ആലപ്പുഴയിലെ തറികളിൽനിന്ന് മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലേക്ക്: ഇത് ‘നെയ്ത്തി’ന്റെ കഥ പറയുന്ന പരവതാനികൾ...
text_fieldsന്യൂയോർക്കിലെ മെറ്റ് മ്യൂസിയത്തിൽ ഹോളിവുഡ് താരങ്ങളും ലോകത്തെ ഏറ്റവും വലിയ ഡിസൈനർമാരും അവരുടെ സ്വപ്നവസ്ത്രങ്ങളണിഞ്ഞു വരുന്നു. കാമറകൾ മിന്നുന്നു, ലോകം അവരെ ഉറ്റുനോക്കുന്നു. ഓരോ താരവും തങ്ങളുടെ വസ്ത്രങ്ങൾ മണിക്കൂറുകളെടുത്ത് മോടികൂട്ടുമ്പോൾ അവർ നടന്നുകയറുന്ന വഴികൾക്കും അത്രതന്നെ ഭംഗിവേണ്ടേ? ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ മാമാങ്കത്തിനായി വിരിച്ച കൂറ്റൻ പരവതാനികൾക്ക് പിന്നിൽ ഒരു കഥയുണ്ട്.
അവ നെയ്തെടുത്തത് ഇങ്ങ് ആലപ്പുഴയിൽനിന്നാണ്, ‘നെയ്ത്തി’നുകീഴിൽ. ശിവൻ സന്തോഷും ഭാര്യ നിമിഷ ശ്രീനിവാസും ചേർന്ന് കേരളത്തിന്റെ തറികളിൽനിന്ന് തുടങ്ങിയ യാത്ര ഇന്ന് മെറ്റ് ഗാല വരെ എത്തിനിൽക്കുകയാണ്. നൂറ്റാണ്ടുകളുടെ നെയ്ത്ത് പാരമ്പര്യവും ഇന്ത്യൻ കരകൗശലത്തിന്റെ ആത്മാവും ഒരു നൂലിൽ കോർത്ത് ലോക നെറുകയിലേക്ക് എത്തിനിൽക്കുമ്പോൾ നെയ്ത്ത് എന്ന ബ്രാൻഡിനും ചില കഥകൾ പറയാനുണ്ട്. ആ കഥ നെയ്ത്തിന്റെ അമരക്കാരനായ ശിവൻ സന്തോഷ് പറയുന്നു...
കേരളത്തനിമ
കച്ചവട ലാഭം മാത്രം ലക്ഷ്യമിട്ടൊരു സംരംഭമല്ല ‘നെയ്ത്ത്’. അത് കേരളത്തനിമയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെയും ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്തുന്ന ആഴമേറിയ ഒരു സാംസ്കാരിക ദൗത്യം കൂടിയാണ്. നാല് തലമുറകളുടെ സ്നേഹവും അധ്വാനവും ഒപ്പമുള്ള ഒരു കുടുംബത്തിന്റെ കൂട്ടായ പരിശ്രമമാണിത്.
ഇന്ത്യയിലെ കയർ വ്യവസായം ഒരു കാലത്ത് വലിയ പ്രതിസന്ധികളും തകർച്ചയും നേരിട്ടിരുന്നു. ആലപ്പുഴയുടെ കയർ ഗ്രാമങ്ങളിൽ പണിശാലകൾ പൂട്ടിപ്പോവുകയും തൊഴിലാളികൾ പട്ടിണിയിലാവുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. ആ ഇരുണ്ട കാലഘട്ടത്തിൽ നിന്ന് തറികളെയും പരമ്പരാഗത നെയ്ത്തുകാരെയും കൈപിടിച്ചുയർത്തി, അവരുടെ തൊഴിലിന് അന്താരാഷ്ട്ര തലത്തിൽ പുതിയൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുക്കാൻ ഇത്തരം സംരംഭങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 40 ശതമാനത്തോളം സ്ത്രീകളാണ് നെയ്ത്തിൽ ജോലി ചെയ്യുന്നത്. ഇതിലൂടെ അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും നൽകാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.
കാർപെറ്റ് എന്നത് വീടിന്റെ അല്ലെങ്കിൽ ഒരു വലിയ വേദിയുടെ ആത്മാവ് കൂടിയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയുടെ പരവതാനി നിർമാണ രംഗത്തേക്ക് കേരളത്തിന്റെ തനതായ കയർ-ഹൈബ്രിഡ് നെയ്ത്ത് പാരമ്പര്യത്തെയും സാങ്കേതിക മികവിനെയും വിജയകരമായി സംയോജിപ്പിച്ചാണ് ശിവൻ സന്തോഷും നിമിഷ ശ്രീനിവാസും ‘നെയ്ത്ത്’ എന്ന ബ്രാൻഡിനെ ആഗോള ശ്രദ്ധയിലേക്ക് എത്തിച്ചത്.
