Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightപതിനെട്ട്​  മുഴം നീണ്ട ...

പതിനെട്ട്​  മുഴം നീണ്ട കഥ

text_fields
bookmark_border
പതിനെട്ട്​  മുഴം നീണ്ട കഥ
cancel

പതിനെട്ട്​ മുഴത്തിൽ നീണ്ടുകിടക്കുന്ന ചേല കാണു​േമ്പാഴൊക്കെ സുറുമയെഴുതിയ കണ്ണുകളും പൊട്ടു തൊടാത്ത നെറ്റിയും അത്തറി​​​​​​​​െൻറ മണവുമാണ് ആദ്യം ഓർമയിൽ വരിക. തലവഴി വലിച്ചിട്ട തലപ്പ്‌ ഇടയ്ക്കിടെ ഊർന്നു പോകു​േമ്പാൾ വീണ്ടും വലിച്ചിടുന്ന മൈലാഞ്ചി ചോപ്പുള്ള ഒഴുകുന്ന കൈകൾ. ഒഴുകുന്ന സാരിയും, അതിലുമൊഴുക്കുള്ള മനസ്സും മുഖവും.

അന്ന് ഉടുക്കാനൊരു സാരി സ്ത്രീയുടെ മോഹമായിരുന്നു. നാട്ടില്‍ അത് ആവശ്യത്തിനില്ല. ഉള്ളതിനു വ്യത്യസ്തതകളുമില്ലാത്ത ഒരു കാലം. അക്കാലത്ത് ഒരു പെട്ടിയാണ് സാരിയോടുള്ള കേരളീയ തരുണികളുടെ മോഹം ശമിപ്പിച്ചത്. കടല്‍ കടന്നെത്തുന്ന ആ പെട്ടിതുറക്കുന്നതും കാത്ത് വീട്ടിലെ പെണ്ണുങ്ങളും ആണുങ്ങളും ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്​. ബീവിയാണ്, അധികാരമുണ്ട് എന്നുവെച്ചു തുറക്കാന്‍ പറയാനൊന്നും കഴിയില്ല. കല്ല്യാണം കഴിച്ചുകൊടുത്ത പെങ്ങന്മാര്‍ വരണം പെട്ടി തുറക്കാന്‍. അതാണ് നാട്ടുനടപ്പും ആചാരവും.

saree

തുറന്നുകഴിഞ്ഞാല്‍ ഇറങ്ങുകയായി സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന വര്‍ണ്ണപ്പകിട്ടുകള്‍. അദ്​ഭുതവ​ും ആഗ്രഹവും തിളങ്ങുന്ന കണ്ണുകളെയെല്ലാം തൃപ്തിപ്പെടുത്താനുള്ളത് അതിലുണ്ടാകും. അവിടെ പെട്ടി എപ്പോള്‍ തുറക്കും എന്ന ആകാംക്ഷയോടെ ചില പെണ്‍ കണ്ണുകള്‍ അയലത്ത് നിന്നും എത്തി നോക്കും. ഒരിക്കലും ആ കണ്ണുകള്‍ക്ക്‌ നിരാശപ്പെടേണ്ടി വന്നിട്ടില്ല. നിറങ്ങളും മണങ്ങളും ചിലപ്പോൾ രുചികൾ പോലും പു​റത്തേക്കൊഴുകിയ ഒരു മാ​ന്ത്രികപ്പെട്ടിയായിരുന്നു കടൽ കടന്നെത്തിയിരുന്നത്​.

അക്കാലങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും ഭംഗിയുള്ള മുഖങ്ങള്‍ അവരുടേതായിരുന്നു. ഒരു വമ്പന്‍ പെട്ടിയില്‍ അടുക്കിയടുക്കി നിറച്ച സമ്മാനങ്ങളും ഒലിച്ചു കിടക്കുന്ന സാരികളുടെ പറുദീസയുമായി കടല്‍ കടന്നെത്തിയവരുടെ. അവരുടെ സ്​നേഹവും ഉദാരതയും ഭംഗിപ്പെടുത്തിയ മുഖം. ഇന്നത്തെ പെരുന്നാള്‍ തലേന്നത്തെ നോമ്പുതുറയായിരുന്നു അന്നത്തെ പെട്ടിതുറ. ഇന്ന് പെരുന്നാള്‍ പകര്‍ച്ച കൊടുക്കുമ്പോലെ തന്നെ ആ പെട്ടികളിൽനിന്നും പകര്‍ച്ച പോകും. അതിനായാണ് അയല്‍വക്കത്തെ സുറുമയിടാത്ത കണ്ണുകള്‍ ആകാംക്ഷയോടെ കാത്തിരുന്നത്​.

