പൊന്നൊരു തരിയെങ്കിലും..
text_fieldsഅഡ്വ. സിയ നൂറുദ്ദീൻകുഞ്ഞ് (സി.ഇ.ഒ, ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്)
കൊല്ലം കരുനാഗപ്പള്ളി പ്ലാവിള ജങ്ഷനിലെ ആ ചെറുകടയിൽനിന്ന് ദുബൈ ഗോൾഡ് സൂഖിലെ ‘ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സി’ന്‍റെ വിശാലതയിലെത്തുമ്പോഴും അഡ്വ. സിയ നൂറുദ്ദീൻകുഞ്ഞിന്‍റെ മനോഭാവത്തിൽ തരിമ്പും മാറ്റമില്ല. പ്രീഡിഗ്രിക്കാരന്‍റെ ഇളമയിൽ തുടങ്ങിയ വ്യാപാരമോഹങ്ങളെ മഞ്ഞലോഹവുമായി വിളക്കിച്ചേർത്തിട്ട് മൂന്നരപതിറ്റാണ്ടോളമായി. നാട്ടിൻപുറത്തെ സാധാരണക്കാർക്കുവേണ്ടിയായിരുന്നു ആദ്യകടയെങ്കിൽ ദുബൈയുടെ പ്രൗഢമായ ആകാശത്തിനുകീഴെയും അഡ്വ. സിയയുടെ മനസ്സിൽ അവർ തന്നെയാണ്. ലോകത്തെ ഏറ്റവും മികച്ച നിക്ഷേപമെന്ന നിലയ്ക്ക്, ചെറുതരിയാണെങ്കിൽപോലും എല്ലാവർക്കും സ്വർണം വാങ്ങാൻ കഴിയണം. കാലം മാറിയപ്പോൾ കുത്തനെയുയർന്ന സ്വർണവിലക്കു മുന്നിൽ സാധാരണക്കാർ പകച്ചുനിൽക്കുമ്പോഴാണ് ‘ഒരു ദിർഹമിനും സ്വർണം വാങ്ങാം’ എന്ന മനോഹര മുദ്രാവാക്യവുമായി ഐൻ ഗോൾഡ് എത്തുന്നത്. അഭിഭാഷകനെന്ന മേൽവിലാസത്തിനൊപ്പം, ന്യായവും വിശ്വസ്തവുമായ വ്യാപാരത്തിന്‍റെ വ്യവഹാരം കൂടിയാണ് അഡ്വ. സിയ മുന്നോട്ടുവെക്കുന്നത്. സ്വർണ മാർക്കറ്റിലെ ഈ പത്തരമാറ്റ് ആശയമാണ് ഐൻ ഗോൾഡിനെ വേറിട്ടുനിർത്തുന്നതും.
സ്വർണത്തുടക്കം
ചെറുപ്പം മുതൽ ബിസിനസിൽ അതീവ തൽപരനായിരുന്നുവെന്ന് അഡ്വ. സിയ പറയുന്നു. ‘പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തുതന്നെ ജ്വല്ലറി ബിസിനസ് തുടങ്ങിയിട്ടുണ്ടെന്ന് പറയാം. നാട്ടിൽതന്നെ ചെറിയൊരു കടയിട്ട് ഒരു തട്ടാനെ ഇരുത്തി കച്ചവടത്തിലേക്കിറങ്ങി. വെറും അഞ്ച് ഗ്രാം സ്വർണമാണ് ആദ്യത്തെ മൂലധനം. അന്ന് തമിഴന്മാരാണ് വെള്ളിയാഭരണങ്ങൾ കടകളിൽ എത്തിച്ചുനൽകുന്നത്. കുറച്ച് അഡ്വാൻസ് തുക കൊടുത്താൽ അവർ കൊണ്ടുവന്നുതരും. വിൽക്കുന്നതിനനുസരിച്ച് കാശ് തിരിച്ചുകൊടുത്താൽ മതി. അവരിൽനിന്ന് കുറച്ച് വെള്ളിയും വാങ്ങി. ഒരാളെ ജോലിക്കുവെച്ചു. ഒരു തട്ടാനെയുമിരുത്തി. അങ്ങനെയാണ് കച്ചവടം തുടങ്ങിയത്. ഞാൻ കോളജിൽ പോകും. തിരിച്ചുവന്ന് കടയിലിരിക്കും. നാട്ടിൽ ജ്യേഷ്ഠന്‍റെ കൂട്ടുകാരന്‍റെ ഒരു കൊച്ചുജ്വല്ലറിയുണ്ടായിരുന്നു. അവിടെ അദ്ദേഹം ഇല്ലാത്ത ചില സമയങ്ങളിൽ കട നോക്കാൻ എന്നെ ഏൽപിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ജ്വല്ലറി ഫീൽഡിനോട് താൽപര്യം ജനിച്ചത്.