ശിവൻ സന്തോഷ്
ആലപ്പുഴയിലെ ആഗോള ബ്രാൻഡ്
1917ൽ കെ. വേലായുധൻ തുടങ്ങിയ ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ് കമ്പനിയാണ് ‘നെയ്ത്തി’ന്റെ അടിസ്ഥാനം. പിന്നീട് അത് ലോകമെമ്പാടും റഗ്ഗുകളും കാർപെറ്റുകളും കയറ്റിയയക്കുന്ന വലിയൊരു സംരംഭമായി വളർന്നു. 2000ത്തിലാണ് സന്തോഷ് വേലായുധൻ എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാർപെറ്റ് മേഖലയിൽ നെയ്ത്ത് ‘എക്സ്ട്രാവീവ്’ ഒരു സ്ഥാനം ഉണ്ടാക്കിയിട്ടുണ്ട്. അയർലൻഡിൽനിന്നുള്ള സ്പിന്നിങ് ഉപകരണങ്ങൾ, ഇറ്റലിയിൽ നിന്നുള്ള ഡൈയിങ് മെഷീൻ, അമേരിക്കയിൽ നിന്നുള്ള കോട്ടിങ് മെഷീൻ, ബെൽജിയത്തിൽനിന്നുള്ള നെയ്ത്ത്, ഫിനിഷിങ് മെഷീനറി എന്നിവയാണ് എക്സ്ട്രാവീവിൽ ഉള്ളത്. ഇത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ കഴിഞ്ഞ 20 വർഷമായി അന്താരാഷ്ട്ര റീട്ടെയിലർമാർക്ക് മനോഹരമായ റഗ്ഗുകളും കാർപെറ്റുകളും എക്സ്ട്രാവീവ് കയറ്റിയയക്കുന്നു.
108 വർഷത്തെ പാരമ്പര്യമുള്ള ഫാമിലി ബിസിനസിന്റെ നാലാം തലമുറയാണ് ശിവൻ സന്തോഷ്. എൻജിനീയറിങ് ബിരുദത്തിനുശേഷം രണ്ടര വർഷം സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്ത അദ്ദേഹം, അമേരിക്കയിൽനിന്ന് എം.ബി.എ പൂർത്തിയാക്കി 2019ലാണ് കുടുംബ സംരംഭത്തിലേക്ക് എത്തുന്നത്. ഫാമിലി ബിസിനസിൽ തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് നെയ്ത്തിലേക്ക് എത്തിച്ചതെന്ന് ശിവൻ സന്തോഷ് പറയുന്നു. കാർപെറ്റ് മേക്കിങ് നോർത്ത് ഇന്ത്യയിൽ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അത് ആലപ്പുഴയുമായി ബന്ധിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. കേരളത്തിന് പറ്റിയ ഒരു പേര് വേണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ‘നെയ്ത്തി’ലേക്ക് എത്തുന്നത്.
കഥപറയുന്ന പരവതാനികൾ
‘‘ഉത്തരേന്ത്യൻ ബ്രാൻഡുകൾ മാത്രം ആധിപത്യം പുലർത്തിയിരുന്ന ആഗോള ആഡംബര കാർപെറ്റ് വിപണിയിലേക്ക് ദക്ഷിണേന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ കരകൗശലവും തനിമയും എത്തിക്കുക എന്നതാണ് നെയ്ത്തിന്റെ പ്രധാന ലക്ഷ്യം. സൗത്ത് ഇന്ത്യൻ എലമെന്റ്സിനെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. 2020 അവസാനത്തിൽ ‘നെയ്ത്ത്’ എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്ത് പുതിയ കഥകൾ പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യയിലെ വിവിധ കലകളെയും കരകൗശലങ്ങളെയും റഗ്ഗുകളിലൂടെ എങ്ങനെ കാണിക്കാൻ കഴിയും എന്നതിലാണ് ഫോക്കസ്. നല്ലൊരു നാളെയെ കുറിച്ചാണ് ചിന്ത. അതുകൊണ്ടുതന്നെ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ഓരോന്നും നിർമിക്കുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ളതല്ല ഇവ. വർഷങ്ങളോളം നിലനിൽക്കുന്നതും പിന്നീട് റീസൈക്കിൾ ചെയ്യാവുന്നതുമാണ്’’-ശിവൻ സന്തോഷ് പറയുന്നു.
