കണവയിലെ രുചിഭേദങ്ങൾ

ആതിര അഖിൽ
12:22 PM
10/10/2018
chilli-kanava

കണവ/കൂന്തൽ ഉപയോഗിച്ച് വളരെ രുചികരമായ വിഭവങ്ങൾ നമ്മുക്ക് തയാറാക്കാം. ക്രിസ്പി കണവ റിങ്‌സ്, കണവ വരട്ടിയത്, ചില്ലി കണവ, കണവ കുടമ്പുളിയിട്ട് വറുത്തരച്ചത്, കണവ കുരുമുളക് ഫ്രൈ എന്നീ അഞ്ച് രുചികരമായ കണവ വിഭവങ്ങൾ തയാറാക്കുന്ന വിധമാണ് താഴെ വിവരിക്കുന്നത്...

കണവ വൃത്തിയാക്കിയെടുക്കുന്ന വിധം: 

കണവയുടെ തലഭാഗം ശ്രദ്ധയോടെ പുറത്തേക്കു വലിച്ചു ശരീരവുമായി വേർപെടുത്തണം. പിന്നീട് രണ്ടു കണ്ണുകളും ഒഴിവാക്കി അതിന്‍റെ കൈകൾ പോലുള്ള ഭാഗം മുറിച്ചു മാറ്റാം. ഈ കൈകൾക്കിടയിലായി ഉരുണ്ടു എല്ലുപോലെ ഒരു വസ്തുവുണ്ട്, ചെറുതായി ഒന്ന് ഞെക്കിയാൽ അത് പുറത്തേക്കു തള്ളി വരും. ഇത് ഭക്ഷണ യോഗ്യമല്ലാത്തതിനാൽ നീക്കം ചെയ്യേണ്ടതുണ്ട്.

ഇതിന്‍റെ കൈകൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാണാം, മറ്റുള്ളവയെ അപേക്ഷിച്ചു രണ്ടെണ്ണത്തിന് നീളം കൂടുതലാണ്. രണ്ടും കട്ട് ചെയ്തു കളയാം. ബാക്കി വരുന്ന കൈകൾ ഭക്ഷണ യോഗ്യമാണ്. ഇനി കോൺ ആകൃതിയിലുള്ള ശരീരഭാഗത്തിന് അകത്തു നിന്ന് അതിന്‍റെ cartilage അഥവാ തരുണാസ്ഥി അടക്കം അകത്തുള്ള എല്ലാം ശ്രദ്ധയോടെ പുറത്തേക്ക് വലിച്ചെടുത്തു കളയാം. അകം പൂർണമായും വൃത്തിയായി കഴിഞ്ഞാൽ പുറമെ കാണുന്ന തൊലി ഉരിഞ്ഞു മാറ്റണം. ഇത്രയുമായാൽ കണവ പൂർണമായും വൃത്തിയായി. 

തയാറാക്കുന്നവിധം: 

 • കണവ വേവാൻ 15 മിനിട്ടു മുതൽ 20 മിനിട്ടു വരെ സമയം മതി. 
 • പ്രഷർ കുക്കറിൽ വേവിക്കുകയാണെങ്കിൽ 1 വിസിൽ മതിയാകും.
 • ഒരിക്കലും കൂടുതൽ സമയം വേവിക്കരുത്.
 • അതിന്‍റെ സ്വാഭാവികമായ മാർദ്ദവം നഷ്ട്ടപ്പെട്ടു റബർ പോലെ ആയിത്തീരും.
 • കണവയുടെ ശരീരത്തിൽ ജലാംശം ഉള്ളതിനാൽ പാകം ചെയ്യുമ്പോൾ ഒഴിക്കുന്ന വെള്ളത്തിന്‍റെ അളവ് ശ്രദ്ധിക്കുക. 
 • കണവായിലെ ഉളുമ്പ് മണം  മാറുവാനായി, അത് കഴുകി വൃത്തിയാക്കുന്ന സമയത്തു അൽപ്പം നാരങ്ങ നീര് ചേർത്ത് 2/3 മിനിറ്റു വച്ച ശേഷം കഴുകി കളഞ്ഞാൽ മതിയാകും. 

