കുതിര്‍ത്തത്
  • ഏലക്കപ്പൊടി - കാല്‍ ടീസ്പൂണ്‍
  • മഞ്ഞ കളര്‍ -ഒരു നുള്ള്
  • കുങ്കുമപ്പൂവ് -അര ടീസ്പൂണ്‍ (ഒരു ടീസ്പൂണ്‍
  • പാലില്‍ കുതിര്‍ത്തത്)
  • അണ്ടിപ്പരിപ്പ് ചെറുതായരിഞ്ഞത് -രണ്ട് ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:
കുതിര്‍ത്ത ബദാം നന്നായി അരക്കുക. രണ്ടു കപ്പ് പഞ്ചസാര ചൂടാക്കി ഒരു നൂല്‍പരുവമുള്ള പാനി തയാറാക്കുക. ഇതില്‍ ബദാം അരച്ചത് ചേര്‍ക്കുക. നെയ്യ് കുറെശ്ശയായി ഒഴിച്ച് തുടരെ ഇളക്കുക. മിശ്രിതം കട്ടിയാകുംവരെ ഇളക്കല്‍ തുടരുക. കുങ്കുമപ്പൂവ്, ഏലക്കപ്പൊടി, കളര്‍ എന്നിവ ചേര്‍ത്തിളക്കി നെയ്യ് തടവിയ ഒരു പ്ലേറ്റിലേക്കിത് പകരുക. ഒരേ നിരപ്പാക്കുക. മീതെ അണ്ടിപ്പരിപ്പ് വെച്ച് അലങ്കരിച്ച് ആറാന്‍ വെക്കുക. ചൂടോടെതന്നെ കഷണങ്ങളാക്കുക.


കാഷ്യൂനട്ട് ബര്‍ഫി

ചേരുവകൾ:  

  • അണ്ടിപ്പരിപ്പ് -ഒരു കപ്പ്
  • പഞ്ചസാര -മൂന്ന് കപ്പ്
  • നെയ്യ് -അര കപ്പ്
  • ഏലക്കാപൊടി -അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
അണ്ടിപ്പരിപ്പ് ആറു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം തോര്‍ത്തി നന്നായരക്കുക. പഞ്ചസാര ഉരുകി നൂല്‍പരുവമുള്ള പാനി തയാറാക്കുക. അണ്ടിപ്പരിപ്പ് അരച്ചത് ചേര്‍ത്തിളക്കുക. നെയ്യ് കുറേശ്ശയായി ഒഴിക്കുക. ഈ മിശ്രിതം പാത്രത്തിന്‍റെ വശങ്ങളിൽ നിന്ന് വിട്ടുവരുമ്പോള്‍ ഏലക്കാപൊടി വിതറി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇത് പകര്‍ന്ന് ആറിയശേഷം കഷണങ്ങളാക്കുക.


സ്വീറ്റ് ചീട

ചേരുവകൾ:  

  • പച്ചരി -രണ്ട് കപ്പ്
  • ചുരണ്ടിയ തേങ്ങ -ഒരു കപ്പ്
  • ശര്‍ക്കര  -ഒരു കപ്പ് ചീകിയത്
  • ഉഴുന്ന് വറുത്തുപൊടിച്ചത്  -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഏലക്ക  -അഞ്ചെണ്ണം പൊടിച്ചത്
  • എണ്ണ  -വറുക്കാന്‍

തയാറാക്കുന്ന വിധം:
അരി അര മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം തോര്‍ത്തി ശര്‍ക്കരയും ചേര്‍ത്ത് തരുതരുപ്പായരക്കുക. ഒരു ബൗളിലേക്കിത് പകരുക. ഇതില്‍ ഉഴുന്നുപൊടി, തേങ്ങ, ഏലക്കപ്പൊടി എന്നിവ ചേര്‍ത്ത് കട്ടിയായി കുഴക്കുക (വെള്ളം കൂടിയതായി തോന്നുന്നപക്ഷം അല്‍പം അരിപ്പൊടികൂടി ചേര്‍ത്താല്‍ മതിയാകും). നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി ചൂടെണ്ണയില്‍ വറുത്ത് കോരുക.


സ്വീറ്റ് മോദക്

ചേരുവകൾ:  

  • ബേയ്സിനുള്ള ചേരുവകള്‍:
  • പച്ചരി -മൂന്ന് കപ്പ്
  • വെള്ളം -രണ്ട് കപ്പ്
  • ഉപ്പ് -ഒരു നുള്ള്
  • എണ്ണ -ഒരു ടീസ്പൂണ്‍


ഫില്ലിങ്ങിനുള്ള ചേരുവകള്‍:

  • ചുരണ്ടിയ തേങ്ങ -രണ്ട് കപ്പ്
  • ശര്‍ക്കര -ഒരു കപ്പ്
  • ഏലക്ക -അഞ്ച്/ആറെണ്ണം പൊടിച്ചത്
  • നെയ്യ് -നാല് ടേബ്ള്‍ സ്പൂണ്‍