നിറങ്ങളുടെ മെറ്റ് ഗാല
ഫാഷൻ ലോകത്തെ ഏറ്റവും തിളക്കമാർന്ന വേദിയാണ് മെറ്റ് ഗാല. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ ആഡംബര ചടങ്ങ് നടക്കുന്നത്. ഓരോ വർഷവും മെറ്റ് ഗാലക്ക് പ്രത്യേക തീമുകൾ ഉണ്ടായിരിക്കും. താരങ്ങൾ ഈ തീമിനെ അടിസ്ഥാനമാക്കിയുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഈ ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ റെഡ് കാർപെറ്റ് ഒരുക്കാനുള്ള അവസരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ‘നെയ്ത്ത്’ ബ്രാൻഡിനാണ്. 2022, 2023, 2025, 2026 മെറ്റ് ഗാലയുടെ പരവതാനിക്കുപിന്നിൽ കഴിഞ്ഞ നാലുവർഷമായി നെയ്ത്തിന്റെ കരുത്തുണ്ടായിരുന്നു.
മെറ്റ്ഗാല തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നു. ഞങ്ങളുടെ ഒരു ലോങ് ടേം കസ്റ്റമർ വഴിയാണ് ഈ വലിയ അവസരം തേടിയെത്തിയത്. വിവിധ ഘട്ടങ്ങളിലായുള്ള പരിശോധനകൾക്കും വിലയിരുത്തലുകൾക്കുംശേഷം ഡിസൈൻ അപ്രൂവ് ചെയ്തപ്പോഴാണ് ഞങ്ങളുടെ കാർപെറ്റ് മെറ്റ് ഗാലയിലേക്കാണ് പോകുന്നതെന്ന് അറിയുന്നത്. തൊഴിലാളികൾക്ക് മെറ്റ് ഗാല എന്താണെന്നുപോലും വലിയ ധാരണയുണ്ടായിരുന്നില്ല. എന്നാൽ, അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞപ്പോൾ അതവർക്കും വലിയൊരു അഭിമാന നിമിഷമായി മാറി. ഒപ്പം ഞങ്ങളുടെ സന്തോഷവും ഇരട്ടിച്ചു. തുടർച്ചയായി നാലാമത്തെ വർഷമാണ് ഞങ്ങൾ മെറ്റ് ഗാലക്കായി പരവതാനി ഒരുക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ആ ഫാഷൻ രാവുകൾക്ക് അടിത്തറയിടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.
മഡഗാസ്കറിലെ ഫൈബർ
ഈ പ്രോജക്ടിനായി ആകെ 6,840 സ്ക്വയർ മീറ്റർ വരുന്ന 4x30 മീറ്റർ വീതമുള്ള 58 റോളുകളാണ് ഞങ്ങൾ അയച്ചത്. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി ഏകദേശം 480 പേർ 90 ദിവസത്തോളം ജോലി ചെയ്താണ് ഇത് പൂർത്തിയാക്കിയത്. ലൈറ്റ് കളർ ആയിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. അഗാവേ ഇനത്തിൽപ്പെട്ട ചെടികളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ‘സൈസൽ’ നാരുകൾ ഉപയോഗിച്ചാണ് കാർപെറ്റുകൾ നിർമിക്കുന്നത്. വെളുത്ത നിറത്തിലുള്ള ഏറ്റവും മികച്ച സൈസൽ ഫൈബറുകൾ കിട്ടുന്നത് മഡഗാസ്കറിൽ നിന്നാണ്. അവ നീളമുള്ളതും നിറം കൂടുതൽ ശുദ്ധവുമാണ്. അത്തരം ഫൈബർ ഇംപോർട്ട് ചെയ്യേണ്ടിവന്നു. ഈ റോളുകൾ പിന്നീട് ന്യൂയോർക്കിലേക്ക് എത്തിച്ചാണ് പെയിൻറ് ചെയ്ത് പൂർത്തിയാക്കിയത്.
യൂനീക്ക് കലക്ഷൻസ്
കേരളത്തിൽ നിന്നുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ ദക്ഷിണേന്ത്യയുടെ പല ഡിസൈൻ എലമെന്റ്സും പുറത്ത് എവിടെയും കാണിക്കുന്നില്ല. അവ ദക്ഷിണേന്ത്യയിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഞങ്ങളുടെ പല കലക്ഷനുകളും കേരളത്തിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ഡിസൈനുകളിൽ പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണ്. കേരളത്തിന്റെ കൾചർ എലമെന്റ് മിക്ക പ്രോഡക്ട്സുകളിലും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയെ അടിസ്ഥാനമാക്കി ഒരു കലക്ഷൻ ചെയ്തിരുന്നു. വള്ളം തുഴയുമ്പോൾ എന്താണ് പ്രധാനം എന്ന് ചോദിച്ച് മനസ്സിലാക്കിയാണ് അത് ചെയ്തത്. ഇതിന് 2023ലെ ഡി.എൻ.എ പാരിസ് ഡിസൈൻ അവാർഡ് കിട്ടിയിരുന്നു. ഇക്കോ ഡിസൈൻ വിഭാഗത്തിലാണ് ഈ നേട്ടം. അതുപോലെ ഓലക്കളിപ്പാട്ടം, ആറന്മുള ക്കണ്ണാടി അങ്ങനെ കുറെ കേരള എലമെന്റ്സ് റഗ്സിൽ പരീക്ഷിച്ചിട്ടുണ്ട്.