Silk_yarn

സ്കൂളില്‍ വെച്ച് ഈ വിവരണങ്ങള്‍ കേട്ടിരിക്കുമ്പോള്‍ ഒരു മുസ്​ലിം വീടിന്‍റെ അടുത്തു താമസിക്കാന്‍ കഴിയാതിരുന്ന നിരാശ എന്നെ കീഴ്പ്പെടുത്തും. അവരില്‍ നിന്നും വരുന്ന മണങ്ങളും അവരുടെ തിളങ്ങുന്ന നിറങ്ങളുള്ള വസ്ത്രങ്ങളും എന്നെ സന്തോഷിപ്പിക്കുന്നതോടെ ആ നിരാശ തീരും. കീറി കീറി തുന്നി തിരിച്ചും മറിച്ചും ഉടുത്തു വശം കെട്ടു പോയ പരുത്തി സാരികള്‍ക്കിടയിലേക്ക് വന്ന വമ്പന്‍ വിപ്ലവമായിരുന്നു ഈ ഒഴുകിക്കിടക്കുന്ന, നിറങ്ങളുടെയും രൂപങ്ങളുടെയും വൈചിത്ര്യമുള്ള സാരികള്‍. സാരികള്‍ മാത്രമല്ല. നാടൊന്നാകെ അത്തറിൻറെയ​ും ക്യാമെ സോപ്പിന്‍റെയ​ും, യാഡ്​ലിയുടെയും മണത്തില്‍ കുളിച്ചു.

പുറത്തിറങ്ങുമ്പോള്‍ പൂശാനായി കാത്തുകാത്തു വെച്ച കുട്ടിക്യൂറ പൗഡർ മാറ്റിവെച്ച്​ അറേബ്യന്‍ മണമുള്ള പൗഡര്‍ കുറച്ചു ധാരാളിത്തത്തോടെ ഉപയോഗിക്കാന്‍ തുടങ്ങി. കുളക്കടവില്‍ നിന്നും കുറെ കാലത്തേക്ക് പാതി മുറിച്ച ലൈഫ് ബോയ്‌ നാടുകടത്തപ്പെട്ടു. പകരം കുളം വിവിധ ഗന്ധങ്ങള്‍ കൊണ്ടു നിറഞ്ഞു സമ്പന്നമായി. 'സ്നോ' എന്നറിയപ്പെടുന്ന, മുഖത്തു തോണ്ടിതേക്കുന്ന വെളുത്ത ക്രീം പൗഡറിനൊപ്പം നാട്ടിലെത്തിയത്​ ആ പെട്ടികളിൽ നിന്നായിരുന്നു. പെട്ടിതുറയോടനുബന്ധിച്ചു സംജാതമായ അന്തരീക്ഷത്തിന്​ ക്രീമി​​ന്‍റെ സമൃദ്ധിയുണ്ടായിരുന്നു.

ഞാന്‍ പറയാന്‍ വന്നത് സാരിയെ പറ്റിയല്ലേ. അതു മറന്നു. അമ്മമാരെല്ലാവരും ജാക്കറ്റും മുണ്ടും ഉടുത്തുതന്നെയായിരുന്നു നടന്നത്​. അവര്‍ പെട്ടെന്നൊന്നും സാരി തരംഗത്തില്‍ വീണില്ല. പെണ്‍കുട്ടികള്‍ വീണുപോയിട്ടുണ്ടാവാം. പാഴൂര്‍പടിപ്പുരയില്‍ പ്രശ്നം വെച്ചാലും അറിയാന്‍ കഴിയില്ല, ലോകത്തിലെ ഏറ്റവും മനോഹരമായ വേഷമെന്ന് കലാകാരന്മാര്‍ വിശേഷിപ്പിച്ച ഈ നീണ്ട തുണിയുടെ ഭാവി. ഒരു തലമുറ കൂടികഴിഞ്ഞാല്‍ എന്താകും ഇൗ തുണിയുടെ ഗതിയെന്ന്​ ആർക്കറിയാം.

