Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവാസത്തിന്റെ ഈദ് ഓർമകൾ
cancel

വ്രതസമാപ്‌തിയുടെ ആത്‌മീയാഘോഷമാണ് ചെറിയ പെരുന്നാളെന്ന് കുഞ്ഞുനാളു മുതൽ തന്നെ മനസ്സുകൊണ്ട് അറിഞ്ഞും പറഞ്ഞും പഠിച്ചു കഴിഞ്ഞിരിക്കുന്നു. പാപങ്ങൾ വിടപറയുന്ന വിശുദ്ധിയുടെ ദിനമെന്നും സ്വർഗകവാടങ്ങൾ ഇന്ന് തുറന്നുവെക്കപ്പെടുമെന്നും പറഞ്ഞു കേട്ട ഈദ് നാളിനായുള്ള കാത്തിരിപ്പ്.

എന്റെ വാപ്പ പറയുമായിരുന്നു, നമ്മൾ സ്വപ്‌നം കാണുന്ന സ്വർഗം പടച്ചവൻ സൃഷ്‌ടിച്ചിരിക്കുന്നത്‌ അന്യന്റെ ഹൃദയത്തിലാണെന്ന്. ആ ഹൃദയത്തിന് മുഹബ്ബത്തിന്റെ ഒരു കവാടമുണ്ടത്രേ. ഇല്ലാത്തവന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നവർക്കും തേടിനടക്കുന്നവന് കനിവേകുന്നവർക്കും സഹചാരികൾക്ക് സ്നേഹതീരമൊരുക്കുന്നവർക്കും അത് മലർക്കെ തുറക്കുമത്രെ.

ആ വാതിലിലൂടെ ജന്നത്തെന്ന പറുദീസയിലേക്ക് കടക്കാമെന്ന്.. സകലചരാചരങ്ങളിലും കനിവിന്റെ സന്ദേശം പേറുന്ന ഈദ് നാളിൽ എന്നും ചൊല്ലികേൾക്കുന്ന ഈ പൊതുമാനവിക ബോധത്തെ ആത്മീയതയുടെ ആലയിലിട്ട് വിളക്കി വെളുപ്പിച്ച റമദാൻ പടിയിറങ്ങി. അകലെ മാനത്ത് തെളിയുന്ന ചന്ദനനിറമുള്ള ശവ്വാൽ ചന്ദ്രിക ഒരു മിന്നായം പോലെ പിറവിയെടുത്താൽ പിന്നെ ഈദ് രാവ്. പ്രതീക്ഷകളുടെയും പുത്തനുണർവിന്റെയും നിലാവുകാലം കൂടിയാണ് ഈദ് രാവ്.

തക്ബീർ ധ്വനിയുണർന്നാൽ, അകലെ പള്ളിമിനാരത്തിന്റെ കിളിവാതിലുകളിലൂടെ വെള്ളരി പ്രാവുകൾ ദിക്റ് പാടി താളമിട്ട് ചിറകടിച്ചു പറക്കുന്ന സുന്ദര രാവ്. അടുക്കളയിൽ ഉമ്മ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഉണ്ണിയപ്പത്തിന്റെ സ്വാദ് കിനാവു കാണുന്ന രാവ്. പെരുന്നാളിൽ മാത്രം തുന്നികിട്ടുന്ന കിസ്‌വ വസ്ത്രത്തിന്റെ പുത്തൻ മണം മനം കുളിർപ്പിക്കുന്ന രാവ്. ജങ്ഷനിലെ രാമേട്ടന്റെ തയ്യൽ കടയിൽ നിന്നും തലേ ദിവസം ഒരു കെട്ട് വസ്ത്രങ്ങളുമായി വാപ്പ വരുന്നതും കാത്ത് അക്ഷമയോടെ വരാന്തയിലെ വാതിൽപടിയിൽ നോക്കിയിരുന്ന രാവ്. വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം കിട്ടുന്ന പളപളാ മിന്നുന്ന ആ പെരുന്നാൾ വസ്ത്രത്തിന്റെ ദേഹപെരുമ അന്നും ഇന്നും അനിർവചനീയം തന്നെ...

