Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_right100 പ്രണയപ്പൂക്കൾ

100 പ്രണയപ്പൂക്കൾ

text_fields
bookmark_border
100 പ്രണയപ്പൂക്കൾ
cancel
camera_alt

ഡോ. ​മ​ഹാ​തി​ർ മു​ഹ​മ്മ​ദും ഡോ. ​സി​തി ഹ​സ്മ അ​ലി​യും

ചരിത്രം തിരുത്തിക്കുറിക്കുന്നതിലും, ഭരണതന്ത്രജ്ഞതയിലും പേരുകേട്ട ആധുനിക മലേഷ്യയുടെ ശില്‍പി ഡോ. മഹാതിർ മുഹമ്മദ്, ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടത്തിനുകൂടി ഉടമയാവുകയാണ്. നൂറു വയസ്സിന്റെ പടിവാതിൽ കടക്കുന്ന അദ്ദേഹത്തിനൊപ്പം, പ്രിയതമ ഡോ. സിതി ഹസ്മ അലിയും നൂറാം വയസ്സിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു. ഈ അപൂർവ നിമിഷം കേവലം പ്രായത്തിന്റെ മാത്രം കണക്കല്ല, മറിച്ച് ഏഴ് പതിറ്റാണ്ടുനീണ്ട അവരുടെ അചഞ്ചലമായ പങ്കാളിത്തത്തിന്റെയും സ്നേഹത്തിന്റെയും അടയാളം കൂടിയാണ്.

അപൂർവ സൗഭാഗ്യം

ഒരു ദമ്പതികൾ രണ്ടുപേരും നൂറു വയസ്സിലധികം ആരോഗ്യത്തോടെ ജീവിക്കുക എന്നത് ലോകത്തുതന്നെ ഒരുപക്ഷേ അപൂർവമായിരിക്കും. 1956ൽ വിവാഹിതരായ ഇവർ, മലേഷ്യയുടെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളുടെ സാക്ഷികളായി ദശാബ്ദങ്ങളോളം ഒരുമിച്ച് സഞ്ചരിച്ചു. പരസ്പരമുള്ള കരുതലും സ്നേഹവും തന്നെയാണ് ഇത്രയും ദീർഘകാലം ആരോഗ്യത്തോടെ ഇരിക്കാൻ അവരെ സഹായിച്ചതെന്ന് അവർ പലപ്പോഴും പറയാറുണ്ട്.

ആധുനിക മലേഷ്യയുടെ ശിൽപി

ഡോക്ടർ പ്രഫഷനിൽനിന്ന് രാഷ്ട്രീയത്തിന്റെ ഉന്നതിയിലേക്ക് എത്തിയ ഡോ. മഹാതിർ മുഹമ്മദ് ‘ആധുനിക മലേഷ്യയുടെ പിതാവ്’ എന്നാണ് അറിയപ്പെടുന്നത്. മലേഷ്യയെ കാർഷിക സമ്പദ്‌വ്യവസ്ഥയിൽനിന്ന് ആഗോളതലത്തിൽ ശ്രദ്ധേയമായ വ്യാവസായിക രാജ്യമാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ഭരണതന്ത്രജ്ഞതയാണ്. പ്രശസ്തമായ പെട്രോണാസ് ടവറുകൾ, ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളം, മൾട്ടിമീഡിയ സൂപ്പർ കോറിഡോർ തുടങ്ങിയ ബൃഹദ് വികസന പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്തെ ദൂരക്കാഴ്ചയുടെ അടയാളങ്ങളാണ്. വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജപ്പാനെയും ദക്ഷിണ കൊറിയയെയും മാതൃകയാക്കിയുള്ള ‘ലുക്ക് ഈസ്റ്റ്’ നയം നടപ്പിലാക്കുകയും ചെയ്ത് മലേഷ്യയെ ഏഷ്യയിലെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി അദ്ദേഹം വളർത്തി.

ഏറ്റവും കൂടുതൽ കാലം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന (ആകെ 24 വർഷം) വ്യക്തിയെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 1981 മുതൽ 2003 വരെയും, പിന്നീട് 2018ൽ തന്റെ 93ാം വയസ്സിലും രാഷ്ട്രീയത്തിലേക്ക് നടത്തിയ അവിശ്വസനീയമായ മടങ്ങിവരവ് ലോകരാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു. കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കുമിടയിലും തളരാതെ മുന്നോട്ടുപോകുന്ന അദ്ദേഹവും, അദ്ദേഹത്തിന് താങ്ങായി നിൽക്കുന്ന സിതി ഹസ്മയും പ്രായം എന്നത് കേവലം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നു.

