Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാൽ പുളിക്കാതിരിക്കാൻ തവള; റഷ്യയിലും ഫിൻലൻഡിലും നിലനിന്ന വിചിത്ര രീതി

text_fields
bookmark_border
frog,milk
cancel

ഫ്രിഡ്ജുകൾ കണ്ടുപിടിക്കുന്നതിന് മുൻപ് പാൽ കേടുകൂടാതെ സൂക്ഷിക്കാൻ ഫിൻലൻഡിലെയും റഷ്യയിലെയും ഗ്രാമീണർ പാലിനുള്ളിൽ ജീവനുള്ള തവളകളെ ഇട്ടിരുന്നുവെന്ന കഥ കേട്ടാൽ ആരും ഒന്നു ഞെട്ടും. കേൾക്കുമ്പോൾ വിചിത്രമായ ഒരു നാടൻ കഥയായി തോന്നാമെങ്കിലും നൂറ്റാണ്ടുകൾക്ക് മുൻപ് ഗ്രാമങ്ങളിൽ വ്യാപകമായി പിന്തുടർന്നിരുന്ന ഒരു രീതിയാണിത്. എന്നാൽ ഈ ആചാരത്തിന് പിന്നിൽ തികച്ചും കൗതുകകരമായ ഒരു ശാസ്ത്രീയ വശമുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ആധുനിക ശീതീകരണ സംവിധാനങ്ങൾ നിലവിൽ വരുന്നതിന് മുൻപ് പാൽ പെട്ടെന്ന് കേടുകൂടാതെ സൂക്ഷിക്കുക എന്നത് കർഷകരെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് ചൂടുകാലത്ത് പാൽ മണിക്കൂറുകൾക്കകം പുളിച്ചുപോകുമായിരുന്നു. ഇത് തടയാൻ അന്നത്തെ കാലത്ത് ആളുകൾ പലവിധ നാടൻ വഴികളും പരീക്ഷിച്ചിരുന്നു. ഇതിൽ ഏറ്റവും വിചിത്രമായ ഒന്നായിരുന്നു പാലിന്റെ പാത്രത്തിൽ ജീവനുള്ള തവളകളെ ഇടുക എന്നത്.

വടക്കേ റഷ്യയിലും ഫിൻലൻഡിലുമാണ് ഈ ആചാരം കൂടുതലായി നിലനിന്നിരുന്നത്. 'റാണ ടെംപറേറിയ' (Rana temporaria) എന്നറിയപ്പെടുന്ന റഷ്യൻ തവിട്ടുനിറത്തിലുള്ള തവളകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. തവളകളെ പാലിനുള്ളിൽ ഇട്ടാൽ പാൽ പെട്ടെന്ന് പുളിച്ചുപോകില്ലെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. 2013-ൽ 'ജേണൽ ഓഫ് എത്നോബോട്ടണി ആൻഡ് എത്നോമെഡിസിൻ' എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ ഇത് സംബന്ധിച്ച പഠനം പുറത്തുവന്നിരുന്നു.

ഈ വിചിത്ര ആചാരത്തിന് പിന്നിലെ യഥാർത്ഥ കാരണം തേടി ശാസ്ത്രജ്ഞർ നടത്തിയ അന്വേഷണത്തിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബാക്ടീരിയകളും ഫംഗസുകളും നിറഞ്ഞ അന്തരീക്ഷത്തിലാണ് തവളകൾ ജീവിക്കുന്നത്. ഇത്തരം രോഗാണുക്കളിൽ നിന്ന് സ്വയം രക്ഷനേടാൻ തവളകളുടെ ചർമ്മം പ്രത്യേക കോശങ്ങളെയും പെപ്റ്റൈഡുകളെയും ഉത്പാദിപ്പിക്കുന്നുണ്ട്. ഈ പ്രകൃതിദത്ത പ്രതിരോധ ഘടകങ്ങൾക്ക് ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. തവളയുടെ ചർമ്മത്തിൽ നിന്ന് ഊറിവരുന്ന ഈ ഔഷധഗുണമുള്ള ഘടകങ്ങളാകാം പാൽ പെട്ടെന്ന് പുളിച്ചുപോകുന്നതിൽനിന്ന് സംരക്ഷിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ആളുകൾക്ക് ആധുനിക ലബോറട്ടറികളോ സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളോ ഉണ്ടായിരുന്നില്ല. എന്നാൽ നീണ്ട നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തലമുറകളായി കൈമാറിവന്ന അറിവുകളിലൂടെയാണ് അവർ ഇത്തരം വഴികൾ കണ്ടെത്തിയത്. ഫിൻലൻഡിന്റെ സമ്പന്നമായ ഗ്രാമീണ പാരമ്പര്യവും പ്രകൃതിയോട് ഇണങ്ങി ജീവിച്ച അവരുടെ മുൻകാല ജീവിതരീതിയുമാണ് ഇത്തരം ആചാരങ്ങളിലൂടെ വെളിപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Frogs in Milk to Prevent Spoiling: Bizarre Traditional Method in Russia and Finland
Next Story