Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightപര്‍ദ്ദയഴക്...

പര്‍ദ്ദയഴക്...

text_fields
bookmark_border
പര്‍ദ്ദയഴക്...
cancel

യാഥാസ്ഥിതികതയുടെ മുഖമായി ഇറങ്ങി അലസ സൗന്ദര്യത്തിന്റെ ഭാഗമായി മാറിയ വസ്ത്രമാണ് പര്‍ദ്ദ. കറുത്ത നിറത്തില്‍ ശരീരമാകെ മറയ്ക്കുന്ന വസ്ത്രം എന്നതിനപ്പുറം അടുത്തകാലം വരെ പര്‍ദ്ദയ്ക്ക് സാധ്യതകളുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പര്‍ദ്ദയെന്നാല്‍ കറുത്ത നിറം എന്ന പതിവ് സ്റ്റൈല്‍ മാറി, ബഹുവര്‍ണത്തിലും ചിത്രപ്പണികളിലും പര്‍ദ്ദകള്‍ എത്താന്‍ തുടങ്ങി. പാരമ്പര്യവും മതവ്യവസ്ഥകളും കാത്തുസൂക്ഷിച്ചുകൊണ്ട് കാലത്തിനനുസിച്ച് വസ്ത്രധാരണത്തിലും മാറ്റാന്‍ വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാറികൊണ്ടിരിക്കുകയാണ് ഇന്നത്തെ പര്‍ദ്ദ വിപണി.
വിശ്വാസങ്ങള്‍ക്ക് മങ്ങലേല്‍ക്കാതെ, പര്‍ദ്ദയ്ക്കുള്ളില്‍ ഒളിപ്പിച്ച സൗന്ദര്യ ബോധത്തെ വൈവിധ്യമാര്‍ന്ന വസ്ത്രസങ്കല്‍പങ്ങളിലേക്ക് മാറ്റിയിരിക്കുന്നതാണ് വിപണി.
ഒരു കറുത്ത കുപ്പായവുമിട്ട് കല്യാണത്തിനും മരണത്തിനുമടക്കം എല്ലാപരിപാടികള്‍ക്കും പങ്കെടുക്കുകയെന്നതില്‍ നിന്ന് മാറി കല്യാണത്തിണിയാന്‍ ഒരു പര്‍ദ്ദ, കല്യാണപ്പെണ്ണിനൊന്ന്, മറ്റു പരിപാടികള്‍ക്ക് വേറൊന്ന് എന്നിങ്ങനെ പര്‍ദ്ദയിലെ വൈവിധ്യങ്ങള്‍ മനംമയക്കുന്നവയാണ്.

ഒഴുക്കന്‍ കറുത്ത കുപ്പായത്തില്‍ നിന്ന് മനോഹര ഡിസൈനുകളിലിറങ്ങുന്ന പര്‍ദ്ദകളിലെത്തിയിരിക്കുകയാണ് യുവത്വം. പര്‍ദ്ദയെന്നാല്‍ കറുപ്പ് എന്ന സാമാന്യ ബോധത്തെ മാറ്റിപ്പിടിക്കാന്‍ പക്ഷേ, വിപണി തയ്യാറായിട്ടില്ല. പല നിറങ്ങളിലും പര്‍ദ്ദകള്‍ ഇറങ്ങുന്നുണ്ടെങ്കിലും കറുപ്പിനാണ് ഡിമാന്‍്റ്. കറുപ്പില്‍ വ്യത്യസ്ത വര്‍ണങ്ങള്‍ ചേര്‍ന്ന പര്‍ദ്ദകള്‍ ആകര്‍ഷകമാണ്. 500 മുതല്‍ 5000 രൂപ വരെയാണ് വില.

കറുത്ത പര്‍ദ്ദയുടെ ഒരു വശത്ത് മുഴുനീളത്തില്‍ കടുംചുവപ്പ് ബോര്‍ഡറും അതിനിരുവശത്തും പൊട്ടുപോലെ വെള്ളക്കല്ലുകളും പതിച്ച് -'നിത-' മെറ്റീരിയലില്‍ തിളങ്ങുന്ന പര്‍ദ്ദ ആരുടെയും മനം മയക്കും. കനം കുറഞ്ഞ് സില്‍ക്കിനോട് സാമ്യമുള്ള തിളങ്ങുന്ന മെറ്റീരിയലാണ് നിത.