ഇബു നെഗാര

മലേഷ്യക്കാർ സ്നേഹത്തോടെ ‘ഇബു നെഗാര’ (രാജ്യത്തിന്റെ മാതാവ്) എന്ന് വിളിക്കുന്ന ഡോ. സിതി ഹസ്മ നിലനിർത്തിയ ലാളിത്യവും പരസ്പര ബഹുമാനവും ഇന്നും ഏവർക്കും മാതൃകയാണ്. രാഷ്ട്രീയത്തിലെ കർക്കശക്കാരനായ ഭരണാധികാരി എന്നതിലുപരി, കുടുംബജീവിതത്തിലും ആരോഗ്യകാര്യങ്ങളിലും അദ്ദേഹം കാത്തുസൂക്ഷിച്ച കൃത്യനിഷ്ഠയാണ് അദ്ദേഹത്തെ ഇന്നും സജീവമായി നിലനിർത്തുന്നത്. 85ാം വയസ്സിൽ അദ്ദേഹം എഴുതിയ ‘എ ഡോക്ടർ ഇൻ ദി ഹൗസ്’ (A Doctor in the House) എന്ന ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഏടുകൾ വെളിപ്പെടുത്തുന്നുണ്ട്.

ഹെൽത്ത് സീക്രട്ട്

ഇരുവരുടെയും ദീർഘായുസ്സിന്റെ രഹസ്യം പലപ്പോഴും മാധ്യമങ്ങൾ ചർച്ചാവിഷയമാക്കിയിട്ടുള്ള ഒന്നാണ്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും ഇത്രയധികം ഊർജസ്വലരായിരിക്കുന്നതിനുപിന്നിൽ അച്ചടക്കമുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമാണെന്ന് അദ്ദേഹം പറയുന്നു. ‘വയറ് നിറയെ ഭക്ഷണം കഴിക്കരുത്’ എന്നതാണ് മഹാതിറിന്റെ ഏറ്റവും വലിയ ആരോഗ്യ തത്ത്വം. ഭക്ഷണം ആസ്വദിച്ചുകഴിക്കാറുണ്ടെങ്കിലും, അമിതമായി കഴിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു. വിശപ്പടക്കാൻ മാത്രം ഭക്ഷണം കഴിക്കുകയെന്നതാണ് രീതി.

അമിതമായ മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അരിഭക്ഷണം കുറച്ച് പച്ചക്കറികൾക്കും മറ്റും കൂടുതൽ പ്രാധാന്യം നൽകും. ഭക്ഷണസമയം കൃത്യമായി പാലിക്കാൻ രണ്ടാളും പ്രത്യേകം ശ്രദ്ധിക്കും. ചെറുപ്പം മുതൽ വ്യായാമത്തിന് സമയം കണ്ടെത്താറുണ്ട്. കുതിര സവാരിയും മറ്റും ചെയ്തിരുന്ന അദ്ദേഹം, പ്രായമായ ശേഷവും നടക്കാനും ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കുന്നുണ്ട്.

വായനയും എഴുത്തും ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. തൊഴിലിലും രാഷ്ട്രീയ ജീവിതത്തിലും വലിയ സമ്മർദങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, അതിനെയെല്ലാം ശാന്തമായി നേരിടാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്. ‘ജോലിയെ അമിത ഭാരമായി കാണരുത്, മറിച്ച് അത് ആസ്വദിക്കുക’ എന്നതാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കുടുംബത്തോടൊപ്പമുള്ള സമയം അദ്ദേഹം പ്രധാനമായി കാണുന്നു. നൂറു വയസ്സിന്റെ നിറവിൽ നിൽക്കുന്ന ഈ ദമ്പതികൾ ലോകത്തിന് നൽകുന്നത് പ്രണയത്തിന്റെയും ആയുസ്സിന്റെയും വലിയ പാഠമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaMahathir Mohamad
News Summary - Dr. Mahathir Mohamad and his wife turns 100
Next Story