SILK

പെണ്ണിനെ പെയിൻറിങ്​ പോലെ മനോഹരിയാക്കുന്ന നീളന്‍ സുന്ദരി തുണിയാണ് സാരി. സംസ്കൃതത്തില്‍ സാരി എന്നാല്‍ ഒരു കഷ്ണം തുണിയെന്നേ അര്‍ത്ഥമുള്ളു. ആ അര്‍ഥം ഭാവമനോഹരമായി തീര്‍ന്നത് ഉടുക്കുന്ന രീതിയിലും ഉടുത്തവരിലും കൂടിയാണ്. സാരിയുടെ ചരിത്രം ക്രിസ്തുവിനും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങുന്നു. സിന്ധുനദീതട സംസ്കാരം മുതലേയുണ്ട് സാരികള്‍. ചിലപ്പതികാരത്തിലും, ബാണഭട്ട​​ന്‍റെ കാദംബരിയിലും സാരിയുണ്ട്. ദേഹം, ചുമല്‍, മുഖം, ശിരസ്സ്‌ തുടങ്ങി ഓരോന്നിനെയും മറയ്ക്കുന്നത് യഥാക്രമം അവഗുന്തണ, ഉത്തരീയം, മുഖദ, ശിരോവസ്ത്ര തുടങ്ങിയവയാണ്. ഇവയുടെയെല്ലാം പണി ഒന്നിച്ചു ചെയ്യുന്ന, എല്ലാ ഭാഗത്തിനും ആവരണമാകുന്ന സാരി കൂടുതല്‍ സ്വീകാര്യമായി.

പിന്നീടത്‌ അന്തരീയ, ഉത്തരീയ, സ്ഥാനപദ എന്നു മൂന്നായി തിരിഞ്ഞു. അകത്തേക്കുള്ളതും, ദുപ്പട്ടയും ചോളിയുമായി മാറി. ആ മാറ്റങ്ങള്‍ ഓരോ സമയത്തും പുതിയ പുതിയ രൂപ ഭാവങ്ങള്‍ സ്വീകരിച്ചു. ഒരു നാടിനെ നാടാക്കുന്നത് അതിന്‍റെ ഭൂപ്രകൃതിയും കാലാവസ്ഥയും മാത്രമല്ല ഭാഷ, ഭക്ഷണം, വേഷം ഒക്കെയും ചേർന്നാണ്​. അര മറക്കാന്‍ ഒരു തോര്‍ത്തുമുണ്ട് മാത്രം ആവശ്യമുള്ള കേരളത്തിന്​ സാരിയുടെ പാരമ്പര്യം അവകാശപ്പെടാനില്ല. അത് വരവാണ്. വടക്കുനിന്നുള്ള വരവ്.

കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികളെല്ലാം, കേരളീയ​​​​​​​െൻറ ലാളിത്യത്തെയും ശുചിത്വത്തെയും എടുത്തു പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ രാജാക്കന്മാരും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. അരക്ക് മേലെ ആരും വസ്ത്രം ധരിക്കാറില്ല. ധരിക്കുന്നത് വെണ്മയാര്‍ന്നതും. നിറങ്ങള്‍ ഒക്കെ ഇവിടെ പ്രാധാന്യമുള്ള സംഗതിയല്ലായിരുന്നു. വടക്കോട്ടു ഊരുചുറ്റാന്‍ പോയി തിരിച്ചെത്തിയ കലാബോധമുള്ളവരാകും കേരളത്തില്‍ സാരി കൊണ്ടു വന്നതെന്ന് തോന്നുന്നു. അതല്ലെങ്കില്‍ നൃത്തലഹരി തലയ്ക്കു പിടിച്ചവര്‍. ഞൊറി വിരിഞ്ഞു നില്‍ക്കുന്ന ചേലയുടെ ഗാംഭീര്യം ശരിക്കു കണ്ടത് കാഞ്ചീപുരത്തെ മഹാവിഷ്ണുവിന്‍റെ ശില്പത്തിലാണ്. ആ വമ്പന്‍ ശിൽപത്തില്‍ വിഷ്ണു ഒരു കാല്‍ പൊക്കി നില്‍ക്കുന്നിടത്ത് ആ ഞൊറിവ് വിരിഞ്ഞു നില്‍ക്കുന്നത് അതിഗംഭീരമായ അനുഭവമാണ്.