വിപണിയില്‍ ഇന്ത്യന്‍ പര്‍ദ്ദകളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത് ദുബൈയില്‍ നിന്നുള്ള ഡിസൈനുകളാണ്. രസകരമായ ബ്രാന്‍്റ് നെയിമുകളാണ് പര്‍ദ്ദകള്‍ക്ക്. 2000-2500 രൂപ വരുന്ന -'ഇന്‍്റര്‍നെറ്റ്-' എന്ന ബ്രാന്‍്റ് പര്‍ദ്ദ അണിയാന്‍ ആരും കൊതിക്കും. അഞ്ചുവര്‍ഷം വരെ ഇതിന്റെനിറം പോലും മങ്ങുകയില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു തരുന്നു. സില്‍ക്കി മോഡല്‍ തുണിയാണിത്. എത്ര ഉപയോഗിച്ചാലും പുതുമ നഷ്ടപ്പെടുന്നില്ല. കാറുകളുടെ പേരിലും പര്‍ദ്ദകള്‍ ഇറങ്ങുന്നുണ്ട്. ഇന്തോനേഷ്യ, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബി.എം.ഡബ്ള്യു. പര്‍ദ്ദകള്‍ ഇതിനുദാഹരണമാണ്.

പര്‍ദ്ദയിലെ പ്രധാന പരീക്ഷണങ്ങളെല്ലാം നടക്കുന്നത് അവയുടെ കൈകളിലാണ്. സ്ളീവിന്റെ അറ്റത്ത് ആറിഞ്ച് വെല്‍വെറ്റ്/ നൈലോണ്‍ തുണി പിടിപ്പിച്ച് അതിനുമുകളില്‍ നെറ്റും പല നിറങ്ങളിലുള്ള കല്ലുകളും മുത്തുകളും കൊണ്ട് അലങ്കരിച്ച പര്‍ദ്ദകള്‍ വിപണിയില്‍ ഒന്നാമതാണ്. അനാവശ്യ അലങ്കാരങ്ങള്‍ കുറവായതിനാല്‍ ഏതു പ്രായകാര്‍ക്കും ഇത്തരം പര്‍ദ്ദകള്‍ ധരിക്കാം. കൈപ്പത്തിക്കടുത്ത് പര്‍ദ്ദകള്‍ ഇറുകി നില്‍ക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. മറ്റൊന്ന് ബെല്‍ സ്ളീവ് പര്‍ദ്ദയാണ്. തൂങ്ങി നില്‍ക്കുന്ന കൈകളാണ് ഇവയ്ക്ക് (നമ്മുടെ ജയന്റെ പാന്‍്റുപോലെ). സ്ളീവിന്റെ താഴെയും പര്‍ദ്ദയുടെ താഴെയും ഞൊറികളുള്ളവ മറ്റൊരു മോഡല്‍.

രസകരമായ മറ്റൊരു ഐറ്റമാണ് ഫറാഷ. ഇതിന്റെകൈകള്‍ക്ക് ആറിഞ്ച് മാത്രമേ നീളമുള്ളൂ. എന്നാല്‍ പര്‍ദ്ദ ധരിച്ചാല്‍ കൈകള്‍ കൈപ്പത്തി വരെയുണ്ടാകും. അതായത് കൈപ്പത്തി മുതല്‍ ആറിഞ്ച് വരെ കൈയും ബാക്കി പര്‍ദ്ദയുടെ ബോഡിയുമാണ്. കൈകള്‍ നീട്ടിപ്പിടിച്ചാല്‍ വവ്വാല്‍ ചിറകു വിരിച്ച പോലിരിക്കും.