വീടിനോടടുത്ത് നാട്ടിൻപുറത്തായിരുന്നു എന്‍റെ ജ്വല്ലറി. കച്ചവടത്തിനായി വാപ്പയുടെ അടുത്ത് കാശുചോദിച്ചപ്പോൾ അദ്ദേഹം തന്നു. വാപ്പ നൂറുദ്ദീൻകുഞ്ഞ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ആ പതിനായിരം രൂപയായിരുന്നു എന്‍റെ വലിയ മൂലധനം. അഞ്ചു ഗ്രാം സ്വർണവും കുറച്ച് വെള്ളിയുമൊക്കെയായി കച്ചവടം തുടങ്ങി. നവജാത ശിശുക്കൾക്ക് സമ്മാനം നൽകുന്നതിനുള്ള കുഞ്ഞ് ആഭരണങ്ങളായിരുന്നു കാര്യമായ കച്ചവടം. അളവ് പറഞ്ഞ് അതിനനുസരിച്ച് ഒരു ആഭരണം പണിയിപ്പിക്കുകയാണ് രീതി. സെലക്ഷനൊന്നും പ്രാധാന്യമില്ലാത്ത കാലമായിരുന്നു അത്. ചെറിയ തോതിലുള്ള കച്ചവടമാണ് നടന്നിരുന്നത്. എനിക്കത് മതിയാകും. കൂട്ടുകാർക്കൊപ്പം കോളജ് കാന്‍റീനിലെ ചായയും വടയും കഴിക്കണം, അത്രേയുള്ളൂ.
പ്രവാസത്തിലേക്ക് പറന്നിറങ്ങുന്നു
ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുന്ന സമയത്താണ് മക്കയിൽ ജോലി ഒഴിവുണ്ടെന്ന പരസ്യം ശ്രദ്ധയിൽപെട്ടത്. അതിന് അപേക്ഷിച്ചു. മക്കയിലല്ല, ദുബൈയിലാണ് ഒഴിവെന്ന് അപ്പോഴാണ് പറഞ്ഞത്. ദുബൈയിൽ പോകുന്നതിനോട് എനിക്കും ഏറെ താൽപര്യം. ഡിഗ്രി പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്രവാസത്തിലേക്ക് വിമാനം കയറി. തുടർന്ന് നാലുവർഷം ദുബൈയിൽ. ഇക്കാലമെല്ലാം, നാട്ടിൽ തിരിച്ചുചെന്ന് എൽ.എൽ.ബി പഠിക്കാൻ വാപ്പ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പഠിച്ച് ഒരു ഉദ്യോഗത്തിൽ കയറുന്നതിനോടായിരുന്നു അദ്ദേഹത്തിന് താൽപര്യം. ജ്യേഷ്ഠനാകട്ടെ, എം.സി.എ പഠിക്കാനും പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
ആ നിർബന്ധങ്ങൾക്ക് വഴങ്ങി 2002ൽ തിരിച്ച് നാട്ടിലേക്ക്. നാട്ടിലെത്തിയപാടെ പുതിയ ഒരു ജ്വല്ലറി തുടങ്ങി. ഒപ്പം ഒരു മൊബൈൽ ഫോൺ കടയും. 2007ൽ കരുനാഗപ്പള്ളി ടൗണിൽ വെള്ളി ആഭരണങ്ങൾക്ക് മാത്രമായി ഒരു കട തുടങ്ങി. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് സ്വർണത്തിന്‍റെ ഹോൾസെയിൽ ബിസിനസിനും തുടക്കമിട്ടു. 2013ലാണ് സ്വർണത്തിന്‍റെ റീട്ടെയ്ലിലേക്ക് സജീവമായി ചുവടുവെച്ചത്.
