ഫാത്തിമയുടെ വർണക്കുടകൾ ജീവിതം പറയും...
text_fieldsഫാത്തിമ കുട നിർമാണത്തിൽ
ചേർത്തല: ജീവിത വർണത്തിനായി ഫാത്തിമ വർണക്കുടകൾ നിർമിക്കുന്നു. ജന്മനായുള്ള പ്രശ്നംമൂലം കാൽമുട്ടുകൾ നിവരാത്ത പട്ടണക്കാട് പെരുംകുളങ്ങര അബ്ദുൽ കരീമിന്റെയും സുഹറയുടെയും മകളാണ് ബിരുദ വിദ്യാർഥിയായ എസ്. ഫാത്തിമ (33).
കാലുകളുടെ ഞരമ്പിന്റെ വളർച്ചക്കുറവ് മൂലമാണ് കാലുകൾ നിവരാത്തത്. ശസ്ത്രക്രിയകൾ നടത്തിയെങ്കിലും പൂർണവിജയമായില്ല. പരസഹായത്തോടെ പതുക്കെ നടക്കാമെന്നതാണ് ആശ്വാസം. പട്ടണക്കാട് ഗവ. സ്കൂളിൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി. പിന്നീട് അതിജീവനത്തിനായി ചകിരിമാല, ജ്വല്ലറി മേക്കിങ് തുടങ്ങിയ ജോലികൾ ചെയ്തു. 'ആക്കോക്' എന്ന സന്നദ്ധസംഘടനയുടെ ഭാഗമായാണ് മൂന്നുവർഷം മുമ്പ് കുട നിർമാണത്തിലേക്ക് വരുന്നത്. വീൽചെയറിലിരുന്ന് നാല് കുടകൾവരെ പ്രതിദിനം നിർമിക്കും. അതിൽനിന്ന് ലഭിക്കുന്ന വരുമാനമാണ് സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. രണ്ടുവർഷം മുമ്പാണ് തുല്യത കോഴ്സിലൂടെ പ്ലസ് ടു പൂർത്തിയാക്കിയത്. ഇപ്പോൾ പ്രൈവറ്റായി ബിരുദത്തിന് പഠിക്കുന്നു. കൂടുതൽ പഠിച്ച് സൈകോളജിസ്റ്റ് ആകണമെന്നാണ് ആഗ്രഹമെന്ന് ഫാത്തിമ പറയുന്നു. സഹോദരങ്ങളായ മുംതാസും സിദ്ദീഖും പിന്തുണയുമായി ഒപ്പമുണ്ട്.