വിപണിയിലെ രാജാത്തി സാരി പര്‍ദ്ദയാണ്. കല്യാണത്തിന് സാരിയോ പര്‍ദ്ദയോ എന്ന് സംശയിക്കുന്നവര്‍ക്ക് രണ്ടുംകൂടെ ധരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. സാരി പോലെ മുന്‍വശങ്ങളില്‍ ഞൊറിവെച്ച പര്‍ദ്ദ. കറുപ്പ് ഞൊറികളുള്ളതും മറ്റുനിറങ്ങള്‍ കൊണ്ട് ബോര്‍ഡര്‍ വെച്ചതുമായ പര്‍ദ്ദകളുണ്ട്. ഞൊറികളില്‍ ഡിസൈനുകളുള്ള സാരി പര്‍ദ്ദകള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. നാലായിരത്തിനു മുകളിലാണ് സാരി പര്‍ദ്ദകളുടെ വില.

എന്നാല്‍ കോളജ് കുമാരികള്‍ക്ക് ഫ്രന്‍്റ് ഓപണ്‍ പര്‍ദ്ദകളോടാണ് താത്പര്യം. പര്‍സാനിയ, ഇറാനി, വേംപയര്‍, ബട്ടര്‍ഫൈ്ള, ജീന്‍സ് പര്‍ദ്ദകളാണ് കോളജ് വിദ്യാര്‍ഥികള്‍ ധാരാളമായി തെരഞ്ഞെടുക്കുന്നത്. അതില്‍ തന്നെ പ്രധാനം കോട്ട് (ജീന്‍സ്) പര്‍ദ്ദകള്‍ക്കാണ്. വസ്ത്രത്തിനു മുകളില്‍ കോട്ടുപോലെ ധരിക്കുന്ന ഇവ ആളുകള്‍ക്ക് മോഡേണ്‍ ലുക്ക് നല്‍കുന്നു. ശരീരാകൃതിയില്‍ തുന്നിയ പര്‍ദകളും വിദ്യാര്‍ഥികള്‍ ധാരാളമായി തെരഞ്ഞെടുക്കുന്നുണ്ട്.

പര്‍ദ്ദകളെ വെല്ലുന്ന വൈവിധ്യങ്ങളില്‍ വിപണിയിലെത്തുന്നത് ഹിജാബുകളും സ്കാര്‍ഫുകളുമാണ്. തലമറയ്ക്കുന്നതിനോടൊപ്പം മോഡേണ്‍ ലുക്കും നല്‍കുന്ന ഹിജാബുകളാണ് പുതിയ ട്രെന്‍ഡ്. പല നിറത്തിലും ഡിസൈനിലുമുള്ള ഹിജാബുകള്‍ വിപണിയിലുണ്ട്. 250 മുതല്‍ 2500 രൂപ വരെയാണ് വില.

പര്‍ദയോടൊപ്പം അണിയാന്‍ സ്കാര്‍ഫുകള്‍ തിരഞ്ഞെടുക്കുന്നവരും ഏറെ. കാശ്മീരി, ഇന്തോനേഷ്യന്‍, മലേഷ്യന്‍കോട്ടണ്‍ സ്കാര്‍ഫുകള്‍ വിപണിയിലെ താരങ്ങളാണ്. ഏതു തരം വസ്ത്രങ്ങള്‍ക്കുമൊപ്പവും ധരിക്കാമെന്നതാണ് സ്കാര്‍ഫുകളെ ഇത്രയേറെ പ്രിയങ്കരമാക്കുന്നത്. ചെറുപ്പക്കാരാണ് സ്കാര്‍ഫുകളുടെ ആരാധകര്‍. 50 രൂപ മുതല്‍ 500 രൂപ വരെയാണ് വില.
ഇറങ്ങിയ കാലം മുതലുള്ള ഡിസൈനില്‍ വലിയ മാറ്റമില്ലാതെയാണ് മുഖംമൂടുന്ന നക്കാബുകള്‍ ഇപ്പോഴും വിപണിയിലെത്തുന്നത്. പരമ്പരാഗത ഇസ്ലാം വേഷത്തിന്റെഭാഗമായ നക്കാബുകള്‍ പല നിറങ്ങളിലും ഇറങ്ങുന്നുണ്ടെങ്കിലും കറുത്ത മുഖാവരണത്തെ മാറ്റി നിര്‍ത്തുന്ന പ്രവണതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:പര്‍ദ്ദ
Next Story