ബേയ്സ് തയാറാക്കുന്ന വിധം:
അരി കഴുകി വാരി വെള്ളത്തിലിട്ട് ഒരു മണിക്കൂര്‍ കുതിര്‍ക്കുക. ഇനിയിത് അരിച്ചുവാരി ഒരു തുണിയില്‍ നിരത്തിയോ വട്ടിയിലാക്കി ചരിച്ചുവെച്ചോ വെള്ളം തോര്‍ത്തിയെടുക്കുക. ഇത് നന്നായി പൊടിച്ചെടുത്ത് ഇടിയപ്പത്തിന്‍റെ അരിപ്പയിലൂടെ അരിച്ച് (തെള്ളി) വെക്കുക. രണ്ട് കപ്പ് പൊടിയെടുത്ത് ഒരു ബൗളിലിട്ട് വെക്കുക. ഒരു പാത്രം അടുപ്പത്തുവെച്ച് രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഉടന്‍ വാങ്ങുക. ഇതില്‍ അരിപ്പൊടിയും ഒരു ടീസ്പൂണ്‍ എണ്ണയും ഒരു നുള്ള് ഉപ്പും ചേര്‍ക്കുക. പാത്രത്തില്‍ പിടിച്ചു കൊണ്ട് ചുവടു ചേര്‍ത്തിളക്കുക. കട്ടകെട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ആറാന്‍ വെക്കുക. ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് മാവ് കുഴക്കുക, ഒരു നനഞ്ഞ തുണികൊണ്ടിത് മൂടുക. അതിനുശേഷം ചെറുനാരങ്ങ വലുപ്പമുള്ള ഉരുളകള്‍ തയാറാക്കി വെക്കുക.

ഫില്ലിങ് തയാറാക്കാന്‍:
അരക്കപ്പ് വെള്ളം ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ശര്‍ക്കരയിട്ട് ചൂടാക്കി തെളിച്ചൂറ്റുക. ഈ പാത്രം അടുപ്പത്തുവെച്ച് വീണ്ടും തിളപ്പിക്കുക. തേങ്ങയിട്ടിളക്കി യോജിപ്പിക്കുക. രണ്ട് ടേബ്ള്‍ സ്പൂണ്‍ നെയ്യും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ചുവട് ചേര്‍ത്തിളക്കുക. ഈ കൂട്ട് പാത്രത്തിന്‍െറ ചുവട്ടില്‍നിന്ന് വിട്ടുവരുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. ഇനിയിത് ചെറു ഉരുളകളാക്കി വെക്കുക.

മോദകം തയാറാക്കുന്ന വിധം:
പച്ചരിപ്പൊടി കൊണ്ടുള്ള ഉരുളകള്‍ കൈവെള്ളയില്‍വെച്ച് അല്‍പമൊന്ന് പരത്തി മധ്യത്തായി തേങ്ങയുരുളവെച്ച് അരികുകള്‍ മധ്യത്തേക്ക് കൊണ്ടുവന്ന് വീണ്ടും ഉരുളയാക്കി 15 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.


ബേസന്‍ ലഡു

ചേരുവകൾ:  

  • കടലമാവ് -രണ്ട് കപ്പ്
  • നെയ്യ് -ഒരു കപ്പ്
  • പൊടിച്ച പഞ്ചസാര -രണ്ട് കപ്പ്
  • അണ്ടിപ്പരിപ്പ് പൊടിച്ചത് -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഏലക്കപ്പൊടി -ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
കടലമാവില്‍ ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യ് ചേര്‍ത്ത് വറുക്കുക. നല്ല ഒരു മണം വന്നുതുടങ്ങുമ്പോള്‍ വാങ്ങി ആറാന്‍ വെക്കുക. ഇതില്‍ പഞ്ചസാരയും മിച്ചമുള്ള നെയ്യുരുക്കിയതും ഏലക്കപ്പൊടിയും അണ്ടിപ്പരിപ്പ് തരുതരുപ്പായി പൊടിച്ചതും ചേര്‍ത്ത് ചെറു ഉരുളകള്‍ തയാറാക്കിവെക്കുക.


സേവറി മോദകം

ചേരുവകൾ:
ബേയ്സിനുള്ള ചേരുവകളും തയാറാക്കുന്ന രീതിയും സ്വീറ്റ് മോദകത്തിന്‍റേത് പോലെതന്നെ.