അതിനിടയിൽ 2002ൽ നാട്ടിലെത്തിയശേഷം എൽ.എൽ.ബിക്ക് ചേർന്നു. അതുകഴിഞ്ഞ് എൽ.എൽ.എമ്മും പാസായി. പിന്നീട് എം.ബി.എയും എടുത്തു. വക്കീലാകണമെന്ന് വാപ്പക്ക് ആഗ്രഹമുള്ളതുകൊണ്ട് ഞാൻ കോടതിയിൽ പ്രാക്ടീസിനും പോയി. വരുമാനം ഉണ്ടോ ഇല്ലയോ എന്നതല്ല, ഒരു പ്രൊഫഷൻ വേണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ നിർബന്ധം. കൊല്ലത്തെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായ ഇ. ഷാനവാസ് ഖാന് കീഴിലായിരുന്നു പ്രാക്ടീസ്. രാവിലെ കോടതിയിൽ പോകും. നാലുമണിയാകുമ്പോൾ കടയിലെത്തും. ഇതായിരുന്നു ശീലം. അഭിഭാഷകനായിരിക്കുമ്പോൾ മറ്റു ജോലി ചെയ്യുന്നതിന്‍റെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ബിസിനസിലെ പ്രൊപ്രൈറ്റർഷിപ് മാറ്റി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. സയാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. 2018ൽ മലേഷ്യയിലും ജ്വല്ലറി തുടങ്ങി.
വീണ്ടും ദുബൈയിൽ
2018ൽ ദുബൈയിൽ തിരിച്ചെത്തി. അഭിഭാഷക ജോലിയും ബിസിനസും ഒന്നിച്ചുകൊണ്ടുപോവുകയായിരുന്നു. പിന്നീട് അഭിഭാഷക ജോലിയുടെ തിരക്കിൽനിന്ന് മാറി കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, പണത്തിനല്ലാതെ നിയമവഴിയിൽ സഹായം ആവശ്യപ്പെട്ട് എത്തുന്നവർക്ക് ഇപ്പോഴും അത് ചെയ്യുന്നുമുണ്ട്.
98 മുതൽ ഞാൻ ഗൾഫിലുണ്ട്. അന്നുമുതൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, സ്വർണം വാങ്ങാൻ എല്ലാവർക്കും വലിയ താൽപര്യമാണെന്നതാണ്. ഞാൻ ഇവിടെ ബിസിനസ് തുടങ്ങുമ്പോൾ സ്വർണം ഗ്രാമിന് 25 ദിർഹമേയുള്ളൂ. അന്ന് ആയിരം ദിർഹം ശമ്പളമുള്ളവന് 25 ദിർഹം ചെലവാക്കാൻ ബുദ്ധിമുട്ടില്ല. അതുകൊണ്ട്, ഒരു കോയിൻ വാങ്ങിവെക്കാൻ കഴിയും. മോളെ കെട്ടിക്കാനും പെങ്ങളെ കെട്ടിക്കാനുമൊക്കെയായി എല്ലാ മാസവും സ്ഥിരമായി സ്വർണം വാങ്ങിവെക്കുന്ന ഒരുപാടുപേരെ എനിക്കറിയാമായിരുന്നു.
എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ മിക്ക ആളുകൾക്കും അത്തരത്തിൽ സ്വർണം വാങ്ങുകയെന്നത് സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. 2024നുശേഷം സ്വർണത്തിന്‍റെ വില റോക്കറ്റ് കണക്കേ കുതിച്ചതോടെ, പ്രവാസത്തിന്‍റെ ജീവിതച്ചെലവും നാട്ടിലേക്കയക്കാനുള്ള തുകയുമൊക്കെ കഴിഞ്ഞ് സ്വർണം വാങ്ങാനുള്ള പണം മിച്ചം വെക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. കാലവും ശീലവുമൊക്കെ മാറിയപ്പോൾ, കിട്ടുന്ന കാശ് ജീവിതച്ചെലവിന് തികയാത്ത അവസ്ഥ. ഇതിനിടയിൽ പൊന്നുവാങ്ങുന്നിടത്ത് തങ്ങൾക്കെന്ത് കാര്യമെന്നാണിപ്പോൾ സാധാരണക്കാരായ പ്രവാസികളുടെ ചിന്ത.
