സന്ദർശകരെ ആകർഷിച്ച് ഗോൾഡ് എക്സിബിഷൻ
text_fieldsഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ച ഗോൾഡ് എക്സിബിഷനിൽ പ്രദർശിപ്പിച്ച ആഭരണങ്ങൾ
കുവൈത്ത് സിറ്റി: 18ാമത് അന്താരാഷ്ട്ര സ്വർണ, ആഭരണ പ്രദർശനത്തിന് തുടക്കം. കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ച പ്രദർശനത്തിൽ 200ലധികം പ്രാദേശിക, അന്തർദേശീയ വിൽപനക്കാരുടെ പങ്കാളിത്തമുണ്ട്.
ആഭരണങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഏറ്റവും വലിയ അന്താരാഷ്ട്ര എക്സിബിഷനുകളിൽ ഒന്നാണിത്. വ്യവസായികൾക്കും സംരംഭകർക്കും അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള മികച്ച അവസരം പ്രദർശനം ഒരുക്കുന്നു. പുതിയ മോഡലുകളുടെ പ്രദർശനം, വൈദഗ്ധ്യം കൈമാറൽ എന്നിവക്കും മേള സാക്ഷിയാകുന്നു.
ബുധനാഴ്ച ആരംഭിച്ച മേളയിൽ ഇതിനകം ആയിരങ്ങൾ സന്ദർശിച്ചു. ആഭരണങ്ങൾ വാങ്ങുന്നതിനൊപ്പം ആഭരണങ്ങളെക്കുറിച്ചുള്ള അറിവ് നേടാനും പുതിയ ഡിസൈനുകൾ കാണാനും കൂടിയാണ് ജനങ്ങൾ എത്തുന്നത്.

