യാത്ര കഴിഞ്ഞെത്തുമ്പോൾ ഫ്രീസറിലെ ഭക്ഷണം പരിശോധിക്കാം; ഈ നാണയ വിദ്യ പരീക്ഷിക്കൂ
text_fieldsവേനലവധിക്കാലത്തോ നീണ്ട യാത്രകൾക്കോ വീടുപൂട്ടി ഇറങ്ങുമ്പോൾ ഫ്രീസറിലിരിക്കുന്ന ഭക്ഷണസാധനങ്ങൾ കേടാകാതിരിക്കാൻ ലളിതവും കാര്യക്ഷമവുമായ ഒരു ഉപായം വിപണിയിലും സാമൂഹിക മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നു. നീണ്ട യാത്രകൾ കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഫ്രീസറിലെ ഭക്ഷണം സുരക്ഷിതമാണോ എന്ന് തിരിച്ചറിയാൻ പ്രയോജനപ്പെടുന്ന 'ഫ്രീസർ കോയിൻ ഹാക്ക്' എന്ന ഈ വിദ്യ ചുരുങ്ങിയ ചിലവിൽ ആർക്കും വീട്ടിൽ പരീക്ഷിക്കാവുന്നതാണ്.
എങ്ങനെ പരീക്ഷിക്കാം?
ഒരു കപ്പിലോ പ്ലാസ്റ്റിക് പാത്രത്തിലോ വെള്ളമെടുത്ത് ഫ്രീസറിൽ വെച്ച് പൂർണ്ണമായി തണുപ്പിച്ച് ഐസാക്കുക. വെള്ളം ഐസായി മാറിയ ശേഷം അതിനു മുകളിലായി ഒരു നാണയം വെച്ച് പാത്രം വീണ്ടും ഫ്രീസറിൽ തന്നെ നിക്ഷേപിക്കുക. യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ പാത്രത്തിലെ നാണയത്തിന്റെ സ്ഥാനം എവിടെയാണെന്ന് പരിശോധിച്ചാൽ മതിയെന്ന് ഭക്ഷണ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
നാണയത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നത്: നാണയം ഐസിന് മുകളിൽ തന്നെയാണെങ്കിൽ: നിങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വൈദ്യുതി തടസ്സപ്പെടുകയോ ഫ്രീസറിലെ തണുപ്പ് കുറയുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കാം. ഫ്രീസറിലെ ഭക്ഷണം സുരക്ഷിതമായിരിക്കും.
നാണയം അടിയിലേക്ക് താഴ്ന്നുപോയെങ്കിൽ: കറന്റ് പോവുകയും ഫ്രീസറിലെ ഐസ് ഉരുകുകയും ചെയ്തിട്ടുണ്ട്. ഐസ് ഉരുകിയപ്പോഴാണ് നാണയം പാത്രത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നത്. പിന്നീട് വൈദ്യുതി തിരികെ വന്നപ്പോൾ വെള്ളം വീണ്ടും തണുത്തുറയുകയും നാണയം അടിയവശത്ത് തന്നെ ഉറയ്ക്കുകയും ചെയ്തു.
ഉരുകൽ പ്രക്രിയയിൽ ഐസ് പരലുകളുടെ ഘടനയിൽ മാറ്റം വരികയും വെള്ളത്തിന്റെ സാന്ദ്രത മാറുമ്പോൾ മുകളിലിരിക്കുന്ന വസ്തുക്കൾ താഴേക്ക് പതിയുകയും ചെയ്യുന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രതത്വം. അതേസമയം, എത്ര മണിക്കൂർ സമയം വൈദ്യുതി മുടങ്ങി എന്നോ താപനില എത്രത്തോളം ഉയർന്നുവെന്നോ കൃത്യമായി അളക്കാൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കില്ല. ആയതിനാൽ, ഉരുകി വീണ്ടും തണുത്തുറഞ്ഞ ഭക്ഷണം വിഷബാധക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കോ ഇടയാക്കാമെന്നതിനാൽ, ഉപയോഗിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന് ദുർഗന്ധമോ നിറവ്യത്യാസമോ ഘടനാപരമായ മാറ്റങ്ങളോ ഉണ്ടോ എന്ന് കൃത്യമായി പരിശോധിക്കണം. കൂടാതെ, യാത്രയ്ക്ക് മുമ്പ് ഫ്രീസറിൽ മുഴുവൻ വെള്ളക്കുപ്പികൾ നിറച്ചു വെക്കുന്നത് വൈദ്യുതി പോകുന്ന സമയത്തും തണുപ്പ് മണിക്കൂറുകളോളം നിലനിർത്താൻ സഹായിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

