കാപ്പിയിലും സൗന്ദര്യം...

16:09 PM
05/04/2016

ആവി പറക്കുന്ന ഒരു കപ്പ് കാപ്പി കാലത്ത് തന്നെ കിട്ടിയാലോ? ഒരു ദിവസത്തെ ഉന്‍മേഷമുള്ളതാക്കാന്‍ അതുമതിയല്ലേ? കാപ്പി കുടിച്ചാല്‍ ഓര്‍മ്മ ശക്തിയുണ്ടാകും, ഹൃദയാരോഗ്യത്തിനും കാഴ്ചക്കും നല്ലത് എന്നിങ്ങനെ  കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളും കേട്ടുകാണുമല്ലോ. എന്നാല്‍, ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല, കാപ്പി നിങ്ങളുടെ സൗന്ദര്യവര്‍ദ്ധനക്ക് ഗുണപ്രദമാണ്. കാപ്പി അതിന്‍റെ ഏത് രൂപത്തിലുമായിക്കൊള്ളട്ടെ ഏറെക്കാലം നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ഗുണഫലങ്ങള്‍ നല്‍കുവാന്‍ അതിനു കഴിയും.

കാപ്പി കൊണ്ടുള്ള  ചില സൗന്ദര്യ രഹസ്യങ്ങള്‍:

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല

സാധാരണ ബെറി പഴങ്ങളും മാതള നാരങ്ങയുമൊക്കെ ആന്‍റി ഓക്സിഡന്‍റുകളായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, കാപ്പിയിലും ഇതേ തോതില്‍  ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ നല്‍കുവാനുള്ള കഴിവുണ്ട്. അതിന് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും. മലിനീകരണം, ചൂട്, പ്രകാശം എന്നിവ കാരണം ചര്‍മ്മത്തിന് അകാലത്തുണ്ടാകുന്ന പ്രായമാകലിനെ ചെറുക്കാന്‍ ഒരു കപ്പ് കാപ്പിക്ക് സാധിക്കും.  കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍റെ അളവ് ചര്‍മ്മത്തിലടിഞ്ഞിരിക്കുന്ന അമിതമായ എണ്ണയെ/കൊഴുപ്പിനെ ഇല്ലാതാക്കുന്നു. അതിനാല്‍ കൊഴുപ്പുമൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ഒരു പരിധിവരെ മാറ്റിനിര്‍ത്താന്‍ കാപ്പിയിലടങ്ങിയ ഘടകങ്ങള്‍ക്ക് കഴിയും.  


മുഖം മിന്നട്ടെ

കാപ്പി പൊടിയും തേനും ചേര്‍ന്ന ഫേസ്പാക്ക് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ഒരു വലിയ ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്ത് നന്നായി സംയോജിപ്പിച്ച് കഴുത്തിലും മുഖത്തും വൃത്താകൃതിയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകിക്കളയുക.

കാപ്പിപൊടിയും

തുല്യ അളവ് കാപ്പിപൊടിയും കൊക്കൊയും ചേര്‍ത്ത് മിശ്രിതമുണ്ടാക്കാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കാവുന്നതാണ്. അല്‍പ സമയം ഇത് ചര്‍മ്മത്തില്‍ പുരട്ടി വെക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുക. ചര്‍മ്മത്തിലുണ്ടായിരിക്കുന്ന കറുത്തപാടുകളും കരിവാളിപ്പും മറ്റും മാറാന്‍ കാപ്പി മിശ്രിതത്തിന് കഴിയും. ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്താന്‍ കാപ്പിയും കൊക്കൊയും ചേര്‍ന്ന മിശ്രിതം നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനും കാപ്പിപൊടിയും സമം ചേര്‍ത്ത് അതിലേക്ക് അല്‍പം ചെറുനാരങ്ങാ നീര് യോജിപ്പ് മിശ്രിതം തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 30 മനിറ്റിനു ശേഷം കഴുകിക്കളയുക. ഈ മിശ്രിതം നല്ളൊരു ബ്ളീച്ചായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന്‍റെ നിറവും തിളക്കവും വീണ്ടെടുക്കും.

കാപ്പി ഉണ്ടാക്കിയ ശേഷമുണ്ട് മട്ട്/ചണ്ടി  മുഖത്ത് സ്ക്രമ്പറായി ഉപയോഗിക്കുന്നത് നല്ലതാണ്. തരിയായിട്ടുള്ള കാപ്പി പൊടി ബോഡി സ്ക്രമ്പറായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ദുര്‍ഗന്ധം മാറികിട്ടും. ചര്‍മ്മം മിനുസമാകാനും കാപ്പി സ്ക്രമ്പര്‍ നല്ലതാണ്.

മുടിക്കും അഴക്

മുടിക്ക് നല്ല തിളക്കം കിട്ടാന്‍ കാപ്പിപൊടി ചേര്‍ത്ത മൈലാഞ്ചി തേക്കാം. പഴക്കമുള്ള കാപ്പിപൊടി അല്‍പം വെള്ളത്തില്‍ ചാലിച്ച് തലയോട്ടില്‍ സ്ക്രമ്പ് ചെയ്യാം.  ശിരോചര്‍മ്മത്തിന്‍റെ വൃത്തിക്കും ആരോഗ്യത്തിനും ഇത് നല്ലതാണ്. മുടിക്ക് നിറം നല്‍കാനും കാപ്പിയിലടങ്ങിയ മൂലകങ്ങള്‍ക്ക് കഴിയും.

തയാറാക്കിയത്: വി.ആര്‍ ദീപ്തി

COMMENTS