ഫില്ലിങ്ങിന്:

  • ഉഴുന്ന് -ഒരു കപ്പ്
  • പച്ചമുളക് -നാലെണ്ണം
  • കായപ്പൊടി -ഒരു നുള്ള്
  • ചുരണ്ടിയ തേങ്ങ -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്


വറുത്തിടാന്‍:

  • എണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍
  • കടുക് -ഒരു ടീസ്പൂണ്‍
  • കായപ്പൊടി -ഒരു നുള്ള്
  • കറിവേപ്പില -ഒരു തണ്ട്

ഫില്ലിങ് തയാറാക്കുന്ന വിധം:
ഉഴുന്ന് കഴുകി അരമണിക്കൂര്‍ കുതിര്‍ക്കുക. വെള്ളത്തില്‍നിന്ന് അരിച്ചുവാരി ഉപ്പും പച്ചമുളകും ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് തരുതരുപ്പായി അരച്ച് വെക്കുക. ഒരു ഫ്രയിങ് പാന്‍ അടുപ്പത്തുവെച്ച് ചൂടാക്കി എണ്ണയൊഴിച്ച് ചൂടാക്കി കായപ്പൊടി, കടുക്, കറിവേപ്പില പൊടിയായരിഞ്ഞത് എന്നിവയിട്ട് വറുക്കുക. ഇതിലേക്ക് ഉഴുന്ന് മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം പൂര്‍ണമായും വറ്റുംവരെ അടുപ്പത്തുവെക്കുക. ചുവട് ചേര്‍ത്തിളക്കുക. കുറുകുമ്പോള്‍ ചുരണ്ടിയ തേങ്ങ ചേര്‍ക്കുക. വാങ്ങി ചെറു ഉരുളകള്‍ ആക്കുക.ഇനി അരിമാവുരുളകള്‍ ഓരോന്നായെടുത്ത് ഓരോ ഉരുളയും പൂരിപോലെ വിരലറ്റം കൊണ്ട് പരത്തി മധ്യത്തായി ഫില്ലിങ് ഉരുളകള്‍ ഓരോന്നായി വെച്ച് ഒരരികുകള്‍ മധ്യത്തേക്ക് കൊണ്ടുവന്ന് അമര്‍ത്തി ഉറപ്പിക്കുക. ഇവ ആവിയില്‍ വേവിച്ചെടുക്കുക.


ജിലേബി

ചേരുവകൾ:  

  • മൈദ, പഞ്ചസാര, വെള്ളം -ഒരു കപ്പ് വീതം
  • ബേക്കിങ് പൗഡര്‍ -കാല്‍ ടീസ്പൂണ്‍
  • കുങ്കുമപ്പൂവ് -ഒരു നുള്ള്
  • നെയ്യ് -ആവശ്യത്തിന്, വറുക്കാന്‍

തയാറാക്കുന്ന വിധം:
മൈദ, ബേക്കിങ് പൗഡര്‍, വെള്ളം എന്നിവ യോജിപ്പിക്കുക. കട്ടിയായ ക്രീം പരുവത്തിലുള്ള ഒരു ബാറ്റര്‍ തയാറാക്കുക. 24 മണിക്കൂര്‍ ഇത് വെക്കുക. ഒരു നൂല്‍പരുവമുള്ള പഞ്ചസാര സിറപ്പ് തയാറാക്കുക. കുങ്കുമപ്പൂവ് വെള്ളത്തിലിട്ട് കുതിര്‍ത്ത് സിറപ്പില്‍ ചേര്‍ക്കുക. നെയ്യ് ചൂടാക്കുക. ബട്ടണ്‍ ഹോള്‍ തയ്ച്ച ഒരു മസ്ലിന്‍തുണി ബാഗിലൂടെ ഈ ബാറ്റര്‍ അമര്‍ത്തി ജിലേബിയുടെ ആകൃതിയില്‍ പിഴിഞ്ഞ് ചൂട് നെയ്യിലേക്ക് വീഴ്ത്തുക. നന്നായി വറുത്ത് കോരുക. പഞ്ചസാരപ്പാനിയിലിട്ട് പിടിപ്പിച്ച് കോരുക.


ഗുലാബ് ജാമുന്‍

ചേരുവകൾ:

  • റവ, ഖോവ -500 ഗ്രാം വീതം
  • ബദാം അരച്ചത് -100 ഗ്രാം
  • ഫ്രഷ് ക്രീം -ഒരു കപ്പ്
  • പഞ്ചസാര -നാല് കപ്പ്
  • നെയ്യ് -വറുക്കാന്‍


തയാറാക്കുന്ന വിധം:
റവയും ഖോവയും ബദാം അരച്ചതും തമ്മില്‍ യോജിപ്പിക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ഇളം ബ്രൗണ്‍ നിറമാകുംവരെ വറുക്കുക. വാങ്ങിവെക്കുക. ഫ്രഷ്ക്രീം ചേര്‍ത്ത് നല്ല മയമാകുംവരെ കുഴക്കുക. ചെറു ഉരുളകളാക്കി ചൂടെണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.

സിറപ്പ് തയാറാക്കാന്‍:
രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്ത് കുങ്കുമപ്പൂവും ചേര്‍ക്കുക. ഒരു നൂല്‍പരുവമുള്ള പാനിയിലേക്ക് വറുത്ത് ബ്രൗണ്‍ നിറമാക്കിയ ഉരുളകള്‍ ചേര്‍ക്കുക. കുറച്ച് പാനിയും ഒരു ഗുലാബ് ജാമുനും വീതം ഓരോ ബൗളുകളിലേക്കായി പകര്‍ന്ന് വിളമ്പുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navratri sweetsnavratri special sweetsLifestyle News
News Summary - navaratri special sweets
Next Story