പട്ടുസാരിക്ക് പേരു കേട്ടത് കാഞ്ചീപുരം തന്നെ, രണ്ടായി നെയ്താണ് അത് കൂട്ടി ചേര്‍ക്കുന്നത്. തലഭാഗവും ഉടല്‍ ഭാഗവും. പൂക്കളും മൃഗങ്ങളും അമ്പലശിൽപങ്ങളും എല്ലാം നെയ്ത്തില്‍ കടന്നു വരും. തെക്ക് കാഞ്ചീപുരമാണെങ്കില്‍ വടക്കു ബനാറസ്. നില്‍ക്കുന്നില്ല ചന്ദേരി, പോച്ചംപുള്ളി, നാരായണ്‍ പട്ടു, മഹേശ്വരി. അതങ്ങനെ നീളുന്നു. ഓരോ നാടിനും സ്വന്തം നൃത്ത രൂപങ്ങളുള്ളതുപോലെ സാരികളും ഉണ്ടെന്നു തോന്നുന്നു. ഉടുക്കുന്നതിന്റെ രീതികളും. ഗുജറാത്ത്, നേപ്പാള്‍, മഹാരാഷ്​ട്ര, കൊടക്, മണിപ്പൂരി, ഖാസി ... അങ്ങനെ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഇന്ത്യ കഴിഞ്ഞു ബംഗ്ലാദേശും പാക്കിസ്ഥാനും നേപ്പാളും വരെ നീളുന്നു വ്യത്യസ്തമായ ഉടുരീതികള്‍.

പതിനെട്ടുമുഴം ചേല ചുറ്റുന്നതും അങ്ങനെയല്ലാതെ ചുറ്റുന്നതുമായി അത് വംശ, ദേശമനുസരിച്ച് മാറുന്നു. ഗോത്ര വിഭാഗങ്ങള്‍ തൊട്ടു ബ്രാഹ്മണ വര്‍ഗങ്ങള്‍ വരെയും, പ്രകടമായ മാറ്റം കാണിക്കുന്നു. പാട്ടില്‍ കേട്ട പൂക്കുല ഞൊറി വച്ചുടുക്കലും, ഞൊറിവില്ലാതെ വെറുതെ ചുറ്റിയെടുക്കുന്നതും ആയി അത് പരന്നു കിടക്കുന്നു. ഇന്നത്തെ രീതിയിലുള്ള സാരിയുടുക്കല്‍ തുടങ്ങിയത് ടാഗോര്‍ കുടുംബത്തില്‍ നിന്നാണ്. രവീന്ദ്രനാഥ ടാഗോറിൻ​െറ സഹോദരന്‍ സത്യേന്ദ്രനാഥിൻറെ ഭാര്യയായ ജ്ഞാനദനന്ദിനി ബോംബെയില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ രീതി പരിഷ്കരിച്ചു. ആ കാവ്യകുടുംബം സാരി ഉടുക്കുന്നതിലും കാവ്യാത്മകത കൊണ്ടുവന്നു. ഉടുക്കുന്നതി​​​​​​​െൻറ സൗന്ദര്യം അതഴിക്കുന്നതിലുമുണ്ട്. വിവാഹ ദിനങ്ങളില്‍ ഊഷ്മളമായ രാവുകളിലൊന്നില്‍ ഏതെങ്കിലുമൊരു കമിതാവ് സാരിയഴിക്കുന്നതിലെ സൗന്ദര്യത്തെയും പ്രണയത്തെയും കാമത്തെയും കുറിച്ചു പറഞ്ഞിരിക്കും. അത് കേട്ട് മുഗ്ദ്ധമായ ഒരു വദനം ലജ്ജാഭരിതമായി താഴ്ന്നിരിക്കും.