ഈദ് കിസ്‌വ (പെരുന്നാൾ പുത്തനുടുപ്പ്) സമയത്തിന് തയ്ച്ചു കിട്ടുമോ എന്നതായിരുന്നു കുട്ടികളായ ഞങ്ങളുടെ പ്രധാനപ്പെട്ട ആശങ്ക. നോമ്പ് തുടങ്ങി ആദ്യ പത്തിനകം ശീല കൊടുത്താലേ തയ്ച്ചു തരുമെന്ന രാമേട്ടന്റെ ഉറപ്പു കിട്ടൂ. രണ്ടാം പത്തിലേക്ക് കടന്നാൽ പിന്നെ ‘തയ്ച്ചു തരാൻ നോക്കാം’ എന്നേ അവർ പറയൂ. രാമേട്ടനെ ഇടയ്ക്കിടെ പോയി മുഖം കാണിക്കും. മറന്നു പോവാതിരിക്കാൻ. അവസാനം ‘റെഡിയായി’ എന്ന തയ്യൽക്കാരന്റെ വാക്കുകൾ കേൾക്കുമ്പോഴത്തെ, ആഹ്ലാദം റെഡിമെയ്ഡ് യുഗത്തിൽ പറഞ്ഞറിയിക്കാൻ അൽപം ബുദ്ധിമുട്ട് തന്നെ...

ഈദ് നാളിൽ, പുലരിവെട്ടം കാണുമ്പോഴേ, പാതി മാത്രം വിടർന്ന കണ്ണുകളോടെ എഴുന്നേറ്റ് കുളിച്ച് തലയും തുവർത്തി പള്ളിയിലേക്ക് പോകാനൊരുങ്ങുമ്പോൾ ഫിർദൗസ് അത്തർ പൂശിയ പഞ്ഞിനാരുകൾ ചെവിട്ടിൽ തിരുകിത്തരുന്ന, പുതുവസ്ത്രത്തിൽ പരിമളം പൂശിത്തരുന്ന പിതാവിന്റെ കൈകൾക്ക് എന്നും മിസറിപൊന്നിന്റെ കുളിർമയായിരുന്നു. പുത്തനുടുപ്പിട്ട് പിന്നെ പെരുന്നാൾ നമസ്ക്കാരത്തിന്നായി പള്ളിയിലേക്കുള്ള നടത്തം.

വാപ്പയുടെ കൈയും പിടിച്ച് റോഡുവക്കിലൂടെ നടക്കുമ്പോൾ ഗെയ്റ്റിൽ കൈയുംകുത്തി റോഡിലേക്ക് നോക്കി നിൽക്കുന്ന അയലത്തെ വീട്ടിലെ എൽസിചേച്ചി സ്നേഹവായ്പോടെ വിളിച്ചു പറയും. ‘ആഹാ ആരിത് ആലികുട്ടി സാഹിബിന്റെ പുതിയാപ്പിളമാരോ ? പള്ളി കഴിഞ്ഞ് വന്നാൽ പള്ളനിറച്ച് തിന്നാൻ താത്തയുടെ (ഉമ്മയുടെ) ബിരിയാണി വേണ്ടേ, വേഗം പോയി വാ‘

ആണ്ടുതോറും പെരുന്നാളുകളിൽ വക്കടച്ച ബിരിയാണിപാത്രത്തിന്റെ ദമ്മ് പൊട്ടിക്കുമ്പോൾ ആദ്യം എൽസി ചേച്ചിക്കും കുടുബത്തിനുമുള്ള വിഹിതം ഉമ്മ മാറ്റിവെക്കുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. തെങ്ങിന്റെ തടമെടുക്കാൻ വന്നിരുന്ന വേലായുധേട്ടനും, മൺകലം വിൽക്കാൻ വന്നിരുന്ന നഞ്ചികോട്ടുകാരി കമലചേച്ചിയും. നാട്ടിലെ ആസ്ഥാന കുടിയൻ തോമപ്ലയും പട്ടിബാബുവും ആശാരി സുകുവും തുടങ്ങി വാപ്പായുടെ പെരുന്നാൾ പണം കൃത്യമായി വാങ്ങി, ചിരിയോടെ പടികടന്നു പോയ എത്രയോ പേർ.

തെക്കേലെ കർത്താവ് മാഷിനും, ജലജക്കും മറ്റും ബിരിയാണിയിൽ നിന്നും വേർതിരിച്ച നെയ്ചോറും, നല്ല പരിപ്പ് കറിയും നിറച്ച പാത്രവും തൂക്കി എത്ര തവണ ഞങ്ങൾ നടന്നിരിക്കുന്നു. പെരുന്നാൾ സമ്മാനമായി അവർ തരുന്ന നാണയതുട്ടുകൾ കൂട്ടി വെച്ച് എത്രയോ മധുരനാരങ്ങ മിട്ടായികൾ വാങ്ങി തിന്നിരിക്കുന്നു. കൊടുത്തും വാങ്ങിയും കഴിഞ്ഞ ആഴക്കടലോളം ആണ്ടുകിടക്കുന്ന സ്നേഹബന്ധങ്ങളിൽ മുഹബ്ബത്തിന്റെ കോട്ട കെട്ടി വളർന്നു വന്ന കാലമായിരുന്നു അത്.