1. ക്രിസ്പി കണവ റിങ്‌സ് 

kanava-rings

ചേരുവകൾ: 

 • കണവ                              - 250 ഗ്രാം  വട്ടത്തിൽ അരിഞ്ഞത് 
 • അരിപ്പൊടി                      - അര കപ്പ് 
 • മുട്ട                                  - 1 
 • ബ്രഡ്  ക്രംപ്‌സ്                - അര കപ്പ്  
 • കാശ്മീരി മുളക് പൊടി - 1 ടേബിൾ സ്പൂൺ
 • കുരുമുളക് പൊടി           - 1 ടീസ്പൂൺ 
 • ഉപ്പു ആവശ്യത്തിന് 
 • വെളിച്ചെണ്ണ / സൺഫ്ലവർ ഓയിൽ - മുക്കി പൊരിക്കാൻ ആവശ്യത്തിന് 

തയാറാക്കുന്നവിധം: 

റിങ് ഷേപ്പിൽ കട്ട് ചെയ്ത കണവ പീസുകൾ ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുത്തു ഡ്രൈ ആക്കി വക്കുക. ഒരു പാത്രത്തിൽ മുട്ട ബീറ്റ് ചെയ്തു മാറ്റിവക്കുക. ഒരു നുള്ളു ഉപ്പു മുട്ടയിൽ ചേർക്കാം. ഒരു പരന്ന പാത്രത്തിൽ അരിപ്പൊടി, കുരുമുളക് പൊടി, മുളക് പൊടി, ഒരു നുള്ള് ഉപ്പ് ഇവ മിക്സ് ചെയ്തു മാറ്റി വക്കണം. മറ്റൊരു പരന്ന പാത്രത്തിൽ ബ്രഡ് ക്രംപ്‌സ് കൂടെ എടുത്തു റെഡി ആക്കി വക്കണം. ഇത്രയുമായാൽ കുഴിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കാം. എണ്ണ ചൂടായി വരുമ്പോ ഓരോ കണവ റിങ്‌സ് എടുത്തു ആദ്യം അരിപ്പൊടി മിക്സിൽ നല്ലപോലെ പുരട്ടി മിക്സ് ചെയ്തു എടുക്കണം. ശേഷം അതിനെ ബീറ്റ് ചെയ്തു വച്ച മുട്ടയിൽ മുക്കി എടുക്കാം. പിന്നീട് അതിനെ ബ്രഡ് ക്രംപ്‌സിലോട്ട് ഇട്ടു നല്ലപോലെ കോട്ടിങ് ചെയ്ത ശേഷം  എണ്ണയിട്ട് ഡീപ് ഫ്രൈ ചെയ്യാം. എല്ലാം ഇതുപോലെ ചെയ്തെടുക്കാം. കോട്ടിങ് നല്ലപോലെ എല്ലായിടത്തും ആവാൻ ശ്രദ്ധിക്കണം. എണ്ണയിൽ കിടന്നു ഒരു ഗോൾഡൻ നിറം ആകും വരെ റിങ്‌സ് തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക. ശേഷം കോരി എടുക്കാം. 

2. കണവ വരട്ടിയത് 

kanava-varattiyath

ചേരുവകൾ: 

 • കണവ വട്ടത്തിൽ അരിഞ്ഞത് - 500 ഗ്രാം 
 • സവാള - 2 എണ്ണം (കനം കുറച്ചു അരിഞ്ഞത്) 
 • ഇഞ്ചി ചതച്ചത്  - ഒന്നര ടേബിൾസ്പൂൺ 
 • വെളുത്തുള്ളി ചതച്ചത് - ഒന്നര ടേബിൾസ്പൂൺ 
 • തക്കാളി -1 ചെറുത് 
 • പച്ചമുളക് - 2 എണ്ണം
 • മുളക് പൊടി - ഒന്നര ടീസ്പൂൺ
 • മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
 • കുരുമുളക് പൊടി - അര ടീസ്പൂൺ 
 • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 
 • പെരുംജീരകം പൊടി - അര ടീസ്പൂൺ
 • ഗരം മസാല - കാൽ ടീസ്പൂൺ
 • കറി വേപ്പില- ആവശ്യത്തിന് 
 • ഉപ്പു - ആവശ്യത്തിന് 
 • വെളിച്ചെണ്ണ - ആവശ്യത്തിന് 