‘ഒരു ദിർഹമിനും സ്വർണം’ ഇവർക്കുവേണ്ടി
ഈ സാഹചര്യത്തിലാണ് ഒരു ദിർഹമിനും സ്വർണം വാങ്ങാമെന്ന ആശയം ഐൻ ഗോൾഡ് മുന്നോട്ടുവെക്കുന്നതെന്ന് അഡ്വ. സിയ പറയുന്നു. ‘പണമുള്ളവന് എപ്പോൾ വേണമെങ്കിലും ഷോപ്പിൽ പോയി സ്വർണം വാങ്ങാവുന്നതേയുള്ളൂ. അതിന് വഴികളില്ലാത്ത സാധാരണക്കാരെ ഉദ്ദേശിച്ചാണ് ഐൻ ഗോൾഡ് വളരെ ചെറിയ തുകക്ക് സ്വർണം വാങ്ങാൻ അവസരമൊരുക്കുന്നത്. അതിനായി പ്രത്യക ആപ്പ് പുറത്തിറക്കുകയും ചെയ്തു. ‘ഐൻ ഗോൾഡ് വാലറ്റ്’ എന്ന മൊബൈൽ ആപ്പിലൂടെ ഒരുദിർഹം മുതൽ സ്വർണവും വെള്ളിയും വാങ്ങാനുള്ള സൗകര്യമുണ്ട്. േപ്ലസ്റ്റോറിൽനിന്നും ആപ്പ് സ്റ്റോറിൽനിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്തശേഷം ഉപഭോക്താക്കൾക്ക് എത്ര ചെറിയ തുകക്കും സ്വർണവും വെള്ളിയും വാങ്ങാം.
പേയ്മെന്റ് പൂർത്തിയാക്കിയ ഉടൻ തന്നെ വാങ്ങിയ സ്വർണം/വെള്ളി ആപ്പിൽ തന്നെ ഡിജിറ്റൽ രൂപത്തിൽ കാണിക്കും. പിന്നീട് ആവശ്യമുള്ളപ്പോൾ സ്വർണവും വെള്ളിയും ആപ്പിലൂടെ തന്നെ വിൽക്കാനും കഴിയും. ഉപഭോക്താക്കൾക്ക് ദേരയിലെ ഐൻ ഗോൾഡിൽ നിന്ന് സ്വർണ നാണയങ്ങളോ ബാറുകളോ, വെള്ളി ബാറുകളോ നേരിട്ട് വാങ്ങാനുള്ള സംവിധാനവും ലഭ്യമാണ്.
കൂടാതെ, നിങ്ങളുടെ വീട്ടുപടിക്കൽ സ്വർണവും വെള്ളിയും എത്തിക്കുന്ന ഡോർസ്റ്റെപ് ഡെലിവറി സേവനവും ആപ്പ് നൽകുന്നുണ്ട്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ആപ്പിൽ സ്വർണം ലഭിക്കുകയെന്നതും പ്രത്യേകതയാണ്. ഒരു ഗ്രാം മുതൽ 100 ഗ്രാം വരെയുള്ള സ്വർണക്കട്ടികളും ഒരു ഗ്രാം മുതൽ 10 ഗ്രാം വരെയുള്ള കോയിനുകളും ഐൻ ഗോൾഡിന്‍റേതായുണ്ട്.’
470 കി.മീ അകലെ സൗദി അതിർത്തിയിലുള്ള ഒരാൾ ഒരു ഗ്രാം സ്വർണം വാങ്ങിയശേഷം ഡെലിവറി ചോദിച്ചപ്പോൾ ഐൻ ഗോൾഡ് കൊടുത്തിട്ടുണ്ട്. വിദൂരത്തുനിന്ന് പണം ഐൻ ഗോൾഡ് വാലറ്റിൽ നിക്ഷേപിക്കാനും ഒരു ദിവസത്തെ ജോലി കളയാതെതന്നെ സ്വർണം വാങ്ങാനുമൊക്കെ സാധിക്കുന്നത് തനിക്ക് വലിയ സന്തോഷം നൽകുന്നുവെന്ന് അയാൾ പറയുന്നു. ഐൻ ഗോൾഡ് വാലറ്റിൽ പണം നിക്ഷേപിച്ചാൽ സ്വർണക്കട്ടിയായോ കോയിൻ ആയോ ആഭരണമായോ ഒക്കെ സ്വർണം വാങ്ങാം. ഉപഭോക്താക്കളുടെ താൽപര്യം പോലെ 24 കാരറ്റ് ആയോ 22 കാരറ്റ് ആയോ ഐൻ ഗോൾഡിൽനിന്ന് സ്വർണം ലഭിക്കും.
ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക സൗകര്യത്തിനനുസരിച്ച് സ്വർണം ഓൺലൈനായി വാങ്ങി സൂക്ഷിക്കാം. തങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ അളവ് കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും. നിശ്ചിത അളവ് തികയുമ്പോൾ ഈ ഡിജിറ്റൽ സ്വർണത്തെ ഭൗതിക (ഫിസിക്കൽ) സ്വർണമായി മാറ്റി വാങ്ങുകയും ചെയ്യാം. സുരക്ഷിതമായ ബാങ്ക് ട്രാൻസ്ഫർ, കാർഡ് പേയ്‌മെന്‍റുകൾ എന്നിവ വഴി എളുപ്പത്തിൽ പണമിടപാടുകൾ നടത്താം. യു.എ.ഇയിലുടനീളം ഡെലിവറി സൗകര്യവും ലഭിക്കും.
നിക്ഷേപമാണ് സ്വർണം
സ്വർണം ഞാൻ എല്ലാവരോടും വാങ്ങിക്കാൻ പറയും. ദീർഘകാലാടിസ്ഥാനത്തിൽ അത് സൂക്ഷിച്ചാൽ വില കൂടുകയേയുള്ളൂ. ഇടയ്ക്ക് ചില ഏറ്റക്കുറച്ചിലുകളൊക്കെയുണ്ടാകും. അതേക്കുറിച്ച് ആധി പിടിക്കരുത്. അങ്ങനെയെങ്കിൽ നിക്ഷേപത്തിന് സ്വർണം കഴിഞ്ഞേ മറ്റെന്തുമുള്ളൂ.
നിക്ഷേപമെന്ന നിലയ്ക്ക് ലോകത്ത് ഇന്നും ഏറ്റവും കൂടുതൽ ഭ്രമമുള്ളത് സ്വർണത്തിനുതന്നെയാണ്. പുരാതനകാലം മുതലിങ്ങോട്ട് അതങ്ങനെത്തെന്നയാണ്. സ്വർണം പോലെ ലിക്വിഡിറ്റിയുള്ള ഒരു മെറ്റീരിയലും ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുമില്ല. സ്വർണം നിങ്ങൾക്ക് ലോകത്ത് ഏതുകോണിൽപോയാലും പണമായി മാറ്റാം. അത്യാവശ്യങ്ങൾക്ക് പണമായി മാറ്റാൻ ഇന്നും എല്ലാവരും ആദ്യം ആശ്രയിക്കുന്നത് സ്വർണത്തെയാണ്.
വിശാലമാകട്ടെ, സ്വപ്നങ്ങൾ...
ഐൻ ഗോൾഡിന്‍റെ സ്വീകാര്യതയെ പുതിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികളിലാണ് അഡ്വ. സിയ. ‘ഒരു ദിർഹമിന് സ്വർണം’ വാങ്ങാൻ ഐൻ ഗോൾഡ് വാലറ്റ് ലഭ്യമാക്കുന്നതിനായി മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലും പുതിയ ഷോറൂമുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ഐൻ ഗോൾഡ്. ഒപ്പം, ജി.സി.സിയിലും മറ്റു രാജ്യങ്ങളിലേക്കും മേഖല വ്യാപിപ്പിക്കണം. ചില ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തനം തുടങ്ങാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. കൂടുതലാണെങ്കിലും കുറച്ചാണെങ്കിലും, ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വർണം വാങ്ങാൻ കഴിയണം. ആ സ്വപ്ന സാക്ഷാത്കാരമാണ് എക്കാലവും ഐൻ ഗോൾഡിന്‍റെ ലക്ഷ്യമെന്ന് അഡ്വ. സിയ ആവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