റമദാൻ മാസത്തിലെ അവസാന നോമ്പുതുറ വിഭവങ്ങൾ മേശപ്പുറം നിരന്നാലും ഒരു കുമ്പിൾ വെള്ളവും ഒരു കാരക്കയും കൊണ്ട് വയർ നിറയുന്ന മഹാത്ഭുതം മുപ്പതാം ദിവസത്തെ നോമ്പിനു മാത്രം അവകാശപ്പെട്ടതായിരിക്കും. ആ കാരക്ക കൊണ്ട് തിടുക്കത്തിൽ നോമ്പ് തുറക്കുമ്പോൾ, ചിലപ്പോൾ കാരക്കാകുരു വിഴുങ്ങിയിരിക്കും. മുതിർന്നവരപ്പോൾ കണ്ണുരുട്ടി ശാസിക്കും. കുഞ്ഞു പെൺ മനങ്ങൾ തൊട്ടപ്പുറത്തുള്ള കുഞ്ഞിപാലുവിന്റെ കടയിൽ കുപ്പിവളകൾ വാങ്ങുന്ന തിരക്കിലായിരിക്കും അപ്പോൾ.

ഇരുകൈകളിലും പുതു ഡിസൈനുകളിലുള്ള കുപ്പിവളകൾ നിറയെയിട്ടു കിലുക്കി വരാന്തയിൽ പോയി ചമ്രം പിണഞ്ഞിരിക്കും. അപ്പോഴേക്കും മുറ്റത്തെ തൊടിയിൽനിന്ന് പറിച്ച മൈലാഞ്ചി അമ്മിയിലരച്ച് വാഴയിൽ പൊതിഞ്ഞു വെച്ച് കാത്തിരിക്കുന്നുണ്ടായിരിക്കും ഉമ്മയും വല്ലിത്തയും. പത്തു വിരലുകൾക്കും തൊപ്പിയണിഞ്ഞ്, കൈവെള്ളക്കു നടുക്ക് വട്ടവും ചുറ്റിനും കുത്തുമിട്ടാൽ പെരുത്ത് സന്തോഷമായി.

എങ്ങും സന്തോഷങ്ങളും ആർപ്പുവിളികളും. പലഹാരങ്ങളുടെ എണ്ണ മണം. ഒരു മുറം നിറയെ ഇഞ്ചിയും വെളുത്തുള്ളിയുമായി പെൺകൂട്ടങ്ങൾ. അവരെ സഹായിക്കുന്ന മറ്റൊരു മുറം നിറയെ സവോളയുമായി ആൺകൂട്ടങ്ങൾ. അതിനിടെ മൈലാഞ്ചികൈകളുമായി ഇരുന്നിടത്തു നിന്ന് ഉറങ്ങി പോകുന്ന പെൺകുട്ടികൾ. അവർക്ക് ചോറ് വിളമ്പികൊടുക്കുന്ന ഉമ്മ. അവരെ കുസൃതി കാണിച്ചുണർത്തുന്ന വല്ലിത്തമാർ. പെരുന്നാൾ രാവ് എത്ര പറഞ്ഞാലും തീരാത്ത ആഹ്ലാദാനുഭവങ്ങൾ തന്നെ.

നേരം വെളുക്കാറായോ? ഇടക്കിടെ പാതിയുറക്കത്തിൽ ഞെട്ടിയുണരുന്ന കുരുന്നുകൾ. നേരം പുലരുന്തോറും കൈവെള്ളയിലെ ചുവപ്പിനു കടുപ്പമേറുമല്ലൊ! ഉണങ്ങിയ മൈലാഞ്ചിക്കു മുകളിൽ പുരട്ടുന്ന വെളിച്ചെണ്ണയുടെ മണം പെരുന്നാൾ ദിനങ്ങളുടെ മാത്രം പ്രത്യേകതയാണ്. തലേദിവസം തന്നെ പത്തിന്റെയും അഞ്ചിന്റെയും ചില്ലറകൾ മാറ്റി വെച്ചിരിക്കും വാപ്പ. കാലത്തെ ഫിത്ർ സക്കാത്തിന്റെ അരി വാങ്ങുന്നവരുടെ തിരക്കായിരിക്കും. അറിയുന്നവരും അറിയാത്തവരുമായി ഒരു പാട് പേര് വരും.

അവർക്കായി നാഴിയിൽ അരി അളക്കുന്ന തിരക്കിലേക്കിറങ്ങും ഉമ്മ. ഓരോ സഞ്ചിയിലും ഞങ്ങൾ കുട്ടികൾ അരിയിട്ട് കൊടുക്കും. ആര് കൊടുക്കുമെന്ന അധികാര തർക്കവും. നറുക്കെടുപ്പുമൊക്കെയുണ്ടാവും. അതൊരു ഉത്സവമാക്കും.