ഒരു മൃദു മേനിയില്‍ ഒഴുകികിടക്കുന്ന സാരികളിലാണ്‌ കാല്‍പനിക വസന്തം ഒഴുകിയണയുന്നത്. സംഗതിയൊക്കെ ഒന്നാണെങ്കിലും ചേലയെന്നു പറയുന്നിടത്താണ് ഒരു അരുമഭാവം തോന്നുക. ഒരു ദ്രാവിഡ പഴമ പൊഴിയും. പുടവയെന്നുച്ചരിക്കുമ്പോള്‍ തന്നെ ഗംഭീരമായ ഒരന്തരീക്ഷം മുമ്പില്‍ തെളിയും. ഉടുക്കുന്നതി​​​​​​​െൻറ ഗോത്രപ്പെരുമ കണ്ടിട്ടുള്ളത് കല്ലുടയ്​ക്കാനെത്തുന്നവരിലും കൈ നോക്കുന്ന കുറത്തികളിലുമാണ്. മെയ് വഴക്കമുള്ള മേനിയെ ചുറ്റിക്കിടക്കുന്ന അഴക്‌ കല്‍ക്കരുത്തുള്ള മേനിയെ പൊതിയുമ്പോള്‍ ഒരു രൗദ്രഭാവം വരുന്നുണ്ടതിന്. നൃത്തവേദികളില്‍, നൃത്തത്തിനനുസരിച്ചു മാറുന്ന സാരിയുടെ ഉടുത്തു കെട്ടുകള്‍ ലാസ്യ ചാരുത നിറയ്ക്കും. വശ്യതയും അതിവശ്യതയും, ഭീഷണതയും മാറി മാറി കടന്നു വരും.

സാരികള്‍ എത്ര വിധത്തിലാണുള്ളത്? കട്ടയ്​ക്കു കട്ട നില്‍ക്കുന്ന കോട്ടണ്‍ സാരികള്‍. കഞ്ഞിപശയിട്ടു തേച്ചു മിനുക്കിയ ആ സാരികള്‍ യാഥാര്‍ഥ്യബോധമുള്ള ഏതൊരു സ്ത്രീക്കും ചേരുന്നതാണ്, കണ്ടാല്‍ ഒന്നെഴുന്നേറ്റു നിന്നു ബഹുമാനിക്കാന്‍ തോന്നും. ഗൗരവവും പ്രൗഢിയും കാണിക്കുവാന്‍ അതിലും മികച്ച ഒന്നില്ല. മുല്ലപ്പൂവും വെച്ചു പട്ടുടുത്തു നിന്നാല്‍ ഒരു വീണ കച്ചേരിയുടെ ഓര്‍മ വരും. ഒരു സംഗീതാത്മകത തുളുമ്പും അപ്പോൾ. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തു നിന്നും വന്ന വലപോലുള്ള കോട്ട സാരികള്‍, പ്രിയങ്കരിയായ പത്നിക്ക്‌ ചൂടുകാലത്ത് ഉടുക്കാന്‍ രാജാവ് സമ്മാനിച്ചതാണ്‌. ഒര്‍ഗണ്ടി സാരി പോലെയൊക്കെ മെലിഞ്ഞ ശരീരത്തെ പൊന്തിച്ചു നിര്‍ത്തുന്ന സാരി.