തയാറാക്കുന്ന വിധം: 

അടി കട്ടിയുള്ള ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറി വേപ്പില, സവാള എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം. സവാള നല്ലപോലെ വഴണ്ട് ഗോൾഡൻ നിറം ആകുമ്പോൾ തീ കുറച്ചു വച്ച ശേഷം മസാല പൊടികൾ എല്ലാം ചേർക്കാം. മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, പെരുംജീരകം പൊടി , ഗരം മസാല എന്നിവ ചേർത്ത് ഇതിന്റെ പച്ചമണം മാറും വരെ കൈ എടുക്കാതെ ഇളക്കണം. മസാല പൊടികളുടെ പച്ചമണം മാറി വരുമ്പോ തക്കാളി ചെറുതായ് അരിഞ്ഞത് ചേർത്ത് നല്ല പോലെ ഇളക്കാം. തക്കാളി വെന്തു ഉടഞ്ഞു എണ്ണ തെളിഞ്ഞു വരുമ്പോൾ അരിഞ്ഞു വച്ച കണവ ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പു ചേർക്കാം. തീ കുറച്ചു 10 മിനിട്ടു ചട്ടി മൂടി വച്ച് വേവിക്കണം. ഇടയ്ക്കു അടപ്പു തുറന്നു ഇളക്കി കൊടുക്കാൻ മറക്കരുത്. തുടർന്ന് 5 മിനിറ്റ് അടപ്പു തുറന്നു വച്ച് വേവിക്കാം. നല്ല പോലെ ഇളക്കി കൂടുതലുള്ള വെള്ളം വറ്റിച്ചെടുക്കാം. കണവയിലെ വെള്ളം വറ്റി നല്ലപോലെ മസാല പിടിച്ചു വന്നു കഴിഞ്ഞാൽ അൽപ്പം കറി വേപ്പില കൂടി ചേർത്ത് വാങ്ങാം

3. ചില്ലി കണവ 

chilli-kanava

ചേരുവകൾ:

 • കണവ അരിഞ്ഞത് - 500 ഗ്രാം 
 • സവാള (ചെറുതായ് അരിഞ്ഞത്)  - ഒരു വലുത് 
 • ക്യാപ്‌സിക്കം അരിഞ്ഞത് - കാൽ കപ്പ് ( ഒരു പിടി)
 • സ്പ്രിങ് ഒനിയൻ - കാൽ കപ്പ് 
 • വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ 
 • പച്ചമുളക് - ഏഴോ എട്ടോ എണ്ണം 
 • സോയ സോസ് - 1 ടേബിൾ സ്പൂൺ 
 • റെഡ് ചിലി പേസ്റ്റ് - അര ടേബിൾ സ്പൂൺ 
 • റെഡ് ചില്ലി സോസ് - 1 ടേബിൾ സ്പൂൺ 
 • ടൊമാറ്റോ സോസ് - 2 ടേബിൾ സ്പൂൺ 
 • തേൻ / പഞ്ചസാര - അര ടേബിൾസ്പൂൺ 
 • കുരുമുളക് പൊടി - 1 ടീസ്പൂൺ 
 • ഉപ്പു -ആവശ്യത്തിന് 
 • സൺഫ്ലവർ ഓയിൽ - 3/4 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം:  

