ലോകത്തിലെ മികച്ച പത്ത് പരമ്പരാഗത വസ്ത്രങ്ങൾ
text_fieldsമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനഘടകമാണ് വസ്ത്രം. കാലം മാറിക്കൊണ്ടിരിന്നപ്പോൾ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതിഫലനമായി വസ്ത്രങ്ങൾ മാറി. ലോകത്തിന്റെ വിവിധയിടങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ ആ സമൂഹത്തിന്റെ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും മനസ്സിലാക്കാൻ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള പത്ത് പ്രശസ്തമായ പരമ്പരാഗത വസ്ത്രങ്ങളെ പരിചയപ്പെടാം.
1. കിമോണോ
ജപ്പാന്റെ പരമ്പരാഗത വസത്രമാണ് കിമോണോ വിശാലമായ കൈകളും ടി-ആകൃതിയിൽ നീളമുള്ള ഒരു പരമ്പരാഗത വസ്ത്രമാണിത്. കിമോണോയുടെ അരയിൽ ഒബി എന്നറിയപ്പെടുന്ന വിശാലമായ ബെൽറ്റ് ഉപയോഗിച്ച് ചുറ്റിക്കെട്ടിയാണ് ധരിക്കുന്നത്. സാധാരണയായി ഉയർന്ന നിലവാരമുള്ള പട്ടുകൊണ്ട് നിർമിക്കുന്ന കിമോണോകളിൽ മനോഹരവും സങ്കീർണ്ണവുമായ അലങ്കാര രൂപങ്ങൾ കാണാം. വിവാഹങ്ങൾ, ചായസൽക്കാരങ്ങൾ, ഉത്സവങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിലാണ് കിമോണോ കൂടുതലായും ധരിക്കുന്നത്. കാലാവസ്ഥ, പ്രായം, ധരിക്കുന്ന വ്യക്തിയുടെ ലിംഗഭേദം എന്നിവയെ ആശ്രയിച്ച് കിമോണോയുടെ രൂപകല്പനയിൽ വ്യത്യാസങ്ങൾ ഉണ്ടാകും.
2. സാരി
സാരി മനോഹരവും വൈവിധ്യമാർന്ന രീതിയിൽ ധരിക്കാവുന്നതുമായ ഇന്ത‍്യയുടെ പരമ്പരാഗത വസ്ത്രമാണ് സാരി. വിവിധ തുണിത്തരങ്ങളിലും അനവധി ഡിസൈനുകളിലും ലഭ്യമായ സാരികൾ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ദൈനംദിന ഉപയോഗത്തിനും പ്രത്യേക ചടങ്ങുകൾക്കും ഒരുപോലെ അനുയോജ്യമാണ്.
3. ഹാൻബോക്ക്
കൊറിയയുടെ പരമ്പരാഗത വസ്ത്രമാണ് ഹാൻബോക്ക്. തിളക്കമുള്ള നിറങ്ങളും ലളിതമായ രൂപകല്പനയുമാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്ത്രീകൾ സാധാരണയായി ജിയോഗോരി എന്ന ജാക്കറ്റും ചിമ എന്ന ഉയർന്ന അരക്കെട്ടുള്ള പാവാടയും ധരിക്കുന്നു. പുരുഷന്മാർ ബാജി എന്ന അയഞ്ഞ പാന്റാണ് ധരിക്കുന്നത്. ഉത്സവങ്ങൾ, ദേശീയ അവധിദിനങ്ങൾ, പ്രത്യേക ചടങ്ങുകൾ എന്നിവയിൽ ഹാൻബോക്ക് ധരിക്കുന്നത് കൊറിയൻ സംസ്കാരത്തിന്റെ ചാരുതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്.
4. ഡിർൻഡൽ
ജർമ്മനിയുടെയും ഓസ്ട്രിയയുടെയും ആൽപൈൻ മേഖലകളിൽ സജീവമായ പരമ്പരാഗത വസ്ത്രമാണ് ഡിർൻഡൽ. ബോഡിസ്, ബ്ലൗസ്, വിശാലമായ പാവാട, ഏപ്രൺ എന്നിവ ചേർന്നതാണ് ഈ വസ്ത്രം. ആദ്യം കർഷകരാണ് ഇത് ധരിച്ചിരുന്നത്. പിന്നീട് ഇത് ബവേറിയൻ സംസ്കാരത്തിന്റെ പ്രതീകമായി മാറി. പ്രശസ്തമായ ഒക്ടോബർഫെസ്റ്റ് ആഘോഷത്തിലാണ് ഇന്ന് ഡിർൻഡൽ കൂടുതലായി കാണപ്പെടുന്നത്.
5. കില്റ്റ്
കില്റ്റ് സ്കോട്ട്ലൻഡിലെ പുരുഷന്മാർ പരമ്പരാഗതമായി ധരിക്കുന്ന മുട്ടുവരെ നീളമുള്ള പാവാടയാണിത്. ഇത് കമ്പിളിത്തുണിയിൽ നെയ്ത ടാർട്ടൻ രൂപകല്പനയിലുള്ള തുണി ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. ഓരോ ടാർട്ടൻ ഡിസൈനും ഓരോ പ്രത്യേക ക്ലാനെയോ കുടുംബപരമ്പരയെയോ പ്രതിനിധീകരിക്കുന്നു. ഇന്ന് കില്റ്റ് പ്രധാനമായും ഔപചാരിക ചടങ്ങുകളിലും ആഘോഷങ്ങളിലും ധരിക്കുന്നുണ്ടെങ്കിലും സ്കോട്ടിഷ് പൈതൃകത്തിന്റെ അഭിമാനചിഹ്നമായി നിലകൊള്ളുന്നു.