ബിദ്രി റഗ്ഗിലെ ‘അഫ്താബി’ ഉൽപന്നത്തിന് 2023ലെ യൂറോപ്യൻ പ്രൊഡക്ട് ഡിസൈൻ അവാർഡ് ലഭിച്ചിരുന്നു. ബീദറിന്റെ പൗരാണിക ലോഹക്കലയായ ‘ബിദ്രിവേർ’ മാതൃകയാക്കി രൂപകൽപന ചെയ്തതാണ് ഈ കലക്ഷൻ. പരിസ്ഥിതിക്ക് ഇണങ്ങുന്ന സുസ്ഥിര വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഇതിൽ, സൈസാൽ നാരുകളോടൊപ്പം കൈകൊണ്ട് നൂറ്റെടുത്ത വെള്ളിസരിയും ഉപയോഗിച്ചിരുന്നു.
ബാലൻസ്ഡ് വർക്ക് ലൈഫ്
‘ഞാൻ റഗ്സ് ഉണ്ടാക്കുന്നതിന്റെ ഇടയിലാണ് വളർന്നുവന്നത്. സോഫ്റ്റ്വെയർ എൻജിനീയർ ആയിരുന്നു. അതിനുശേഷം എം.ബി.എ മാർക്കറ്റിങ് ആൻഡ് എൻട്രപ്രണർഷിപ് ചെയ്തു. ഭാര്യ നിമിഷയാണ് ‘നെയ്ത്തിൽ’ ഡിസൈൻ ഹെഡ് ചെയ്യുന്നത്. ഞങ്ങൾക്ക് രണ്ടു കുട്ടികളാണ്. ഞങ്ങൾ രണ്ടുപേരും ഒരേ ബിസിനസിൽ ഉള്ളതുകൊണ്ട് വർക്ക് ലൈഫ് ബാലൻസ്ഡാണ്. വീട്ടിൽ വരുമ്പോൾ ജോലി കാര്യങ്ങൾ പറയാതിരിക്കാൻ കഴിവതും നോക്കും’. എങ്കിലും പൂർണമായും നടപ്പാക്കാൻ പറ്റാറില്ലെന്ന് സന്തോഷ് പറയുന്നു.
ഭാര്യക്കൊപ്പം
8,000 മുതൽ 5 ലക്ഷം രൂപ വരെ
ഏകദേശം 850 തൊഴിലാളികൾ നെയ്ത്തിലുണ്ട്. അതിൽ 40 ശതമാനം സ്ത്രീകളാണ്. കാർപെറ്റിന്റെ ഓരോ പ്രോസസിനും സമയമെടുക്കും. നോർമൽ കാർപെറ്റിന് 14-16 ദിവസങ്ങൾ ആണെങ്കിൽ മെറ്റ് ഗാലയിൽ വരുമ്പോൾ 60 മുതൽ 80 ദിവസങ്ങൾ വരെ വേണ്ടിവരും. കാർപെറ്റ് കൂടാതെ വോൾകവറിങ് ചെയ്യുന്നുണ്ട്. റഗ്സ് കൊണ്ട് ആർട്ട് വർക്കുകൾ ഉണ്ടാക്കുന്നുണ്ട്.
ഇവിടെ കാർപെറ്റ് ക്ലീനിങ് സർവിസുകളും ലഭ്യമാണ്. നെയ്ത്തിൽ എല്ലാ റേഞ്ചിലുമുള്ള കാർപെറ്റുകളുണ്ട്. 8,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ വിലയുള്ളവ ഇതിൽ പെടുന്നു. ഹാൻഡ് നോട്ട് കാർപെറ്റുകളാണെങ്കിൽ ഓരോ കുരുക്കും കൈകൊണ്ട് ചെയ്യുന്നതാണ്. അതിനനുസരിച്ച് വിലയും കൂടും. ഇവ ദീർഘകാലം ഈടുനിൽക്കുന്നതാണ്. ഒരു ഹാൻഡ് നോട്ട് റഗ് നിർമിക്കാൻ അഞ്ചാറു മാസമെടുക്കും. നാച്വറൽ ഫൈബറുകളും സിന്തറ്റിക്കും ഇവയുടെ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവിടെ ഓരോ കാർപെറ്റും വെറുതെ പ്രദർശിപ്പിക്കുകയല്ല ചെയ്യുന്നത്, മറിച്ച് അവ ഓരോന്നായി അനുഭവിച്ചറിയാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിടുക്കമില്ലാതെ സാവധാനം കണ്ടറിഞ്ഞ് ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