കണവ അൽപ്പം ഉപ്പു ചേർത്ത് മൂന്നോ നാലോ ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 1 വിസിലിൽ വേവിച്ചു മാറ്റി വക്കുക. (വേവാനായി 1/4 കപ്പ് ഇൽ കൂടുതൽ വെള്ളം ഒഴിക്കേണ്ട കാര്യമില്ല). ഒരു പാനിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കണം. ഇതൊരു ഇൻഡോ ചൈനീസ് വിഭവം ആയതു കൊണ്ട് വെളിച്ചെണ്ണ ഉപയോഗിക്കരുത്. എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് വെളുത്തുളളി അരിഞ്ഞതും പച്ചമുളകും സവാളയും ക്യാപ്സിക്കവും ചേർത്ത് നല്ല പോലെ വഴറ്റണം. ശേഷം റെഡ് ചില്ലി പേസ്റ്റും സോയ സോസും ടൊമാറ്റോ സോസും റെഡ് ചില്ലി സോസും തേനും കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്യുക. സോസുകൾ കുക്ക് ആയികഴിഞ്ഞാൽ ഇതിലേക്കു നേരത്തെ വേവിച്ചു വച്ച കണവ കഷണങ്ങൾ ചേർത്ത് കൊടുക്കാം. വേവിച്ച വെള്ളം ഇതിൽ ചേർക്കേണ്ട കാര്യമില്ല. കണവ നല്ല പോലെ ഊറ്റി എടുത്താൽ നന്ന്. ഇനി നാലഞ്ചു മിനിട്ടു നേരം പാൻ തുറന്നു വച്ച് ഇളക്കി കൊടുക്കാം. ഉപ്പ് നോക്കി ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുക്കാം. സോസുകളിൽ ഉപ്പുരസം ഉള്ളതിനാൽ ഏറ്റവും ഒടുവിൽ ഉപ്പു ചേർക്കുന്നതാവും നല്ലതു. കുറച്ചു സ്പ്രിങ് ഒനിയൻ കൂടി മേലെ വിതറി ചെറുതായ് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

4. കണവ കുടമ്പുളിയിട്ട് വറുത്തരച്ചത്
 

kanava-Kudampuli

ചേരുവകൾ:

 • കണവ - 250 ഗ്രാം അരിഞ്ഞത് 
 • ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 
 • പച്ചമുളക് - 2 എണ്ണം 
 • ഉപ്പു - 2 നുള്ള് 
 • കുടംപുളി - രണ്ടോ മൂന്നോ കഷ്ണം പുളി  അനുസരിച്ചു 

റോസ്റ്റ് ചെയ്യാൻ വേണ്ടത്: 

 • തേങ്ങാ ചിരകിയത് - 1 കപ്പ്
 • മല്ലിപ്പൊടി - 1 ടീസ്പൂൺ 
 • മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
 • മുളക് പൊടി - അര ടീസ്പൂൺ
 • പെരുംജീരകം പൊടി - അര ടീസ്പൂൺ
 • കുരുമുളക് പൊടി - അര ടീസ്പൂൺ

കറി താളിക്കുവാൻ:

 • ചെറിയ ഉള്ളി - 5 എണ്ണം അരിഞ്ഞത് 
 • കടുക് - അര ടീസ്പൂൺ
 • കറിവേപ്പില - ആവശ്യത്തിന്
 • വെളിച്ചെണ്ണ - ആവശ്യത്തിന്  

തയാറാക്കുന്നവിധം:

ഒരു മൺചട്ടിയിൽ അരിഞ്ഞു വച്ച കണവ കഷണങ്ങൾ ഇട്ടു അതിലേക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും രണ്ടു നുള്ളു ഉപ്പും അൽപ്പം വെള്ളവും ഒഴിച്ച് മൂടി വച്ച് മൂന്നോ നാലോ മിനിട്ടു വേവിച്ചു മാറ്റി വക്കുക. ഇതേസമയം കുടംപുളി നല്ല പോലെ കഴുകി അൽപ്പം വെള്ളത്തിൽ കുതിർത്തു വക്കണം. നല്ല വെള്ളത്തിൽ കുതിർത്തു വക്കുക. ഇവ വെള്ളത്തോടെ ആണ് പിന്നീടു കറിയിലക്ക് ചേർക്കുന്നത്.