പള്ളി പാതയോരത്ത് സദഖയും കാത്തുനിൽക്കുന്ന യാചകർക്ക് കൊടുക്കാൻ ഞങ്ങളുടെ ഇളം കൈകളിൽ നോട്ടുകൾ വെച്ച് നൽകി, ചിരിച്ചു കൊണ്ട് അവരുടെ കൈകളിലേക്ക് അത് വെച്ചു കൊടുക്കാൻ നിർബന്ധിക്കുന്ന വാപ്പയുടെ മുഖം തെളിനീരുപോലെ ഇന്നും മായാതെ കിടപ്പുണ്ട്. ആ ദിനം ആരും പട്ടിണി കിടക്കാൻ പാടില്ലത്രേ. വിശക്കുന്നവൻ ഉണ്ണാതിരിക്കെ, സ്വന്തം വിശപ്പകറ്റുന്നവന്റെ വയറ്റിൽ നിറയുന്നത് തീനാളങ്ങൾ മാത്രമെന്ന് വാമൊഴി.

നമസ്കാരത്തിനു ശേഷം പിന്നെ വിശാലമായ ഖബർസ്ഥാനിലേക്ക്. വിടപറഞ്ഞവരുടെ മൺഭവനങ്ങളിലേക്കുള്ള യാത്രയാണ്. കളകളും ചെടികളും വകഞ്ഞുമാറ്റി വാപ്പയുടെ പിന്നിൽ വരിവരിയായി മീസാൻകല്ലുകൾക്കിടയിലൂടെ ഓവുചാലുകൾ പോലെയുള്ള പാതയിലൂടെ ഉറ്റവരെ തിരഞ്ഞും തേടിയുമുള്ള യാത്ര. പോയകാലത്തെ പ്രഭാപൂരിതമാക്കി കടന്നുപോയ എളാപ്പയും കുഞ്ഞിക്കയും മൂത്തുമ്മയും സഹചരിച്ചവരും അങ്ങിനെ കരള് കവർന്നു കടന്നുപോയ എത്രയോ പേർ ഉറങ്ങിക്കിടക്കുന്നയിടം.

ആ വരികളിൽ അന്ന് കൂടെ നടന്നവർ പലരും, പിന്നീട് ആ ഭവനങ്ങളിൽ തന്നെ ചേക്കേറി. കൂട്ടത്തിൽ അന്ത്യ സലാം ചൊല്ലി ഒരു ദിനം വാപ്പയും പോയി. ഈ ഈദ് നാളിൽ അവരെല്ലാം ജീവവായു തിരികെ വാങ്ങി ഒന്നുയർന്നെഴുന്നേറ്റ് കൂടെ വന്നിരുന്നെങ്കിലെന്ന്...പോയ കാലം വീണ്ടും പുനർജനിച്ചിരുന്നുവെങ്കിലെന്ന് എത്രയോവട്ടം ആശിച്ചുപോയിട്ടുണ്ട്.

ജിന്നിനെ പ്രേമിച്ച മലകിന്റെ കഥ സൂഫീതാളത്തിൽ പാടുന്ന ഒരു ഹൊസൂർ നാടോടി എല്ലാ പെരുന്നാൾ ദിനങ്ങളിലും വീട്ടിലേക്ക് വരാറുള്ളത് ഇപ്പോഴും ഓർക്കുന്നു. ഉമ്മ കൊടുക്കുന്ന ഇറച്ചി ചോറും കാപ്പിയും കഴിച്ച് മതിവരുവോളം ഞങ്ങൾക്കായി ഉറൂസ് പാടി എവിടേക്കോ പോയി മറയുന്ന ഒരു നാടോടി. ഒരു പാടുകാലം മുറതെറ്റാതെ വന്നുപാടി, പിന്നീടെപ്പോഴോ ആ ഇശലുകൾ നിലച്ചുപോയി. വീണ്ടും ചെറിയ പെരുന്നാൾ.

പ്രവാസത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ടുപോയ ജീവിതത്തിൽ വിരുന്നു വന്ന പതിവു പെരുന്നാൾ. പാതി തുറന്ന ജനൽപാളികൾക്കിടയിലൂടെ അകലങ്ങളിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു. കാണാപുറത്ത് പരന്നുകിടക്കുന്ന ദോഫാർ പർവതനിരകളിൽ നിന്നും ലുബാൻ സുഗന്ധവും പേറി ചുരമിറങ്ങുന്ന ചുടുകാറ്റിനു പോലും ഈ ഈദുനാളിൽ ആ ഗൃഹാതുര ഓർമ്മകളുടെ കുളിരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfestivaleidul Fitreid memoriesexile
News Summary - Eid memories of exile
Next Story