എന്താ നമ്മുടെ സെറ്റു സാരി മോശമാണോ?
സാരി ധരിക്കുന്ന ഒരു ദേശത്ത് തപ്പിയാലും നമ്മുടെ സെറ്റു മുണ്ട് കിട്ടില്ല, ശുഭ്രം, ലളിതം, ഉഷ്ണനിഷേധി. ആന്ധ്രയിലെ നിവിസാരിക്കു പെരുമ കിട്ടിയത് രാജാരവിവര്‍മയുടെ ചിത്രങ്ങളിലൂടെയാണ്. ഒഴുകിക്കിടക്കുന്ന, നിവി സാരികള്‍ക്ക് തുടക്കമിട്ടത് ആന്ധ്രയിലെ മഹാറാണിയായിരുന്ന ഇന്ദിരാദേവിയാണ്. അതിസുന്ദരിയായ ഇന്ദിരാദേവി, ഭര്‍ത്താവിന്‍റെ മരണശേഷം, ഉടുത്തിരുന്ന വെളുത്ത സാരികള്‍ ഫ്രാന്‍സില്‍ നിന്നും വരുത്തിയിരുന്നതായിരുന്നു. ഒരുകാലം കേരളം ഷിഫോണി​​​​​​​െൻറ പിടിയിലായിരുന്നു. ഗാര്‍ഡന്‍ സാരികള്‍ ആയിരുന്നു അക്കാലത്തു സാരിപ്രിയരുടെ ഹരം.

ലോകം മുഴുവന്‍ കേളികേട്ടിരുന്ന ധാക്ക മസ്​ലിൻ. ബംഗാളി നെയ്ത്തുകാര്‍ കൈകൊണ്ടു നെയ്യുന്ന നേര്‍ത്ത ആ സാരി ഒരു ഓടക്കുഴലിനുള്ളില്‍ കൊള്ളുമായിരുന്നു. ബ്രിട്ടീഷുകാരുടെ അത്യസഹ്യമായ പീഡനവും അപമാനവും സഹിക്കവയ്യാതെ പെരുവിരല്‍ മുറിച്ചുകളഞ്ഞു, നഗോഡകളെന്ന ആ ബംഗാളി നെയ്ത്തുകാര്‍. മാര്‍ക്കണ്ഡേയ മുനിയാണ് നെയ്ത്തുകാരുടെ ആചാര്യന്‍. താമരനൂലില്‍ നിന്നുമാണ് മുനി നെയ്ത്തു തുടങ്ങിയത്. ദേവന്മാര്‍ക്കായി നെയ്ത താമരത്തുണികള്‍. ഓര്‍ത്തുനോക്കിയാല്‍ മനോഹരമായ കാഴ്ച. നിറം ചേര്‍ത്ത താമരത്തുണികള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ദേവന്മാരും ദേവികളും. ആ ഷോപ്പിംഗ്‌ മാള്‍ കാണേണ്ടതു തന്നെ ആയിരിക്കും.

സാരികള്‍ രൂപം കൊണ്ടതിനു പിന്നിലെ ഒരു ആത്മീയ വിചാരം കേള്‍ക്കാം. നാട്യ ശാസ്ത്രത്തില്‍ നാഭിച്ചുഴി മറയ്ക്കണം എന്നാണ്. പൊക്കിള്‍ ജീവിതത്തി​​​​​​​െൻറയ​ും സര്‍ഗശേഷിയുടെയും കേന്ദ്രമാണ്. പുരിക നടുവില്‍ ചന്ദനം തൊടുന്നതി​​​​​​​െൻറ മറ്റൊരു സംഭവം. നാഭിയെക്കുറിച്ചും അതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും സംശയമുള്ളവര്‍ ഓഷോയെ കേള്‍ക്കുക, വിശദമായി തന്നെ ഓഷോ ഇതേപ്പറ്റി പറയുന്നുണ്ട്. അങ്ങോട്ട്‌ പോകണമെന്നില്ലെങ്കില്‍ തന്ത്രയില്‍ നോക്കുക. സംശയമില്ലെങ്കില്‍ മിണ്ടാതിരിക്കുക. നാഭി മറക്കാന്‍ വന്ന സംഭവം നാഭിയെ എത്രമാത്രം മനോഹരമായി പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിക്കാം എന്നായി. ഒാർത്താൽ ഒക്കെ ഓരോ തമാശ തന്നെ.

Show Full Article
TAGS:Saree Silk Kanchipura Set Saree fashion trends lifestyle malayalam news 
Next Story