പ്രതിസന്ധികളെ അതിജീവിച്ച് ഫാത്തിമ നേടിയെടുത്തത് ഡോക്ടറെന്ന സ്വപ്നം
text_fieldsഫാത്തിമ മാതാപിതാക്കൾക്കൊപ്പം
മട്ടാഞ്ചേരി: ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഫാത്തിമ ഉള്ളില്‍ കൊണ്ടുനടന്ന സ്വപനമായിരുന്നു ഡോക്ടറാകണം എന്നത്. ചെറുപ്പത്തിൽ പ്ലാസ്റ്റിക് സ്റ്റെതസ്കോപ്പ് കഴുത്തില്‍ തൂക്കി കളിക്കുമ്പോഴും നോട്ടുപുസ്തകത്തില്‍ ഡോ. ഫാത്തിമ എന്ന് എഴുതിവെക്കുമ്പോഴും കൗതുകത്തോടെയാണ് മാതാപിതാക്കൾ കണ്ടുനിന്നത്.
വാപ്പ അബു മട്ടാഞ്ചേരി ബസാറില്‍ ചുമട്ടുതൊഴിലാളിയാണ്. ഉമ്മ ഷീബ കുട്ടികൾക്ക് ഹോം ട്യൂഷന് നൽകിവരുന്നു. സണ്‍റൈസ് കൊച്ചി തുരുത്തിയില്‍ സാധാരണക്കാര്‍ക്ക് അഭയമായി നിർമിച്ചുനല്‍കിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഈ ചെറിയ കുടുംബം താമസിച്ചുവരുന്നത്. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ഫാത്തിമ. മെറിറ്റില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ എം.ബി.ബി.എസിന് കിട്ടിയപ്പോള്‍ സന്തോഷത്തിന് പകരം കുടുംബം ആകെ വിഷമത്തിലായി. വലിയ ഫീസ് തുക കണ്ടെത്താന്‍ കഴിയില്ലെന്ന നിരാശയില്‍ ബി.ഡി.എസിനോ മറ്റോ പഠിച്ചാല്‍ പോരേ എന്നായി മാതാപിതാക്കള്‍. എം.ബി.ബി.എസ് തന്നെ പഠിക്കണമെന്ന തീരുമാനത്തില്‍ ഫാത്തിമ ഉറച്ചുനിന്നു.
ബി.പി.എല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിനാല്‍ മാനേജ്മെന്റ് സീറ്റില്‍ കയറിയാലും ഒരുവര്‍ഷം കഴിഞ്ഞ് കോച്ചിങ് ഫീസില്‍ സ്കോളര്‍ഷിപ്പ് ആനൂകൂല്യം ലഭിക്കുമെന്ന് അറിയാനിടയായി. ഇതിന്റെ ബലത്തില്‍ മകളുടെ സ്വപ്നത്തിന് ചിറക് കൂട്ടാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. വീടിനായി കൂട്ടിവെച്ചിരുന്ന തുകയും ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണവും കൊണ്ട് ആദ്യ വര്‍ഷത്തെ ഫീസടച്ചു. പിന്നീടാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്. രണ്ടാം വര്‍ഷത്തെ ഫീസ് അടച്ചെങ്കിലേ ആദ്യവര്‍ഷത്തെ വാര്‍ഷിക പരീക്ഷ പരീക്ഷ എഴുതാനാകൂവെന്ന അധികൃതരുടെ അറിയിപ്പ് ഇടിത്തീയായി മാറി.
ഒപ്പം ബി.പി.എല്‍ സ്കോളര്‍ഷിപ്പ് പരിഗണന കിട്ടുന്ന കാര്യം നീണ്ടുംപോയി. ഇടക്ക് വെച്ച് പിന്തിരിഞ്ഞാല് നഷ്ടപരിഹാരം നല്‍കേണ്ട 50 ലക്ഷം രൂപ എന്നത് കുടുംബത്തിന് ഉറക്കം കെടുത്തിയ രാത്രികളായി മാറി. കൊച്ചിയിലും പുറത്തുമുള്ള സുമനസ്സുകളുടെയും കൂട്ടായ്മകളുടേയും അകമഴിഞ്ഞ സഹായങ്ങൾ ഉപകാരപ്രദമായി.
കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസി ചെയ്യുകയാണ് ഫാത്തിമയിപ്പോൾ. ഒഴുക്കിനെതിരെ നീന്തി മട്ടാഞ്ചേരിയുടെ അഭിമാനമായി ഡോ. ഫാത്തിമ മാറുമ്പോൾ മാതാപിതാക്കളും ആഹ്ലാദത്തിലാണ്. സഹോദരങ്ങൾ: ഫർസാന, കുഞ്ഞുമുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

