മകളേ, ഒരമ്മ ഇവിടെ കാത്തിരിക്കുന്നു; മുംബൈ സ്വദേശിനിക്ക് സ്നേഹത്തണലൊരുക്കി എടമുട്ടം ആൽഫ പാലിയേറ്റിവ് കെയർ
text_fieldsആൽഫ ആഷിസ് കെയർ സെന്റർ അധികൃതർക്കൊപ്പം ജൂലിയറ്റ്
ചെന്ത്രാപ്പിന്നി: നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയിൽ രോഗബാധിതയായി ബന്ധുക്കൾ ഉപേക്ഷിച്ച മുംബൈ സ്വദേശിനിയായ വയോധികക്ക് സ്നേഹത്തണലൊരുക്കി എടമുട്ടം ആൽഫ പാലിയേറ്റിവ് കെയർ. 61കാരിയായ ജൂലിയറ്റ് ഇഗ്നേഷ്യസാണ് വിധിയെ തോൽപ്പിച്ച് ജീവിതം തിരികെ പിടിച്ച് ആൽഫ പ്രവർത്തകരുടെ സ്നേഹപരിചരണത്തിൽ കിയുന്നത്. കഴിഞ്ഞ നവംബർ 26നാണ് ആൽഫയിലെ ആഷിസ് കെയർ സെന്ററിൽ അന്തേവാസിയായി ഇവർ എത്തിയത്. വിവാഹിതയായതോടെ താളം തെറ്റിത്തുടങ്ങിയ ജീവിതത്തിൽ കയ്പേറിയ അനുഭവങ്ങൾ മാത്രമാണ് ജൂലിയറ്റിന് സ്വന്തമായുള്ളത്. മാതാപിതാക്കളും മൂന്ന് സഹോദരിമാരുമുൾപ്പെടുന്ന കുടുംബത്തിലായിരുന്നു ജനനം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു.
20 വയസ്സിൽ വിവാഹിതയായ ജൂലിയറ്റിന്റെ കുടുംബജീവിതം പക്ഷേ അധികം നീണ്ടുനിന്നില്ല. ഭർത്താവുമായി പിണങ്ങി എക മകളുമായി മുംബൈയിലെ വീട്ടിൽ തിരിച്ചെത്തിയ ജൂലിയറ്റ് പിന്നീട് അമ്മയുടെ സംരക്ഷണത്തിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടേറിയതോടെ മകളെ അമ്മയുടെ അടുത്താക്കി ജോലി തേടി ജൂലിയറ്റ് യു.എ.ഇയിലെത്തി. വീട്ടുജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടയിൽ മകളും ജൂലിയറ്റും തമ്മിലുള്ള ബന്ധത്തിലും വിള്ളൽ വീണു. തീർത്തും തനിച്ചായ അവസ്ഥയിലായിരുന്നു പിന്നീട് ഇവർ. 40 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ പക്ഷാഘാതവും ജൂലിയറ്റിന്റെ ജീവിതത്തിൽ ഇരുൾ പടർത്താനെത്തി. വീടിനടുത്തുള്ള പള്ളിയിൽ പ്രാർഥനക്കായി എത്തിയപ്പോൾ ബോധരഹിതയായി ജൂലിയറ്റ് വീണു.
ഉടൻ അവിടെയുള്ളവർ ദുബൈയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ, ശരീരം തളരുകയും പൂർണമായി ബോധം നഷ്ടപ്പെടുകയും ചെയ്ത ജൂലിയറ്റിനെ തിരിച്ചറിയാനുള്ള ഒന്നും തന്നെ ആശുപത്രിയധികൃതർക്ക് ലഭിച്ചില്ല. ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തുടർന്നുള്ള സംരക്ഷണത്തിന് നിയമപരമായി തടസ്സങ്ങളുള്ളതിനാൽ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ദുബൈ കോൺസുലേറ്റ് ഇന്ത്യൻ എംബസിയുമായി ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ആലോചിച്ചു.
ഇന്ത്യൻ എംബസി അധികൃതർ ആൽഫ ചെയർമാൻ കെ.എം. നൂർദ്ദീനെ ബന്ധപ്പെട്ട് ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിയുമോ എന്നന്വേഷിക്കുകയായിരുന്നു. സമാനമായ അവസ്ഥയിൽ നേരത്തേ ആൽഫയിൽ രണ്ട് പേർക്ക് പാലിയേറ്റിവ് പരിചരണം നൽകിയിരുന്നു. ചെയർമാൻ സമ്മതം മൂളിയതോടെ നവംബർ 26ന് ദുബൈ കോൺസുലേറ്റ് അധികൃതർക്കൊപ്പം ജൂലിയറ്റ് നെടുമ്പാശ്ശേരിയിൽ എത്തുകയും ആൽഫയിലെ പുതിയ അന്തേവാസിയായി മാറുകയുമായിരുന്നു. ഇംഗ്ലീഷ്, തമിഴ് തുടങ്ങി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ജൂലിയറ്റിന് ആൽഫയിലെ വിശ്രമജീവിതം ഏറെ ഇഷ്ടപ്പെട്ടെങ്കിലും മകളെയും മറ്റു ബന്ധുക്കളെയും ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം മനസ്സിൽ ഒരു വിങ്ങലായുണ്ട്. ദുബൈയിലെ ആശുപത്രി വാസത്തിനിടയിൽ അധികൃതർ മകളെ ബന്ധപ്പെട്ടെങ്കിലും അമ്മയെ സ്വീകരിക്കാൻ തയാറല്ലെന്നായിരുന്നു മറുപടി. പരസഹായത്തോടെ ഇപ്പോൾ നടക്കാൻ കഴിയുന്ന ജൂലിയറ്റ് മകളോ ബന്ധുക്കളോ തന്നെ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