ഇനി അടി കട്ടിയുള്ള ഒരു പാനിൽ തേങ്ങായും ബാക്കി മസാലപ്പൊടികളും നല്ല ഗോൾഡൻ നിറം ആവും വരെ ഡ്രൈ റോസ്റ്റ്  ചെയ്തു എടുക്കുക. ചൂടാറിയ ശേഷം ഇതിൽ അൽപ്പം വെള്ളം ചേർത്ത്  മിക്സിയിൽ നല്ലപോലെ അരച്ചെടുക്കാം. അരച്ച് വച്ച ഇ മിക്സ് മൺചട്ടിയിൽ വേവിച്ചു വച്ച കണവയോടൊപ്പം ചേർക്കാം. ആവശ്യമെങ്കിൽ കറിയുടെ കട്ടി അനുസരിച്ചു അൽപം വെള്ളം കൂടി ചേർക്കാവുന്നതാണ്. കറിയിലേക്ക് ആവശ്യമായ ഉപ്പു കൂടി ഇടാം .ഇനി ഇത് തുറന്നു വച്ചു ഒരു മീഡിയം തീയിൽ തിളപ്പിക്കണം. ഇ സമയത്തു കുതിർക്കാൻ  വച്ച കുടംപുളി ഇതിലേക്കു ചേർത്ത് കൊടുക്കാം. 

കറി കുറുകി വരും വരെ  തിളപ്പിക്കാം. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. തേങ്ങയുടെ പച്ചമണം മാറി കറി കുറുകി വരുമ്പോൾ ഇതിലേക്കു താളിച്ചു ചേർക്കാം. അതിനായ് നേരത്തെ തേങ്ങാ റോസ്റ്റ് ചെയ്ത അതെ പാൻ ഉപയോഗിക്കാം. അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും ചേർക്കുക. ഉള്ളി മൂത്തു വരുമ്പോ തീ ഓഫ് ചെയ്തു കറിയിലേക് താളിച്ചൊഴിക്കാം. താളിച്ചു ഒഴിച്ച ശേഷം കറി തിളപ്പിക്കേണ്ട കാര്യം ഇല്ല. തീ ഓഫ് ചെയ്തു അൽപ നേരം ചട്ടി മൂടി വക്കണം. താളിച്ചു ഒഴിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞു അടപ്പു തുറന്നാൽ മതിയാകും. കറിയുടെ സ്വാദും മണവും ഇരട്ടിക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. 

5. കണവ കുരുമുളക് ഫ്രൈ 

pepper-kanava

ചേരുവകൾ:   

 • കണവ               - 250 ഗ്രാം വട്ടത്തിൽ അരിഞ്ഞത് 
 • കറി വേപ്പില     - ആവശ്യത്തിന് 
 • വെളിച്ചെണ്ണ       - നാലോ അഞ്ചോ ടേബിൾസ്പൂൺ 

മാരിനെയിറ്റ് ചെയ്യാൻ വേണ്ട ചേരുവകൾ:

 • ഇഞ്ചി ചതച്ചത്    - 1 ടേബിൾ സ്പൂൺ
 • വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
 • കുരുമുളക് പൊടി - 2 ടേബിൾ സ്പൂൺ
 • മുളക്പൊടി            - 1 ടേബിൾ സ്പൂൺ 
 • മഞ്ഞൾ പൊടി        - അര ടീസ്പൂൺ
 • നാരങ്ങാ നീര്           - 1 ടീസ്പൂൺ 
 • ഉപ്പ്                           - ആവശ്യത്തിന്

തയാറാക്കുന്നവിധം:

കഴുകി വൃത്തിയാക്കി അരിഞ്ഞു വച്ച കണവയിൽ ഇഞ്ചി വെളുത്തുള്ളി, കുരുമുളക് പൊടി, മുളക് പൊടി, മഞ്ഞൾപൊടി, കറിവേപ്പില, നാരങ്ങാ നീര്, ഉപ്പു ഇവ ചേർത്ത് പിടിപ്പിച്ചു നല്ല പോലെ മിക്സ് ചെയ്തു കുറഞ്ഞത് 30 മിനിട്ട് എങ്കിലും വക്കുക. ശേഷം ഒരു പാനിൽ നാലോ അഞ്ചോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കണവ കഷണങ്ങൾ തിരിച്ചും മറിച്ചും ഇട്ടു ഫ്രൈ ചെയ്തു എടുക്കുക.
 

Athira-Akhil
തയാറാക്കിയത്: ആതിര അഖിൽ
 

 

Loading...
COMMENTS