6. ദഷിക്കി
ദഷിക്കി പശ്ചിമ ആഫ്രിക്കയിലെ നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ ധരിക്കുന്ന വർണ്ണാഭമായ അയഞ്ഞ വസ്ത്രമാണിത്. സാധാരണയായി പരുത്തിത്തുണിയിൽ നിർമിക്കുന്ന ദഷിക്കിയിൽ തിളക്കമുള്ള അലങ്കാര രൂപങ്ങൾ കാണാം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇത് ധരിക്കുന്നു.
7. ചിയോങ്സാം
ചിയോങ്സാം അഥവാ കിപാവോ ചൈനീസ് സ്ത്രീകൾ പ്രധാനമായും ഔപചാരിക ചടങ്ങുകളിൽ ധരിക്കുന്ന പരമ്പരാഗത വസ്ത്രമാണ്. ഉയർന്ന കഴുത്തും ശരീരത്തോട് ചേർന്ന രൂപകല്പനയുമാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി പട്ടുകൊണ്ട് നിർമ്മിക്കുന്ന ഈ വസ്ത്രത്തിൽ മനോഹരമായ എംബ്രോയിഡറി അലങ്കാരങ്ങൾ ഉണ്ടായിരിക്കും. ക്വിംഗ് രാജവംശത്തിന്റെ കാലഘട്ടത്തിൽ ആരംഭിച്ച ഈ വസ്ത്രം ഇന്ന് ആധുനിക ചൈനീസ് ഫാഷനിലെ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.
8. പൊഞ്ചോ
പൊഞ്ചോ ദക്ഷിണ അമേരിക്കയിലെ ആൻഡീസ് മലനിരകളിലെ തദ്ദേശവാസികൾ പരമ്പരാഗതമായി ധരിക്കുന്ന കൈകളില്ലാത്ത വസ്ത്രമാണ്. കമ്പിളിയോ മറ്റ് ചൂട് നൽകുന്ന തുണിത്തരങ്ങളോ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. തണുപ്പേറിയ മലമ്പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ പൊഞ്ചോകളിൽ സമൂഹത്തെയോ ഗോത്രത്തെയോ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപങ്ങൾ അലങ്കരിച്ചിട്ടുണ്ടാകും.
9. ബുനാഡ്
നോർവേയുടെ പരമ്പരാഗത വസ്ത്രമാണ് ബുനാഡ്. ദേശീയ ആഘോഷങ്ങൾ, വിവാഹങ്ങൾ, മാമോദീസ തുടങ്ങിയ പ്രധാന ചടങ്ങുകളിലാണ് ഇവ ധരിക്കുന്നത്. നോർവേയിലെ ഓരോ പ്രദേശത്തിനും അതിന്റേതായ പ്രത്യേക ബുനാഡ് രൂപകല്പനയുണ്ട്. അത് ആ പ്രദേശത്തിന്റെ പാരമ്പര്യത്തെയും കരകൗശല വൈദഗ്ധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. മികച്ച നിലവാരമുള്ള തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന ബുനാഡുകൾ തലമുറകളിലൂടെ കുടുംബപൈതൃകമായി കൈമാറപ്പെടാറുണ്ട്.
10. അബായ
പശ്ചിമേഷ‍്യയിലെ നിരവധി രാജ്യങ്ങളിൽ സ്ത്രീകൾ ധരിക്കുന്ന നീളമുള്ള അയഞ്ഞ കറുത്ത മേലങ്കിയാണ് അബായ. ഇത് സാധാരണയായി ഹിജാബ് എന്ന ശിരോവസ്ത്രത്തോടൊപ്പം ധരിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിലെ എളിമയും മര്യാദയുമാണ് അബായ ധരിക്കുന്നതിലൂടെ പ്രതിഫലിപ്പിക്കുന്നത്. പരമ്പരാഗതമായി ലളിതമായ രൂപത്തിലായിരുന്ന അബായകൾ ഇന്ന് മനോഹരമായ എംബ്രോയിഡറികളും അലങ്കാരങ്ങളും ഉൾപ്പെടുത്തി പാരമ്പര്യത്തെയും ആധുനിക ഫാഷനെയും സമന്വയിപ്പിച്ച രൂപങ്ങളിൽ ലഭ്യമാണ്.
പരമ്പരാഗത വസ്ത്രങ്ങൾ ഒരു സമൂഹത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തിന്റെയും മൂല്യങ്ങളുടെയും ചരിത്രത്തിന്റെയും പ്രതിഫലനമാണ്. ജപ്പാനിലെ മനോഹരമായ കിമോണോ മുതൽ പശ്ചിമ ആഫ്രിക്കയിലെ വർണ്ണാഭമായ ദഷിക്കി വരെയുള്ള വസ്ത്രങ്ങൾ ലോകത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിലേക്കുള്ള ഒരു അപൂർവ കാഴ്ചയാണ് സമ്മാനിക്കുന്നത്. ആഗോളവൽക്കരണം വ്യാപകമാകുന്ന ഇന്നത്തെ കാലത്ത്, ഇത്തരം പരമ്പരാഗത വസ്ത്രങ്ങളെ സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് അവ പ്രതിനിധീകരിക്കുന്ന സമ്പന്നമായ ചരിത്രത്തെയും പാരമ്പര്യത്തെയും ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

